ADVERTISEMENT

“ചില കാര്യങ്ങളിൽ അമിത വേഗത, മറ്റു ചില കാര്യങ്ങളിൽ മെല്ലെ പോക്ക്”, അതാണ് കേന്ദ്ര സർക്കാരിന്റെ മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കടന്നു വരുന്ന ചിന്ത. നോട്ടു പിൻവലിക്കുന്നതിനും, ലോക്‌ഡോൺ പ്രഖ്യാപിക്കുന്നതിലും അമിതാവേശമാണു കാണിച്ചെതെങ്കിൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് വലിയ അമാന്തമാണ്‌ കാണിച്ചത്. എന്നാൽ പ്രധാനമന്ത്രിയുടെ 20 ലക്ഷം കോടി പാക്കേജ് രാജ്യത്തു വലിയ ആവേശമാണ് സൃഷ്ടിച്ചത്.

ചെറുകിട മേഖലക്ക് ഗുണം

എന്താണീ  പറയുന്നത് ? ആർക്കും ഈ പാക്കേജ് കൊണ്ട് ഗുണമില്ലെ ? ഉത്തരം ഉണ്ടെന്നാണ്. എങ്കിൽ എന്താണീ പാക്കേജിന്റെ ഏറ്റവും വലിയ മേന്മ? സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിയുകയും അത് അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.തീർച്ചയായും ഒരളവു വരെ ഇത്തരം ചെറുകിട സ്ഥാപനങ്ങൾക്കു ഈ പാക്കേജ് ഗുണം ചെയ്യും. മൂന്ന്  ലക്ഷം  കോടി  രൂപയുടെ ഈട് ഒഴിവാക്കിയുള്ള വായ്പാ പദ്ധതി ഈ സാഹചര്യത്തിൽ ചെറുകിട മേഖലക്ക് ഗുണമാണ്. കൂടാതെ, പ്രയാസം അനുഭവിക്കുന്ന ചെറുകിട സ്ഥാപനങ്ങൾക്കായി 20000 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ശരിക്കു പറഞ്ഞാൽ, ചെറുകിട മേഖലയുടെ പുനരുദ്ധാരണത്തിനായി ആറിന പരിപാടികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. പക്ഷെ, എന്താണ് അടിസ്ഥാന പ്രശ്നം? വായ്‌പ  എടുത്തു  ഉത്പാദനം തുടങ്ങാനുള്ള സമയമായോ?  അതിനെത്ര പേർ ധൈര്യപ്പെടും ?

ക്രയശേഷി വർധിപ്പിച്ചാലേ കാര്യമുള്ളു

ചോദനം അഥവാ ഡിമാൻഡ് അതിന്റെ ഏറ്റവും താഴത്തെ നിലവാരത്തിലാണ്. ആളുകളുടെ വാങ്ങൽ ശേഷി കുറഞ്ഞാൽ സാധനങ്ങൾ ഉത്പാദിപ്പിക്കാനുള്ള സംരംഭകരുടെ ധൈര്യം ചോർന്നു പോകും .അതിനാൽ പ്രസ്തുത സാഹചര്യം ഒരുക്കുന്ന കാര്യമായ നിർദേശങ്ങളോ പരിപാടികളോ പാക്കേജിൽ ഇല്ലെന്നതാണ് സത്യം. മൊത്തം 16 ഇനങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിലൊന്നും തന്നെ ആളുകളുടെ പ്രത്യേകിച്ച് പാവപ്പെട്ടവരുടെ ക്രയശേഷി വർധിപ്പിക്കാനുള്ള നേരിട്ട് പണം ചെലവഴിക്കുന്ന പദ്ധതികൾ ഇല്ല. സവിശേഷമായ ശ്രദ്ധയാകർഷിച്ച അതിഥി തൊഴിലാളികളുടെ കാര്യം പോലും പരിഗണിച്ചില്ല. പതിനാറിന പരിപാടികളിൽ ഒൻപത്തെണ്ണത്തിന് മാത്രമാണ് തുക വകയിരുത്തിയിരിക്കുന്നത്. എല്ലാം കൂടി 594250 കോടി രൂപയാണ് ചെലവഴിക്കാൻ ഉദ്ദേശിക്കുന്നത്. ബാക്കി  ഏഴു കാര്യങ്ങളും കൃത്യമായി പാക്കേജിൽ വരുന്നതെന്നെന്നു പറയാൻ കഴിയില്ല .ആഗോള ടെൻഡർ , ചെറുകിട സംരംഭങ്ങളുടെ നിക്ഷേപ പരിധി ഉയർത്തൽ  തുടങ്ങിയവയാണ് പ്രോവിഡന്റ് ഫണ്ടിലേക്കുള്ള വിഹിതം അടുത്ത മൂന്നു മാസത്തേക്ക് 10 ശതമാനം ആക്കി കുറച്ചതും , ടി ഡി എസിലെ ഇളവും തൊഴിലാളികൾക്ക് കാര്യമായ ഗുണം ചെയ്യില്ല. ഇത് രണ്ടും കൂടി ചേർന്നാൽ ആകെ 9250 കോടി രൂപയുടെ പാക്കേജാണ്‌ തൊഴിലാളികൾക്കും ബിസിനസുകാർക്കുമായി മാറ്റിവച്ചത്.

