sections
MORE

ഒരു വർഷം ഒന്നര കോടി വരുമാനം, നിറയെ സുഗന്ധം ഈ വിജയത്തിന്

HIGHLIGHTS
  • എയർ ഫ്രഷ്നറിന്റെ നിർമാണം വഴി മൂന്നു സുഹൃത്തുക്കൾ നേടിയ വിജയം
air-freshner
SHARE

കാറിൽ ഉപയോഗിക്കുന്ന എയർ ഫ്രഷ്നറുകൾ നാട്ടിൽത്തന്നെ നിർമിച്ചു വിപണനം നടത്തുകയാണ് സുഹൃത്തുക്കളായ സുനിൽകുമാറും ശ്രീജിത്തും വിപുൽ തോമസും. വൻബ്രാൻഡുകൾ വിപണി വാഴുന്ന സമയത്താണ് ‘സിൽഫ്’ എന്ന ബ്രാൻഡിൽ ഈ ചെറുപ്പക്കാർ എയർ ഫ്രഷ്നറുകൾ വിപണിയിലെത്തിച്ചത്.

തുടക്കം കാർവാഷിൽ

ഈ കൂട്ടുകാർ ആദ്യം തുടങ്ങിയത് കാർ വാഷ് സെന്ററാണ്. നല്ല രീതിയിൽ മുന്നോട്ടുപോയി. നാലു സെന്റർ തുറന്നു.എന്നാൽ പിന്നീട് വാഹന ഷോറൂമുകൾ സ്വന്തമായി കാർ വാഷ് തുടങ്ങിയതോടെ ബിസിനസ് കുറഞ്ഞു, സെന്ററുകളെല്ലാം പൂട്ടേണ്ടി വന്നു. അങ്ങനെയിരിക്കുമ്പോഴാണ് കാബിനിലെ റൂം ഫ്രഷ്നർ ശ്രദ്ധയിൽപെടുന്നത്. 

വിദേശകമ്പനികൾക്ക് ഇവിടെ മാർക്കറ്റ് കണ്ടെത്താനാകുമെങ്കിൽ എന്തുകൊണ്ട് അതേ ഗുണനിലവാരത്തിൽ നമുക്കും ആയിക്കൂടാ എന്നു ചിന്തിച്ചു. ആശയം ഒന്നു പരീക്ഷിച്ചു നോക്കാമെന്നും കരുതി. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ, ഉൽപന്നത്തിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ എന്നിവയെക്കുറിച്ചായി ചിന്ത. ഗുണമേൻമ നിലനിർത്തി എങ്ങനെ വില കുറയ്ക്കാനാകുമെന്നും പഠിച്ചു. 

സർക്കാരിന്റെ ജോബ് ക്ലബ് എന്ന സ്റ്റാർട്ടപ്പ് മിഷനും സഹായിച്ചു. കാലക്രമേണ മുടക്കുമുതൽ കൂടുകയും ഉദ്ദേശിച്ച വിലയ്ക്ക് വിൽക്കാനാകാതെ വരികയും ചെയ്തു. വിപുലാണ് അപ്പോൾ ഒരു എക്സ്ക്ലൂസീവ് ഉൽപന്നം എന്ന ആശയം മുന്നോട്ടു വച്ചത്. അങ്ങനെയാണ് വഴിത്തിരിവായ കാർ ജെൽ ടെക്നോളജിയിലേക്കു കടക്കുന്നത്. 

‌കാർ ജെൽ നിർമാണത്തെക്കുറിച്ചു യാതൊരറിവും ഇല്ലാതെയായിരുന്നു തുടക്കം. ഫ്രാൻസിലുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ പാരിസിലെ പെർഫ്യൂം കമ്പനികളിൽ പോയി, ജെൽ പെർഫ്യൂം എന്താണെന്നു വിശദമായി മനസ്സിലാക്കി. അവിടെ നിന്നു കിട്ടിയ അടിസ്ഥാന ഫോർമുല വച്ചു സുനിലും വിപുലും കൂടി R&D ലാബിൽ നടത്തിയ ഒരു വർഷം നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ ഫോർമുല വികസിപ്പിച്ചെടുത്തു. തികച്ചും ഓർഗാനിക് ആയ കാർ ജെൽ. അങ്ങനെ 3 പേരുടെയും ഒത്തൊരുമയിലും പരിശ്രമത്തിലും കമ്പനിയുടെ വളർച്ച തുടങ്ങി. 

