sections
MORE

ചക്കയിൽ നിന്ന് ചന്തമുള്ള വിജയം

HIGHLIGHTS
  • ചക്കയിൽനിന്ന് ഇരുപതിൽപരം മൂല്യവർധിത ഉൽപന്നങ്ങൾ
nutritivo
SHARE

വയനാട്ടിൽ തനതായ ഉൽപന്നങ്ങൾ ഏറെ പാഴാക്കി കളയുന്നുണ്ട്. സീസണൽ ഉൽപന്നമായ ചക്ക ഉദാഹരണമായി പറയാം. കെ. എം. സൂരജ് എന്ന സോഫ്റ്റ്‌വെയർ എൻജിനീയർ ഏറെ പഠനം നടത്തിയ മേഖലയാണിത്. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം തന്നെ തുടക്കമിട്ട സംരംഭമാണ് ന്യൂട്രിറ്റിവോ ഫുഡ് പ്രോഡക്ട്സ് (Nutritivo Food Products). വയനാട് ജില്ലയിലെ ചൂണ്ടലിൽ സ്ഥിതി ചെയ്യുന്ന കിൻഫ്രാ പാർക്കിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

ചക്ക ഉൽപന്നങ്ങൾ

ചക്ക/ഇടിച്ചക്ക അച്ചാറുകൾ, ചക്ക ഹണി, ചട്ണി പൗഡർ, ഉണക്കിയ ചക്ക, ലഡു, ഹൽവ, പൾപ്പ്, സൂപ്പ് പൗഡർ, ചക്ക പൗഡർ, ചക്കവരട്ടി അങ്ങനെ പോകുന്നു ഉൽപന്നങ്ങളുടെ േപരുകൾ. പൾപ്പ്, പൗഡർ, ചക്കക്കുരു പൗഡർ എന്നീ ഉൽപന്നങ്ങളാണ് ഏറ്റവും അധികം വിൽക്കപ്പെടുന്നത്. കൂഴച്ചക്കയിൽനിന്ന് ഉണ്ടാക്കുന്ന ചക്ക പൾപ്പ് എത്ര ഉണ്ടാക്കിയാലും തികയുന്നില്ലെന്നാണ് സൂരജ് പറയുന്നത്. സ്ഥാപനം ആരംഭിച്ചിട്ട് ഒരു വർഷം ആകുന്നതേയുള്ളൂ. 

ചക്കയുടെ സോഫ്റ്റ് വെയർ

സൂരജ് നാലു വർഷക്കാലം വിദേശത്ത് ജോലി ചെയ്തു. പിന്നീട് മൂന്നു വർഷം കേരളത്തിൽ പല കമ്പനികളിലായി പ്രവർത്തിച്ചു. അപ്പോഴൊക്കെ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നമായിരുന്നു സ്വന്തമായൊരു സംരംഭം. ഇരുപതിൽപ്പരം സംരംഭങ്ങളുടെ വിപണി – സാങ്കേതിക പഠനങ്ങൾ നടത്തി. അവസാനമാണ് ചക്ക സംരംഭം വിജയകരമായി കണ്ടെത്തിയത്. അതിന്റെ കാരണങ്ങൾ താഴെപ്പറയുന്നവയാണ്. 

1. മികച്ച വിപണി.

2. ഉൽപാദകർ പറയുന്നതാണ് ചക്കയുടെ വിപണി വില.

3. പ്രഫഷനൽ ആയി െചയ്യാനുള്ള അവസരം.

4. വർഷത്തിൽ 10 മാസം തുടർച്ചയായി ചക്ക ലഭിക്കുന്നു. ശേഷിക്കുന്ന രണ്ടു മാസത്തേക്ക് സ്റ്റോക്ക് ചെയ്യാൻ സൗകര്യം,

5. മികച്ച സാങ്കേതിക സഹായവും പിന്തുണയും.

ചക്കയുടെ ലഭ്യത

ജനുവരി മുതൽ തിരുവനന്തപുരം ജില്ലയിൽ ചക്ക കിട്ടിത്തുടങ്ങും. തുടർന്നുളള മാസങ്ങളിൽ മറ്റ് ജില്ലകളിലും. ഒക്ടോബർ വരെ മുടക്കമില്ലാതെ കിട്ടുന്നു. നവംബർ/ഡിസംബർ മാസത്തേക്കു വേണ്ടത് നേരത്തേ സ്റ്റോക്ക് ചെയ്യാം.

കർഷകർ നേരിട്ടാണു ചക്ക എത്തിച്ചു തരിക. ഏജന്റുമാർ സപ്ലൈ ചെയ്താലും വില കർഷകർക്കു നേരിട്ടു നൽകുന്ന സംവിധാനമാണ് ഉള്ളത്. ചക്ക പൾപ്പ് ഒഴികെ ബാക്കി എല്ലാ ഉൽപന്നങ്ങൾക്കും വരിക്കച്ചക്കയാണ് ഉപയോഗിക്കുന്നത്.

‘‘നൂറു ഗ്രാം ഉണങ്ങിയ ചക്ക 70 രൂപയ്ക്കു ലഭിക്കും. അത് തിളച്ച വെള്ളത്തിൽ അര മണിക്കൂർ കുതിർത്താൽ സാധാരണ ചക്കയായി. ഇത് നാല്–അഞ്ച് പേർക്കു കഴിക്കാം. പച്ച ചക്ക ശരിയാക്കി എടുക്കുന്നതിനെക്കാൾ ലാഭകരമാണ് ഇത്,’’ സൂരജ് പറയുന്നു. 

ചക്ക തൂക്കിയാണു വാങ്ങുക. സീസണുകളിൽ എട്ടു മുതൽ 10 രൂപ വരെ കിലോഗ്രാമിനു കൊടുക്കുന്ന സ്ഥാനത്ത് അല്ലാത്തപ്പോൾ 40 രൂപ വരെ നൽകേണ്ടതായി വരും.

നാലു രീതിയിൽ വിൽപന

∙ചക്ക പൾപ്, ചക്കപ്പൊടി, ചക്കക്കുരുപ്പൊടി എന്നിവ ഇതുമായി ബന്ധപ്പെട്ട് ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്ക് അസംസ്കൃത വസ്തുവായി നൽകുന്നു (ഐസ്ക്രീം, പേഡ, അട, ജൂസ് എന്നിവ  നിർമിക്കുന്നതിന്).

∙കുക്കീസ്, കട്‌ലറ്റ് മിക്സ്ചർ, ഹൽവ, എരിവുള്ള ചിപ്സ് എന്നിവ േബക്കറികൾ വഴി വിൽക്കുന്നു.

∙സൂപ്പ് പൗഡർ (പച്ചച്ചക്ക) ചട്നി/ചമ്മന്തി പൊടികൾ (ഷുഗർ കുറയ്ക്കാം), ചക്കവരട്ടി, ഹൽവ, ഇടിച്ചക്ക അച്ചാറുകൾ തുടങ്ങിയവ കൂടുതലും സൂപ്പർ മാർക്കറ്റുകൾ വഴിയാണ് വിൽക്കുന്നത്. 

∙കൂടാതെ ഫുഡ് ഫെസ്റ്റിവലുകളിൽ പങ്കെടുക്കാറുണ്ട്. ചക്ക ബിരിയാണി, ൈലവ് ഫുഡ് എന്നിവ പ്രദർശനങ്ങളിൽ പൊതുവായും സ്വന്തം നിലയിലും വിൽക്കുന്നു. ഓർഡർ അനുസരിച്ചാണു വിൽപനകൾ. 

അവസരങ്ങൾ കുറവല്ല

ഉൽപാദനം തുടർച്ചയായി നടക്കുന്നു. കടം പോകാറുണ്ടെങ്കിലും കൃത്യമായി പണം പിരിഞ്ഞു കിട്ടുന്നു. നിലവിൽ 10 വിതരണക്കാരുണ്ട്. കേരളത്തിൽ എല്ലായിടത്തും കൂടാതെ ബെംഗളൂരുവിലും നന്നായി വിൽക്കുന്നു. ചക്ക പൾപ്പ് കിലോഗ്രാമിന് 150–200, ചക്കപ്പൊടി 500–600, ഇടിച്ചക്കപ്പൊടി 400–500, ചക്കക്കുരുപ്പൊടി 150–200 എന്നിങ്ങനെയാണ് പ്രധാന ഉൽപന്നങ്ങളുടെ വില. നൽകാൻ കഴിയാത്തത്ര ഓർഡറുകൾ ലഭിക്കുന്നുണ്ട്.അഞ്ച്–ആറ് ലക്ഷം രൂപയാണ് ഇപ്പോഴത്തെ പ്രതിമാസ വിൽപന. 30 ശതമാനം വരെ അറ്റാദായം ഉറപ്പാണ്. 

25 ലക്ഷം രൂപയുടെ പദ്ധതി

ഡ്രയർ, പൾവറൈസർ, റോസ്റ്റർ, കട്ടിങ് മെഷീനുകൾ, പീലിങ് മെഷീൻ, ഫ്രീസറുകൾ, റോസ്റ്ററുകൾ തുടങ്ങി ഏകദേശം 20 ലക്ഷം രൂപയുടെ മെഷിനറികൾ ഉണ്ട്. ബാങ്കിൽനിന്നു വായ്പയുണ്ട്. സംരംഭ സഹായ പദ്ധതി പ്രകാരം 40 ശതമാനം സബ്സിഡിക്കായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. തൊഴിലാളികളിൽ ദിവസവേതനക്കാരായി 10 േപർ ഇപ്പോൾ ഉണ്ട്. എല്ലാം നാട്ടുകാരായ സ്ത്രീകൾ തന്നെ. 

ഇതൊരു പങ്കാളിത്ത സ്ഥാപനമാണ്. സഹോദരനായ സിജോയ് യെ കൂടാതെ ശ്രീജയൻ, ശ്രീലാൽ എന്നിവരും പങ്കാളികളാണ്. സ്ഥലത്തിന്റെ ലഭ്യത, കുറഞ്ഞ വിലയിൽ ചക്ക സുലഭമായി ലഭിക്കാനുള്ള സൗകര്യം, പിന്നാക്ക ജില്ലയെന്ന പരിഗണന, തൊഴിലാളികളെ ലഭിക്കാനുള്ള സൗകര്യം, സാങ്കേതിക സഹായം (KUK)  തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണു മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശികളായ ഇവർ വയനാട് ജില്ലയിൽ സംരംഭം തുടങ്ങിയത്. 

പുതിയ പ്രതീക്ഷകൾ

പുതുസംരംഭകർക്കു കടന്നു വരാവുന്ന ഒരു മേഖലയാണ് ചക്ക സംസ്കരണ മേഖല. ധാരാളം അവസരങ്ങൾ ഉണ്ട്. വളരെ കുറഞ്ഞ മുതൽ മുടക്കിൽ ഈ രംഗത്തേക്കു വരാം. ടെക്നോളജിയും ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
FROM ONMANORAMA