ADVERTISEMENT

കേംബ്രിജ് യൂണിവേഴ്സിറ്റിയിൽനിന്ന് എംബിഎ നേടിയശേഷം സ്വന്തംനാട്ടിൽ ബിസിനസ് ആരംഭിച്ച ചെറുപ്പക്കാരനാണ് അനന്തു നൈനാൻ വില്ലോത്ത്. വയനാടൻ കാപ്പിക്കുരുവിനെ കടൽ കടത്തിയാണ് അദ്ദേഹം ബിസിനസ് ആരംഭിച്ചത്. സുൽത്താൻ ബത്തേരിക്കടുത്ത് കട്ടയാട് എന്ന സ്ഥലത്ത് ‘താരാ കോഫി’ എന്ന േപരിലാണ് അനന്തുവിന്റെ സ്ഥാപനം. ചുവന്ന നിറത്തിൽ നന്നായി പഴുത്ത കാപ്പിക്കുരുവാണ് ശേഖരിക്കുക. നല്ല ഗുണനിലവാരത്തിലുള്ള പരിപ്പ് ലഭിക്കുന്നതിന് ഇതാണു േവണ്ടത്. ഇതിൽ നല്ലൊരു ഭാഗം സ്വന്തം തോട്ടത്തിൽ നിന്നു സംഭരിക്കുന്നു. ഒപ്പം നിഴലിൽ വളരുന്ന മറ്റു തോട്ടങ്ങളിലെ പഴംകാപ്പിയും വാങ്ങും. പഴുപ്പ്, നിറം എന്നിവ നിലനിർത്തിക്കൊണ്ടു മാത്രമേ തോട്ടങ്ങളിൽ നിന്നു കുരു പറിക്കാൻ അനുവദിക്കുകയുള്ളൂ. തോട്ടം ഉടമകളുമായി ഇക്കാര്യത്തിൽ ധാരണയുണ്ട്. 

കാപ്പിക്കുരുവിനു മികച്ച വില

കുരുവിനു മികച്ച വില നൽകുന്നതിനാൽ കർഷകരുടെ ഭാഗത്തുനിന്നു നല്ല സഹകരണമാണ്. വേണ്ട നിലവാരത്തിൽത്തന്നെ കാപ്പിക്കുരു കിട്ടുന്നു. സീസണുകളിൽ 60–65 രൂപ നിരക്കിലും അല്ലാത്തപ്പോൾ 65–75 രൂപ നിരക്കിലും പഴുത്ത കാപ്പിക്കുരു ശേഖരിക്കും. രാസവസ്തുക്കളോ വളമോ ഉപയോഗിക്കാത്തതും അൽപം പോലും പൂപ്പൽ കയറാത്തതുമായ കാപ്പിക്കുരുവാണ് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം വാങ്ങുന്നത്. 

ശേഖരിച്ച കാപ്പിക്കുരു വെയിലത്തും ഡ്രയറിലുമായി ഉണക്കുന്നു. നിറം മങ്ങാതെ ഉണക്കിെയടുക്കേണ്ടതുണ്ട്. ഉണക്കി പരുവപ്പെടുത്തി കഴിഞ്ഞാൽ പിന്നീട് തോൽ കളഞ്ഞ് പരിപ്പ് എടുക്കുന്നു. അതിനുശേഷം പൊട്ടിയതും പൊടിഞ്ഞതുമെല്ലാം മാറ്റി പൊടി, കല്ല്, അഴുക്ക് എന്നിവയെല്ലാം നീക്കും. പിന്നീടാണ് ഗ്രേഡിങ് ജോലികൾ. തൂക്കം, കനം വലുപ്പം എന്നിവയുടെ അടിസ്ഥാനത്തിൽ കാപ്പിക്കുരുവിനെ വിവിധ ഗ്രേഡുകളായി തിരിക്കുന്നു.

ഒൻപതു ഗ്രേഡുകൾ

കാപ്പിക്കുരുവിൽ നിലവിൽ ഒൻപത് ഗ്രേഡുകളുണ്ട്. ഇതിൽ ആദ്യത്തെ നാലെണ്ണം, AAA, AA, A, B എന്നിവ കയറ്റുമതിക്കായി ഉപയോഗിക്കുന്നു. തുടർന്നു വരുന്ന C, PB എന്നിവയും മറ്റു ഗ്രേഡുകളും പ്രാദേശിക വിപണിയിൽ വിറ്റഴിക്കും.

