ADVERTISEMENT

പ്ലാസ്റ്റിക് നിരോധനത്തിന്റെ തുടർച്ചയായി നോൺവൂവൻ മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള ഉൽപന്നങ്ങൾ സർക്കാർ നിരോധിച്ചു. അതോടെ ഇത്തരം ബാഗുകൾ നിർമിച്ചു വന്നിരുന്ന ഒട്ടേറെ ലഘുസംരംഭങ്ങൾ അവസാനിപ്പിച്ച് സംരംഭകർക്ക് രംഗം വിടേണ്ടി വന്നു. അത് ഉപയോഗപ്പെടുത്തി ഒരു നോൺവൂവൻ ക്യാരിബാഗ് യൂണിറ്റ് വാടകയ്ക്കെടുത്ത് കെ.എസ്. ഗിരിജയെന്ന വീട്ടമ്മ തുടക്കമിട്ട സംരംഭമാണ് ‘ഗ്രീൻ ബാഗ്സ്.’

എന്താണ് ബിസിനസ്?

തൃശൂർ ഒല്ലൂരിലുള്ള ഈ യൂണിറ്റ് പേപ്പർ–തുണി ബാഗുകൾ, െമഡിക്കൽ മാസ്ക്, കോട്ടൺ മാസ്ക് എന്നിവയാണ് ഇപ്പോൾ നിർമിച്ച് വിൽക്കുന്നത്. തുണി ബാഗുകൾ നിർമിക്കാൻ തുടങ്ങുന്നത് പ്ലാസ്റ്റിക് നിരോധനത്തെ തുടർന്നാണെങ്കിൽ കോവിഡിന്റെ വരവിനെ തുടർന്നാണു മാസ്കുകൾ നിർമിക്കാൻ തുടങ്ങിയത്. കുടുംബശ്രീക്കാരുൾപ്പെടെ വനിതകൾക്കു കൂടുതൽ തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ സംരംഭം വിപുലപ്പെടുത്തി. കെട്ടിട നിർമാണവും ഇന്റീരിയർ ഡെക്കറേഷൻ, കിച്ചൻ കബോർഡുകൾ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസും ഗിരിജ നടത്തുന്നുണ്ട്. ഒരു സംരംഭക എന്ന നിലയിൽ ആ രംഗത്തെ അനുഭവവും അറിവും ഇവിടെ പിൻബലമായി.  

അസംസ്കൃത വസ്തുക്കൾ സുലഭം

ഈറോഡിലെ ഫാക്ടറിയിൽനിന്നു നേരിട്ടാണു തുണിത്തരങ്ങൾ വാങ്ങുക. മധുര, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് എന്നിവിടങ്ങളിലെ സ്വകാര്യ ഏജൻസികളിൽനിന്നും നോൺ വൂവൻ സാധന സാമഗ്രികളും, ഇലാസ്റ്റിക്, നൂലുകൾ തുടങ്ങിയവയും ശേഖരിക്കുന്നു. ലോക്ഡൗൺ നിലവിൽ വന്ന സാഹചര്യത്തിൽപോലും ആവശ്യത്തിന് അസംസ്കൃത വസ്തുക്കൾ സ്റ്റോക്കുണ്ടായിരുന്നു. മാസ്കുകൾക്കായാലും തുണി സഞ്ചികൾക്കായാലും മികച്ചതും ഉന്നത ഗുണനിലവാരമുള്ളതുമായ  മെറ്റീരിയലുകൾ മാത്രമേ ‘ഗ്രീൻ ബാഗ്സ്’ ഉപയോഗിക്കുകയുള്ളൂവെന്ന് ഗിരിജ പറയുന്നു. 

മാസ്കുകൾക്ക് 75 GSM ഗ്രേഡിലുള്ള മെറ്റീരിയൽ ആണ് ഉപയോഗിക്കുന്നത്. മാസ്കിന് സർക്കാർതലത്തിൽ ഓർഡർ ലഭിച്ചതോടെ റോൾ മെഷീൻ സ്വന്തമായി വാങ്ങാതെ വാടകയ്ക്ക് എടുത്തായിരുന്നു പ്രവർത്തനം. നോൺ വൂവൻ മാസ്ക് നിർമിക്കുന്നതിനുവേണ്ടി മെഷിനറികളിൽ ചില മാറ്റങ്ങൾ വേണ്ടിവന്നു. ഇതിന് രണ്ടു ലക്ഷം രൂപയോളം ചെലവു വന്നു.

