sections
MORE

അല്ലലിന്റെ കാലത്ത് അധികവരുമാനം ആശ്രയമാക്കാം

HIGHLIGHTS
  • അധികവരുമാനത്തിലൂടെ അല്ലലില്ലാതെ പ്രതിസന്ധിഘട്ടങ്ങൾ മറികടക്കാം.
money in hand
SHARE

വരവിനേക്കാള്‍ കൂടുതല്‍ ചെലവ് വരുന്ന അവസ്ഥയിലാണ് പലരും അധികവരുമാനത്തിനു പാര്‍ട്ട്‌ടൈം ജോലി അന്വേഷിക്കുക. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. കോവിഡ് കാലത്ത് വരുമാനം കുറയുകയോ ഇല്ലാതാകുകയോ തന്നെ ചെയ്തിരിക്കുന്നു. ജോലിസമയത്തിനു ശേഷം പാഴാക്കി കളയുന്ന മൂന്നോ നാലോ മണിക്കൂര്‍ കൂടി ജോലി ചെയ്തേ പറ്റു എന്ന തിരിച്ചറിവിലാണ് ഇപ്പോൾ പാര്‍ട്ട്‌ടൈം ജോലിയെ കാണേണ്ടത്.  ഇത് ജീവിതചര്യയുടെ ഭാഗമാക്കി മാറ്റിയാല്‍ അധികവരുമാനത്തിലൂടെ അല്ലലില്ലാതെ ഈ പ്രതിസന്ധിഘട്ടത്തെ നമുക്കു മറികടക്കാം.
ഏതു മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്കും അതതു ജോലിയുടെ സ്വഭാവമുമായി ബന്ധപ്പെട്ട പാര്‍ട്ട് ടൈം ജോലികളെ ആശ്രയിക്കാം. നിലവിലുള്ള ജോലിക്കോ സ്ഥാപനങ്ങളുടെ പോളിസികള്‍ക്കോ വീഴ്ച വരുത്താതെ വേണം ഇങ്ങനെ അധികവരുമാനം കണ്ടെത്താന്‍ ശ്രമിക്കേണ്ടത്.
ഉദാഹരണത്തിനു നിങ്ങളൊരു ഇലക്ട്രീഷ്യനാണെന്നു കരുതുക. സ്വകാര്യസ്ഥാപനത്തില്‍ ജോലിയുള്ള നിങ്ങള്‍ക്ക് പ്രതിമാസം 10,000 രൂപയാണ് ശമ്പളം. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ദിവസവും എട്ടുമണിക്കൂര്‍ ജോലി. ജോലി സമയം കഴിഞ്ഞ് ബാക്കിയുള്ളതില്‍ ഉറങ്ങാനും മറ്റാവശ്യങ്ങള്‍ക്കുമായി ഒരു 12 മണിക്കൂര്‍  കൂടി നീക്കിവയ്ക്കാം. അങ്ങനെ 20 മണിക്കൂര്‍. ഇനി ഒരു ദിവസത്തില്‍ ശേഷിക്കുന്നത് നാലു മണിക്കൂര്‍, അതായത് യഥാര്‍ത്ഥത്തില്‍ ജോലി ചെയ്യുന്ന സമയത്തിന്റെ പകുതി. ഇതുപയോഗിച്ച് ഈ മേഖലയില്‍ തന്നെ പാര്‍ട്ട്‌ടൈം ജോലി ചെയ്താല്‍ ശമ്പളത്തിന്റെ പകുതി തുകയോ അതിനു മുകളിലോ ഉറപ്പായിട്ടും അധികവരുമാനം ഉണ്ടാക്കാം.
ഇങ്ങനെ കിട്ടുന്ന തുക ഉചിതമായ രീതിയില്‍ ഏതെങ്കിലും നിക്ഷേപ പദ്ധതികളില്‍ വിനിയോഗിക്കുക. തീര്‍ച്ചയായും ഭാവിയില്‍, നിങ്ങളുടെ ജീവിതത്തിലെ ഒരു അവശ്യഘട്ടത്തിലോ അല്ലെങ്കില്‍ ജോലിയില്‍ നിന്നും വിരമിച്ച ശേഷമുള്ള കാലത്തോ ഈ തുക പ്രയോജനപ്പെടാം.
മറ്റൊരു കാര്യം, പ്രായം കൂടുന്തോറും പാര്‍ട്ട്‌ടൈം ജോലിക്കുള്ള സാധ്യതയും അതില്‍ നിന്നുമുള്ള വരുമാനവും കുറയുന്നുവെന്നതാണ്. ഊര്‍ജ്ജസ്വലമായ ചെറുപ്രായത്തില്‍ അല്‍പം കഠിനാധ്വാനം വേണ്ടി വന്നാലും അതു നിങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കില്ല. എന്നാല്‍ പ്രായം കൂടുന്തോറും അധികജോലി ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് കൂടിക്കൂടി വരാം. അതു കൊണ്ട് തന്നെ ചുറുചുറുക്കോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സമയത്ത് കൂടുതല്‍ ജോലി ചെയ്ത് അധികവരുമാനം നേടാം.