സ്വന്തമായി പ്രോസസിങ് നടത്തി പരിപ്പെടുക്കുന്നതിനൊപ്പം പുറത്തുള്ള മില്ലുകളിൽ നിന്നും പരിപ്പു വാങ്ങാറുണ്ട്. എന്നാൽ കൃത്യമായ ഗുണനിലവാര പരിശോധന നടത്തി ആദ്യ നാലു ഗ്രേഡിൽ വരുന്നവ മാത്രമാണ് ഇങ്ങനെ ശേഖരിക്കുക. ഇതോടൊപ്പം കാപ്പികൃഷി വ്യാപകമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു ‘പ്ലാന്റേഴ്സ് കമ്യൂണിറ്റി’യും കർഷകർക്കായി വളർത്തിയെടുക്കുന്നു. 

കയറ്റുമതി ലക്ഷ്യം വച്ചാണ് ഈ പ്രവർത്തനങ്ങൾ. അതുകൊണ്ടു തന്നെ കർഷകർക്ക് ഉൽപന്നത്തിനു മികച്ച വിപണി വില പ്രതീക്ഷിക്കാനാകും. കൃത്യസമയത്ത് ൈജവവളം ചെയ്യുകയും കൃത്യമായി വിളവ് എടുക്കുകയുമൊക്കെ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ സാധ്യമാക്കാനാകുമെന്ന് ഈ യുവസംരംഭകൻ പ്രതീക്ഷ വയ്ക്കുന്നു. 

കയറ്റുമതി സ്ഥാപനം

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു കയറ്റുമതി സ്ഥാപനമാണ് താരാ കോഫീസ്. ഇറ്റലി, ജർമനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും ഇവിടെനിന്നു കാപ്പിക്കുരു നേരിട്ടു കയറ്റുമതി ചെയ്യുന്നുണ്ട്. എണ്ണ കഴിഞ്ഞാൽ ആഗോള വിപണിയിൽ മികച്ച ബിസിനസ് നടക്കുന്നത് കാപ്പിക്കുരുവിന്റേതാണ്. 

ഇംഗ്ലണ്ടിലെ സ്റ്റോക് എക്സ്േചഞ്ചിലാണ് അന്തർദേശീയ വില ഉറപ്പിക്കുന്നത്. ഇന്ന് ബ്രസീലിയൻ കാപ്പിക്കുരുവിനാണ് ആഗോള വിപണിയിൽ ഏറ്റവും മികച്ച വില ലഭിക്കുന്നത്. എന്നാൽ ഏറ്റവും രുചികരമായ കാപ്പി ഇത്യോപിയയിൽനിന്നുള്ളവയും. നമ്മുടെ വയനാടൻ കാപ്പിയും മികച്ചതു തന്നെ. ഭൗമസൂചികാപദവി (G1) ലഭിച്ചിട്ടുള്ളതാണിത്. 

900–1,200 മീറ്റർ വരെ ഉയർന്ന പ്രദേശമാണ് വയനാടൻ കാപ്പിത്തോട്ടങ്ങളുടേത്. നിഴലിൽ വളരുന്നതുകൊണ്ട് ഗുണവും മണവും മികച്ചതാണ്. മംഗലാപുരം പോർട്ട് വഴിയാണു കണ്ടെയ്നർ അയയ്ക്കുക. 20 മെട്രിക്ടൺ കണ്ടെയ്നറുകൾ ഉപയോഗിക്കുന്നു. 

10 തൊഴിലാളികൾ

ഇപ്പോൾ 10 തൊഴിലാളികൾ ഒപ്പം ജോലി ചെയ്യുന്നു. അവിവാഹിതനായ ഈ ചെറുപ്പക്കാരന്റെ മാതാപിതാക്കൾ സർവീസിൽനിന്നു വിരമിച്ച കോളജ് അധ്യാപകരാണ്. അമ്മയുടെ പേരായ ‘താര’  സ്ഥാപനത്തിനും നൽകി. ജീവിതമാർഗം ബിസിനസ് തന്നെ ആയിരിക്കണമെന്ന ഉറച്ച തീരുമാനത്തോടെ ഉന്നത വിദ്യാഭ്യാസത്തിനു ശേഷം ഈ രംഗത്തേക്കു കടന്നുവന്ന ആളാണ് അനന്തു.

