sections
MORE

കോവിഡ് കാലത്ത് സ്ഥാപനത്തിന്റെ ബ്രാൻഡിങ് എങ്ങനെ വേണം?

HIGHLIGHTS
  • നൽകുന്ന സന്ദേശങ്ങൾ അനുകമ്പയും സംവേദനക്ഷമതയും നിറഞ്ഞതാകണം
ladies discussion
SHARE

ജോലി, ബിസിനസ്, സാമ്പത്തിക നില തുടങ്ങി സകലതിനെയും കൊറോണ വൈറസ് അടിമുടി മാറ്റിമറിച്ചു. സാമൂഹിക അകലം പാലിക്കാൻ ജനങ്ങളെല്ലാം വീട്ടിലിരിക്കുന്ന ഈ സമയം പിആര്‍ അല്ലെങ്കിൽ ബ്രാന്റിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുയോജ്യമാണ്്. ഇപ്പോള്‍ നടത്തുന്ന പബ്ലിക് റിലേഷന്‍സ് (പിആര്‍) പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ സ്ഥാപനത്തിനു ഗുണകരമാകും. എന്നാൽ സാഹചര്യത്തിന് അനുസരിച്ചല്ല പിആര്‍ പ്രവര്‍ത്തനം നടത്തുന്നതെങ്കില്‍ വിപരീത ഫലമാകും ലഭിക്കുകയെന്നും ഓര്‍ക്കുക. അതുകൊണ്ട് ഈ സമയം വളരെ ശ്രദ്ധിച്ചു മാത്രം പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നാം മുമ്പു ചെയ്ത കാര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിഷയങ്ങളെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഈ ഘട്ടത്തില്‍ എങ്ങനെ പിആര്‍, ബ്രാന്‍ഡിംഗ് തന്ത്രങ്ങള്‍ രൂപപ്പെടുത്താമെന്നു നോക്കാം.

സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്താം?

ലോക്ഡൗണിലായതോടെ ആളുകള്‍ കൂടുതലും കമ്പ്യൂട്ടറിലും സ്മാര്‍ട്ട്ഫോണിമായി സമയം ചെലവഴിക്കുകയാണ്. കൂടാതെ,  ഒറ്റപ്പെടലും അനിശ്ചിതത്വവും ഭയവും അനുഭവപ്പെടുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും ഉപഭോക്താക്കളുമായി തുടര്‍ച്ചയായി ഇടപഴകുന്നത് വളരെ പ്രധാനമാണ്. നിങ്ങളുടേതിനേക്കാള്‍ അവരുടെ ആവശ്യങ്ങള്‍ നടപ്പാക്കപ്പെട്ടെന്ന് ഉറപ്പാക്കുന്നതിനായാണ് ഇത്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, നിങ്ങളിപ്പോള്‍ നിങ്ങളുടെ ഉത്പന്നത്തിന്റെ അല്ലെങ്കില്‍ ബ്രാന്‍ഡിന്റെ സവിശേഷതകളൊയൊന്നുമല്ല പറയേണ്ടത്. അത്, ഒരു പക്ഷേ, ആളുകള്‍ക്ക് അരോചകമാകുകയും നിങ്ങളുടെ ബ്രാന്‍ഡിന് മോശം പ്രതിച്ഛായ സൃഷ്ടിക്കുകയോ ചെയ്യാം. പകരം, ലോകത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിക്കാം. കൂടാതെ നിങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എന്തു സഹായം നല്‍കാന്‍ കഴിയുമെന്നും ഇവിടെ പറയാം. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു മെഡിക്കല്‍ സ്റ്റാര്‍ട്ടപ്പാണെങ്കില്‍, എങ്ങനെ ആരോഗ്യവും ഉന്‍മേഷവും നിലനിര്‍ത്താമെന്നതിനെ സംബന്ധിച്ച വിവരങ്ങള്‍ ആളുകളുമായി പങ്കുവയ്ക്കാം. ഒരു സാമ്പത്തികസ്ഥാപനമാണെങ്കില്‍ എങ്ങനെ പണം ലാഭിക്കാമെന്നതു സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കാം. ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ആളുകളോടു പറയുകയും ചെയ്യാം. ഇത് ഉപയോക്താക്കളില്‍ നിങ്ങളുടെ ബ്രാന്‍ഡിനെ സംബന്ധിച്ചു കൂടുതല്‍ മതിപ്പുളവാക്കുമെന്നതില്‍ സംശയമില്ല.

