ADVERTISEMENT

നിങ്ങളുടെ ബ്രാൻഡ് പേരും ചിഹ്നവും മറ്റാരെങ്കിലും അടിച്ചെടുത്ത് ആ പേരിൽ ബിസിനസ് തുടങ്ങാതിരിക്കണമെങ്കിൽ ട്രേഡ്മാർക്ക് റജിസ്ട്രേഷൻ അനിവാര്യമാണ്. അതിനെക്കുറിച്ച് കൂടുതൽ അറിയുക.

ലക്ഷങ്ങളിൽ തുടങ്ങി കോടികൾ വരെ മുടക്കിയാണ് പലരും സംരംഭങ്ങൾ തുടങ്ങുന്നത്. ഓഫിസോ ഷോപ്പോ തുടങ്ങാനുള്ള സ്ഥലം, അവയ്ക്കു വേണ്ട ഇന്റീരിയർ, മെഷിനറികൾ എന്നിങ്ങനെ പലതും വേണം.

ബിസിനസ് തുടങ്ങി, കുറച്ചു കഴിയുമ്പോൾ, മേൽപറഞ്ഞ സ്ഥലമോ കെട്ടിടമോ മെഷിനറിയോ ഒക്കെ മറ്റാരെങ്കിലും കൈക്കലാക്കുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്‌താൽ ബിസിനസിന് അത് എത്രമാത്രം തിരിച്ചടിയാകുമെന്നത് പറയാതെ അറിയാമല്ലോ. അതുപോലെ നിങ്ങളുടെ ബ്രാൻഡിന്റെ പേരോ ചിഹ്നമോ മറ്റാരെങ്കിലും കൈക്കലാക്കുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്‌താൽ, നിങ്ങൾക്കുണ്ടാവുന്ന നഷ്‌ടം ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും. ഒരുപക്ഷേ, മേൽപറഞ്ഞ മുതലുകളെക്കാൾ മൂല്യമേറിയതും മറ്റുള്ളവർ കൈക്കലാക്കുന്നതിൽനിന്നു തടയേണ്ടതുമാണ് നിങ്ങളുടെ ബ്രാൻഡും ചിഹ്നവും.

ബ്രാൻഡ് എങ്ങനെയാണ് സമ്പത്ത് ആകുന്നത്?

നിങ്ങളുടെ ബിസിനസിനെ ഉപഭോക്താവുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ബ്രാൻഡ്. ഉപഭോക്താക്കൾ അവരുടെ മനസ്സിൽ ഓർത്തുവയ്ക്കുന്നത് നിങ്ങളുടെ ബ്രാൻഡിന്റെ പേരോ ചിഹ്നമോ ഒക്കെയാണ്. അതുകൊണ്ട് ആ പേരും ചിഹ്നവും കൂടെ നിങ്ങളുടെ ആസ്‌തിയിൽ ഉൾപ്പെടുത്താം. ഇതിനെ ബൗദ്ധിക സമ്പത്ത് (Intellectual Property) എന്നാണു വിശേഷിപ്പിക്കുക. നിങ്ങളുടെ ഈ സമ്പത്തിനെ മറ്റാരും അനുകരിക്കുകയോ കൈക്കലാക്കുകയോ ചെയ്യാതിരിക്കാനാണ് സർക്കാർ സംവിധാനം വഴി അതു ട്രേഡ്‌മാർക്കായി റജിസ്റ്റർ ചെയ്യുന്നത്.

റജിസ്ട്രേഷൻ നിർബന്ധമാണോ?

ഏറെ അധ്വാനിച്ച് കെട്ടിപ്പടുക്കുന്ന ബിസിനസിന്റെ സൽപ്പേര് (Goodwill) മുഴുവൻ നിങ്ങളുടെ ബ്രാൻഡിന്റെ മൂല്യമായാണ് നിലനില്‍ക്കുന്നത്. അത്രയും വിലയുള്ള നിങ്ങളുടെ ബ്രാൻഡിനെ പകർത്തിയെടുത്ത് മറ്റുള്ളവർ ചൂഷണം ചെയ്യുന്നതിൽനിന്നു തടയാൻ ട്രേഡ്‌മാർക്ക് റജിസ്ട്രേഷൻ കൊണ്ടു കഴിയും.

നിങ്ങളുടെ ബ്രാൻഡിന്റെ പേരും ചിഹ്നവുമൊക്കെ, നിങ്ങൾക്കു മാത്രമായി ഉപയോഗിക്കാനുള്ള അധികാരവും അവകാശവുമാണ് ട്രേഡ്‌മാർക്ക് റജിസ്ട്രേഷനിലൂടെ അനുവദിച്ചു തരുന്നത്. അതായത്, മറ്റാർക്കും നിങ്ങളുടെ ബ്രാന്‍ഡിന്റെ പേരോ ചിഹ്നമോ മാത്രമല്ല, അവയുമായി സാമ്യമുള്ള പേരോ ചിഹ്നമോ പോലും ഉപയോഗിക്കാൻ നിയമപരമായി സാധിക്കില്ല എന്നതാണ് റജിസ്ട്രേഷൻ കൊണ്ടുള്ള ഗുണം.

