ADVERTISEMENT

പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജും തുടര്‍ന്ന് ധനമന്ത്രി നല്‍കിയ വിശദാംശങ്ങളുമെല്ലാം സാമ്പത്തിക പിന്തുണയും ബിസിനസ് ചെയ്യുന്നത് എളുപ്പത്തിലാക്കുന്നതും അടിസ്ഥാനപരമായ ചില പരിഷ്‌ക്കാരങ്ങളുമെല്ലാം അടങ്ങിയതാണന്നതിൽ തർക്കമില്ല. ദീർഘകാലമായി ആവശ്യപ്പെട്ടു വരുന്നതും രാജ്യത്തെ പുതിയൊരു തലത്തിലേക്കു നയിക്കുന്നതായിരിക്കും ഈ പരിഷ്‌ക്കാരങ്ങള്‍.

വായ്പകൾ തിരികെ നൽകേണ്ടവ തന്നെ

ഇന്ത്യയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നതിനു മുന്‍പായി അമേരിക്ക, ജപ്പാന്‍, യുകെ, യൂറോപ് തുടങ്ങിയവ അവയുടെ വലിയ പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. ട്രില്യണ്‍ ഡോളറുകളുടെ ഈ പാക്കേജുകള്‍ വഴി ജനങ്ങള്‍ക്കും ബിസിനസുകള്‍ക്കും അവിടങ്ങളിലുള്ള സമ്പന്ന സര്‍ക്കാരുകള്‍ ഒരിക്കലും മടക്കി നല്‍കേണ്ടത്തതായ പണം നല്‍കുകയാണെന്നാണ് നമ്മില്‍ പലരും വിശ്വസിച്ചു വരുന്നത്. ഈ ധാരണ ശരിയല്ല എന്നതാണ് വസ്തുത. സമ്പന്ന രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകള്‍ പോലും തിരികെ നല്‍കേണ്ടാത്തവയല്ല. ഇന്ത്യയുടെ മൊത്ത സാമ്പത്തിക ഉല്‍പാദനത്തിനോട് സമാനമായ മറ്റു രാജ്യങ്ങളുടെ പാക്കേജുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ കോവിഡ് 19 പാക്കേജ് വളരെ വലുതാണെന്നും നമുക്കു കാണാം.

ലോകത്തെങ്ങുമുള്ള രാജ്യങ്ങള്‍ ജിഡിപിയുടെ  ഒരു ശതമാനം മുതല്‍ 12 ശതമാനം വരെയുള്ള പാക്കേജുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. സമ്പന്ന രാഷ്ട്രങ്ങള്‍ അഞ്ചു മുതല്‍ 12 ശതമാനം വരെയുള്ള പാക്കേജുകള്‍ അവതരിപ്പിച്ചപ്പോള്‍ ദരിദ്ര രാജ്യങ്ങള്‍ രണ്ടു മുതല്‍ അഞ്ചു ശതമാനം വരെയുള്ള ചെറിയ പാക്കേജുകളാണ് അവതരിപ്പിച്ചത്. സമ്പന്ന രാജ്യങ്ങളിലെ ദരിദ്ര ജനങ്ങള്‍ക്കുള്ളത് ഒഴിച്ചാല്‍ ഒരു രാജ്യവും തിരികെ നല്‍കേണ്ടതില്ലാത്ത വലിയ പദ്ധതികള്‍ അവതരിപ്പിച്ചിട്ടില്ല. ജീവനക്കാരെ പിടിച്ചു നിര്‍ത്താനായി ബിസിനസുകള്‍ക്കു നല്‍കുന്ന വായ്പകളും ഇങ്ങനെ തന്നെയാണ്.

അവസാനത്തെ പാക്കേജാകില്ല

തങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്നതെല്ലാം ഒറ്റയടിക്കു നടപ്പാക്കുന്നില്ലെന്ന് സര്‍ക്കാര്‍ വക്താക്കളും അറിയിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ 20 ലക്ഷം കോടി രൂപയുടെ കോവിഡ് പാക്കേജ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള അവസാനത്തെ ഉത്തേജക പാക്കേജാവില്ല.ഏറ്റവും പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും ആശ്വാസവും നല്‍കുന്നതിലാണ് പല പാക്കേജുകളും ശ്രദ്ധ പതിപ്പിക്കുന്നത്. ഇന്ത്യയില്‍ സൗജന്യ റേഷനും ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴിയുള്ള ഡയറക്ട് ബനഫിറ്റ് ട്രാന്‍സ്ഫറുമെല്ലാം നടപ്പാക്കി വരുന്നു.

ആരോഗ്യ രംഗത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താനായുള്ള ചെലവുകളാണ് പാക്കേജുകളിലെ മറ്റൊരു പൊതു ഘടകം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡിനെ തുടര്‍ന്നുള്ള നടപടികള്‍ പൊതുവെ പ്രശംസനീയമാണ്. സമ്പന്ന രാജ്യങ്ങള്‍ പോലും ഏറെ ബുദ്ധിമുട്ടുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനേറെ പ്രസക്തിയുമുണ്ട്. ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെങ്കിലും സാധ്യമായ എല്ലാ സഹായങ്ങളും അവര്‍ ലഭ്യമാക്കുകയാണ്. പുതിയ രോഗബാധകള്‍ ഉയര്‍ന്ന നിരക്കില്‍ വന്നു കൊണ്ടിരിക്കെ നമുക്കു വലിയ ദൂരം മുന്നോട്ടു പോകേണ്ടതുമുണ്ട്.

സംഘടിതവും അസംഘടിതവുമായ മേഖലകളിലെ ചെറുകിട സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതാണ് പാക്കേജുകളില്‍ പൊതുവായി കാണുന്ന മറ്റൊരു ഘടകം. അമേരിക്ക പോലും ചെറുകിട സംരംഭങ്ങള്‍ക്കു വായ്പ നല്‍കാന്‍ ബുദ്ധിമുട്ടുകയാണ്. എല്ലായിടത്തും 30 മുതല്‍  50 ശതമാനത്തോളം ചെറുകിട സംരംഭങ്ങള്‍  നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോറട്ടോറിയം പ്രഖ്യാപിക്കുകയും വായ്പകള്‍ക്കു ഗ്യാരണ്ടി നല്‍കുകയും ലിക്വിഡിറ്റി വര്‍ധിപ്പിക്കുകയും എല്ലാം ചെയ്തു കൊണ്ട് സര്‍ക്കാരുകള്‍ പൊതുവെ പിന്തുണ നല്‍കുന്നുണ്ട്. നമ്മുടെ രാജ്യത്ത് ജീവനക്കാരുടെ ഡിഎ കുറയ്ക്കല്‍, എംപിമാരുടെ ശമ്പളം കുറയ്ക്കല്‍ തുടങ്ങിയ നടപടികളിലൂടെ സ്വന്തം ചെലവും നിയന്ത്രിക്കുന്നുണ്ട്. ഇതേ സമയം സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ വിതരണ മേഖലയിലെ പ്രശ്‌നങ്ങള്‍ മാത്രമേ പരിഹരിക്കൂ എന്ന അഭിപ്രായം ചില  വിദഗ്ദ്ധര്‍ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. അധിക ഡിമാന്റിനായി ഇതില്‍ പദ്ധതികളില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക അച്ചടക്കത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതെ തന്നെ ഡിമാന്റ് വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലേഖകൻ ബിഎസ്ഇയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമാണ്

English Summery:Financial Packages in India and Other Countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com