മികച്ച സന്ദേശങ്ങള്‍ നല്‍കുക

ഈ സമയം നിങ്ങളുടെ ബ്രാന്‍ഡ് നല്‍കുന്ന സന്ദേശങ്ങള്‍ അനുകമ്പയും സംവേദനക്ഷമതയും നിറഞ്ഞതാകണം. മിക്ക കമ്പനികളും കോവിഡ് പ്രതിരോധ മുന്നറിയിപ്പുകളെ സഹായിക്കുന്നുണ്ട്. നൈക്കിന്റെ Play inside, play for the world, കൊക്കൊ കോളയുടെ Staying apart is the best way to stay united പോലുള്ള പരസ്യങ്ങള്‍ ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്. ആളുകള്‍ സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് നിങ്ങളുടെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പ്രത്യേക ഓഫറുകള്‍ നല്‍കുന്നത് മികച്ച വിപണന തന്ത്രമാണ്. പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങളുടെ ബ്രാന്‍ഡ് അവരെ സഹായിക്കാന്‍ ശ്രമിക്കുന്നെന്ന് ഉപഭോക്താക്കള്‍ക്കു തോന്നിയാല്‍, തുടര്‍ന്നും അവര്‍ നിങ്ങളുടെ ബ്രാന്‍ഡിനോട് വിശ്വസ്തത പുലര്‍ത്തിയേക്കാം.

നല്ല ചിന്തകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

പരമ്പരാഗത പബ്ലിക്ക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കു പറ്റിയ കാലമല്ലിത്. സാധാരണ പത്രക്കുറിപ്പുകളും പ്രഖ്യാപനങ്ങളും ഇക്കാലത്ത് പ്രായോഗികമല്ല. അതുകൊണ്ടുതന്നെ നല്ല ചിന്തകള്‍ അവരുമായി പങ്കുവയ്ക്കുകയെന്നതാണ് പൊതുജനങ്ങളുടെ ശ്രദ്ധയില്‍ നിങ്ങളുടെ ബ്രാന്‍ഡിന്റെ സാന്നിധ്യം നിലനില്‍ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. ഇതിനായി നിങ്ങളുടെ വൈബ് സൈറ്റുകളോ, സോഷ്യല്‍ മീഡിയയോ ഉപയോഗപ്പെടുത്താം. നിങ്ങള്‍ ആളുകളുമായി പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ വെറുതെ തട്ടിക്കൂട്ടിയുണ്ടാക്കിയതാകരുത്. നന്നായി ഗവേഷണം നടത്തിവേണം അത്തരം കുറിപ്പുകള്‍ എഴുതാന്‍.  

നിങ്ങളുടെ സ്വന്തം ബ്ലോഗോ മറ്റു വെബ്സൈറ്റുകളോ ഇതിനുപയോഗിക്കാം. പുതുതായി ഒന്നും പറയാനില്ലെങ്കിലും നല്ല ചിന്തകള്‍ പങ്കുവയ്ക്കുന്ന കുറിപ്പുകള്‍, നിങ്ങളുടെ ബ്രാന്‍ഡിനെ ഈ മഹാമാരിയുടെ കാലത്ത് വേറിട്ടുനിര്‍ത്തും. നല്ല ചിന്തകള്‍ എഴുതേണ്ട സമയം കൂടിയാണിത്. കാരണം, ലോകം പൂട്ടി വീട്ടിലിരിക്കുകയാണ്. ഈ വെല്ലുവിളി നിറഞ്ഞ കാലത്ത് നിങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നുവെന്നു വിവരിക്കുന്ന ഉള്‍ക്കാഴ്ചയുള്ള ലേഖനങ്ങള്‍ക്കും കണ്ടന്റുകള്‍ക്കും നല്ല വായനക്കാരുണ്ടാകും.