റജിസ്ട്രേഷൻ നിർബന്ധമുള്ള കാര്യമല്ല. പക്ഷേ, നിങ്ങളുടെ ബൗദ്ധിക സമ്പത്തിന്മേലുള്ള അവകാശം സ്ഥാപിച്ചെടുക്കാതിരുന്നാൽ എപ്പോഴും ഒരു അപകടസാധ്യത മുന്നിലുണ്ടാകും.. നിങ്ങളുടെ ബ്രാൻഡിന്റെ പേരോ ചിഹ്നമോ മറ്റുള്ളവർ ഉപയോഗിക്കുമ്പോൾ നിങ്ങൾ മികച്ച രീതിയിൽ നടത്തുന്ന ബിസിനസിന്റെ സൽപ്പേര് വഴിയുള്ള നേട്ടം അവർ കൂടി പങ്കിട്ടെടുക്കുന്ന അവസ്ഥയുണ്ടാകും. ആ അർഥത്തിൽ നിങ്ങൾക്ക് വലിയ നഷ്‌ടം സംഭവിക്കാം. അങ്ങനെയൊരു അപകടസാധ്യത ഇല്ലാതാക്കാൻ ട്രേഡ്‌മാർക്ക് റജിസ്റ്റർ ചെയ്യുന്നതാണ് എന്തുകൊണ്ടും നല്ലത്.

എങ്ങനെയാണ് റജിസ്റ്റർ ചെയ്യേണ്ടത്?

കേന്ദ്രസർക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പിനു കീഴിലുള്ള ട്രേഡ്‌മാർക്ക്സ് റജിസ്ട്രിയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 45 വ്യത്യസ്‌ത വിഭാഗങ്ങളിലായാണ് റജിസ്ട്രേഷൻ അനുവദിക്കുക. ആദ്യത്തെ 34 എണ്ണം പലതരം ചരക്കുകൾ ഉൾപ്പെടുന്ന വിഭാഗങ്ങളാണ്. പിന്നീടുള്ള 11 എണ്ണം വിവിധ സേവനങ്ങൾ ഉൾപ്പെടുന്ന വിഭാഗവും.

നിങ്ങളുടെ ബ്രാൻഡ് ഏത് വിഭാഗത്തിലാണെന്ന് തിട്ടപ്പെടുത്തി, ആ വിഭാഗത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ചിലപ്പോൾ ഒന്നിൽ കൂടുതൽ വിഭാഗങ്ങളിലായി വ്യത്യസ്‌ത അപേക്ഷകളും നൽകേണ്ടി വരാം. ഇതെല്ലാം ഓൺലൈനായി സമർപ്പിക്കാം. എന്നാൽ ഫീസടച്ച് അപേക്ഷിച്ചാൽ ഉടനെ അനുവദിച്ചു കിട്ടുന്ന ഒന്നല്ല ട്രേഡ്‌മാർക്ക് റജിസ്ട്രേഷൻ.

ലക്ഷക്കണക്കിന് ട്രേഡ്‌മാർക്കുകൾ അടങ്ങിയ റജിസ്ട്രിയുടെ ഡേറ്റാബേസിൽ നിങ്ങളുടെ ബ്രാൻഡിന്റെ പേരോ ചിഹ്നമോ, അവയോട് സാമ്യമുള്ളതോ നിലവിലില്ല എന്ന് ആദ്യം ഉറപ്പു വരുത്തണം. ഉണ്ടെങ്കിൽ അപേക്ഷ തള്ളിപോകാം. മാത്രമല്ല, നിങ്ങളുടെ ചരക്കുമായോ സേവനവുമായോ നേരിട്ടു ബന്ധമുള്ള, പൊതുവായ, വിവരണാത്മകമായ, പേരുകൾക്കോ ചിഹ്നങ്ങൾക്കോ റജിസ്ട്രേഷൻ ലഭിക്കുകയുമില്ല. റജിസ്ട്രേഷനുവേണ്ടി നിങ്ങൾ അപേക്ഷ സമർപ്പിച്ചാൽ, ട്രേഡ്‌മാർക്ക്സ് റജിസ്ട്രി മേൽപറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ തടസ്സങ്ങൾ ഉന്നയിക്കാം. അപ്പോൾ കൃത്യവും വ്യക്തവുമായ മറുപടികൾ കാലതാമസമില്ലാതെ നൽകണം.