ഇപ്പോൾ നോൺ വൂവൻ ഷീറ്റ് മെഷീനിൽ ഫീഡ് ചെയ്തു നൽകിയാൽ മതി. മൂന്നു ലെയർ മാസ്ക് അടിച്ചു വരും. മിനിറ്റിൽ 70 എണ്ണമാണ് ഉൽപാദന ശേഷി. ഇങ്ങനെ അടിച്ചു വരുന്ന മാസ്കുകൾക്ക് ഇലാസ്റ്റിക്കുകൾ അടിച്ചു പിടിപ്പിക്കുന്നത് തയ്യൽ മെഷീന്റെയും തൊഴിലാളികളുടെയും സഹായത്താലാണ്. ഇതിനായി അഞ്ച് തയ്യൽ മെഷീനുകളും വനിതാ തൊഴിലാളികളും ഉണ്ട്.

കൂടാതെ സമീപപ്രദേശങ്ങളിലെ കുടുംബശ്രീ യൂണിറ്റുകൾ വഴിയും തയ്യൽജോലികൾ നടത്തുന്നു. അഞ്ചു വീതം തൊഴിലാളികളും മെഷീനുകളുമുള്ള അഞ്ചു യൂണിറ്റുകളാണ് ഇതിനായി പ്രവർത്തിക്കുന്നത്. ചെയ്യുന്ന ജോലിക്കനുസരിച്ച് പീസ് റേറ്റിലാണ് ഇവരുടെ പ്രതിഫലം. 

അടിസ്ഥാന സൗകര്യങ്ങൾ 

സ്ഥാപനത്തിൽ അഞ്ചു ലക്ഷം രൂപയോളം ആകെ നിക്ഷേപമുണ്ട്. ഇതിലൂടെ 10 സ്ത്രീ തൊഴിലാളികൾക്ക് നേരിട്ടു ജോലി നൽകാനാകുന്നു. കൂടാതെ അഞ്ചു കുടുംബശ്രീ യൂണിറ്റുകൾ വഴി 25 സ്ത്രീകൾക്കും ഈ സ്ഥാപനം വരുമാനമാർഗമാണ്. ഗിരിജയുടെ ഭർത്താവ് ശിവരാമൻ മുഴുവൻ സമയവും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ ഒപ്പമുണ്ട്.

വിപണിയൊരു പ്രശ്നമല്ല

പേപ്പർ–തുണിസഞ്ചികൾ വിൽക്കുന്നത് െടക്സ്റ്റൈയിൽ ഷോപ്പുകൾ, ബേക്കറി, സൂപ്പർ മാർക്കറ്റുകൾ മറ്റ് ഉൽപാദന–വിപണന സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ്. വളരെ കൃത്യമായ ഒരു ഡിമാൻഡ് ഇത്തരം ഉൽപന്നങ്ങൾക്കു ലഭിക്കുന്നുണ്ട്. 

സ്ഥിരം കസ്റ്റമേഴ്സ് ഉള്ളതിനാൽ ഓർഡർ പ്രകാരമാണ് ഇവയെല്ലാം തയാറാക്കി നൽകുന്നത്. പലപ്പോഴും കച്ചവടത്തിന്റെ ഭാഗമായി 15 ദിവസം വരെ കടം നൽകേണ്ടി വരാറുണ്ടെങ്കിലും പണം സമയത്തു  പിരിഞ്ഞു കിട്ടുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകാറില്ല. തുണി ബാഗ്– മാസ്ക് നിർമാണ രംഗത്ത് ഇനിയും ധാരാളം അവസരങ്ങൾ ഉണ്ടെന്നും ഇവയുടെ വിപണി അനുദിനം വളർന്നു വരികയാണെന്നും ഗിരിജ പറയുന്നു. 

നല്ല ഡിസൈനിലും ഗുണനിലവാരത്തിലും താരതമ്യേന കുറഞ്ഞ വിലയിൽ ബാഗുകൾ നിർമിച്ചു നൽകിയാൽ അതു വാങ്ങാൻ എപ്പോഴും ആവശ്യക്കാരുണ്ടാകും. നാലു രൂപ മുതൽ എട്ടു രൂപ വരെ വിലയ്ക്കാണു ത്രീലെയർ മാസ്കുകൾ ‘ഗ്രീൻ ബാഗ്സ്’ നിർമിച്ചു വിൽക്കുന്നത്. 

കൃത്യമായ കച്ചവടവും വരുമാനവും ഇതുവരെ വിലയിരുത്തിയിട്ടില്ല. എങ്കിലും മൂന്നു മുതൽ എട്ടുലക്ഷം രൂപ വരെ പ്രതിമാസ കച്ചവടം നടക്കുന്നു. അതിൽനിന്ന് 20–30 ശതമാനം വരെ അറ്റാദായവും പ്രതീക്ഷിക്കാം. 

English Summery: Women Entrepreneur Make Opportunities from Covid Crisis

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com