ADVERTISEMENT

പ്രവര്‍ത്തന മൂലധനത്തില്‍ വന്‍ കുറവ് നേരിടേണ്ടി വന്നതോടെ രാജ്യത്തെ 6.3 കോടി വരുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളില്‍ 25 ശതമാനത്തിന്റെയും നിലനില്‍പ് ഭീഷണിയില്‍. 45 കോടി പേര്‍ തൊഴിലെടുക്കുന്ന ഈ മേഖല രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ നട്ടെല്ലാണ്. നോട്ടു നിരോധനത്തിന്റെ പ്രത്യാഘാതത്തില്‍ നിന്ന് കഷ്ടി ഉയര്‍ത്തെഴുന്നേറ്റു വരുമ്പോഴായിരുന്ന കാടിളക്കി ജി എസ് ടി വന്നത്. ഇതിന്റ ആഘാതത്തില്‍ പെട്ടു പോയ ഈ മേഖല സാവധാനം പിച്ച വച്ചു വരുമ്പോഴാണ് കോവിഡിനെ തുടര്‍ന്ന് 21 ദിവസത്തെ ലോക്്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഇത് വീണ്ടും നീട്ടിയേക്കുമെന്നും പറയുന്നു. ഇതോടെ പ്രവര്‍ത്തന മൂലധന പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് രാജ്യത്തെ ഭൂരിഭാഗം വരുന്ന ചെറുകിട, ഇടത്തരം വ്യവസായങ്ങളുമെന്ന് ഈ രംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു. തൊഴിലാളികളുടെ അപര്യാപ്തതയില്‍ ഉത്പാദനവും നടത്താനാവാത്ത സ്ഥിതിയാണ്. ഉത്പാദിപ്പിക്കപ്പെട്ട സാധനങ്ങള്‍ കെട്ടിക്കിടക്കുന്നതും മാര്‍ക്കറ്റില്‍ നിന്ന് പണം വരാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നു.

സര്‍ക്കാര്‍ പാക്കേജ്

കോവിഡ് പാക്കേജായി എം എസ് എം ഇ മേഖലയ്ക്ക് സര്‍ക്കാര്‍ പ്രധാനമായും നല്‍കിയ ആനുകൂല്യം ഇ പി എഫിലേക്കുള്ള സംഭാവനയായിരുന്നു. മൂന്ന് മാസത്തേയ്ക്ക് തൊഴിലുടമയുടെയും ജീവനക്കാരുടെയും സംഭാവനയായ 12 ശതമാനം വീതം തുക കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നതായിരുന്നു പാക്കേജ്. ജീവനക്കാരുടെ മാസ ശമ്പളത്തിന്റെ 12 ശതമാനം വീതം കമ്പനിയും ജീവനക്കാരും പി എഫ് നിധിയിലേക്ക്് നല്‍കണമെന്നാണ് ചട്ടം. ഇതാണ് മൂന്ന് മാസത്തേയ്ക്ക് സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞത്.

വിലങ്ങുതടിയായി നിബന്ധന

എന്നാല്‍ സര്‍ക്കാര്‍ തന്നെ ഇതിന് നിബന്ധന വച്ചതോടെ ഭൂരിഭാഗം ചെറുകിട, ഇടത്തരം യൂണിറ്റും ഈ ആനുകൂല്യത്തിന് പുറത്തായി. പരമാവധി 100 ജിവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ചട്ടം ബാധകമാകുക. ഇതില്‍ തന്നെ 90 ശതമാനം പേരും 15000 രൂപയില്‍ കുറഞ്ഞ മാസശമ്പളം വാങ്ങുന്നവരായിരിക്കണം. അത്തരം സ്ഥാപനങ്ങള്‍ക്കേ ഈ ആനുകൂല്യം നല്‍കു എന്നാണ് സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥ. ഇതോടെ ഭൂരിഭാഗം സ്ഥാപനങ്ങളും ആനുകൂല്യത്തിന് പുറത്ത് പോയതായി ഇ രംഗത്തുള്ള വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. കാരണം സാധാരണ ഇത്തരം സ്ഥാപനങ്ങളില്‍ 25 ശതമാനത്തിലധികം അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫായിരിക്കും. ഇവര്‍ക്കാകട്ടെ 15,000 രൂപയില്‍ അധികമായിരിക്കും വേതനം. കടുത്ത പ്രതിസന്ധിയില്‍ നിലനില്‍പിന് തന്നെ ഭീഷണി നേരിടുന്ന ഈ മേഖല സര്‍ക്കാരിന്റെ അടുത്ത ഘട്ട സാമ്പത്തിക ഉത്തേജക പാക്കേജിന് കാത്തിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com