റജിസ്ട്രിയുടെ ഭാഗത്ത് നിന്നു തടസ്സങ്ങൾ ഇല്ലാതിരിക്കുകയോ തടസ്സങ്ങൾ നീങ്ങുകയോ ചെയ്‌താൽ നിങ്ങളുടെ ട്രേഡ്‌മാർക്ക് എല്ലാവർക്കും ഓൺലൈനായി പരിശോധിക്കാവുന്ന ഒരു ജേണലിൽ പ്രസിദ്ധീകരിക്കപ്പെടും. നാലുമാസങ്ങൾക്കുള്ളിൽ ആരെങ്കിലും തടസ്സമുന്നയിച്ചില്ലെങ്കിൽ ട്രേഡ്‌മാർക്ക് റജിസ്റ്റർ ചെയ്യപ്പെടുന്നതാണ്.

റജിസ്ട്രേഷൻ ചെലവേറിയതാണോ?

പ്രൊപ്പറേറ്റർഷിപ്പായി വ്യക്തികൾ നടത്തുന്ന ബിസിനസുകൾക്ക് ട്രേഡ്‌മാർക്ക് റജിസ്ട്രേഷനുള്ള അപേക്ഷയോടൊപ്പം അടയ്‌ക്കേണ്ട ഫീസ് 4,500 രൂപയാണ്. പാർട്ണർഷിപ്പുകൾ, കമ്പനികൾ തുടങ്ങിയ സംരംഭങ്ങൾക്ക് 9,000 രൂപയാണ് ഫീസ്. നിങ്ങളുടെ ട്രേഡ്‌മാർക്ക് അറ്റോർണിക്ക് ഒരു പ്രഫഷനൽ ചാർജും നൽകേണ്ടി വരും. വലിയ തടസ്സങ്ങൾ ഒന്നുമില്ലെങ്കിൽ, പരമാവധി 15,000–20,000 രൂപയ്ക്ക് സർക്കാർ ഫീസും മറ്റെല്ലാ ചെലവുകളുമടക്കം റജിസ്ട്രേഷൻ നേടാം.

റജിസ്ട്രേഷൻ ലഭിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ ബ്രാൻഡിന്റെ പേരോ ചിഹ്നമോ മാത്രമല്ല, അവയുമായി സാമ്യമുള്ള പേരോ ചിഹ്നമോ പോലും മറ്റുള്ളവർ ഉപയോഗിക്കുന്നതിൽനിന്നും നിയമപരമായി തടയാൻ സാധിക്കും. നിങ്ങളുടെ ബ്രാൻഡിന്റെ പേരോ ചിഹ്നമോ അവരുടെ പേരിൽ റജിസ്റ്റർ ചെയ്‌തെടുത്തേക്കാം എന്ന സാധ്യതയും ഇതുവഴി ഒഴിവാകുന്നു.

അതുകൊണ്ട് നല്ല നിലയിൽ ബിസിനസ് മുന്നോട്ടു പോകുമ്പോൾ മൂല്യമേറുന്ന നിങ്ങളുടെ ബ്രാൻഡിന് ട്രേഡ്‌മാർക്ക് റജിസ്ട്രേഷൻ എന്ന സംരക്ഷണ കവചം കൂടി ഒരുക്കാൻ ശ്രദ്ധിക്കുക

റജിസ്ട്രേഷനു തടസ്സം ഉന്നയിക്കപ്പെട്ടാൽ

തടസ്സം ഉന്നയിക്കപ്പെട്ടാൽ നിങ്ങളുടെയും എതിർകക്ഷികളുടെയും വസ്തുനിഷ്ഠമായ മറുപടികളുടെയും ന്യായവിചാരണയുടെയും അടിസ്ഥാനത്തിൽ ട്രേഡ്‌മാർക്ക്സ് റജിസ്ട്രി തീർപ്പു കൽപിക്കും. റജിസ്ട്രേഷന് അപേക്ഷിക്കുമ്പോൾ എപ്പോഴും ഒരു ട്രേഡ്‌മാർക്ക് അറ്റോർണി വഴി അപേക്ഷിക്കുന്നതാണ് അഭികാമ്യം. മേൽപറഞ്ഞ തടസ്സങ്ങൾ നീങ്ങിക്കിട്ടാനുള്ള നിയമപരമായ മറുപടികൾ നൽകുന്ന കാര്യത്തിൽ അവർക്കു നിങ്ങളെ സഹായിക്കാൻ കഴിയും. 10 വർഷത്തേക്കാണ് കേന്ദ്രസർക്കാർ ഒരു ട്രേഡ്‌മാർക്ക് റജിസ്റ്റർ ചെയ്‌തു തരുന്നത്. 10 വർഷമാകുമ്പോൾ ഫീസടച്ച് വീണ്ടുമൊരു 10 വർഷത്തേക്ക് പുതുക്കുകയും ചെയ്യാം.

ട്രേഡ്‌മാർക്ക് അറ്റോർണിയായി പ്രവർത്തിക്കുകയാണ് ലേഖിക.solutions@uprightlegal.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com