സന്ദേശമയക്കല്‍ രീതി മാറ്റുക

ആളുകള്‍ അവരുടെ ജോലി, കുട്ടികള്‍, മാതാപിതാക്കള്‍, ആരോഗ്യം എന്നിവയെക്കുറിച്ച് ആശങ്കാകുലരാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വികാരങ്ങള്‍ക്ക് ഇവിടെ അധികം പ്രസക്തിയില്ലെന്ന ധാരണ മനസിലുണ്ടാകണം. നിങ്ങള്‍ ആശയ വിനിമയം നടത്തുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകള്‍, ഭാഷ എന്നിവയില്‍ കാര്യമായ ശ്രദ്ധ വേണം. കൊറോണ മഹാമാരിയുടെ കാലത്ത് നേട്ടമുണ്ടാക്കിയ ചുരുക്കം കമ്പനികളില്‍ ഒന്നായ നെറ്റ്ഫ്‌ലിക്‌സ് തങ്ങളുടെ ഓഹരിയുടമകള്‍ക്കയച്ച കത്ത് അതിന് ഉദാഹരണമാണ്.
'ഞങ്ങളുടെ ഇരുപതിലധികം വര്‍ഷത്തെ ചരിത്രത്തില്‍, ഇത്ര അനിശ്ചിതത്വവും അസ്വസ്ഥതയും നിറഞ്ഞ ഒരു കാലം കണ്ടിട്ടില്ല. നഷ്ടപ്പെട്ട ജീവിതങ്ങളും തൊഴിലുകളും പരിഗണിച്ചാല്‍ മനുഷ്യന്റെ ചെലവ് വര്‍ധിക്കുന്നത് വ്യക്തമാണ്. കോടിക്കണക്കിന് ജനങ്ങള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു' എന്നാണു പറയുന്നത്. ഇതിന്റെ തുടര്‍ഭാഗവും മാനുഷിക തലത്തിലാണ് സംസാരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലോകത്തിനു മുന്നില്‍ മാനുഷിക തലത്തില്‍ നില്‍ക്കുകയെന്നതാണ് കാര്യമെന്നു കമ്പനി തിരിച്ചറിഞ്ഞുള്ള സന്ദേശമാണിത്. നിങ്ങള്‍ ആശയവിനിമയം നടത്തുമ്പോഴും ഈ രീതികള്‍ പ്രയോഗത്തില്‍ വരുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഒപ്പമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുക

നിലവിലെ പ്രതിസന്ധിഘട്ടത്തില്‍ നേരിട്ട് സഹായം നല്‍കാന്‍ കമ്പനികള്‍ക്കു സാധിക്കില്ല. എന്നാല്‍, ഉപയോക്താക്കള്‍ക്ക് നിങ്ങളുടെ സ്ഥാപനം ഇമെയിലുകള്‍ അയയ്ക്കുന്നത് ഗുണം ചെയ്യും. മാനേജിംഗ് ഡയറക്ടര്‍, സിഇഒ ഇങ്ങനെ ഉയര്‍ന്ന തലത്തിലുള്ളവരാകണം മെയിലുകള്‍ അയയ്‌ക്കേണ്ടത്. സ്ഥാപനം കൂടെയുണ്ടെന്നുളള സന്ദേശം പകരുന്നതായിരിക്കണമത്. ഇത്, നിങ്ങളുടെ ഉപയോക്താക്കള്‍ക്ക് ആശ്വാസമായിരിക്കും, അവര്‍ തനിച്ചല്ലെന്ന് അവരെ ബോധ്യപ്പെടുത്തും. മറുവശത്ത്, നിങ്ങള്‍ കേവലം ഒരു കമ്പനിയോ ബ്രാന്‍ഡോ അല്ല, മറിച്ച് അവരുടെ സമുഹത്തിന്റെ ഭാഗമാണെന്ന് തോന്നിപ്പിക്കുകയും ചെയ്യും. കൂടാതെ, മഹാമാരിയുടെ കാലത്ത് ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ആവശ്യങ്ങള്‍, അനുഭവങ്ങള്‍, പ്രതീക്ഷകള്‍ എന്നിവയെക്കുറിച്ച് അറിയാനും മറുപടി നല്‍കാനും അവസരമൊരുക്കണം. ഇക്കാലയളവില്‍ ആളുകളെ സഹായിക്കാന്‍ കമ്പനി എന്തൊക്കെ ചെയ്യുന്നുവെന്നു പുറംലോകത്തെ അറിയിക്കാനും ഈ വഴി ഉപകരിക്കും. ഉപഭോക്താക്കള്‍ക്ക് ഒരു കത്ത് എഴുതുന്നതിനുപുറമെ, തുറന്ന കത്തുകള്‍ക്കും അവസരമുണ്ട്. പല കമ്പനികള്‍ ഇതിനകംതന്നെ ഇത്തരം കത്തുകള്‍ എഴുതിക്കഴിഞ്ഞു. നിലവിലുള്ള ഉപയോക്താക്കള്‍ക്കും കമ്പനിയുമായി ഇടപെടാന്‍ സാധ്യതയുള്ളവര്‍ക്കുമായി അവരുടെ വെബ്സൈറ്റുകളിലാണ് കമ്പനികള്‍ തുറന്ന കത്തുകള്‍ പോസ്റ്റ് ചെയ്തത്.

സമൂഹത്തിന് നല്‍കുക

മറ്റുള്ളവര്‍ക്കു സഹായം നല്‍കുന്നത് നിങ്ങളുടെ ബ്രാന്‍ഡ് ഇമേജ് വര്‍ധിപ്പിക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് ആളുകള്‍ക്കു സഹായം ആവശ്യമുള്ള ഈ ഘട്ടത്തില്‍. നിങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഈ സമയത്ത് ആളുകളുണ്ടാവില്ല. എന്നാല്‍, സഹായം ആവശ്യപ്പെടുന്നവരുടെ ഒരു വലിയ നിരതന്നെ പുറത്തു കാത്തുനില്‍ക്കുന്നുണ്ട്. അതിനാല്‍ ഒരു കമ്പനിയെന്ന നിലയില്‍ നിങ്ങള്‍ക്ക് കഴിയുന്ന വിധത്തില്‍ സമൂഹത്തെ സഹായിക്കാനുള്ള അവസരം കൂടിയായി ഈ സാഹചര്യത്തെ കണക്കാക്കാം. ഇതിനായ ചാരിറ്റി സംഘടനകളുമായോ ഓര്‍ഗനൈസേഷനുകളുമായോ നിങ്ങള്‍ക്കു ബന്ധപ്പെടാം. അവരോടു ചേര്‍ന്നു പ്രവര്‍ത്തിക്കാം. അല്ലെങ്കില്‍ നിങ്ങളുടേതായ തരത്തില്‍ സ്വന്തം കാമ്പയിന്‍ ആരംഭിക്കുകയുമാകാം. ഉദാഹരണത്തിന്, ആളുകള്‍ കൈകഴുകുന്നതിനും അണുവിമുക്തമാക്കുന്നതിനുമായി യൂണിലിവര്‍ 100 മില്യണ്‍ യൂറോയുടെ പ്രചാരണ പരിപാടി പ്രഖ്യാപിച്ചു. ഇതിന്റെ ആദ്യഘട്ടമായി മാര്‍ച്ച് അവസാനത്തില്‍ 50 ദശലക്ഷം യൂറോ (ഏകദേശം 56.9 ദശലക്ഷം ഡോളര്‍) അവര്‍ സംഭാവന നല്‍കി. പരമ്പരാഗത പിആര്‍, മാര്‍ക്കറ്റിംഗ് എന്നിവയ്ക്കു പകരം നിങ്ങളുടെ കമ്പനിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വഴികളാണിത്. ചെറിയ തോതിലാണെങ്കില്‍ പോലും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ സംഭാവന ചെയ്യുന്നത് നിങ്ങളുടെ ബ്രാന്‍ഡിന് പോസിറ്റീവ് ഇമേജ് സൃഷ്ടിക്കും. ഹ്രസ്വകാലത്തേക്ക് ഇതു സാമ്പത്തിക നേട്ടമുണ്ടാക്കില്ല. എന്നാല്‍, ദീര്‍ഘകാലത്തേക്കു നോക്കുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്രദമാണ്.

ഇന്നോവിന്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും മീഡിയ കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍. ഫോണ്‍: 8606007771

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA