വ്യക്തികളിൽ നിന്നുള്ള വായ്പയുടെ പലിശ എങ്ങനെ റിട്ടേണിൽ കാണിക്കും?

Mail This Article
സ്വന്തമായി ബിസിനസ് നടത്തുന്ന വ്യക്തിയാണ്. അതിന്റെ ഭാഗമായി പലരോടും വായ്പ വാങ്ങാറുണ്ട്. ദീർഘകാല വായ്പകളും ഇതിലുണ്ട്. വായ്പയ്ക്കു ബാങ്ക് നിരക്കിലും കൂടിയ പലിശയാണ് നൽകുന്നത്. ഇതെങ്ങനെ റിട്ടേണിൽ ഉൾപ്പെടുത്താം?
റെജി പണിക്കൻ തൃപ്രയാർ, തൃശൂർ
വായ്പയായി ലഭിച്ച തുകയും തിരിച്ചടവു സംബന്ധിച്ച വിവരങ്ങളും പലിശയെക്കുറിച്ചുള്ള വിവരങ്ങളും ഉൾക്കൊള്ളിച്ചുള്ള വായ്പാ കരാർ സ്റ്റാംപ് പേപ്പറിൽ തയാറാക്കിയാൽ ലഭിച്ച തുക താങ്കളുടെ വരുമാനമല്ലെന്നും വായ്പയാണെന്നും തിരിച്ചടയ്ക്കുന്നതു കൂടിയ നിരക്കിലുള്ള പലിശ സഹിതമാണെന്നും മറ്റുമുള്ള കാര്യങ്ങൾക്കു തെളിവാകും.
ബിസിനസിനെക്കുറിച്ചുള്ള വിശദമായ കണക്കുകൾ താങ്കൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ, ആ കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിട്ടേൺ സമർപ്പിക്കുന്നതെങ്കിൽ, വായ്പാ തിരിച്ചടവിന്മേലുള്ള പലിശ ഒരു ബിസിനസ് ചെലവായി വരുമാനത്തിൽ നിന്ന് പ്രത്യേകം കുറയ്ക്കാവുന്നതാണ്. ബാങ്കിലൂടെയുള്ള തിരിച്ചടവും വായ്പക്കരാറും ഈ ബിസിനസ് ചിലവ് താങ്കൾ വഹിച്ചിട്ടുണ്ട് എന്നുള്ളതിന് തെളിവായി ഉപയോഗിക്കാം. എന്നാൽ വായ്പ വാങ്ങിയ തുകയും തിരിച്ചടച്ച തുകയും പ്രത്യേകം പ്രത്യേകം കാണിക്കുവാനുള്ള കോളങ്ങൾ റിട്ടേണിൽ ഇല്ല. തിരിച്ചടവ് കഴിഞ്ഞു ബാക്കി തിരിച്ചടയ്ക്കാനായുള്ള തുക ബാധ്യതയായി താങ്കളുടെ റിട്ടേൺ ബാലൻസ് ഷീറ്റിൽ പ്രത്യക്ഷപ്പെടും.
ബിസിനസ് കണക്കുകൾ സൂക്ഷിക്കാതെ വകുപ്പ് 44AD പ്രകാരം ആനുമാനിക അടിസ്ഥാനത്തിലാണ് (PRESUMPTIVE BASIS) റിട്ടേൺ സമർപ്പിക്കുന്നതെങ്കിൽ കൊടുക്കുന്ന പലിശ പ്രത്യേകമായി വരുമാനത്തിൽ നിന്ന് കുറയ്ക്കാവുന്നതല്ല,
കാരണം അതുൾപ്പെടെ എല്ലാ ചെലവുകളും കഴിഞ്ഞുള്ള ആനുമാനിക അടിസ്ഥാനത്തിലുള്ള അറ്റാദായമാണ് താങ്കളുടെ വരുമാനമായി റിട്ടേണിൽ കാണിക്കുന്നത്