ADVERTISEMENT

സംഗതി ജൈവവളമാണെങ്കിലും തികച്ചും വ്യത്യസ്തമായ ബിസിനസാണ് എൻ ഐ മഹേശ്വരി ചെയ്യുന്നത്. മത്സ്യസംസ്കരണ കേന്ദ്രങ്ങളിൽനിന്ന് അവശിഷ്ടങ്ങൾ ശേഖരിച്ചു സംസ്കരിച്ച് വളനിർമാണമാണ് ഇവരുടെ മേഖല. യാതൊരു സ്ഥിരനിക്ഷേപവും ഇല്ലാതെയാണ് മികച്ച രീതിയിൽ ഇവർ ബിസിനസ് നടത്തുന്നത്. മുനമ്പം പള്ളിപ്പുറം തത്താമ്പിയിൽ ‘ഓർഗാനിക് ട്രീറ്റ്’ എന്ന േപരിലാണ് ഇവരുടെ ജൈവവള സംരംഭം പ്രവർത്തിക്കുന്നത്. 

വീടിന് അടുത്ത പ്രദേശങ്ങളായ മുനമ്പം മുതൽ വൈപ്പിൻ വരെയുള്ള ഭാഗത്തെ സ്ഥാപനങ്ങളിൽനിന്ന് ഇതിനാവശ്യമായ അസംസ്കൃത വസ്തുക്കൾ യഥേഷ്ടം ലഭിക്കുന്നു. തുടർന്ന് ലളിതമായ പ്രോസസിങ്ങിലൂടെ ഇതു ൈജവവളം ആക്കി മാറ്റുകയാണു ചെയ്യുന്നത്. കർഷകർ നേരിട്ടെത്തി വളം വാങ്ങിക്കൊണ്ടു പോകുന്നതിനാൽ വിപണിയും വലിയ തലവേദനയാകുന്നില്ല.  

അസംസ്കൃത വസ്തു സുലഭം

മത്സ്യം കയറ്റുമതി ചെയ്യുന്ന കമ്പനികൾ, ഹാർബറുകൾ, ചാപ്പ (മീൻ ഉപ്പിലിട്ട് ഉണക്കി എടുക്കുന്ന േകന്ദ്രങ്ങൾ), മീൻ ചന്തകൾ എന്നിവിടങ്ങളിൽനിന്നു ധാരാളമായി മത്സ്യ അവശിഷ്ടങ്ങൾ ലഭിക്കും. വാടകവണ്ടിയിൽ മുനമ്പം, പറവൂർ, കുരിയച്ചിറ തുടങ്ങിയ ചന്തകളിൽനിന്ന് ഇവ ശേഖരിക്കുകയും ചെയ്യുന്നു. ഇതിന് പ്രത്യേകം തൊഴിലാളികളെ ഏർപ്പെടുത്തിയിട്ടുണ്ട്. ചെറിയതരം പ്ലാസ്റ്റിക് വീപ്പകളിലാണ് ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് അവശിഷ്ടങ്ങൾ ശേഖരിക്കുന്നത്. 

ഇതിന് സംസ്കരണ കേന്ദ്രങ്ങളിലെയും ചന്തകളിലെയും തൊഴിലാളികൾക്കു ചെറിയൊരു തുക നൽകും. വണ്ടിയിൽ േശഖരിച്ചു ൈസറ്റിൽ എത്തിക്കുന്ന അവശിഷ്ടങ്ങൾ സംസ്കരണം തുടങ്ങുന്നതോടെ ദുർഗന്ധം ഇല്ലാതാകുന്നു.

ആറ് തൊഴിലാളികൾ 

കയറ്റിയിറക്കിനുള്ള ഒരു തൊഴിലാളി ഉൾപ്പെടെ ആറു ജീവനക്കാരാണ് ഈ സംരംഭത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്. ഇവരിൽ ഫുൾടൈം ആയും പാർട്‌ടൈം ആയും ജോലി ചെയ്യുന്നവരുണ്ട്. ഇത്രയും പേർക്കു സ്ഥിരമായി ഒരു വരുമാനം നൽകാൻ കഴിയുന്നതിൽ ഈ വീട്ടമ്മയ്ക്ക് ഏറെ അഭിമാനമുണ്ട്.

മെഷിനറിയും വൈദ്യുതിയും വേണ്ട

മെഷിനറികൾ ഒന്നും ഉപയോഗിക്കുന്നില്ല. കറന്റ് പോലും പ്രത്യേകം ആവശ്യമില്ല. മത്സ്യ അവശിഷ്ടങ്ങൾ ശേഖരിക്കാനായി 150 വീപ്പകൾ ആണ് ആകെയുള്ള നിക്ഷേപം. കൂടാതെ ഒരു ത്രാസും ചാക്ക് തുന്നുന്ന മെഷീനും അരിച്ചെടുക്കുന്ന ഉപകരണങ്ങളും ഉണ്ട്. പലപ്പോഴായി വാങ്ങിയ ഇതെല്ലാം കൂടി കൂട്ടിയാൽ ഒരു ലക്ഷം രൂപയോളം നിക്ഷേപം വന്നിട്ടുണ്ടെന്നു പറയാം.  

മഹേശ്വരിക്ക് ഈ സംരംഭവുമായി ബന്ധപ്പെട്ട ആശയം ലഭിക്കുന്നത് പിതാവായ ഇച്ചാക്കനിൽനിന്നുമാണ്. അദ്ദേഹത്തിന് മീൻ കച്ചവടം ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അവശിഷ്ടങ്ങൾ സംസ്കരിച്ച് വീട്ടിലെ കൃഷികൾക്കും മറ്റും ഉപയോഗിച്ചിരുന്നു. അതൽപം വിപുലപ്പെടുത്തി ബിസിനസ് മോഡലായി വളർത്തിയെടുക്കുകയായിരുന്നു ഈ വീട്ടമ്മ. 

