sections
MORE

സാനിറ്ററി പാഡുകൾ മണ്ണിലലിഞ്ഞു ചേരുമോ? ഉത്തരവുമായി ഈ സംരംഭക

HIGHLIGHTS
  • പരിസ്ഥിതി ഉൽപ്പന്നത്തിലൂടെ മുന്നേറ്റം
sampa3
SHARE

വിപണിയിൽ ധാരാളം ബ്രാൻഡുകളിൽ സാനിറ്ററി പാഡുകൾ ലഭ്യമാണ്. പക്ഷേ, മണ്ണിൽ പൂർണമായും അലിഞ്ഞു ചേരുന്ന സാനിറ്ററി പാഡുകൾ കിട്ടുമോ? പ്ലാസ്റ്റിക് അൽപംപോലും ഉപയോഗിക്കാത്ത സാനിറ്ററി പാഡുകൾ? ഇത്തരം ഒരു ചോദ്യത്തിൽ ഉരുത്തിരിഞ്ഞ ബിസിനസ് ആശയമാണ് ജെസീല ഫഹദ് എന്ന യുവസംരംഭകയിലൂടെ വിജയം കണ്ടത്. പ്ലാസ്റ്റിക് അൽപംപോലും ഉപയോഗിക്കാതെ, മണ്ണിൽ അലിഞ്ഞു ചേരുന്ന അസംസ്കൃത വസ്തുക്കൾ മാത്രം ഉപയോഗിക്കുന്ന സാനിറ്ററി പാഡുകൾ 'Shee star' എന്ന ബ്രാൻഡ് നെയിമിൽ നിർമിച്ചു വിൽക്കുകയാണ് ഈ തൃശൂരുകാരി.

തികഞ്ഞ തയാറെടുപ്പ്

ഭർത്താവ് ഫഹദ് ടിഷ്യൂ പേപ്പർ അടക്കമുള്ള ഉൽപന്നങ്ങളുടെ വിതരണക്കാരനാണ്. പ്ലാസ്റ്റിക് േചരാത്ത പാഡുകൾ നിർമിച്ചാൽ വിൽക്കാൻ കഴിയും എന്ന് ആദ്യം പറഞ്ഞത് അദ്ദേഹമാണ്. കോട്ടൺ എയർ െലയ്സ്, േപപ്പർ, ജെൽഷീറ്റ്, ലീക്കേജ് പ്രൂഫ് ലെയർ എന്നിവയാണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് ലെയറുകൾ ഒന്നുപോലുമില്ല. ഉത്തർപ്രദേശിലെ സ്വകാര്യ ഏജൻസിയാണ് അസംസ്കൃത വസ്തുക്കൾ സ്ഥിരമായി എത്തിച്ചു തരുന്നത്. മെഷിനറികൾ നൽകിയതും നിർമാണത്തിനാവശ്യമായ പരിശീലനം തരുന്നതും അവർ തന്നെ.
ഏകദേശം 10 ദിവസത്തെ പരിശീലനം കൊണ്ട് കുറെ കാര്യങ്ങൾ മനസ്സിലാക്കി. യുപിയിൽ നേരിട്ടു പോയാണ് പരിശീലനം നേടിയത്. പിന്നീട് മെഷീൻ സ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കിയ ശേഷം ചെയ്തു പഠിച്ചു. ഇപ്പോൾ ഫോണിൽ ഓർഡർ നൽകിയാൽ കുറിയർ വഴി അസംസ്കൃത വസ്തുക്കൾ സുലഭമായി എത്തും. സ്ഥാപനം ആരംഭിച്ചിട്ട് ഇപ്പോൾ ഒന്നര വർഷം കഴിഞ്ഞു.

വിൽപന ഏജൻസി വഴി

തൃശൂർ ജില്ലയിൽ ഉൽപന്നങ്ങളുടെ വിൽപനയ്ക്കായി ഒരു ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.പാലക്കാട്, മലപ്പുറം ജില്ലകളിലും വിൽക്കുന്നു. എറണാകുളം, കോട്ടയം ജില്ലകളിൽ വിതരണക്കാരെ കണ്ടെത്തുന്ന പ്രവർത്തനങ്ങൾ നടക്കുന്നു. സൂപ്പർ മാർക്കറ്റുകൾ, െചറിയ മെഡിക്കൽ ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ എന്നിവിടങ്ങളിലൂടെയാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ബഹുരാഷ്ട്ര കമ്പനികളുമായി നല്ല മത്സരം ഉണ്ടെങ്കിലും ഉൽപന്നത്തിന്റെ പ്രത്യേകത മൂലം ഓർഡറുകൾ നന്നായി ലഭിക്കുന്നു.

ഉൽപന്നത്തിന്റെ മേന്മകൾ
∙    മണ്ണിൽ പൂർണമായും അലിഞ്ഞു ചേരുന്നു.
∙    വില കുറവല്ല, എന്നാൽ കൂടുതലും അല്ല.
∙    പേപ്പർ ബോക്സിൽ ആണ് വിതരണം.
∙    വളരെ നേർത്തതും മൃദുവുമാണ്.
∙    ഒരു പ്രാവശ്യം വാങ്ങി ഉപയോഗിച്ചവർ വീണ്ടും വാങ്ങുന്നു.
∙    സൗകര്യപ്രദമായ രീതിയിലുള്ള വിതരണ സംവിധാനം.

