ADVERTISEMENT

സംരംഭത്തിന്റെ വലുപ്പത്തിലല്ല, അതുണ്ടാക്കുന്ന വരുമാനത്തിലാണ് മികവെങ്കിൽ ഗായത്രീദേവിയെന്ന വീട്ടമ്മ വൻവിജയം നേടിയൊരു സംരംഭകയാണ്. തികച്ചും ലളിതമായ ആ വിജയവഴികളെ അടുത്തറിയുക. 

മുഖ്യധാരാ പഠനത്തിനൊപ്പം പെൺകുട്ടികൾ ടൈപ്പും ഷോർട് ഹാൻഡും അത്യാവശ്യം തുന്നൽപ്പണികളുമൊക്കെ പഠിക്കുന്ന ഒരു കാലമുണ്ടായിരുന്നു. മുന്നോട്ടുള്ള യാത്രയിൽ എപ്പോഴെങ്കിലുമൊന്നു കാലിടറിയാൽ ജീവിച്ചു പോകാനുള്ള വരുമാനം ഈ പണിപഠിക്കലുകളിലൂടെ ഉറപ്പാക്കാം. അന്നത്തെ ദീർഘവീക്ഷണമുള്ള മാതാപിതാക്കൾ കരുതിയിരുന്നത് അങ്ങനെയാണ്. 

കോട്ടയം നഗരത്തിൽ തിരുനക്കര അമ്പലത്തിനടുത്ത്  അതേ ചിന്താഗതി പുലർത്തിയിരുന്ന മാതാപിതാക്കളുടെ മകളായാണ് ഗായത്രിയും ജനിച്ചത്. സ്വാഭാവികമായും പഠനത്തോടൊപ്പം ഒട്ടേറെ കൈത്തൊഴിലുകളും പഠിച്ചെടുത്തു. മറ്റു പലരെയും അതെല്ലാം പഠിപ്പിക്കുകയും ചെയ്തു. അങ്ങനെ പഠിച്ചും പഠിപ്പിച്ചുമുള്ള ജീവിതത്തിനിടയിൽ കു‍ഞ്ഞുകുട്ടി പരാധീനതകളുമായി കുടുംബ ജീവിതം ആരംഭിച്ചെങ്കിലും പഠനവും പഠിപ്പിക്കലും നിർത്തിയില്ല. 

നെറ്റിപ്പട്ട നിർമാണം

‘‘ വെറും മൂന്നു വർഷമേ ആയിട്ടുള്ളൂ, ഞാൻ നെറ്റിപ്പട്ട നിർമാണം തുടങ്ങിയിട്ട്. തൃശൂരിൽ പോയാണ് ഈ വിദ്യ പഠിച്ചെടുത്തത്. ഇന്ന് കേരളത്തിനകത്തും പുറത്തുമായി പരിശീലന ക്ലാസുകളും നടത്തുന്നു.’’ ഗായത്രി പറയുന്നു. 

നെറ്റിപ്പട്ട നിർമാണത്തിനൊപ്പം മ്യൂറൽ പെയിന്റിങ്ങും വളരെ സജീവമായി ചെയ്യുന്നുണ്ട്. പുതിയ വീട് നിർമിക്കുന്നവരാണ് ഓർഡർ നൽകുന്നവരിൽ കൂടുതലും. പഠിക്കാനും ഒട്ടേറെ പേർ എത്തുന്നുവെന്ന് ഈ വീട്ടമ്മ പറയുന്നു. 

