ADVERTISEMENT
ഡിഗ്രി വിദ്യാര്‍ത്ഥിയായ ജെയ്‌സണുണ്ടായ അനുഭവം നോക്കുക. ലോക്ഡൗണ്‍ തുടങ്ങിയതോടെ  കോളേജ് അടച്ച് വീട്ടില്‍ വെറുതെയിരുന്നു ബോറടിച്ചപ്പോളാണ് ഓണ്‍ലൈനായി എന്തെങ്കിലും ചെയ്ത് അല്‍പം പണം ഉണ്ടാക്കാമെന്നു ജെയ്‌സണ്‍ ചിന്തിച്ചത്. ഡാറ്റാ എന്‍ട്രി മാത്രം ചെയ്ത് പത്തു ദിവസം കൊണ്ട് 18000 രൂപ നേടാമെന്നു കണ്ടതോടെ പിന്നൊന്നും ആലോചിച്ചില്ല. 90% കൃത്യത ഇല്ലെങ്കില്‍ 3800 രൂപ അങ്ങോട്ട് കൊടുക്കണം എന്ന നിബന്ധനയില്‍ അത്ര അപകടം തോന്നിയില്ല. ലഭിക്കുന്ന ഡാറ്റ കൃത്യമായി  രേഖപ്പെടുത്തി നല്‍കിയാല്‍ മാത്രം മതിയല്ലോ. അവര്‍ ആവശ്യപ്പെട്ട കരാര്‍ ഒപ്പിട്ടു നല്‍കി. പക്ഷേ വര്‍ക് കൈയില്‍ ലഭിച്ചതോടെയാണ് കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നു മനസിലായത്. പത്തു ദിവസം കൊണ്ട് 1000 അപേക്ഷകളുടെ ഡാറ്റാ എന്‍ട്രിയാണ് ചെയ്യേണ്ടത്. പണി അല്‍പം ബുദ്ധിമുട്ടേറിയതു തന്നെ. ഒരെണ്ണം ചെയ്യാന്‍ ഏതാണ്ട് ഒരു മണിക്കൂര്‍ വേണം. പ്രത്യേകിച്ചു പണിയൊന്നുമില്ലാതിരിക്കുന്നതിനാല്‍ നാലു സുഹൃത്തുക്കളും സഹായിച്ചു.

ശരിക്കും പണി പുറകെ വരും

എന്തായാലും കൃത്യസമയത്ത് തന്നെ പണി വിജയകരമായി പൂര്‍ത്തിയാക്കി നല്‍കി. പക്ഷേ പിന്നെയാണ് ശരിക്കും പണി വന്നത്.855 എണ്ണമേ ശരിയുള്ളൂ. അതിനാല്‍ 90% കൃത്യത കൈവരിച്ചിട്ടില്ല. 3800 രൂപ അങ്ങോട്ടു നല്‍കണം എന്നായിരുന്നു ഡല്‍ഹി ആസ്ഥാനമായുള്ള ബിപിഒ സെന്ററില്‍ നിന്നുള്ള അറിയിപ്പ്. പത്തു ദിവസം കഷ്ടപ്പെട്ടു പണിയെടുത്തതിനു കിട്ടേണ്ട 18000 രൂപ കിട്ടിയില്ല എന്നു മാത്രമല്ല, അങ്ങോട്ട്  നല്ലൊരു തുക പിഴയായി നല്‍കുകയും  വേണം. സുഹൃത്തുക്കളടക്കം ചേര്‍ന്നു ചെയ്തതിനാല്‍ നൂറു ശതമാനം കൃത്യത ഉണ്ടെന്നു പറയാനാകില്ല എന്നു ജെയ്‌സണും സമ്മതിക്കുന്നു. എന്നാല്‍ തെറ്റുണ്ടെന്നു പറഞ്ഞ 145 എണ്ണത്തില്‍ പലതും ശരിയാണെന്നു തന്നെയാണ് ജെയ്‌സണ്‍  പറയുന്നത്.
തീര്‍ന്നില്ല, പരിചയമുള്ള ഒരു വക്കീലുമായി ബന്ധപ്പെട്ടപ്പോള്‍ മനസിലായത് കരാര്‍ ലംഘിച്ചാല്‍ ആര്‍ബിട്രേറ്റര്‍ വഴിയാകും കേസ് തീര്‍പ്പാക്കുക എന്നാണത്രേ ഒപ്പിട്ടു നല്‍കിയ കരാറിലെ വ്യവസ്ഥ. ആര്‍ബിട്രേറ്റര്‍ എന്നാല്‍ സ്ഥാപനം ഏല്‍പ്പിക്കുന്ന ആള്‍ ആയതിനാല്‍ അവര്‍ക്ക് അനുകൂലമായി മാത്രമാകും വിധിയെന്നും കൂടി വക്കീല്‍  വ്യക്തമാക്കി.  അപ്പോളാണ് ജെയ്‌സണ്‍ പല സുഹൃത്തുക്കളോടും അന്വേഷിച്ചത്. അവരില്‍ പലരും ഇത്തരം അബദ്ധങ്ങളില്‍ ഇതിനകം തന്നെ പെട്ടവരാണ്. അവരും എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.

