തുടക്കം 60,000 രൂപ കൊണ്ട്, വിറ്റുവരവ് 10 ലക്ഷം കടന്നു

HIGHLIGHTS
  • ആമസോൺ വഴിയും ഉൽപന്നങ്ങൾ നന്നായി വിറ്റുപോകുന്നു
sampa4
SHARE

പി
ഒരു വീട്ടമ്മ ജീവിതത്തിലെ വലിയൊരു ആഘാതത്തിൽനിന്നും പുറത്തു കടക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംരംഭം. പിന്നീട് ജീവിതം തുടരാൻ തന്നെ അതു വേണമെന്നായി. ഒപ്പം 12 കുടുംബങ്ങൾക്കു കൂടി ആസംരംഭം അത്താണിയായി.
പ്രാദേശികമായി വിൽക്കാവുന്ന ഒരു ഉൽപന്നം എന്ന നിലയ്ക്കാണ് 16 വർഷങ്ങൾക്കു മുൻപ് 60,000 രൂപ മുടക്കി ഒരു കറിപൗഡർ യൂണിറ്റ് തുടങ്ങിയത്. ഭർത്താവിന്റെ ആകസ്മിക  വേർപാട് വരുത്തിവച്ച ആഘാതത്തിൽനിന്നു രക്ഷനേടാനാണു ഇത്തരത്തിലൊരു സംരംഭത്തെക്കുറിച്ചു ചിന്തിച്ചതും തുടങ്ങിയതും. എന്നാൽ പിന്നീട് അത് ജീവിതത്തിന് തന്നെ ആവശ്യമായി മാറുകയായിരുന്നു. ഇന്ന് 12 കുടുംബങ്ങൾക്കു കൂടി അത്താണിയാകുന്ന ബിസിനസായി സി.വി. േദവകിയുടെ സ്വാതി കറി പൗഡർ യൂണിറ്റ് വളർന്നിരിക്കുന്നു. മികച്ച ഉൽപന്നങ്ങൾ നന്നായി വിതരണം ചെയ്തു തുടങ്ങിയപ്പോൾ സമൂഹം അതു ഏറ്റെടുക്കുകയായിരുന്നുവെന്നു വേണം പറയാൻ.

എന്തൊക്കെയാണ് ഉണ്ടാക്കുന്നത്?

കറിപൗഡറുകളും ധാന്യപ്പൊടികളും, കറിമസാലകളുമാണ് ഉണ്ടാക്കി വിൽക്കുന്നത്. മുളകുപൊടി, മല്ലിപ്പൊടി, ചിക്കൻ മസാല, മീറ്റ് മസാല, സാമ്പാർ പൗഡർ, അച്ചാർ പൗഡർ, ഗരംമസാല, മട്ടൻ മസാല, ഫിഷ് മസാല, പോർക്ക് മസാല (Special item), മഞ്ഞൾപ്പൊടി, പുട്ടുപൊടി, പായസക്കൂട്ട്, അപ്പംപൊടി, പത്തിരിപ്പൊടി, ഗോതമ്പുപൊടി, ചെറുപയർപൊടി, കടലപ്പൊടി, ഉഴുന്നുപൊടി, കമ്പം പൊടി, അവിൽ, കാപ്പിപ്പൊടി, ദോശമാവ്, ഇഡ്ഡലി മിക്സ്, അച്ചാറുകൾ തുടങ്ങി 25 ൽപരം ഉൽപന്നങ്ങളാണ് ഉള്ളത്. സുൽത്താൻ ബത്തേരിക്കടുത്ത് നെന്മേനിയിലാണു സ്ഥാപനം പ്രവർത്തിക്കുന്നത്.

