ADVERTISEMENT

കോവിഡ് പ്രതിസന്ധി മറി കടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുക എന്നതായിരിക്കണം ഇനിയുള്ള നാളുകളില്‍ ചെറുകിട സംരംഭങ്ങളുടെ പ്രവര്‍ത്തന രീതി. വായ്പാ മോറട്ടോറിയം മുതല്‍ ആദായ നികുതി ഓഡിറ്റിങ് തീയതി നീട്ടല്‍ വരെയുള്ള വിവിധ ആനുകൂല്യങ്ങള്‍ നിങ്ങളുടെ സംരംഭത്തില്‍ എങ്ങനെ പ്രയോജനപ്പെടുത്താനാവും എന്ന് കണ്ടെണം. പാക്കേജിന്റെ തുടക്കമായി കേന്ദ്ര ധനമന്ത്രി ബുധനാഴ്ച പ്രഖ്യാപിച്ചവയില്‍ പലതും ചെറുകിട സംരഭകര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

ഈടില്ലാത്ത വായ്പ പ്രയോജനപ്പെടുത്താം

കോവിഡ് പ്രതിസന്ധി മൂലം വായ്പകള്‍ തിരിച്ചടയ്ക്കാനാവാത്ത സ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക വായ്പാ പദ്ധതി ഉപയോഗിക്കാനാവും. ഇവയ്ക്ക് പ്രത്യേക ഈട് ആവശ്യമില്ലെന്നതും സര്‍ക്കാര്‍ ഗാരണ്ടി നല്‍കും എന്നതും ഏറെ ഗുണകരമാണ്. നിലവില്‍ കഷ്ടപ്പാട് അനുഭവിക്കുന്നതിനിടെ വീണ്ടും ജാമ്യം അന്വേഷിച്ച് ഇറങ്ങാനുള്ള ബുദ്ധിമുട്ട് ഒഴിവാകുമല്ലോ. ഈ വായ്പകള്‍ സംബന്ധിച്ച വിശദ വിവരങ്ങളും സര്‍ക്കുലറുകളും ഉടന്‍ തന്നെ പുറത്തിറങ്ങും. അതു ലഭിച്ചാലുടന്‍ വായ്പയ്ക്ക് അപേക്ഷിക്കുക എന്നതിനും ഏറെ പ്രാധാന്യമുണ്ട്. രാജ്യത്താകെ 45 ലക്ഷം ചെറുകിട സംരംഭങ്ങള്‍ക്ക് ഈ വായ്പ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കിലും തുടക്കത്തില്‍ തന്നെ നിങ്ങളുടെ സ്ഥാപനത്തിനുള്ള വായ്പ നേടിയെടുക്കുവാന്‍ ശ്രമിക്കണം. ഇതിനായി ഉടന്‍ തന്നെ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടിരിക്കുക എന്നതാണ് പ്രായോഗിക മാര്‍ഗം.

മോറട്ടോറിയവും പ്രയോജനപ്പെടുത്തണം

കോവിഡ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള വായ്പയ്ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. അതു പ്രയോജനപ്പെടുത്തുന്നതായിരിക്കും നിലവില്‍ കാഷ് ഫ്‌ളോ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ബുദ്ധിപരം.

മികച്ച സ്ഥാപനങ്ങള്‍ക്കും അവസരം

കോവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമല്ല, മികച്ച പ്രകടനം നടത്തുന്നവയ്ക്കും സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഫണ്ട് ഓഫ് ഫണ്ട്‌സ് എന്ന രീതിയില്‍ നല്‍കുന്ന ഈ സഹായം കോവിഡ് കാലത്ത് മികച്ച പ്രകടനം നടത്തുന്ന സ്ഥാപനങ്ങളെ കൂടുതല്‍ ഉയര്‍ച്ചയിലേക്കു പോകാന്‍ സഹായിക്കാനും അതിന് നിക്ഷേപം ഒരു തടസമാകാതിരിക്കാനുമാണ്. ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തമായാണ് ഈ നിക്ഷേപം നല്‍കുക. ഇതിനായി നിരവധി രേഖകളും നടപടി ക്രമങ്ങളും ആവശ്യമായി വരും. ഇതിനായി ഒരുങ്ങിയിരിക്കുകയും വേണം.