‘‘സാഹചര്യങ്ങളാണ് ഓരോരുത്തരെയും ഓരോ രംഗത്തും കഴിവുള്ളവരാക്കി തീർക്കുന്നത്. സംഗീതം അഭ്യസിച്ചുണ്ടെന്നത് ഒഴിച്ചു നിർത്തിയാൽ എനിക്ക് കലാരംഗത്ത് കാര്യമായ വാസനകളൊന്നുമില്ല. എന്നിട്ടും മ്യൂറൽ പെയിന്റിങ്ങിൽ ശോഭിക്കാനാകുന്നത് അതിനോടുള്ള താൽപര്യം ഒന്നുകൊണ്ട് മാത്രമാണ്. സാധാരണക്കാരായ വീട്ടമ്മമാർക്കു പോലും ഒരു ക്രാഫ്റ്റ് എന്ന നിലയിൽ മ്യൂറൽ പെയിന്റിങ് പഠിക്കാനും ചെയ്യാനും കഴിയും.’’ പത്തുവർഷത്തിലേറെയായി ക്രാഫ്റ്റ് പരിശീലകയായി പ്രവർത്തിക്കുന്ന ഗായത്രിയുടെ വാക്കുകൾ കുറഞ്ഞ മുതൽ മുടക്കിൽ മികച്ചൊരു വരുമാന മാർഗം അന്വേഷിക്കുന്നവർക്കെല്ലാം ആശ്വാസകരമാണ്.

നെറ്റിപ്പട്ട നിർമാണം തുടങ്ങിയിട്ട് ചുരുങ്ങിയ കാലമേ ആയുള്ളൂവെങ്കിലും മികച്ച ബിസിനസ് ആണ് ഇതിലൂടെ ഈ യുവസംരംഭകയ്ക്ക് ലഭിക്കുന്നത്. അതോടൊപ്പം 10 പെണ്‍കുട്ടികൾക്ക് ഒരു വരുമാനമാർഗം കൂടിയായി ഇതിനെ മാറ്റാൻ കഴിഞ്ഞുവെന്നും ഗായത്രി പറയുന്നു.

തൂടക്കം കൗതുകത്തോടെ

‘‘വിൽപനയെ ലക്ഷ്യം വച്ചല്ല, വെറുമൊരു കൗതുകത്തിനാണ് ഇതു തുടങ്ങിയതെങ്കിലും ഒരിക്കൽ വേൾഡ് നായർ ഓർഗനൈസേഷന്റെ സോഷ്യൽമീഡിയ ഗ്രൂപ്പിൽ ഇതു സംബന്ധിച്ച് ഒരു പോസ്റ്റിട്ടു. തുടർന്ന് പല ദിക്കുകളിൽ നിന്നും ഇതുപോലൊരെണ്ണം ഉണ്ടാക്കി തരാമോ എന്നുള്ള അന്വേഷണങ്ങൾ വന്നു തുടങ്ങി. അതോടെയാണ് ഇതൊരു ബിസിനസ് അവസരമാക്കി വളർത്തിയെടുത്തത്.’’ 

ഒറിജിനൽ നെറ്റിപ്പട്ടം പിത്തള കുമിളകളും മറ്റും ഉപയോഗിക്കുമ്പോൾ ഇവിടെ പ്ലേറ്റഡ് പ്ലാസ്റ്റിക് സാമഗ്രികളാണ് ഉപയോഗിക്കുന്നത്. പശ ഉപയോഗിച്ച് ഇവയെ തുണിയിലേക്ക് ഒട്ടിക്കുന്നു. ഇതിനാവശ്യമായ സാധനങ്ങളൊക്കെ ക്രാഫ്റ്റ് മെറ്റീരിയലുകൾ വിൽക്കുന്ന കടകളിൽ ലഭിക്കും. ‘നെറ്റിപ്പട്ടം കിറ്റ്’ എന്നു പറഞ്ഞാൽ മതി. 

രണ്ടര അടി മുതൽ അഞ്ചര അടി വരെ വ്യത്യസ്ത സൈസുകളിലുള്ള നെറ്റിപ്പട്ടമാണ് ഗായത്രി നിർമിച്ചു കൊടുക്കുന്നത്. ശിവന്, ഗണപതിക്ക്, അഷ്ടലക്ഷ്മിമാർക്ക് തുടങ്ങി ഇതിനു പ്രത്യേകം കണക്കുകളും ഉണ്ടെന്ന് ഇവർ പറയുന്നു. 