തുടക്കം വാടകക്കെട്ടിടത്തിൽ

ഘട്ടം ഘട്ടമായി വളർന്നുവന്ന സ്ഥാപനമാണ്  സ്വാതി കറിപൗഡർ. 2003 ൽ പൾവറൈസറും അനുബന്ധസാമഗ്രികളും വാങ്ങി ഒരു വാടകക്കെട്ടിടത്തിൽ തുടങ്ങി. മുളകുപൊടി, മസാലകൾ എന്നിവ മാത്രമായിരുന്നു തുടക്കത്തിൽ. പിന്നീട് ഘട്ടംഘട്ടമായി വികസിപ്പിച്ചു. 2008 ൽ പിഎംഇജിപി പ്രകാരം അഞ്ചു ലക്ഷം രൂപ വായ്പ എടുത്തു. സ്വന്തമായി സ്ഥലവും കെട്ടിടവും ഒരുക്കി. മകൻ വിനീതിനെയും ഒപ്പം ചേർത്തു. 1,75,000 രൂപ സർക്കാർ ഗ്രാന്റ് ലഭിച്ചു.
2010 ൽ വീണ്ടും സ്ഥാപനം വികസിപ്പിച്ചു. 25 ലക്ഷം രൂപ വായ്പ എടുത്തു. കോഫി പൗഡർ നിർമാണവും ദോശ, ഇഡ്ഡലി മിക്സ് നിർമാണവും തുടങ്ങിയത് അപ്പോഴാണ്. അതിനു സബ്സിഡിയായി മൂന്നു ലക്ഷം രൂപ ലഭിച്ചു. ജില്ലാ വ്യവസായകേന്ദ്രം വഴി എന്റർപ്രണർ സ്പോർട് സ്കീമിലാണ് അതു ലഭിച്ചത്. ഇനിയും വികസന സാധ്യതകൾ ഉണ്ടെന്നാണ് ദേവകി പറയുന്നത്.
മൂന്നു പുരുഷന്മാരും 12 സ്ത്രീകളും അടക്കം 15 േപർ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്. എല്ലാം അയൽപക്കത്തുള്ളവർ തന്നെ.

േനരിട്ടു വാങ്ങൽ ഗുണം ചെയ്തു

അസംസ്കൃത വസ്തുക്കളായ മുളക്, മല്ലി, മഞ്ഞൾ, കടുക്, പട്ട, ഗ്രാമ്പൂ, ഉഴുന്ന്, കടല, െചറുപയർ തുടങ്ങിയവ നേരിട്ട് കർഷകരിൽനിന്നു ശേഖരിക്കുവാൻ സ്ഥിരം സംവിധാനം ഉണ്ടാക്കിയത് നേട്ടമായി. മൈസൂർ, ആന്ധ്ര, ഗുണ്ടൂർ, േതനി എന്നിവിടങ്ങളിൽനിന്നുമാണ് ഇതെല്ലാം നേരിട്ടു സംഭരിക്കുന്നത്. മികച്ച ഗുണമുള്ളവ തിരഞ്ഞെടുക്കാനും അതോടൊപ്പം 10 ശതമാനം വരെ വിലക്കുറവ് കിട്ടാനും നേരിട്ടുള്ള വാങ്ങൽ സഹായിക്കുന്നു. ഇവ എല്ലാം ഒരുമിച്ചു ലഭിക്കുകയും ചെയ്യും. സ്ഥാപനത്തിന്റെ പ്രവർത്തനത്തിനു വേണ്ട 50 ൽ പരം ഉൽപന്നങ്ങൾ ഇങ്ങനെയാണു ശേഖരിക്കുന്നത്.

പ്രധാന വിൽപന ജില്ലയിൽ തന്നെ
വയനാടു ജില്ലയിലാണ് ഉൽപന്നങ്ങളിൽ ഭൂരിഭാഗവും വിൽക്കുന്നത്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഏതാനും സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്. മികച്ച വിൽപന അവിടെയും നടക്കുന്നു. വിതരണക്കാർ വഴിയും, ആമസോൺ വഴിയും ഇപ്പോൾ ഉൽപന്നങ്ങൾ നന്നായി വിറ്റുപോകുന്നു. സൂപ്പർമാർക്കറ്റുകളിലെല്ലാം നേരിട്ടു നൽകുകയാണ്. ഇഡ്ഡലി/ േദാശമാവ് ഹോട്ടലുകൾ േകന്ദ്രീകരിച്ചാണു കൂടുതലും വിറ്റുപോകുന്നത്. ഏതാനും കടകളിലും നൽകുന്നു.