മികച്ച പാര്‍ട്ട്‌ടൈം ജോലികളിലൂടെ അധികവരുമാനം നേടുന്നവര്‍

സ്വരൂപ്, കോട്ടയം
കമ്പ്യൂട്ടര്‍ വിദഗ്ധന്‍, പാര്‍ട്ട്‌ടൈമായി സ്റ്റേഷനറിക്കടയില്‍ കാഷ്യര്‍ ജോലി ചെയ്യുന്നു

ആനിമേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകജോലി ഉപേക്ഷിച്ച ശേഷം ആര്‍ക്കിടെക്ച്ചറല്‍ ത്രിഡി വിഷ്വലൈസേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ജോലിത്തിരക്ക് കുറവുള്ള സമയങ്ങളില്‍ സുഹൃത്തിന്റെ സ്ഥാപനത്തില്‍ കാഷ്യര്‍ ജോലി. കൂടുതല്‍ ആളുകളോട് ഇടപഴകാനും നിരവധി ജോലിക്കാരുള്ള ഒരു സ്ഥാപനം എങ്ങനെയാണ് മുന്നോട്ടു കൊണ്ടു പോകുന്നതെന്നു മനസിലാക്കാനും ഈ ജോലി സഹായിക്കുന്നു. റീട്ടെയില്‍ ബിസിനസിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിക്കുന്നതു വഴി ഭാവിയില്‍ ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുകയുമാവാം. സാധാരണ ദിവസങ്ങളില്‍ വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പാര്‍ട്ട്‌ടൈം ജോലി ചെയ്യുക, അവധി ദിവസങ്ങളില്‍ വേണ്ടിവന്നാല്‍ മുഴുവന്‍ സമയവും. പ്രതിമാസവരുമാനം ശരാശരി 8,000 രൂപ വരെ.
സ്വരൂപ് പറയുന്നത്- ഫ്രീ ടൈമില്‍ വെറുതെ ഇരിക്കാന്‍ തോന്നില്ല. മാത്രമല്ല, ഇത് അനാവശ്യ ചെലവുകള്‍ക്കും കാരണമാകും. അതൊഴിവാക്കി പാര്‍ട്ട്‌ടൈം ജോലിക്കു പോയാല്‍ സമയം പോയിക്കിട്ടുന്നതിനൊപ്പം മോശമല്ലാത്ത വരുമാനവും പ്രതീക്ഷിക്കാം. പ്ലസ്ടുവിനു പഠിക്കുമ്പോള്‍ മുതല്‍ ഇങ്ങനെ പാര്‍ട്ട്‌ടൈം ജോലിക്ക് പോകാറുണ്ട്. വീട്ടുകാരെ ആശ്രയിക്കാതെ പഠനച്ചെലവൊക്കെ നടത്താന്‍ അതുകൊണ്ട് കഴിഞ്ഞു.
അവധിക്കാലത്ത് ജോലിക്ക് പോയി കിട്ടിയ കാശൊക്കെ കൂട്ടിവച്ചാണ് പിന്നീട് ബൈക്ക് വാങ്ങിയത്. ഇപ്പോഴും പാര്‍ട്ട്‌ടൈം ജോലിയിലൂടെ കിട്ടുന്ന വരുമാനം  ഓരോ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയും അത്യാവശ്യത്തിനു സമ്പാദിക്കുകയും ചെയ്യുന്നു. എന്റെ അഭിപ്രായത്തില്‍ ഇന്നത്തെ സാമൂഹിക നിലവാരത്തിനൊപ്പം ജീവിക്കാനും പിടിച്ചു നില്‍ക്കാനും മാസംതോറും കൈയിലെത്തുന്ന ക്ലിപ്തവരുമാനം മാത്രം പോരാ, ഒരു അധികവരുമാനം കൂടി വേണ്ടിയിരിക്കുന്നു. അതിനു ഏറ്റവും നല്ല മാര്‍ഗമാണ് പാര്‍ട്ട്‌ടൈം ജോലികള്‍.

ബിവിൻ ഏലിയാസ്, പുത്തന്‍വേലിക്കര
ബിബിഎ വിദ്യാര്‍ത്ഥി, പഠനത്തിന്റെ ഇടവേളകളില്‍ ഡിജിറ്റല്‍ സ്റ്റുഡിയോ അസിസ്റ്റന്റായി ജോലി

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ബിവിൻ. ഫോട്ടോഗ്രാഫിയെ പാഷനായി മനസില്‍ കൊണ്ടുനടക്കുന്നയാള്‍. അധികവരുമാനത്തിനൊപ്പം താത്പര്യമുണ്ടെങ്കില്‍ ജോലിയില്‍ പ്രാവീണ്യം നേടി പ്രൊഫഷനാക്കാമെന്നത് ഈ പാര്‍ട്ട്‌ടൈം ജോലിയുടെ മെച്ചമാണ്. അവധി ദിവസങ്ങളിലും പഠനസമയം കഴിഞ്ഞുമുളള സമയത്താണ് ജോലിക്ക് പോകുക. സ്റ്റുഡിയോയിലാണെങ്കില്‍ ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശപ്രകാരം ലൈറ്റുകളും മറ്റു സാമഗ്രികളും ക്രമീകരിക്കുകയും ലെന്‍സുകള്‍ മാറേണ്ടി വരുമ്പോള്‍ സഹായിക്കുകയുമാണ് ജോലി. ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങ് ഉള്ള സമയത്ത് ക്യാമറാ ബാഗ് സൂക്ഷിക്കുകയും ലൈറ്റ് യൂണിറ്റുകളും റിഫ്‌ളക്ടറുകളും നിര്‍ദ്ദേശാനുസരണം ചെയ്തു കൊടുക്കുകയും വേണം. ഒരു ദിവസത്തെ ജോലിക്ക് 300 രൂപ വരെ കിട്ടും. മാസത്തില്‍ ശരാശരി 3000 രൂപ വരുമാനം.
ബിവിൻ പറയുന്നത്- ഫോട്ടോഗ്രാഫിയോടുള്ള താത്പര്യമാണ് ഈ പാര്‍ട്ട്‌ടൈം ജോലി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. ഭാവിയില്‍ തുടര്‍പഠനത്തിനൊപ്പം ഇതൊരു ജോലിയായി ചെയ്യാന്‍ സാധിച്ചാല്‍ അതിലൂടെ കിട്ടുന്ന വരുമാനവും ആകര്‍ഷിച്ചു. കൂടാതെ പഠനചെലവിനു വീട്ടുകാരെ അത്രയും കുറച്ച് ബുദ്ധിമുട്ടിച്ചാല്‍ മതിയല്ലോ എന്നതും ഘടകമായി.
ഇന്ന് അത്യാവശ്യത്തിനുള്ള ഡ്രസും ബാഗും എല്ലാം വാങ്ങാന്‍ പാര്‍ട്ട്‌ടൈം ജോലിയിലൂടെ കിട്ടുന്ന പണം സഹായകരമാണ്. അതോടൊപ്പം എല്ലാ മാസവും ഒരു ചെറിയ തുക ബാങ്കില്‍ നിക്ഷേപിക്കാനും കഴിയുന്നുണ്ട്. ബിരുദം കഴിഞ്ഞാല്‍ എംബിഎ ചെയ്യണമെന്നാണ് ആഗ്രഹം. അതിനു വേണ്ടിവരുന്ന ഭീമമായ തുകയില്‍ കുറച്ചെങ്കിലും എനിക്ക് സമ്പാദിക്കാന്‍ കഴിഞ്ഞാല്‍ വീട്ടുകാര്‍ക്കും അതൊരു ആശ്വാസമാകും. ഔട്ട്‌ഡോര്‍ വര്‍ക്കിനു പോകുമ്പോള്‍ കൂടുതല്‍ പണം ലഭിക്കുമെങ്കിലും ക്ലാസുള്ള ദിവസങ്ങളില്‍ ഇതൊഴിവാക്കും. അല്ലെങ്കില്‍ പ്രതിമാസം ചുരുങ്ങിയത് 5,000 രൂപയെങ്കിലും ഉറപ്പാണ്.