സ്വാശ്രയ ഇന്ത്യ

ഭൂമി, തൊഴിൽ, പണലഭ്യത, നിയമം എന്നിവയാണ് മുന്നോട്ടുള്ള യാത്രയിലെ അടിസ്ഥാന ഘടകങ്ങൾ എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചല്ലോ. ഇതിൽ ഭൂമിക്കും നിയമത്തിനും കാര്യമായ പ്രാധാന്യം നൽകിയിരിക്കുന്നു.റിയൽ എസ്റ്റേറ്റ് മേഖലക്ക് കൊടുത്ത ഊന്നലും സൂക്ഷ്‌മ-ചെറുകിട സംരംഭങ്ങളുടെ നിക്ഷേപ പരിധി ഉയർത്തലും ഇതിനുദാഹരണമാണ്. വൻകുതിപ്പിന് സജ്ജമായ സമ്പദ്ഘടന, ആധുനിക മുഖമുള്ള അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക മികവിൽ ഊന്നിയ നിർവഹണ സംവിധാനം, ഊർജസ്വലമായ മനുഷ്യവിഭവ ശേഷി, ആവശ്യം അനുസരിച്ചു ചലിക്കുന്ന വിതരണ ശൃംഖല  എന്നീ അഞ്ചു തൂണുകളിലൂടെ ‘സ്വാശ്രയ ഇന്ത്യ’യിലെത്തുമെന്നുള്ള പ്രതീക്ഷയും ആസ്ഥാനത്താക്കിയിരിക്കുകയാണ് ധനമന്ത്രിയുടെ  പ്രഖ്യാപനങ്ങൾ.

ഇനി അടുത്ത കഷണത്തിനായി കാത്തിരിക്കാം

വീണ്ടും പ്രതീക്ഷകൾ അർപ്പിച്ച് ആവർത്തിച്ച് പറയട്ടെ, പാവപ്പെട്ടവന്റെ – സാധാരണക്കാരന്റെ ക്രയശേഷി വർധിപ്പിക്കാതെ  വ്യവസായങ്ങൾക്കും വ്യാപാര സംരംഭങ്ങൾക്കും വാരിക്കോരി കൊടുത്തതു കൊണ്ട് കാര്യമില്ല. അതാണ് പഴയകാല അനുഭവങ്ങൾ  പഠിപ്പിക്കുന്നത്. ലോക സാമ്പത്തിക തകർച്ചയിൽ(Great Depression) നിന്ന് പാഠം ഉൾക്കൊണ്ടതിന്റെ ഫലമാണ് വികസിത രാജ്യങ്ങൾ നേരിട്ടുള്ള ചെലവിടൽ  പരിപാടി തീവ്രമായി നടപ്പിലാക്കുന്നത്. അതിന് ഇനിയും ശ്രമിച്ചില്ലെങ്കിൽ രാജ്യത്തിന് വലിയ വില കൊടുക്കേണ്ടി വരും.

സാമ്പത്തിക വിദഗ്ധനാണ് ലേഖകൻ


English Summery:Who All will Benefit from Second Financial Package

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com