ADVERTISEMENT

രാജ്യത്ത് 6.30 കോടി MSME യൂണിറ്റുകളാണുള്ളത്. മൊത്തം സംരംഭങ്ങളിൽ 90 % MSME കളാണ്. നിലവിലെ ജിഡിപിയുടെ 30 % ഇവ  സംഭാവന ചെയ്യുന്നു. ഇത്  അടുത്ത അഞ്ചു വർഷം കൊണ്ട് 50 % ആക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ഉദ്ദേശ്യം. MSME കളുടെ വരുമാനവർധന വഴി ഇന്ത്യൻ സമ്പദ് ഘടനയിൽ വൻ മാറ്റം വരുത്താൻ കഴിയുമെന്നതു കൊണ്ടാണിത്. 

1 എംഎസ്എംഇക്ക്  7572.20 കോടി  രൂപ 

 നടപ്പു ബജറ്റിൽ വാണിജ്യ വ്യവസായത്തിന് 27,300 കോടി രൂപ വകയിരുത്തിയതിൽ 7572.20 കോടിയും   സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക്  മാത്രമായാണ്. പ്രധാനമന്ത്രിയുടെ തൊഴിൽ പദ്ധതി (PMEGP) യ്ക്ക് 2,500 കോടി രൂപയും MSE - Cluter development Programme ന്  391 കോടിരൂപയും  (70 % അധികം)  വകയിരുത്തി.  CLCSTUS (Credit Linked Capital Subsidy and Technology Upgradation Scheme) ന് 805 കോടി രൂപയും നൽകും. 

2. അടിസ്ഥാന സൗകര്യവികസനം

അടിസ്ഥാന സൗകര്യം  വികസിപ്പിക്കുന്നതു വഴി രാജ്യത്ത് ഇൻവസ്റ്റ്മെന്റ് വരികയും അതുവഴി ഒട്ടേറെ വ്യവസായങ്ങൾ വരാനും സാധ്യതയുണ്ട്. അടുത്ത അഞ്ചു വർഷം കൊണ്ടു 104 ലക്ഷം കോടി രൂപയാണ്  ഇതിൽ ചെലവിടാനുദ്ദേശിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിനു പണം മുടക്കുന്നവർക്ക് നൂറു ശതമാനം നികുതി ഇളവ്നൽകും.

3. വായ്പ നൽകാൻ

ധനകാര്യ സ്ഥാപനങ്ങൾ കൂടുതൽ‌ വായ്പ നൽകാനായി 3.50 ലക്ഷം കോടി രൂപ പൊതു മേഖലാ ബാങ്കുകൾക്കു നൽകും. 

4. ഇൻവെസ്റ്റ്മെന്റ് ക്ലിയറൻസ് സെൽ

സംരംഭകർക്കു പെട്ടെന്ന് ലൈസൻസുകൾ ലഭിക്കുവാൻ ഒരു ഇൻവെസ്റ്റ്മെന്റ് ക്ലിയറൻസ് സെൽ ആരംഭിക്കും. എല്ലാ ക്ലിയറൻസും ലഭിക്കാൻ ഒറ്റ അപേക്ഷയിൽ അപേക്ഷിക്കാം. DPIIT (Dept of Promotion of Industry and Internal Trade)  ആണ് ഇതിനു നേതൃത്വം നൽകുക. ജിഎസ്ടി, ഐഇഎം, Import– Export code, Enviornmental clearness, EPF, ESI Registration, Company Registration  എന്നിവയെല്ലാം അടക്കമുള്ളവയെല്ലാം സെൽ വഴി  നേടാം.   

5. സ്റ്റാർട്ടപ്– 3  വർഷം 100% ഇളവ്

നൂറുകോടി രൂപ വരെ വിറ്റുവരവുള്ള സ്റ്റാർട്ടപ് സംരംഭകർക്ക് നികുതിയിളവു നൽകും. അത് ഈ മേഖലയ്ക്ക് കരുത്തേറ്റും. മുൻപ് 25 കോടി രൂപവരെ വിറ്റുവരവുള്ള സംരംഭങ്ങൾക്കായിരുന്നു നികുതിയിളവ്. ഇനി തുടർച്ചയായി മൂന്നു വർഷം നൂറു ശതമാനം നികുതിയിളവു ലഭിക്കും. ആനുകൂല്യം നേടാനുള്ള കാലയളവ് ഏഴിൽനിന്നു പത്തു വർഷമാക്കി 

6.  അഞ്ചു കോടി വരെ  ഓഡിറ്റ് വേണ്ട

ചെറുകിട സംരംഭ മേഖലയിൽ ഒരു കോടിയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവയുടെ കണക്കുകൾ ഓഡിറ്റ് ചെയ്യിക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇനി അതിന്റെ പരിധി അഞ്ചു കോടി രൂപ വാർഷിക വിറ്റുവരവായി മാറും. പക്ഷേ, 5 ശതമാനത്തിനു താഴെ മാത്രം കറൻസി ഇടുപാടുകളാണെങ്കിലേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. 

7. ചെറുകിട സംരംഭകരുടെ വളർച്ച  ഉറപ്പാക്കാൻ ഇറക്കുമതി ചുങ്കം കൂട്ടി 

ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം കുത്തനെ കൂട്ടിയതോടെ തദ്ദേശീയമായി അവ നിർമിക്കുന്ന സംരംഭകർക്ക് വളരെ ഗുണം ചെയ്യും.  അവ നിർമിക്കാൻ പറ്റിയ ഫാക്ടറികൾ ഇവിടെ വരണം. അതുവഴി കൂടുതൽ തൊഴിലുകൾ ഇവിടെ സൃഷ്ടിക്കപ്പെടും. സ്വതന്ത്ര വ്യാപാര കരാർ (Free Trade Agreement) മൂലം ഒട്ടേറെ രാജ്യങ്ങളിൽനിന്നു ചുങ്കമില്ലാതെ ഇന്ത്യയിലേക്ക് ഉൽപന്നങ്ങൾ വന്നു മറിയുകയാണ്. ഇറക്കുമതി ചുങ്കം കുത്തനെ കൂട്ടിയതോടെ അത് അവസാനിക്കും. ഇതു ഇവിടുത്തെ സംരംഭകർക്ക് ഗുണകരമാകും.  ഉൽപ്പന്നങ്ങളും  കൂട്ടിയ കസ്റ്റംസ് ഡ്യൂട്ടിയും പട്ടികയിൽ കാണുക

ഇറക്കുമതി ചുങ്കം കൂട്ടിയതുവഴി Domestic ബിസിനസുകൾ കൂടുതൽ ആരംഭിക്കുകയും അതുവഴി ഒട്ടേറെപ്പേർക്കു ജോലി ലഭിക്കുകയും ചെയ്യും. ഡംപിങ് ഒഴിവാക്കുകയും ചെയ്യാം. 

8. പ്രത്യേക ഫണ്ടുകൾ

പ്രാദേശികമായി മൊബൈൽ ഫോൺ, ഇലക്ട്രോണിക് ആൻഡ് കണ്ടക്ടർ പാക്കേജിങ് നിർമാണ യൂണിറ്റുകൾ ആരംഭിക്കുക വഴി ധാരാളം തദ്ദേശികൾക്ക് തൊഴിൽ ലഭിക്കും. 2021 മുതൽ 2025 വരെ നൂറു കോടി മൊബൈൽ ഹാൻഡ്സെറ്റുകൾ ഉൽപാദിപ്പിക്കാനുള്ള നിർമാണ യൂണിറ്റുകൾ തുടങ്ങണമെന്നാണ് ഉദ്ദേശിക്കുന്നത്. അതിന്റെ വില 13 ലക്ഷം കോടി രൂപയാണ്. അതു പ്രോത്സാഹിപ്പിക്കുന്നതിലേക്കു പ്രത്യേക ഫണ്ട് വകയിരുത്തുന്നു. 

9. ധാന്യസ്റ്റോറുകൾ

സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ ഗ്രാമങ്ങളിൽ ധാന്യസ്റ്റോറുകൾ (വില്ലേജ് സ്റ്റോറേജ് പദ്ധതി) ആരംഭിക്കും. നബാർഡ്, മുദ്രാ ബാങ്കുകൾ എന്നിവയുടെ വായ്പകൾ ഇതിനായി ഉപയോഗിക്കും. വിപണന സൗകര്യം വർധിപ്പിക്കാനായിട്ടാണ് ഈ പദ്ധതി. ധാന്യലക്ഷ്മി പദ്ധതിയെന്നാണ് ഇതിന്റെ പേര്. 

10 കയറ്റുമതി ധനസഹായം

മധ്യനിര കമ്പനികളുടെ കയറ്റുമതിക്കായി R & D and Technology Upgradation നുമായി 1000 കോടി രൂപയുടെ ധനസഹായം ബജറ്റിൽ പ്രഖ്യാപിച്ചു. 

11 കയറ്റുമതിക്കാർക്ക്  പ്രോത്സാഹനം

ചെറുകിട കയറ്റുമതിക്കാർക്ക് നിർവിക് (NIRVIK) Niryat Rin Vikas Yojana Scheme ഇൻഷുറൻസ് കവർ. വാണിജ്യ വകുപ്പ് തയാറാക്കുന്ന പ്രസ്തുത പദ്ധതിയനുസരിച്ച് ചെറുകിട കയറ്റുമതിക്കാർക്ക് മുതലിന്റെയും പലിശയുടെയും 90 ശതമാനം കവറേജ് ലഭിക്കും. അതോടൊപ്പം പ്രീമിയം കുറയ്ക്കുകയും ചെയ്യും. 

12  വായ്പ പുനർഏകീകരിക്കാൻ  2021  വരെ സമയം

MSME കളുടെ വായ്പ പുനർ ഏകീകരണത്തിനു ബജറ്റ് അവസരം ഒരുക്കും. അതിനുള്ള സമയപരിധി 31.03.2021 വരെ നീട്ടി. ഇതുവഴി അഞ്ചര ലക്ഷം MSME യൂണിറ്റുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com