ഉൽപന്നം ക‍ടമായി നൽകേണ്ടി വരുന്നതാണ് ഈ രംഗത്തെ പ്രധാന പ്രശ്നമെന്നു ദേവകി പറയുന്നു. ഇതു എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും പൂർണമായും നടക്കില്ല. ഒരു മാസം വരെ ‘ബിൽ ടു ബിൽ’ അടിസ്ഥാനത്തിൽ വിൽപന വേണ്ടിവരുന്നു. പണം പിരിഞ്ഞുകിട്ടാൻ പ്രയാസം േനരിടുന്നുണ്ട്. ഇതിനിടയ്ക്ക് പൂട്ടിപ്പോയ കടകളും ധാരാളം ഉണ്ട്. അവിടെ നൽകിയ ഉൽപന്നങ്ങളുടെ പണം കിട്ടുകയില്ല. വിപണിയിൽ മത്സരം ഉണ്ട്. എന്നാലും വലിയ വിപണി സാധ്യത നിലനിൽക്കുന്നു.വർഷങ്ങളുടെ സേവന പാരമ്പര്യം, വിശ്വാസ്യത, കുറഞ്ഞ വില, ഫ്രഷ് ആയി ശേഖരിച്ച് മായമില്ലാതെ അങ്ങനെ തന്നെ പൗഡർ ആക്കി, മിക്സ് ചെയ്ത്, ഫ്രഷ് ആയിത്തന്നെ വിപണിയിൽ എത്തിക്കുന്നു. സ്റ്റോക്ക് ചെയ്യുന്ന സമ്പ്രദായമേ ഇല്ല. കുറഞ്ഞ ലാഭവിഹിതവും കൂടുതൽ കച്ചവടവും എന്നതാണ് ഈ രംഗത്തെ തന്ത്രം. പ്രതിമാസം ശരാശരി 10 ലക്ഷം രൂപയുടെ കച്ചവടമാണു നടക്കുക. 5 മുതൽ 15 ശതമാനം വരെയാണ് ഇതിൽനിന്നു ലഭിക്കുന്ന അറ്റാദായം. കടമായി നൽകേണ്ടി വരുന്നതും വൈദ്യുതി സുലഭമായും കൃത്യമായും ലഭിക്കാതെ വരുന്നതുമാണ് സ്ഥാപനം േനരിടുന്ന പ്രധാന വെല്ലുവിളികൾ. എങ്കിലും ഇനിയും ഏറെ സാധ്യതയുള്ള സംരംഭമേഖലയാണു കറിപൗഡറുകളുടെയും ധാന്യപ്പൊടികളുടെയും നിർമാണവും വിൽപനയും. മികച്ച ഓർഡറുകൾ ലഭിക്കുന്നുണ്ട്.

പുതുസംരംഭകർക്ക്

കറിപൗഡർ, ധാന്യപ്പൊടികൾ എന്നിവയുടെ രംഗത്ത് ധാരാളം അവസരങ്ങൾ ഉണ്ട്. മൂന്നുലക്ഷം രൂപയുടെ നിക്ഷേപത്തിൽ 10 ഹോഴ്സ് പവർ ഉപയോഗിച്ച് ചെറിയതോതിൽ സംരംഭം തുടങ്ങാം. നന്നായി വിൽക്കാവുന്ന സാഹചര്യവും ഉണ്ട്. കറികൾക്കു വേണ്ട വിവിധതരം അരപ്പുകളും ഈ രംഗത്ത് നന്നായി വിറ്റുപോകാം. തുടക്കത്തിൽ രണ്ടോ മൂന്നോ തൊഴിലാളികൾ മതിയാകും. മൂന്നു ലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവ് കിട്ടായാലും 45,000 രൂപ അറ്റാദായമായി നേടാൻ അവസരമുണ്ട്.

English Summery: Small Enterprise with Huge Potential

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA