ADVERTISEMENT

ജിംനേഷ്യവും യോഗ–കരാട്ടെ പരിശീലനവും ഉൾപ്പെടുന്ന ‘നൈസ് ലുക് ഫിറ്റ്നസ് സെന്റർ’ 2018 ൽ ആണ് ആരംഭിച്ചത്. കുടുംബശ്രീ അംഗങ്ങളായ ടി.ആർ. അംബിക, ശ്രീലക്ഷ്മി, ഓമന അരവിന്ദൻ, ഷീബ സതീഷ്, സുമതി, ദിവ്യ രാജേഷ്, മിനി ബാബുരാജ്, പ്രബിത, ബിന്ദു, അംബിക സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തുടക്കം.പ്രതിസന്ധികൾ പലത് തരണം ചെയ്താണിവർ മുന്നേറിയത്.  

തുടക്കത്തിൽ സംഘത്തിലെ ആർക്കും തന്നെ ഫിറ്റ്നസ് സെന്ററിന്റെ നടത്തിപ്പിനെക്കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല. സ്ത്രീകളായ പരിശീലകരും വേണമായിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാൻ അംബിക, ശ്രീലക്ഷ്മി, പ്രബിത എന്നിവർ മുന്നോട്ടു വന്നു. ഒരു വര്‍ഷം ഒറ്റപ്പാലത്തും തൃശൂരുമുള്ള ജിംനേഷ്യം ക്ലബ്ബുകളിൽ ഇവർ പരിശീലനം നേടി. അതോടെ സംഘത്തിലെ 10 പേർക്കും ധൈര്യമായി. 

വായ്പ തരാൻ മടി

പ്രതിസന്ധികൾ ഇവിടെ തീർന്നില്ല. കുറഞ്ഞ വാടകയിൽ സൗകര്യപ്രദമായ ഒരു സ്ഥലം കണ്ടെത്തുന്നതായിരുന്നു അടുത്ത കടമ്പ. ഗുണഭോക്താക്കൾ സ്ത്രീകളും കുട്ടികളുമായതിനാൽ അവർക്ക് എളുപ്പത്തിലും സുരക്ഷിതമായും എത്തിച്ചേരാൻ പറ്റിയ സ്ഥലം േവണമായിരുന്നു. അന്വേഷണങ്ങൾക്കൊടുവിൽ പ്രധാന പാതയോടു ചേർന്ന് ഒരു കെട്ടിടത്തിന്റെ ഓപ്പൺ ടെറസ് കിട്ടി. അതു ഫർണിഷ് ചെയ്ത് സൗകര്യങ്ങൾ ഒരുക്കി. സംരംഭത്തിന് വായ്പ തരാൻ പല ബാങ്കുകളും മടിച്ചു. അവസാനം ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഇടപെടൽ വേണ്ടിവന്നു വായ്പ ലഭിക്കാന്‍. പഞ്ചായത്തു സ്ഥാപനം തുടങ്ങാനുള്ള ൈലസൻസും നൽകി.

‌മുതൽമുടക്ക്

മൊത്തം ഏഴു ലക്ഷം രൂപയാണ് മുതൽമുടക്ക്. ഇതിൽ ആറു ലക്ഷം രൂപ ബാങ്ക് വായ്പയാണ്. പഞ്ചായത്ത് പ്ലാൻ ഫണ്ടിൽനിന്നു വകയിരുത്തിയ മൂന്നു ലക്ഷം രൂപ സബ്സിഡിയായി അനുവദിച്ചു. സംരംഭകരായ 10 പേരും 10,000 രൂപ വീതം വിഹിതവും നൽകി.

5 ലക്ഷത്തിന്റെ ഉപകരണങ്ങൾ

ഫിറ്റ്നസ് ഉപകരണങ്ങൾക്കു േവണ്ടി 5 ലക്ഷത്തോളം രൂപ െചലവായി. ഇലക്ട്രോണിക് ത്രഡ്മിൽ, മാനുവൽ ത്രഡ്മിൽ, ൈസക്കിൾ, ട്വിസ്റ്റർ, ലഗ്പ്രസ്, ബട്ടർ‌ഫ്ലൈ, ബ്യൂട്ടി മസാജർ, ഓർബിറ്റ് ട്രക്ക്, മാജിക് ബോൾ തുടങ്ങിയ ഉപകരണങ്ങൾ പരിശീലനത്തിനായി ഒരുക്കിയിട്ടുണ്ട്. 

ദിവസേന മൂന്നു ബാച്ചിന് പരിശീലനം നൽകുന്നു. രാവിലെ 5 മണിക്കാണ് ആദ്യ ബാച്ച് തുടങ്ങുക. ഓരോ ബാച്ചിലും ഇരുപതോളം േപർ ഉണ്ട്. സീസൺ മെച്ചപ്പെടുമ്പോൾ പങ്കാളികളുടെ എണ്ണം കൂടും. 

ജിംനേഷ്യത്തിന് 500 രൂപയാണ് പ്രതിമാസ ഫീസ്. കരാട്ടെ, യോഗ എന്നിവയ്ക്ക് യഥാക്രമം 300, 500 രൂപ വീതമാണ് ഈടാക്കുന്നത്. യോഗ– കരാട്ടെ പരിശീലനങ്ങൾക്ക് പ്രത്യേക പരിശീലകരെയും നിയോഗിച്ചിട്ടുണ്ട്. 