ബെംഗളൂരുവിലെ ക്രൈസ്റ്റ് കോളജിൽനിന്നു സൈക്കോളജിയിൽ ഡിഗ്രി പൂർത്തിയാക്കിയ ശേഷമാണ് അനന്തു കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ എംബിഎ പഠിക്കാൻ പോകുന്നത്. 'Stratagic Business Unit Creation' എന്ന വിഷയത്തിൽ സ്പെഷലൈസേഷനും നേടിയിട്ടുണ്ട്.   

സംരംഭകരംഗത്തേക്ക് പ്രവേശിക്കുന്നതിനു മുന്നോടിയായി ഒട്ടേറെ വിേദശരാജ്യങ്ങളിൽ ഇദ്ദേഹം സന്ദർശനം നടത്തിയിട്ടുണ്ട്. വിയറ്റ്നാമിൽ വച്ചു നടന്ന ഒരു ബിസിനസ് പ്രോഗ്രാമിലൂടെയാണ് കാപ്പിക്കുരു കയറ്റുമതി എന്ന ആശയം മനസ്സിൽ വേരുറച്ചത്. തുടർന്ന് ഈ മേഖലയിൽ നടത്തിയ പഠനങ്ങൾ ഇത്തരം ഒരു സംരംഭത്തിന്റെ വിജയസാധ്യതകളിലേക്കു വെളിച്ചം വീശി.

ടാറ്റ, െനസ്‌ലെ, ഹിന്ദുസ്ഥാൻ ലിവർ തുടങ്ങിയ കമ്പനികളാണ് ഈ രംഗത്തു മികച്ചു നിൽക്കുന്നതെന്ന് അനന്തു പറയുന്നു. രണ്ടു വർഷത്തോളം ഉൽപന്നത്തെക്കുറിച്ചും വിപണിയെക്കുറിച്ചും പഠനങ്ങളും തയാറെടുപ്പും നടത്തി. അതിനുശേഷമാണ് ബിസിനസിലേക്ക് ഇറങ്ങിയത്. ഇന്നു കാപ്പിയുടെ ആഗോള വിപണിയിൽ അറിയപ്പെടുന്ന ബ്രാൻഡായി താരാ കോഫി മാറിയിട്ടുണ്ടെന്ന് ഇദ്ദേഹം അവകാശപ്പെടുമ്പോൾ അതിൽ അതിശയോക്തിക്കു സ്ഥാനമില്ല.

കൃഷി വർധിപ്പിക്കണം

വിപണി മികച്ചതാണ്. ഏറെ അവസരങ്ങൾ വിദേശ കമ്പോളത്തിൽ ഉണ്ട്. എന്നാൽ കാപ്പി‌ കൃഷി വർധിപ്പിച്ചാൽ മാത്രമേ അവസരങ്ങൾ നമുക്ക് ഉപയോഗപ്പെടുത്താൻ കഴിയൂ. കർഷകരുടെ എണ്ണം കൂട്ടുക, കൂടുതൽ മേഖലകളിൽ കാപ്പി കൃഷി തുടങ്ങുക, ഉൽപാദനം വർധിപ്പിക്കുക, കയറ്റുമതിക്കായി വിളവ് എടുക്കുന്ന തരത്തിൽ കൃഷി രീതി നവീകരിക്കുക എന്നിവയൊക്കെയാണ് വേണ്ടത്. ഇതിനായി കൂടുതൽ കർഷക കൂട്ടായ്മകൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ സംരംഭകൻ.

ശ്രദ്ധിക്കുന്നത്

∙ ‘റോബസ്റ്റ’ ആണ് പ്രധാനം.‘അറബിക്ക’ വളരെ കുറച്ചു മാത്രമേ ചെയ്യുന്നുള്ളൂ.

∙ ഫംഗസ്/ കെമിക്കലുകൾ, ഹോർമോണുകൾ എന്നിവ ഇല്ലെന്ന് ഉറപ്പു വരുത്തുന്നു. 

∙ ൈഹജീൻ ആയിരിക്കണം. 11–12 ശതമാനമേ ജലാംശം പാടുള്ളൂ.

∙ ഗുണനിലവാരം നിരന്തരം പരിശോധിക്കുകയും നിലനിർത്തുകയും വേണം.

∙ ൈലസൻസിങ്, ബ്രാൻഡ് ക്രിയേഷൻ എന്നിവയും വളരെ പ്രാധാന്യമർഹിക്കുന്നു.

English Summery: A Cambridge University Degree Holder who Turned to a Coffee Planter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com