ADVERTISEMENT

വിജയം കൈപ്പിടിയിലൊതുക്കണമെങ്കിൽ നമുക്ക് ആദ്യം വേണ്ടത് തീവ്രമായ ആഗ്രഹമാണ്. അങ്ങനെ ആഗ്രഹിച്ചത് സ്വന്തമാക്കി, ചെറുതെങ്കിലും നല്ലൊരു ബിസിനസിനു തുടക്കമിട്ട ചെറുപ്പക്കാരനാണ് മലപ്പുറം ജില്ലയിലെ മമ്പാട് സ്വദേശി റഹിം. 

അഞ്ചു സഹോദരിമാരും മാതാപിതാക്കളും അടങ്ങിയ ഇടത്തരം കുടുംബം. പഠനത്തോടൊപ്പം സ്വന്തമായൊരു ബിസിനസ് എന്ന ആശയം വീട്ടുകാരോട് പങ്കുവച്ചപ്പോൾ സ്വാഭാവികമായും ആദ്യം നന്നായി പഠിക്കാൻ നോക്ക് എന്നായിരുന്നു മറുപടി.  കൂട്ടുകാരാകട്ടെ, അതൊന്നും നമുക്കു പറ്റുന്ന പണി അല്ല, അതിനൊക്കെ നല്ല കാശും കഴിവും വേണമെന്നു പറഞ്ഞൊഴിഞ്ഞു കളഞ്ഞു.

എങ്കിലും റഹിം പിൻമാറിയില്ല. ഉള്ളിൽ അണയാതെ കിടന്നൊരു കനൽ ഊതിത്തെളിച്ചെടുത്തു. ചെറുതെങ്കിലും വേറിട്ടൊരു സംരംഭത്തിലൂടെ മികച്ചൊരു സംരംഭകനായി. ഇന്ന് പഠനത്തോടൊപ്പം പ്രതിമാസം 3,000 രൂപയോളം വരുമാനം നേടുന്നു. കൂടെ മറ്റൊരു വിദ്യാർഥിക്ക് പാർട് ടൈമായി ജോലിയും നൽകുന്നു.

‘‘ചെറുപ്പത്തിൽ തന്നെ എന്തെങ്കിലും ഉൽപന്നം നിർമിച്ച് അതിനൊരു ബ്രാൻഡ് നെയിമൊക്കെ നൽകി വിൽക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ബിരുദത്തിന് രണ്ടാം വർഷം പഠിക്കുമ്പോഴാണ് ‘Onefive’ എന്ന പേരിൽ ഈ കണ്ണാടി സംരംഭത്തിനു തുടക്കമിട്ടത്.’’

ഇപ്പോൾ കേരള കാർഷിക സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ റഹിം പറയുന്നു. 

തീവ്രമായ ആഗ്രഹവും, കഠിനാധ്വാനം ചെയ്യാനുള്ള  മനസ്സും, ആളുകളെ പറഞ്ഞു മനസ്സിലാക്കാനുള്ള കഴിവും ഉണ്ടെങ്കിൽ ആർക്കും ബിസിനസ് തുടങ്ങാമെന്ന് തെളിയിക്കുകയാണ് ഈ മിടുക്കൻ. 

‘‘കുടുംബത്തിനു ബിസിനസ് രംഗവുമായി വലിയ ബന്ധം ഒന്നും ഇല്ല. പക്ഷേ, ചെറുപ്പം മുതലേ ബിസിനസുകാരൻ ആവുക എന്നത് എന്റെ സ്വപ്നമായിരുന്നു. ഞാൻ മമ്പാട് എംഇഎസ് കോളജിൽ ഡിഗ്രിക്കു പഠിക്കുമ്പോൾ സംരംഭകത്വ ക്ലബ്ബിൽ അംഗമായി. അവിടെനിന്നു കേരള യുവജനക്ഷേമ ബോർഡ്‌ കോഴിക്കോട് നടത്തിയ ‘Young entrepreneurs submit’ പരിപാടിയിൽ പങ്കെടുത്തപ്പോൾ അതിലുണ്ടായിരുന്ന ബിസിനസുകാർ നൽകിയ പ്രചോദനമാണ് തുണയായത്.’’

വൺഫൈവിന്റെ തുടക്കം 

ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും എന്തു വേണമെന്ന കാര്യത്തിൽ ഒരു കൺഫ്യൂഷനുണ്ടായിരുന്നു. അപ്പോഴാണ് സഹോദരി ഭർത്താവിന്റെ ഗ്ലാസ്‌ ആൻഡ് അലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിലെ ഗ്ലാസ്‌ വേസ്റ്റിൽ കണ്ണുടക്കിയത്. വെറുതെ എറിഞ്ഞു കളയുന്ന അതിൽനിന്ന് എന്തെങ്കിലും ഉണ്ടാക്കിക്കൂടെ എന്നു തോന്നി. ആ ചിന്തയാണ് മുഖം നോക്കുന്ന കണ്ണാടി സംരംഭമായി വളർന്നത്

രൊക്കം പണം വാങ്ങിയും കടമായും കച്ചവടമുണ്ട്. പക്ഷേ, കടം നൽകുമ്പോൾ കുറച്ചു നിയന്ത്രണങ്ങൾ ഉണ്ട്. സൂപ്പർമാർക്കറ്റിൽ 3,000 രൂപയുടെയും മറ്റു കടകളിൽ 1,000 രൂപയുടെയും ഉൽപന്നമേ പരമാവധി കൊടുക്കൂ. കൂടുതൽ ഓർഡർ ഉണ്ടെങ്കിലും നൽകില്ല. കൊടുത്തതിന്റെ പണം മുഴുവൻ കിട്ടിയാലേ അടുത്ത ഓർഡർ സ്വീകരിക്കൂ. അതുകൊണ്ട് കിട്ടാക്കടം കുറഞ്ഞു. തുടർച്ചയായ കച്ചവടം ഉറപ്പാക്കാനും കഴിയുന്നു.ആദ്യം നാട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള കടകളിലായിരുന്നു കണ്ണാടി നൽകിയിരുന്നത്. പിന്നെ വിപണി വികസിപ്പിച്ചു. 

ഒരു ഉൽപന്നം നിർമിച്ചു അത് കടയിൽ കൊണ്ടു പോയികൊടുക്കുമ്പോൾ, അത് അവർ വാങ്ങി പണം തരുമ്പോൾ, വല്ലാത്ത സന്തോഷം തോന്നുന്നുവെന്നു റഹിം പറയുന്നു.‘‘നമ്മുടെ ഉൽപന്നം നല്ല രീതിയിൽ വിറ്റഴിക്കുമ്പോൾ,  അത് പല വീടുകളിൽ എത്തും. അത് ഓരോ ദിവസവും അവർ ഉപയോഗിക്കുന്നുണ്ടാവും. അതൊക്കെ ആലോചിക്കുമ്പോൾ മനസ്സിൽ ഏറെ അഭിമാനം തോന്നും.’’ 

സംരംഭം വെറും വരുമാന മാർഗമല്ല

യുവസംരംഭകരോട് റഹിം പറയുന്നു: 

∙ലാഭം മാത്രം ലക്ഷ്യം വയ്ക്കരുത്. 

∙അതിനെക്കാൾ കൂടുതൽ ബിസിനസിനോടുള്ള പാഷൻ ആണ് വേണ്ടത്. 

∙അതിലൂടെ ലഭിക്കുന്നത് റിയൽ ബിസിനസ് എക്സ്പീരിയൻസ് ആണ്. 

∙നിങ്ങൾ നടപ്പിലാക്കുന്ന മാർക്കറ്റിങ് സ്ട്രാറ്റജികൾ, ചിന്തകൾ തുടങ്ങി എല്ലാം നിങ്ങളുടെ ഭാവി ബിസിനസിലേക്ക് മുതൽക്കൂട്ടാണ്. 

∙ഒരു ബിസിനസ് സ്കൂളിലും പഠിപ്പിക്കാത്ത പാഠങ്ങൾ സ്വന്തം അനുഭവത്തിലൂടെ ആർജിച്ചെടുക്കാം.’’  

എന്താണ് സംരംഭം? 

നമ്മൾ ദിവസവും മുഖം നോക്കുന്ന കണ്ണാടി തന്നെയാണ് ഉൽപന്നം. ഗ്ലാസ് കച്ചവടക്കാരിൽ നിന്നു ശേഖരിക്കുന്ന വേസ്റ്റ് മിറർ ഗ്ലാസുകൾ കൃത്യമായ അളവിൽ മുറിച്ച് ഫ്രെയിമിലാക്കി, വൃത്തിയായി പായ്ക്ക് ചെയ്ത് കടകളിലെത്തിക്കുന്നു. പഠനത്തിനിടയ്ക്കു സമയം ലഭിക്കുന്നതനുസരിച്ചാണ് ഈ ജോലികൾ. ഇപ്പോൾ പ്രതിമാസം 6,000-7,500 രൂപയുടെ കച്ചവടം നടക്കുന്നു.   

സൂപ്പർ മാർക്കറ്റ്, ഫാൻസി ഷോപ്പ്, ജനറൽ സ്റ്റോറുകൾ എന്നിവ വഴിയാണ് വിൽപന. ഏകദേശം എഴുപത്തിയഞ്ചോളം കടകളിൽ വിൽപനയുണ്ട്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സ്ആപ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ഉൽപന്നത്തിന്റെ പരസ്യവും പ്രചരണവും നിർവഹിക്കുന്നു. പുതിയ ബിസിനസ് ബന്ധങ്ങളും ഇതിലൂടെ കിട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com