കൂടെ ബ്യൂട്ടിപാർലറും

ഫിറ്റ്നസ് സെന്ററിന്റെ അനുബന്ധമായി ‘ലീൻ’ എന്ന േപരിൽ ഒരു ബ്യൂട്ടിപാർലർ കൂടി ആരംഭിച്ചിട്ടുണ്ട്. കൂട്ടത്തിലെ ഓമന അരവിന്ദ് ആണ് ബ്യൂട്ടീഷൻ. ഫിറ്റ്നസ് സെന്ററിൽ എത്തുന്നവരിൽ പലരും ബ്യൂട്ടിപാർലറിലെയും പതിവുകാരാകുന്നു.

ഗ്രാമസഭാ യോഗങ്ങളിലും വിവിധ കുടുംബശ്രീ അയൽക്കൂട്ട യോഗങ്ങളിലും ഫിറ്റ്നസ് സെന്ററിന്റെ പ്രവർത്തനത്തെക്കുറിച്ചു വിശദീകരിക്കാറുണ്ട്. ജീവിതശൈലീരോഗങ്ങളെക്കുറിച്ചും വ്യായാമത്തിന്റെ ആവശ്യകതയെക്കുറിച്ചും വിദഗ്ധർ നയിക്കുന്ന ക്ലാസുകളും ഉണ്ടാകും. നവമാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തുന്നുണ്ട്. ഇതിലൂടെയെല്ലാമാണ് ഗുണഭോക്താക്കൾ ഇവിടേക്ക് എത്തുന്നത്. 

എന്താണു ലാഭം?

പരിശീലനാർഥികളിൽനിന്നു ലഭിക്കുന്ന ഫീസാണ് പ്രധാന വരുമാനം. പ്രതിമാസം 25,000 ത്തോളം രൂപ ലഭിക്കുന്നു. ബാങ്ക് ബാധ്യത തീർന്നാൽ‌ എല്ലാവർക്കും മെച്ചപ്പെട്ട ലാഭവിഹിതം ലഭിച്ചു തുടങ്ങും. പാലക്കാട് ജില്ലയിലെ മികച്ച വ്യവസായ യൂണിറ്റിനുള്ള ഈ വർഷത്തെ കുടുംബശ്രീ അവാർഡ് നൈസ് ലുക് ഹെൽത്ത് ആൻഡ് ഫിറ്റ്നസ് സെന്ററിനാണു ലഭിച്ചത്.

ഭാവി പരിപാടികൾ

കൂടുതൽ ഉപകരണങ്ങൾ ഉൾപ്പെടുത്തി സ്ഥാപനത്തെ ഹൈടെക് ഫിറ്റ്നസ് സെന്ററായി മാറ്റാനുള്ള ആലോചനയുണ്ട്. പഞ്ചായത്തിന്റെ പുതിയ  കെട്ടിടത്തിൽ പുതിയൊരു യൂണിറ്റ്  തുടങ്ങാനും ഉദ്ദേശിക്കുന്നു. ആശുപത്രികളിൽനിന്ന് ഫിസിയോതെറപ്പിയും വ്യായാമമുറകളും നിർദേശിക്കുന്നവരെ കണ്ടെത്തി സഹായം നൽകാനും പദ്ധതിയുണ്ട്. സുംബാ ഡാൻസിൽ പരിശീലനം നൽകുന്ന ഒരു ബാച്ച് കൂടി ഉടൻ ആരംഭിക്കും.

പുതുസംരംഭകരോട്

േവറിട്ടു ചിന്തിക്കുന്നവർക്കും നൂതനാശയങ്ങൾ നടപ്പിലാക്കാൻ ആത്മാർഥമായി പ്രവർത്തിക്കുന്നവർക്കും വിജയം സുനിശ്ചിതമാണ്. സ്വന്തമായി പ്രവർത്തന മൂലധനം കണ്ടെത്താനാകുമെങ്കിൽ വ്യക്തികൾക്ക് തനിയെ ഇത്തരം സംരംഭങ്ങൾ തുടങ്ങാനാകും. നഗരപ്രദേശങ്ങളിൽ വീടിന്റെ ടെറസിലെ സ്ഥലം പ്രയോജനപ്പെടുത്താം. ജിനേഷ്യം നടത്താൻ താൽപര്യമുള്ളവർക്കു പരിശീലനം നൽകാനും ഈ പെൺകൂട്ടായ്മ തയാറാണ് 

വിജയരഹസ്യങ്ങൾ

∙ ജനോപകാരപ്രദമായതിനാൽ നല്ല സ്വീകാര്യത, കുറഞ്ഞമത്സരം.

∙ കാര്യമായ െചലവു പ്രാരംഭഘട്ടത്തിൽ മാത്രം. ഗ്രാമപഞ്ചായത്തിന്റെ സഹായം.

∙ കുറഞ്ഞ ഫീസ്; സൗകര്യപ്രദമായ ബാച്ചുകൾ.

∙ ശരീരസൗന്ദര്യവും ആരോഗ്യവും നിലനിർത്തു

ന്നതിൽ ആളുകൾക്കുള്ള താൽപര്യം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com