ഏഴു ലക്ഷം രൂപയുടെ നിക്ഷേപം

െസമി ഓട്ടമാറ്റിക് സാനിറ്ററി പാഡ് മേക്കിങ് മെഷീൻ, സ്റ്റെറിലൈസേഷൻ കാബിനറ്റ്, അൾട്രാസോണിക് ൈഡ തുടങ്ങിയവയാണ് പ്രധാന മെഷിനറികൾ. ഒരു ബാച്ച് അസംസ്കൃത വസ്തുക്കൾ ഉൾപ്പെടെ ഏഴു ലക്ഷം രൂപയാണ് നിക്ഷേപമായി തുടക്കത്തിൽ വേണ്ടിവന്നത്. 500 ചതുരശ്രയടി കെട്ടിടത്തിലാണ് ഫാക്ടറിയുടെ പ്രവർത്തനം. അഞ്ചു സ്ത്രീകൾ ജോലിക്കാരായുണ്ട്. ഐടിഐ സിവിൽ പാസായശേഷമാണു ജെസീല ബിസിനസ് രംഗത്തേക്കു വരുന്നത്. ഭർത്താവ് ഫഹദ് ഹനീഫ വിതരണത്തിലും വിപണി കണ്ടെത്തുന്നതിലും സഹായിക്കുന്നു. മൂന്നു മക്കളുടെ മാതാവു കൂടിയാണ് ഈ വനിതാ സംരംഭക.

ബിസിനസിലെ വെല്ലുവിളികൾ

∙    പരസ്യം ഇല്ലാത്തതിനാൽ പൊതുജനങ്ങൾ ഉൽപന്നത്തെ അറിയുന്നില്ല.
∙    ബഹുരാഷ്ട്ര കമ്പനികളിൽനിന്നുള്ള മത്സരം.
∙    എക്സ്ട്രാ ലാർജ് സൈസിലുള്ള പാഡുകളുടെ ഉൽപാദനം തുടങ്ങാത്തത്.
∙     അസംസ്കൃത വസ്തുക്കൾക്ക് ജിഎസ്ടി ഉണ്ട്. എന്നാൽ നാപ്കിന് ജിഎസ്ടി ഇല്ല.
∙     ഉൽപന്നം കടമായി കൊടുക്കേണ്ടി വരുന്നത്.

അനുകൂല ഘടകങ്ങൾ

∙    കൂടുതൽ പരിസ്ഥിതി സൗഹൃദം.
∙    ന്യായമായ വിലയ്ക്ക് (ആറെണ്ണത്തിന് 20 രൂപ എംആർപി) വിൽക്കാനാകുന്നത്.
∙    വലിയ വിപണി അവസരങ്ങൾ തുറന്നു കിട്ടുന്നത്.
∙    മികച്ച ഗുണമേന്മയും സൗകര്യപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുന്നതും.
∙    ഉപയോഗിച്ചവർ വീണ്ടും ആവശ്യപ്പെട്ടു വരുന്ന സാഹചര്യം.

25 ശതമാനം അറ്റാദായം

ഉൽപാദനം തുടർച്ചയായി നടക്കുന്നു. ഏകദേശം 500 പായ്ക്കറ്റാണ് പ്രതിദിനം നിർമിക്കുന്നത്. ഇതിൽ നിന്നു രണ്ടരലക്ഷം രൂപയുടെ വിറ്റുവരവാണ് ഉള്ളത്. ശരാശരി 25 ശതമാനം വരെ അറ്റാദായം ലഭിക്കുന്നുവെന്നു പറയാം.ഉടനെ എക്സ്ട്രാ ലാർജ് പാഡുകളുടെ ഉൽപാദനം ആരംഭിക്കണമെന്നുണ്ട്. ഡോർ ടു ഡോർ വിൽപനയ്ക്കായി ഏതാനും ഗ്രൂപ്പുകൾ തയാറായിട്ടുണ്ട്. അവരെ പ്രോത്സാഹിപ്പിക്കണം. ഇതോടൊപ്പം ഓൺലൈൻ വിൽപനയും സജീവമാക്കണം. ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിയാകാൻ താൽപര്യമുള്ളവർക്ക് ഉൽപന്നം സപ്ലൈ ചെയ്യാനും ആഗ്രഹമുണ്ടെന്ന് ഈ വനിതാ സംരംഭക പറയുന്നു. അങ്ങനെ ഏറെ സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് ജെസീല മുന്നോട്ടു പോകുന്നത്.

പുതുസംരംഭകർക്ക്

വലിയ വിപണി സാധ്യതയുള്ള ഉൽപന്നമാണ്. താരതമ്യേന കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാൻ കഴിയും. മികച്ച ലാഭവിഹിതവും പ്രതീക്ഷിക്കാം. മത്സരം പ്രതീക്ഷിച്ചു വേണം മുന്നോട്ടു പോകാൻ.  ഇത്തരം ഉൽപന്നങ്ങളിൽ ഏതെങ്കിലും വിധത്തിലുള്ള പുതുമ കൊണ്ടുവരാൻ കഴിഞ്ഞാൽ കൂടുതൽ ശോഭിക്കാം. ചെറിയരീതിയിൽ തുടങ്ങിയാൽ പോലും പ്രതിമാസം 50,000 രൂപയിൽ കുറയാത്ത അറ്റ‌ലാഭം നേടാമെന്നത് ഈ ബിസിനസിന്റെ പ്രത്യേകതയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA