ADVERTISEMENT

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നിർവചനം പുതുക്കിയത് ഏവർക്കും അറിവുള്ളതാണല്ലോ. 2020 ജൂലൈ ഒന്നു മുതൽ പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് എന്തൊക്കെ കാര്യങ്ങളാണ് സംരംഭകൻ ശ്രദ്ധിക്കേണ്ടത്.

റജിസ്ട്രേഷൻ

ഈ മൂന്നു വിഭാഗങ്ങളിലും ഉൾപെട്ട പുതുതായി തുടങ്ങാനിരിക്കുന്നതും നിലവിലുള്ളതുമായ എല്ലാ സംരംഭങ്ങളും 'ഉദ്യം' റജിസ്ട്രേഷൻ പോർട്ടലിൽ ഓൺലൈനായി റജിസ്റ്റർ ചെയ്യേണ്ടതാണ്. റജിസ്ട്രേഷൻ സൗജന്യമാണ്. പുതുതായി തുടങ്ങുന്ന സംരംഭകർ യാതൊരു രേഖകളോ സർട്ടിഫിക്കറ്റുകളോ സമർപ്പിക്കേണ്ടതില്ല. ആധാർ നമ്പർ മാത്രം അത്യന്താപേക്ഷിതമാണ്.ഒരു സ്വയം സത്യവാങ്മൂലം സമർപ്പിച്ചാൽ മതിയാകും. റജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ ഈ സംരംഭം ' ഉദ്യം' എന്നറിയപ്പെടുകയും ഉദ്യം റജിസ്ട്രേഷൻ നമ്പർ എന്ന പേരിൽ ഒരു പെർമനെൻ്റ് റജിസ്ട്രേഷൻ നമ്പർ ലഭിക്കുകയും ചെയ്യും. അതോടൊപ്പം ഒരു ഇ- റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്‌.
നിലവിലുള്ള സംരംഭങ്ങൾ തൊട്ടു മുൻ വർഷത്തെ ഇൻകം ടാക്സ് , ജി എസ് ടി റിട്ടേണുകൾ സഹിതം വേണം റജിസ്ട്രേഷന് അപേക്ഷിക്കാൻ. 2020 ജൂലൈ ഒന്നു മുതൽ ഉദ്യം പോർട്ടലിൽ നിർബന്ധമായും റജിസ്റ്റർ ചെയ്തിരിക്കുകയും വേണം.
എല്ലാ ജില്ലകളിലെയും ജില്ലാ വ്യവസായ കേന്ദ്രം ഒരു ഏകജാലക സംവിധാനമായി ഉദ്യം റജിസ്ട്രേഷനു വേണ്ട സഹായ സഹകരണങ്ങൾ നൽകുവാൻ പ്രതിജ്ഞാബദ്ധമാണ്.

പുതിയ നിർവചനത്തിൻ്റെ പ്രത്യേകതകൾ

ഇനി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ കാലാകാലങ്ങളിൽ പുനർ നിർവചിക്കുന്നതെങ്ങനെ എന്നു നോക്കാം. ഈ മൂന്നു വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ പെട്ട ഒരു സംരംഭം പ്ലാൻറ് ആൻഡ് മെഷീനറിയിലെ മുതൽ മുടക്കിലോ പ്രതിവർഷ വിറ്റുവരവിലോ ഏതെങ്കിലും ഒരു ഘടകത്തിലെ നിശ്ചിത പരിധിക്കു മുകളിലേക്ക് കടന്നാൽ അവയെ സ്വാഭാവികമായും അടുത്ത സാമ്പത്തിക വർഷം മുതൽ ഉയർന്ന വിഭാഗത്തിലേക്ക് മാറ്റി നിർവചിക്കപ്പെടേണ്ടതാണ്‌. നേരെ മറിച്ച് ഒരു സംരംഭം താഴേക്ക്( ഉദാ. ചെറുകിടയിൽ നിന്ന് സൂക്ഷ്മത്തിലേക്ക്) മാറ്റി നിർവചിക്കപ്പെടാനാണെങ്കിൽ മേൽ വിവരിച്ച 'രണ്ടു ഘടകങ്ങളിലും' നിശ്ചിത പരിധിക്കു താഴേയ്ക്കുള്ള തളർച്ച  ഉണ്ടായാൽ മത്രമേ തരം തിരിക്കേണ്ടതുള്ളു.
അതുപോലെ തന്നെ ഒരേ PAN /GSTIN ൽ ലിസ്റ്റു ചെയ്യപ്പെട്ട എല്ലാ സംരംഭങ്ങളും കൂട്ടായി ചേർത്ത് ഒരു സംരംഭം എന്ന രീതിയിൽ പരിഗണിച്ചായിരിക്കും ( മൊത്തം ഇൻവെസ്റ്റ്മെൻ്റ്/ വിറ്റുവരവ്) അവയെ ഏതു വിഭാഗത്തിൽ പെടുത്തണം എന്നു തീരുമാനിക്കപ്പെടുക.

ഇൻവെസ്റ്റ്മെൻറും വിറ്റുവരവും എങ്ങനെ നിശ്ചയിക്കും

നിലവിലുള്ള സംരംഭങ്ങളിൽ ഇൻവെസ്റ്റ്മെന്റ് മുൻ വർഷത്തെ ഇൻകം ടാക്സ് റിട്ടേണുമായി ലിങ്ക് ചെയ്താണ് കണക്കാക്കുക. നൂതന സംരംഭങ്ങളിൽ, സംരംഭകർ സ്വയം നൽകുന്ന സത്യവാങ്മൂലത്തെ മാത്രം  ആസ്പദമാക്കി(ITR  ഇല്ലാത്തതിനാൽ ) ഇൻവെസ്റ്റ്മെൻ്റ് നിശ്ചയിക്കപ്പെടുന്നു. പ്ലാൻ്റ് , മെഷീനറി മുതലായവയുടെ GST ഒഴികെയുള്ള വാങ്ങിയ വിലയായിരിക്കണം സത്യവാങ്മൂലത്തിൽ നൽകേണ്ടത് എന്നത് ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങൾക്ക് 2021 മാർച്ച് 31 വരെ മാത്രമാണ് ഈ ഇളവ്.
വിറ്റുവരവ് കണക്കാക്കുമ്പോൾ കയറ്റുമതി വഴിയുള്ള തുകകൾ പൂർണ്ണമായും ഒഴിവാക്കിയിരിക്കണം. ഇവിടെയും IT Act/ GST Act ലിങ്ക് ചെയ്ത് നിലവിലുള്ള സംരംഭങ്ങളിലും സത്യവാങ്മൂലത്തിൻ്റെ അടിസ്ഥാനത്തിൽ പുതിയ സംരംഭങ്ങളിലും വിറ്റുവരവ് സംഖ്യ കണക്കു കൂട്ടുന്നു.

ഒരു സംരംഭത്തിന് ഒന്നിൽ കൂടുതൽ ഉദ്യം രജിസ്ട്രേഷൻ നമ്പരുകൾ നേടുവാൻ പാടുള്ളതല്ല. പുതിയ മേച്ചിൽ സ്ഥലങ്ങളിലേയ്ക്ക് വ്യവസായം വ്യാപിപ്പിക്കുന്ന പക്ഷം അത്തരം ആക്ടിവിറ്റികൾ ഇതേ ഉദ്യം രജിസ്ട്രേഷനോട് കാലാകാലങ്ങളിൽ കൂട്ടിച്ചേർക്കാവുന്നതാണു്.


ലേഖകൻ എസ്ബിഐ മുൻ ഡെപ്യൂട്ടി ജനറൽ മാനേജരും സെഞ്ചൂറിയൻ ഫിൻ ടെക്കിന്റെ സീനിയർ കൺസൾട്ടൻ്റുമാണ്

English Summery:New Definition for MSME Industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com