ADVERTISEMENT

ഇ പി എഫ് ചട്ടത്തിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ കുറഞ്ഞ ജീവനക്കാരുടെ എണ്ണം എത്രയാണ്? കഴിഞ്ഞ ഏതാനും നാളുകളായി ചെറിയ സ്ഥാപനങ്ങള്‍ നടത്തുന്ന സംരംഭകരെ കുഴക്കുന്ന പ്രശ്‌നമാണിത്. കുറഞ്ഞത് 10 ജീവനക്കാരെങ്കിലുമുള്ള സ്ഥാപനങ്ങള്‍ എംപ്ലോയീസ് പ്രോവിഡന്‍ഡ് ഫണ്ട് ആന്റ് മിസ് ലേനിയസ് പ്രൊവിഷന്‍സ് ആക്ടിന്റെ കീഴില്‍ വരുമെന്ന റിപ്പോര്‍ട്ടുകളാണ് ഇതിനാധാരം. നേരത്തെ ഇത് 20 ജീവനക്കാരായിരുന്നു.

ചുരുങ്ങിയ പരിധി 20 തന്നെ

എന്നാല്‍ ഇക്കാര്യത്തില്‍ വൈകിയെങ്കിലും വിശദീകരണവുമായി കേന്ദ്ര തൊഴില്‍ മന്ത്രാലയം രംഗത്തെത്തി. ഇ പി എഫ് ചട്ടങ്ങള്‍ക്കുള്ള ചുരുങ്ങിയ പരിധി 20 ജീവനക്കാര്‍ എന്നുള്ളത് തന്നെയാണ് ഇപ്പോഴും പ്രാബല്യത്തിലെന്ന് മന്ത്രാലയം വ്യക്തമാക്കി. 10 ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ജനുവരി ഒന്നു മുതല്‍ ഇ പി എഫ് പരിധി നിര്‍ബന്ധമാക്കുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ മന്ത്രാലയം നിഷേധിച്ചു. അതേസമയം ഇരുപതോ അല്ലെങ്കില്‍ അതിലധികമോ ജീവനക്കാരില്ലാത്ത സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സ്വന്തം നിലയ്ക്ക് ഇ പി എഫ് സ്‌കീമില്‍ ചേരാമെന്ന നിലവിലെ ചട്ടം തുടരും.

ചെറുകിടക്കാര്‍ക്ക് ആശ്വാസം

ഇപിഎഫ് പരിധി 20 ല്‍ നിന്ന് പത്താക്കി കുറച്ചത് ചെറുകിട സംരംഭകര്‍ക്കും കടകളടക്കമുള്ള സ്ഥാപനങ്ങള്‍ക്കും വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. നിലവില്‍ ജി എസ് ടിയും, നോട്ടു നിരോധന ഭാരവും തുടര്‍ന്നു വന്ന സാമ്പത്തിക പ്രതിസന്ധിയും ഇത്തരം സ്ഥാപനങ്ങളെ വലിയ തോതില്‍ ബാധിച്ചിരുന്നു. നിത്യചെലവ് കഴിക്കാനാവാതെ പല സ്ഥാപനങ്ങളും പൂട്ടുകയോ ജീവനക്കാരുടെ എണ്ണം വെട്ടി കുറക്കുകയോ ചെയ്തു. ഇതിനോടൊപ്പമാണ് പുതിയ ഇ പി എഫ് ചട്ടവും ചെറിയ സ്ഥാപനങ്ങളിലും ബാധകമാക്കുന്നുവെന്ന വാര്‍ത്തകളും വന്നത്. ഇത് ഈ രംഗത്ത് കൂനിന്‍മേല്‍ കുരുവാകുമായിരുന്നു. ഇ പി എഫ് ബാധകമായാല്‍ മറ്റ് നൂലാമാലകള്‍ക്ക് പുറമേ ജീവനക്കാരുടെ വിഹിതം കൃത്യമായി സ്ഥാപനങ്ങള്‍ അടയ്‌ക്കേണ്ടി വരുമായിരുന്നു.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com