ഓണ്‍ ലൈന്‍ ജോലികള്‍ക്ക് നിരവധി പേര്‍ ഇപ്പോള്‍ തയ്യാറാണെന്നു മനസിലാക്കി അതുപയോഗിച്ച് തട്ടിപ്പു നടത്തുന്നവര്‍ ഏറെയാണത്രേ. വര്‍ക്കുകള്‍  പണം മുടക്കില്ലാതെ ചെയ്‌തെടുപ്പിക്കുകയും അതോടൊപ്പം നല്ലൊരു തുക ഇരകയാകുന്നവരില്‍ നിന്നും തട്ടിച്ച് എടുക്കുകയും  ചെയ്യുന്നുണ്ടിവര്‍.

കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഓണ്‍ ലൈന്‍ ജോലികള്‍ തേടി നടക്കുന്നവര്‍ ശ്രദ്ധിക്കുക. എന്താണ് ജോലി, അത് ശരിയായി അവര്‍ ആവശ്യപ്പെടുന്ന കൃത്യതയോടെ,ഗുണനിലവാരത്തില്‍  ചെയ്തു കൊടുക്കാന്‍ നിങ്ങള്‍ക്ക് ആകുമോ എന്നെല്ലാം വ്യക്തമായി മനസിലാക്കി വേണം വര്‍ക്ക് ഏറ്റെടുക്കാന്‍. മാത്രമല്ല കരാര്‍ ഒപ്പിടും മുമ്പ് അതു കൃത്യമായി വായിച്ചു മനസിലാക്കണം. വിശദീകരണം വേണമെങ്കില്‍ ആവശ്യപ്പെടണം. സംശയമുള്ളതോ, തട്ടിപ്പിനു സാധ്യതയുണ്ടെന്നു തോന്നുന്നതോ ആയ വ്യവസ്ഥകള്‍ വക്കീലിനോടോ വിഷയത്തില്‍ അറിവുള്ളവരോടൊ ചോദിച്ചു മനസിലാക്കണം.

ആര്‍ബിട്രേഷന്‍ എന്ന ചതിക്കുഴി

പ്രത്യേകിച്ച് ആര്‍ബിട്രേറ്റഷന്‍ വ്യവസ്ഥകളുള്ള  കരാറുകള്‍ ഒപ്പിടുന്നതു വളരെ ജാഗ്രതയോടെ വേണം. ഇല്ലെങ്കില്‍  നിങ്ങള്‍ ചതിക്കപ്പെടാം.  മേല്‍ സൂചിപ്പിച്ച കേസില്‍ 90% ത്തില്‍ അധികം കൃത്യത ഉണ്ടെന്നു  ഉറപ്പുണ്ടെങ്കില്‍ പോലും നിയമനടപടി സ്വീകരിക്കാന്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക് കഴിയില്ല. കാരണം ഇവിടെ വിധി പറയുന്നത് ആര്‍ബിട്രേറ്ററാണ്. ആര്‍ബിട്രേറ്റര്‍ വാദിയുടെ താല്‍പ്പര്യത്തിനു മുന്‍തൂക്കം നല്‍കുന്ന സംവിധാനം ആണ്.  അതുകൊണ്ട് തന്നെ ഇരകള്‍ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കാനാകില്ല.  നിയമനടപടികള്‍ക്കുപോയി പണവും സമയവും ചെലവാക്കാമെന്നു മാത്രം. ഇത്തരം തട്ടിപ്പുകളുടെ സാധ്യത  മനസിലാക്കി സര്‍ക്കാരും അധികൃതരും ഉടനെ തന്നെ നടപടികള്‍ സ്വീകരിക്കണം എന്നതാണ് ജെയ്‌സണനടക്കം തട്ടിപ്പിനരയായവര്‍ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. ഇല്ലെങ്കില്‍ കൂടുതല്‍ പേര്‍ ഇത്തരം തട്ടിപ്പുകളില്‍ പെടുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com