നെറ്റിപ്പട്ടത്തിനു േവണ്ട സാമഗ്രികൾ ഇവിടെ വന്നു വാങ്ങിക്കൊണ്ടു പോയി വീട്ടിലിരുന്ന് ചെയ്തിട്ടാണ് കുട്ടികൾ കൊണ്ടുവരുന്നത്. ഇപ്പോൾ അതിന്റെ ഫിനിഷിങ് ജോലികൾ മാത്രമേ ഇവിടെ ചെയ്യാറുള്ളൂ. പീസ് റേറ്റിലാണ് ജോലികൾ. ശരാശരി 500–1000 രൂപ വരെ ഒരു നെറ്റിപ്പട്ടത്തിനു കൂലിയായി കൊടുക്കുന്നുണ്ട്. 

10 ദിവസത്തിനകം ഡെലിവറി

‘‘ബൾക്ക് ഓർഡറുകൾ വരാറുണ്ടെങ്കിലും അതൊന്നും പ്രോത്സാഹിപ്പിക്കാറില്ല. ഞങ്ങൾ നൽകുന്ന നെറ്റിപ്പട്ടത്തിന് 12 വർഷം വരെ കളർ ഗാരന്റി നൽകുന്നു. വിലയും കുറിയർ ചാർജും മുൻകൂർ നൽകിയാൽ 10 ദിവസത്തിനകം നിർമാണം പൂർത്തിയാക്കി കുറിയറിൽ അയച്ചു കൊടുക്കുകയാണു പതിവ്.’’

ക്രാഫ്റ്റ് ആൻഡ് ക്രിയേറ്റിവിറ്റി രംഗത്തെ വർഷങ്ങളുടെ അനുഭവസമ്പത്തും സ്വന്തമായി മികച്ച വരുമാനം നേടുന്നതിന്റെ  ആത്മവിശ്വാസവും ഗായത്രീദേവിയെന്ന സംരംഭകയുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു.

‘‘ഒന്നോ രണ്ടോ ദിവസം മതി നെറ്റിപ്പട്ടം ഉണ്ടാക്കുന്നത് പഠിക്കാൻ. മാല കമ്പിളി നൂലു കൊണ്ടാണ് കെട്ടുന്നത്. ഒട്ടിക്കുന്നതിനൊപ്പം നൂലുകെട്ടുന്നതിനും ബെൽ ഉണ്ടാക്കുന്നതും പഠിക്കുന്നു.സോഷ്യൽ മീഡിയ വഴിയാണ് മാർക്കറ്റിങ്. പ്രതിമാസം 100–125 എണ്ണമെങ്കിലും വിറ്റുപോകുന്നുണ്ട്. ഇതു വഴി ശരാശരി ഒന്നര ലക്ഷം രൂപയുടെ വരുമാനം ഒരു മാസം ലഭിക്കുന്നു.’’

‘‘വീട്ടിൽ തുടങ്ങിയത് നന്നായി’’ 

‘‘വീടിനോടു ചേർന്നു തന്നെയാണ് നെറ്റിപ്പട്ട നിർമാണവും മ്യൂറൽ പെയിന്റിങ് ജോലികളും നടക്കുന്നത്. അതുകൊണ്ട് ജോലിക്കൊപ്പം വീട്ടിലെ കാര്യങ്ങളും ശ്രദ്ധിക്കാൻ കഴിയുന്നുവെന്നത് വലിയൊരു അനുഗ്രഹമാണ്. അതുപോലെ രാത്രി അൽപം വൈകി ഇരിക്കേണ്ടി വന്നാലും പ്രശ്നമില്ല. പിന്നെ കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾ വഴി പരിശീലന പരിപാടികൾ തുടങ്ങാനും വീട്ടിലെ സാഹചര്യങ്ങൾ സഹായിച്ചു. 

മ്യൂറൽ പെയിന്റിങ് ഇപ്പോൾ ക്യാൻവാസിൽ ചെയ്യിച്ച ശേഷം ഭിത്തിയിൽ ഒട്ടിക്കുന്നവരാണ് കൂടുതലും. അതുകൊണ്ട് ആ ജോലികളും വീട്ടിലിരുന്ന് തന്നെ പൂർത്തിയാക്കാം.’’

English Summary : Success story of a Woman Entrepreneur 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com