നേരിട്ടു വിൽപന, മത്സരം ഇല്ല

പ്രധാനമായും കർഷകർക്കു നേരിട്ടാണ് വിൽപനകൾ. പ്രദർശനമേളകൾ വഴിയും കച്ചവടം നടക്കുന്നു. കൃഷി ഭവനുകൾ വഴിയും ഉപഭോക്താക്കളെ ലഭിക്കാറുണ്ട്. ഓർഡർ പ്രകാരം പാഴ്സലായി ഉൽപന്നം അയച്ചു നൽകുകയും ചെയ്യും. എല്ലാ വിളകൾക്കും അനുയോജ്യമായ ജൈവവളമാണ് ഇത്. പച്ചക്കറികൾ, വാഴ, തെങ്ങ്, ജാതി, കുരുമുളക്, കപ്പ തുടങ്ങിയവയ്ക്കെല്ലാം ഉപയോഗിക്കുന്നു. മികച്ച വിളവിനൊപ്പം ഉയർന്ന രോഗപ്രതിരോധവും ഉണ്ട്. രൊക്കം പണം വാങ്ങിയുള്ള വിൽപനയാണ് കൂടുതലും. അതു കൊണ്ട് തന്നെ കടം തിരിച്ചു കിട്ടുന്നതുൾപ്പെടെയുള്ള തലവേദനകൾ തീരെയില്ല. ഇത്തരത്തിൽ മീൻവളം ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ കേരളത്തിൽ തീരെക്കുറവാണെന്നതിനാൽ മത്സരവും ഇല്ലെന്നു തന്നെ പറയാം. 

ആളുകൾ ഇപ്പോൾ വീടുകളുടെ മട്ടുപ്പാവിലും ചുറ്റുവട്ടത്ത് ഗ്രോബാഗിലുമെല്ലാം ധാരാളമായി കൃഷി ചെയ്യുന്നതിനാൽ ഡിമാൻഡ് ഉയർന്നു വരികയാണ്. പച്ചക്കറികൾക്കും ചെടികൾക്കും എല്ലാം നല്ലതാണ്. കിലോഗ്രാമിന് 35 രൂപ മുതൽ 45 രൂപ വരെ വിലയ്ക്കാണ് മീൻവളം വിൽക്കുന്നത്.

40% വരെ അറ്റാദായം

രണ്ടു മുതൽ മൂന്നു ലക്ഷം രൂപ വരെയാണ് ജൈവവളത്തിന്റെ പ്രതിമാസ കച്ചവടം. വിറ്റുവരവിന്റെ ശരാശരി 40 ശതമാനം അറ്റാദായം നേടുന്നു. ബാങ്ക് വായ്പ എടുത്ത് ബിസിനസ് കൂടുതൽ വിപുലപ്പെടുത്താനുള്ള ആലോചനയിലാണ് മഹേശ്വരി. 

വളം നിർമിക്കുന്നതിനു പുറമേ എട്ടേക്കർ സ്ഥലം പാട്ടത്തിനെടുത്ത് വിവിധതരത്തിലുള്ള കൃഷികളും ചെയ്തുവരുന്നുണ്ട്. വാഴ, കപ്പ എന്നിവയാണ് പ്രധാന കൃഷികൾ. കൂടാതെ െവണ്ട, തക്കാളി, െചണ്ടുമല്ലി, ചീര, പയർ, മുളക് എന്നിവയും ഉണ്ട്. സ്വന്തം സ്ഥാപനത്തിൽ ഉൽപാദിപ്പിക്കുന്ന മീൻ വളമാണ് ഇതിനെല്ലാം ഉപയോഗിക്കുന്നത്. അതു കൊണ്ട് വിളവും മികച്ചതാണെന്ന് മഹേശ്വരി പറയുന്നു.

നിർമാണ‌രീതി ലളിതം

മത്സ്യ അവശിഷ്ടങ്ങളിൽനിന്നു വളം ഉൽപാദിപ്പിക്കുന്ന രീതി വളരെ ലളിതമാണ്. ഇതിനായി ആദ്യം നിലത്ത് ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുന്നു. അതിനു മുകളിൽ ഉമിച്ചാരം വിതറുന്നു (ഉമിച്ചാരം ൈറസ് മില്ലുകളിൽനിന്നു സൗജന്യമായി കിട്ടുന്നതാണ്). ഒരു നിര ഉമിച്ചാരം വിതറിയതിനു  മുകളിൽ മത്സ്യ അവശിഷ്ടങ്ങൾ നിരത്തും. എന്നിട്ട് വീണ്ടും മുകളിൽ ഉമിച്ചാരം വിതറുന്നു. എട്ടു ദിവസം ഇതിങ്ങനെ സൂക്ഷിക്കും. ദിവസത്തിൽ ഒരിക്കലെങ്കിലും ഇതിനു മുകളിൽ വെള്ളം തളിച്ചു കൊടുക്കും. എട്ടു ദിവസം കഴിയുമ്പോൾ ഇളക്കി ചാക്കുകളിൽ നിറച്ച് തൂക്കിയാണ് വിൽപന.പള്ളിപ്പുറത്തിനടുത്ത് മഹേശ്വരിയും കുടുംബവും താമസിക്കുന്ന വീടും സ്ഥലവും ചേർന്ന് ആകെ ഏഴ് സെന്റ് വിസ്തൃതിയേ ഉള്ളൂ. വീടിനോടു േചർന്നുള്ള െഷഡ്ഡിലാണ് ഇവരുടെ വളനിർമാണം.

English Summary : Know this Woman Entrepreneur doing Business with Low Investment and Better Return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com