ADVERTISEMENT

കോളജിൽ പഠിക്കുമ്പോൾ ഭാവിയിൽ നാലു കാശുണ്ടാക്കണമെന്നു വച്ച് ബ്ലോഗെഴുത്ത് തുടങ്ങിയെങ്കിലും അന്നത് വർക്കൗട്ട് ആയില്ല. അങ്ങനെ സിവിൽ എൻജിനീയറിങ് പഠിച്ച് ഡിജിറ്റൽ മാർക്കറ്റിങ്ങിലെത്തി. അപ്പോഴാണ് പഴയ ബ്ലോഗെഴുത്ത് വീണ്ടും പ്രയോജനപ്പെട്ടത്. ആ കഥയാണ് ഗ്രീഷ്മയുടേത്. ആളെ കണ്ടാൽ ഒരു സംരംഭമൊക്കെ ഒറ്റയ്ക്ക് നടത്തിക്കൊണ്ടു പോകാനുള്ള പ്രായമായോ എന്നൊരു സംശയം തോന്നാം. അതു സ്വാഭാവികവുമാണ്. എന്നാൽ കേട്ടോളൂ, യാതൊരു സംശയവും വേണ്ട, പുതിയ ലോകത്തിന്റെ പുതുമയുള്ള സംരംഭകരിൽ ഒരാളാണ് ഈ കൊച്ചുമിടുക്കി. അല്ലെങ്കിൽ പിന്നെ കഷ്ടപ്പെട്ട് സിവിൽ എൻജിനീയറിങ് പഠിച്ചിട്ട് ആ പണിക്കു പോകാതെ മനസ്സിനിഷ്ടപ്പെട്ട ഒരു മേഖലയിലേക്ക് കാലെടുത്തുവയ്ക്കുമോ?

കൊച്ചി കളമശ്ശേരി സ്വദേശിയാണ് ഗ്രീഷ്മ. ഡിജിറ്റൽ മാർക്കറ്റിങ്, കണ്ടന്റ് മാർക്കറ്റിങ്, ഫെയ്സ് ബുക് പരസ്യങ്ങൾ, ഇൻസ്റ്റാഗ്രാം പരസ്യങ്ങൾ, ബിൽഡിങ്, ബ്രാൻഡിങ് അങ്ങനെ പല പല ഓൺലൈൻ കലാപരിപാടികളിലൂടെ ജീവിക്കാനുള്ള വക കണ്ടെത്തുന്നു. ഒരുപക്ഷേ ഗ്രീഷ്മയ്ക്കൊപ്പം പഠിച്ച് എൻജിനീയറിങ് മേഖലയിൽ ജോലി ചെയ്യുന്നവരിൽ പലരും നേടുന്നതിനെക്കാൾ ഉയർന്ന വരുമാനം ഇന്നവർ ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ നേടുന്നുണ്ട്.

പ്രഫഷൻ വിട്ടിട്ട് ബിസിനസിനസിലേയ്ക്ക്

ഈ രംഗത്ത് ഗ്രീഷ്മ പ്രവർത്തിച്ചു തുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി. ആദ്യ ഘട്ടത്തിൽ നല്ലൊരു പ്രഫഷൻ വിട്ടിട്ട് ബിസിനസ് രംഗത്തേക്കിറങ്ങിയത് വീട്ടിൽ ചില ഇഷ്ടക്കേടുകളുണ്ടാക്കിയെങ്കിലും പിന്നീടത് അനുമോദനങ്ങളും ഉറച്ച പിന്തുണയുമായി മാറി. 

ബ്ലോഗ് തന്ന ധൈര്യമാണ് ഈ രംഗത്തേക്ക് എത്തിച്ചതെന്നും അതിലൂടെ സോഷ്യൽ മീഡിയയെ കൂടുതലായി മനസ്സിലാക്കാനും  മാർക്കറ്റിങ് പഠിക്കാനും കഴിഞ്ഞുവെന്നും ഗ്രീഷ്മ പറയുന്നു.  ബിസിനസിന്റെ സൗകര്യത്തിനു വേണ്ടി ബെംഗളൂരുവിലും കൊച്ചിയിലും മാറി മാറി താമസിക്കുന്ന ഗ്രീഷ്മ രണ്ടിടത്തും വീട്ടിലിരുന്നു തന്നെയാണ് ജോലി ചെയ്യുന്നത്. പഠനകാലത്തെ പരിചയങ്ങളാണ് ബിസിനസ് ബന്ധങ്ങളിലേക്ക് ഈ യുവസംരംഭകയെ എത്തിച്ചത്. കണ്ടന്റ് ആദ്യം പോസ്റ്റ് ചെയ്യും. അതു കാണുന്ന ആളുകളിൽ താൽപര്യമുള്ളവർ മെസേജ് ചെയ്യും. അതു ചിലപ്പോഴൊക്കെ ബിസിനസ് ബന്ധങ്ങളിലേക്ക് വഴി തുറക്കും. 

ഒരു ബിസിനസ് ക്ലൈന്റ് എത്തിയാൽ അവരുടെ പ്രോഡക്ട് എന്താണെന്നും എന്തൊക്കെ ജോലികളാണ് അവർക്കു വേണ്ടി ചെയ്യേണ്ടതെന്നും സംസാരിച്ച് ധാരണയിലെത്തും. നേരിട്ടോ ഫോൺ വഴിയോ ആകാം ഈ മീറ്റിങ്. അതിനുശേഷം നമ്മുടെ ഡിമാൻഡും ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും പ്രതിഫലവും എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശദമായ പ്ലാൻ തയാറാക്കി നൽകും. ഇതു അംഗീകരിച്ച് ഇരു കൂട്ടരും ഡിജിറ്റൽ സൈൻ ചെയ്യുന്നതോടെ വർക്ക് തുടങ്ങുകയായി. 

ബിസിനസിനപ്പുറം സന്തോഷവും

‘‘ചിലപ്പോഴൊക്കെ ക്ലൈന്റ് മികച്ചതാണെങ്കിലും താൽപര്യമുണ്ടെങ്കിൽ മാത്രമേ ഏറ്റെടുക്കൂ. കേവലം ഒരു ബിസിനസ് എന്നതിനപ്പുറം ഇതിലൂടെ കിട്ടുന്ന സന്തോഷവും എനിക്ക് വലുതാണ്.’’ 

ബിസിനസ് ലോകത്തിലെ പുതിയ തലമുറയുടെ നിലപാടുകൾ ഗ്രീഷ്മയുടെ വാക്കുകളിൽ കാണാം. കേവലം ലാഭം, അല്ലെങ്കിൽ വരുമാനം നേടുന്ന ഒരു ബിസിനസ് എന്നതിനപ്പുറം ജീവിതത്തിൽ സന്തോഷവും സമാധാനവും അഭിമാനവും നിറയ്ക്കുന്നതാണ് തൊഴിലെന്ന തിരിച്ചറിവ് പുതിയ തലമുറയ്ക്കുണ്ടെന്നു കൂടി നാം മനസിലാക്കുക. അവരുടെ പ്രതിനിധിയാണ് ഈ പെൺകുട്ടിയും.

‘‘രണ്ടോ മൂന്നോ വർഷം കൊണ്ട് പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനം നേടുന്ന നിലയിലേക്കു വളരാനുള്ള സാധ്യത ഈ മേഖലയിലുണ്ട്. നെഗോസിയേഷൻ വേണ്ടി വരാറുണ്ട്. പ്രോജക്ട്, ബജറ്റ് എന്നിവയൊക്കെ അനുസരിച്ച് തീരുമാനം എടുക്കണം. 

എഗ്രിമെന്റ് വേണം. പകുതി അഡ്വാൻസ് വാങ്ങണം. എപ്പോഴും അപ്ഡേറ്റ് ചെയ്യുക. പഠിച്ചു കൊണ്ടിരിക്കുക. ആപ് വർക്കർ ഫ്രീലാൻസ് ഡോട്കോമിലൂടെ പ്രൈസിങ് നോക്കാം. വർക്കുകൾ കിട്ടാൻ പുതിയ ആളുകൾക്ക് ഇത്തരം സൈറ്റുകളെ പ്രയോജനപ്പെടുത്താം.

പ്രതിമാസം 60,000 രൂപ വരെ വരുമാനം 

‘‘സ്വന്തം ഉൽപന്നം, അല്ലെങ്കിൽ സേവനം വിറ്റഴിക്കുന്നതിനു ഡിജിറ്റൽ– ഓൺലൈൻ വഴി തേടുന്നവരെ സഹായിക്കുക, ഉപഭോക്താക്കളെ അവർ തേടുന്ന ഉൽപന്നങ്ങളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുകയും ഉൽപാദകരിലേക്ക് അല്ലെങ്കിൽ സേവനം നൽകുന്നവരിലേക്ക് എത്തിക്കുകയും ചെയ്യുക തുടങ്ങിയ ജോലികളാണ് ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ ചെയ്യുന്നത്. ഒരു പ്രോജക്ട്, അല്ലെങ്കിൽ നിശ്ചിത കാലത്തേക്ക് എന്ന മട്ടിലാണ് ഈ ഡിജിറ്റൽ പ്രമോഷന് കരാറിലേർപ്പെടുക.‌

ലോകത്ത് എവിടെയിരുന്നും ചെയ്യാവുന്ന ഒരു ബിസിനസാണിത്. കൃത്യമായ സമയമോ ഇടവേളകളോ വേണ്ട. ഏറ്റെടുക്കുന്ന ജോലിയുടെ സ്വഭാവവും കരാറും അനുസരിച്ച് ജോലി ചെയ്താൽ മതി. വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്ന ആർക്കും പ്രയോജനപ്പെടുത്താം. എന്നെ സംബന്ധിച്ചിടത്തോളം മറ്റു ചെലവുകളൊന്നും ഇല്ല. അതുകൊണ്ട് വീട്ടിലിരുന്ന് ഈ ബിസിനസിലൂടെ കിട്ടുന്ന പണം സമ്പാദിക്കാൻ കഴിയുന്നുണ്ട്.’’ 

English Summery: Civil Engineer Shining in Digital Marketing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com