പ്രവര്‍ത്തന മൂലധനം ഏറെ പ്രധാനം
ഈ പ്രതിസന്ധി കാലത്ത് മുന്നോട്ടു പോകാനുള്ള കാഷ് ഫ്‌ളോ ഏറെ പ്രധാനപ്പെട്ടതാണ്. മൂന്നു മാസത്തേക്കു കൂടി പിഎഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കും എന്നു പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. ഈ പരിധിയില്‍ വരുന്നതാണ് നിങ്ങളുടെ സ്ഥാപനമെങ്കില്‍ പിഎഫ് വിഹിതത്തിനായി കരുതി വെച്ചിരുന്ന തുക സ്ഥാപനത്തിന്റെ കാഷ് ഫ്‌ളോ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാമല്ലോ. ഈ പരിധിയില്‍ വരാത്ത സ്ഥാപനമാണെങ്കിലും സ്ഥാപനത്തിന്റെ വിഹിതം 12 ശതമാനത്തില്‍ നിന്ന് പത്തു ശതമാനമാക്കി കുറച്ചതിലൂടെയുള്ള നേട്ടം പ്രയോജനപ്പെടുത്തണം.

മാനദണ്ഡങ്ങളിലെ മാറ്റം പ്രയോജനപ്പെടുത്തണം
ചെറുകിട, സൂക്ഷ്മ, ഇടത്തരം സ്ഥാപനങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്. ഇതിലൂടെ നിങ്ങളുടെ സ്ഥാപനത്തിനു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കൃത്യമായി നേടിയെടുക്കണം.

മല്‍സരം കുറയുന്നതും പ്രയോജനപ്പെടുത്തണം

സര്‍ക്കാര്‍ ജോലികളില്‍ 200 കോടി രൂപ വരെയുള്ള കരാറുകള്‍ക്ക് ആഗോള ടെണ്ടര്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത് ആഗോള തലത്തിലുള്ള മല്‍സരം ഇല്ലാതാക്കും. ഇതു പ്രയോജനപ്പെടുത്താന്‍ നിങ്ങളുടെ സ്ഥാപനത്തിനു സാധിക്കുമോ എന്ന് വിശദമായ വിലയിരുത്തല്‍ നടത്തി കൂടുതല്‍ ടെണ്ടറുകളില്‍ പങ്കെടുക്കാന്‍ ശ്രമിക്കണം.

ആദായ നികുതി തീയതികളിലുമുണ്ട് കാര്യം

ആദായ നികുതി റിട്ടേണ്‍, ഓഡിറ്റിങ് തുടങ്ങിയവയുടെ തീയതികള്‍ നീട്ടിയതും നിങ്ങള്‍ക്കു പ്രയോജനപ്പെടുത്താം. ഇപ്പോഴത്തെ ലോക്ക് ഡൗണ്‍ കാലത്ത് നികുതി ഓഡിറ്റിങിനും അനുബന്ധ ജോലികള്‍ക്കുമായി പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പാടാക്കുന്നതും ജോലിക്കാരെ നിയോഗിക്കുന്നതുമെല്ലാം വളരെ ചെറിയ സ്ഥാപനങ്ങള്‍ക്ക്് ഗണ്യമായ ബാധ്യതയാവും വരുത്തി വെക്കുക. വളരെ ചെറിയ സ്ഥാപനങ്ങള്‍ ഇതിനായി ഇപ്പോള്‍ ചെലവുകള്‍ നടത്തുന്നത് ഒഴിവാക്കുന്നത് പ്രധാന ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ചെലവു കുറയ്ക്കാനും സഹായിക്കും. ടിഡിഎസ് നിരക്കുകള്‍ കുറച്ചതും കാഷ് ഫ്‌ളോ മെച്ചപ്പെടുത്തുന്നതിനു സഹായിക്കും.

ബാങ്ക് ഗ്യാരന്റി ഉപയോഗിക്കാം
ഭാഗികമായി മാത്രം പൂര്‍ത്തീകരിച്ച സര്‍ക്കാര്‍ കരാറുകളുമായി ബന്ധപ്പെട്ട് ബാങ്ക് ഗ്യാരന്റി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനവും ചെറുകിട സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. സ്ഥാപനങ്ങളുടെ കാഷ് ഫ്‌ളോ മികച്ച രീതിയില്‍ നിലനിര്‍ത്താന്‍ ഇത് സഹായകമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com