ADVERTISEMENT
രാജ്യത്തിന്റെ ജീവനാഡിയാണ് എം എസ് എം ഇ എന്നറിയപ്പെടുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ആകെ വ്യവസായ യൂണിറ്റുകളില്‍ 95 ശതമാനവും ഈ വിഭാഗത്തില്‍ പെടും. 4.5 കോടിയ്ക്കടുത്തുവരുന്ന ഈ മേഖലയാണ് 40 ശതമാനം തൊഴിലാളികള്‍ക്കും തൊഴില്‍ നല്‍കുന്നത്. ഇതില്‍ 82 ലക്ഷത്തിലധികം യൂണിറ്റുകളെ രജിസ്ടര്‍ ചെയ്തിട്ടുള്ളു. സിംഹഭാഗവും ഇതിന് പുറത്താണ്.  ഇവയെ കൂടി ആധികാരികമായ വ്യാവസായിക മാപ്പിലേക്ക് ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി റെജിസ്‌ട്രേഷന്‍ എടുക്കുന്ന യൂണിറ്റുകള്‍ക്ക് വായ്പാ പലിശ സബ്‌സിഡി അടക്കമുള്ള പല ആനുകൂല്യങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. 'ഉദ്യോഗ് ആധാര്‍' എന്ന ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ ഒരോ യൂണിറ്റുകള്‍ക്കും 12 അക്ക ആധാര്‍ നമ്പര്‍ ലഭിക്കും. ഇതോടെ ഈ യൂണിറ്റും ആധികാരികമായി മാറുകയും പലവിധ ആനുകൂല്യങ്ങള്‍ക്ക് ആര്‍ഹത കൈവരികയും ചെയ്യും. വിവിധ സബ്‌സിഡിയും വായ്പാ സൗകര്യവുമുള്‍പ്പെടെ വന്‍ ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ ഈ വിഭാഗത്തിന് നല്‍കുന്നത്.  2016 ല്‍ ഇത് 4.95 ലക്ഷം യൂണിറ്റുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 80.14 ലക്ഷമാണ്.
എങ്ങനെ രജിസ്ടര്‍ ചെയ്യാം
നിലവില്‍ ഇത്തരം സൂക്ഷ്മ യൂണിറ്റുകള്‍ നടത്തുന്നവര്‍ക്ക് ഔദ്യോഗിക അംഗീകാരമില്ല എന്നതിനാല്‍ പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നുണ്ട്. ഉദ്യോഗ് ആധാറില്‍ ഓണ്‍ലൈനായി സ്വയം രജിസ്റ്റര്‍ ചെയ്യുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. https://udyogaadhaar.gov.in എന്ന സൈറ്റില്‍ സൗജന്യമായി ആധാര്‍ നമ്പര്‍ നല്‍കി റജിസ്റ്റര്‍ ചെയ്യാം. പങ്കാളിത്ത സ്ഥാപനമാണെങ്കിൽ ഉദ്യോഗ് ആധാറിന് ആരാണോ അപേക്ഷ നല്‍കുന്നത് അയാളുടെ ആധാര്‍ നമ്പറാണ് നല്‍കേണ്ടത്. കമ്പനിയാണെങ്കില്‍ ആരാണോ പ്രതിനിധീകരിക്കുന്നത് അയാളുടെ ആധാര്‍ നമ്പര്‍ നല്‍കാം. ഉദ്യോഗ് ആധാര്‍ ഫോം പൂരിപ്പിച്ച്  ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള ഫോണ്‍ നമ്പറില്‍ വരുന്ന ഒടിപി നല്‍കി റജിസ്‌ട്രേന്‍ പൂര്‍ത്തിയാക്കാം.
25 ഇന സഹായങ്ങള്‍
കേന്ദ്രസര്‍ക്കാര്‍ പറയുന്നത് 25 ഇന സഹായങ്ങള്‍ ഇത്തരം യൂണിറ്റുകള്‍ക്ക് ലഭിക്കുമെന്നാണ്. സര്‍ക്കാര്‍ നല്‍കുന്ന പ്രധാന വാഗ്ദാനങ്ങളില്‍ ചിലത് ഇതാണ്.  ആദ്യത്തേത് ഈടില്ലാത്ത വായ്പയാണ്. ഒരിക്കല്‍ ഇതില്‍ അംഗമാകുന്നതോടെ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴിലുള്ള ജാമ്യമില്ലാ വായ്പകള്‍ക്കും പലിശ സബ്‌സിഡിയ്ക്കും ഇത്തരം യൂണിറ്റുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. പെട്ടെന്നുള്ള വായ്പകളാണ് മറ്റൊരു നേട്ടം. ഇലക്ട്രിസിറ്റി സബ്‌സിഡി, സര്‍ക്കാര്‍ ടെണ്ടറുകളില്‍ പ്രത്യേക പരിഗണന, വായ്പ സുരക്ഷ പദ്ധതി, പ്രത്യക്ഷ നികുതി ചട്ടങ്ങളില്‍ നിന്നുള്ള പരിരക്ഷ, പേറ്റന്റുകളും, ട്രേഡ് മാര്‍ക്കുകളും എടുക്കുന്നതിനുള്ള ഫീസിളവ്, സാങ്കേതിക ഉന്നമനത്തിനുള്ള ചെലവിന്റെ 15 ശതമാനം സബ്‌സിഡി, വിദേശ എക്‌സപോകളില്‍ പങ്കെടുക്കുന്നതിനുള്ള സാമ്പത്തിക സഹായം ഇവയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന പ്രധാന ഇളവുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com