പ്രവർത്തനരീതി

വിവിധ സുഗന്ധങ്ങളിലുള്ള കാർ‍ എയർ‍ ഫ്രഷ്നറുകളിൽ‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാരണം, ഇന്ത്യയിൽ‍ ലഭ്യമായ ഉൽപന്നങ്ങളെല്ലാം വിദേശത്തു നിന്ന്, മുഖ്യമായും ചൈനയിൽ‍നിന്ന്, വരുത്തി വിപണനം ചെയ്യുന്നവയാണ്. തങ്ങളുടെ കണ്ടുപിടിത്തമായ എഡിബിൾസ്റ്റഡ് ജെൽ‍ ടെക്നോളജിക്ക് പേറ്റന്റ് നേടാനുള്ള ശ്രമത്തിലാണ് ഇവരിപ്പോൾ. ഇന്ത്യയിലും അയൽരാജ്യങ്ങളിലും വിൽപനയുണ്ട്. വിതരണത്തിന് ഏജൻസികളുമായി ധാരണയുണ്ട്. ഓൺലൈൻ വഴിയും സൂപ്പർമാർക്കറ്റുകള്‍ വഴിയും വിൽപന നടക്കുന്നു. സിൽഫ് ക്ലാസിക്, സിൽഫ് സ്മെൽ ആൻ ഡ്രൈവ്,  സിൽഫ് പ്രീമിയം എന്നിങ്ങനെ വിവിധ റേഞ്ചുകളിൽ ഉൽപന്നങ്ങൾ ലഭ്യമാണ് 

മികവുകൾ

‘എഡിബിൾസ്റ്റഡ് നാനോ ജെൽ‍ ടെക്നോളജി’ എന്ന സാങ്കേതിക വിദ്യയിലൂടെയാണ് ഉൽപന്നങ്ങൾ നിർമിക്കുന്നത്. ഇന്ത്യയിൽ കിട്ടുന്ന അസംസ്കൃത വസ്തുക്കളും പ്രകൃതിദത്ത സുഗന്ധതൈലങ്ങളുമാണ് ഉപയോഗിക്കുന്നത്. 

പ്രകൃതിയോടുള്ള കരുതലിന്റെ ഭാഗമായി പ്ലാസ്റ്റിക് കണ്ടെയ്നറുകൾ‍ ഒഴിവാക്കി സ്റ്റീൽ ടിന്നുകളിലാണ് വിപണനം. ക്ലാസിക്‌ കാർ‍ ഫ്രഷ്നർ‍ 170 ഗ്രാം 320 രൂപയ്ക്കു ലഭ്യമാകുന്നു 75 ദിവസം വരെ സുഗന്ധവും ലഭിക്കും. സുഗന്ധവിപണിയിൽ കേരളത്തിന്റെ സ്വന്തം ബ്രാൻ‍ഡായി ‘സിൽ‍ഫ്’ എത്തിയിട്ടു 4 വർഷം കഴിഞ്ഞു. ഇന്ത്യയിൽ‍ നിർ‍മിക്കുന്ന ഏക സോൾവെന്റ് കാർ‍ ജെൽ‍ ഫ്രഷ്നർ‍ ആണ് സിൽഫെന്ന് കമ്പനി അവകാശപ്പെടുന്നു. 

ഒന്നരക്കോടി രൂപയാണ് വാർഷിക ടേൺ ഓവർ. 150 ജോലിക്കാരുണ്ട്. ദിവസം 3000 ബോട്ടിൽ‍ നിർ‍മിക്കാൻ‍ ശേഷിയുള്ള സിൽഫിന്റെ പ്ലാന്റ് എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് മേന്മുഖത്തു പ്രവർത്തിക്കുന്നു. ആകെ മുതൽമുടക്കായ 25 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ വായ്പയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
FROM ONMANORAMA