അനുപമ സി. ജോസ്, തൃശൂർ
അഭിഭാഷക, പ്രൊഫഷനൊപ്പം പാരല്‍കോളേജില്‍ അധ്യാപികയായി ജോലി

തൃശൂരിലെ അറിയപ്പെടുന്ന അഭിഭാഷകയാണ് അനുപമ. തൊഴില്‍ അഭിഭാഷക വൃത്തിയാണെങ്കിലും അധ്യാപനജോലിയോടും താത്പര്യം കുറവല്ല. അതു കൊണ്ട് തന്നെയാണ് പാര്‍ട്ട്‌ടൈമായി ഇത്തരമൊരു ജോലി തെരഞ്ഞെടുത്തത്. സമയവും സാഹചര്യവും അനുസരിച്ച് രാവിലെയോ വൈകുന്നേരമോ കോളേജില്‍ പോയി ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കും. വരുമാനം മാത്രമല്ല, കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം പുതിയ പല കാര്യങ്ങള്‍ കൂടി പഠിക്കാനും പഠിച്ചത് ഓര്‍മ്മയില്‍ സൂക്ഷിക്കാനും ഈ ജോലി സഹായിക്കും. ആഴ്ചയില്‍ ഏതാനും മണിക്കൂറുകളെ ഇതിനായി ചെലവഴിക്കുന്നുള്ളൂവെങ്കിലും മാസം ചെറുതല്ലാത്ത വരുമാനം പ്രതീക്ഷിക്കാം. ശരാശരി 15,000 രൂപ വരെ പ്രതിമാസ വരുമാനം.
അനുപമ പറയുന്നത്- സമയത്തിന്റെ തടസങ്ങളൊന്നുമില്ലാത്ത ജോലിയാണ് എന്റേത്. അതു കൊണ്ട് തന്നെ പാര്‍ട്ട്‌ടൈമായി മറ്റൊരു ജോലി സ്വീകരിക്കുന്നതിനു അധികം പ്രയാസങ്ങളില്ല. പിന്നെ അധ്യാപനജോലിയോടുള്ള താത്പര്യം കൂടിയായപ്പോള്‍ ആ മേഖലയിലേക്ക് പ്രവേശിച്ചു. ബികോം വിദ്യാര്‍ത്ഥികള്‍ക്ക് ബിസിനസ് ലോയും കമ്പനി ലോയും ഒക്കെ പറഞ്ഞ് കൊടുക്കുമ്പോള്‍ അതൊക്കെ നമ്മുടെ അറിവ് വര്‍ധിപ്പിക്കാന്‍ കൂടിയാണ് ഉപകരിക്കുക.
മക്കള്‍ രണ്ടും ചെറിയ കുട്ടികളായതിനാല്‍ കൂടുതല്‍ പാര്‍ട്ട്‌ടൈം ജോലികള്‍ തേടിപ്പിടിക്കാനോ ചെയ്യാനോ ഉള്ള സാഹചര്യമല്ല. തീര്‍ച്ചയായും, കുട്ടികള്‍ അല്‍പം കൂടി വലുതായിക്കഴിയുമ്പോള്‍ അത്തരത്തിലുള്ള എന്തെങ്കിലും സംരംഭമോ ജോലിയോ കൂടി ആരംഭിക്കണം. കാരണം, ആരോഗ്യത്തോടെ ഇരിക്കുമ്പോഴല്ലേ നന്നായി ജോലി ചെയ്യാനും സമ്പാദിക്കാനും പറ്റൂ. കുറച്ചു വയസായ ശേഷം ഇന്നത്തെപ്പോലെ ഓടിനടക്കാനാവില്ലല്ലോ. അതു കൊണ്ട് കഴിവതും നേരത്തെ, ഒരു നാല്‍പതോ നാല്‍പത്തിയഞ്ചോ വയസില്‍ റിട്ടയര്‍മെന്റ് ലൈഫ് ആസ്വദിച്ചു തുടങ്ങാവുന്ന വിധത്തില്‍ ഇപ്പോഴേ ഉള്ള സമയം പാഴാക്കാതെ സാധിക്കുന്ന വിധത്തിലൊക്കെ ജോലിചെയ്ത് അധികവരുമാനം സമ്പാദിക്കണമെന്നാണ് ആഗ്രഹം.

വിഷ്ണു , ഫോർട്ടുകൊച്ചി
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, ക്ലാസില്ലാത്തപ്പോള്‍ കാറ്ററിംങ് സര്‍വീസില്‍ സപ്ലെയര്‍ ജോലി

പ്ലസ് വണ്ണിനു പഠിക്കുന്ന വിഷ്ണു പഠനത്തോടൊപ്പം ജോലി ചെയ്യുന്നു. പഠനചെലവിനുള്ള പണം സമ്പാദിക്കുന്നതിനൊപ്പം ഇഷ്ടപ്പെട്ട ഡ്രസ് വാങ്ങാനും വാച്ച് വാങ്ങാനുമൊക്കെ ഇങ്ങനെ കിട്ടുന്ന പണമാണ് വിനിയോഗിക്കുക. ഭക്ഷണം സപ്ലൈ ചെയ്യുന്ന ജോലിയായതു കൊണ്ട് ശാരീരിക അധ്വാനം കുറവാണ്. അതു കൊണ്ട് തന്നെ ജോലി പഠനത്തെ ബാധിക്കുന്നുമില്ല. അവധി ദിവസങ്ങളില്‍ മാത്രം ജോലി ചെയ്യും. യൂണിഫോമും യാത്രാപ്പടിയും കാറ്ററിംങ്സ്ഥാപനം തന്നെ നല്‍കുന്നതു കൊണ്ട് ആ വിധത്തിലുള്ള ചെലവുകളും ഇല്ല. വെക്കേഷന്‍ സമയത്ത് രാത്രി പരിപാടികള്‍ക്കും ഭക്ഷണം വിളമ്പാന്‍ പോകും. പ്രതിമാസം ശരാശരി 3,000 രൂപ വരുമാനം.
വിഷ്ണു പറയുന്നത്- വെറുതെ ഇരിക്കുക എന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. പഠിക്കാനും എന്റെ ആവശ്യത്തിനുമുള്ള പൈസയൊക്കെ വീട്ടില്‍ നിന്നും തരുമെങ്കിലും സ്വന്തമായി ജോലി ചെയ്ത് കിട്ടുന്ന പണത്തിന്റെ സുഖമൊന്നു വേറെയാണല്ലോ. എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഹ്യൂമാനിറ്റീസാണ് പഠിക്കുന്നത്. അതു കൊണ്ട് തന്നെ പ്രാക്ടിക്കലിന്റെയോ ഹോം വര്‍ക്കിന്റെയോ ബുദ്ധിമുട്ടുകള്‍ അലട്ടാറില്ല. ഭക്ഷണം വിളമ്പി നല്‍കുന്നതിന്റെ സന്തോഷം കൂടിയാകുമ്പോള്‍ ജോലി ശരിക്കും ആസ്വദിക്കുന്നു
എനിക്ക് വളരെ ഇഷ്ടം തോന്നുന്ന ഒരു സാധനം വാങ്ങണമെങ്കില്‍ വീട്ടുകാരെ ബുദ്ധിമുട്ടിക്കേണ്ടി വരാറില്ലല്ലോ എന്ന സന്തോഷവും ഉണ്ട്. പുതിയ ഒരു ബാഗ് വാങ്ങണമെങ്കിലോ ഏതെങ്കിലും വിശേഷ ദിവസം ഡ്രസ് വാങ്ങണമെങ്കിലോ ഒക്കെ എടുക്കാനായി എനിക്ക് കിട്ടുന്ന പൈസ സൂക്ഷിച്ചു വയ്ക്കും. പ്ലസ്ടു കഴിഞ്ഞ് ഹയര്‍സ്റ്റഡീസിനു പോകുമ്പോള്‍ അതിനു ചെലവാകുന്ന തുകയില്‍ കുറച്ചെങ്കിലും നല്‍കി വീട്ടുകാരെ സഹായിക്കാന്‍ കഴിയുകയാണെങ്കില്‍ അതും നല്ല കാര്യമല്ലേ.

English Summery:Make Some Extra Income

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA