ADVERTISEMENT

ഐഐഎമ്മിലെ പഠനം കഴിഞ്ഞ് കോർപറേറ്റ് കമ്പനികൾ ക്യാംപസ് പ്ലേസ്മെന്റിലൂടെ ലക്ഷങ്ങൾ ശമ്പളമുള്ള ജോലികൾ വാഗ്ദാനം ചെയ്തപ്പോൾ അതൊക്കെ നിരസിച്ച് ഇഡ്ഡലി–ദോശമാവ് വിൽക്കുന്ന ‘ഐഡി ഫ്രെഷ് ഫുഡ്’ എന്ന കമ്പനി തുടങ്ങിയ ആളാണ് മുസ്തഫ.

സ്കൂളിൽ പഠനത്തിനിടെ അമ്മാവനോട് കടം വാങ്ങിയ നൂറു രൂപയുമായി മിഠായിക്കച്ചവടം നടത്തി പോക്കറ്റ് മണിക്ക് വക കണ്ടെത്തിയിരുന്ന അതേ മുസ്തഫയുടെ ‘ഐഡി, ഫ്രെഷ് ഫുഡ്’ എന്ന സ്ഥാപനം ഈ വർഷം പ്രതീക്ഷിക്കുന്നത് 350–400 കോടി രൂപയുടെ വിറ്റുവരവാണ്. 

േടണിങ് പോയിന്റ്

െബംഗളൂരുവിലെ പഠനകാലത്ത് ഫ്രെഷ് ഫുഡ് ബിസിനസിന്റെ സാധ്യതകൾ  മുസ്തഫ മനസ്സിലാക്കിയിരുന്നു. അങ്ങനെയാണ് ജീവിതതിരക്കുകളിൽപ്പെട്ടു പായുന്ന ബെംഗളൂരു നിവാസികൾക്കായി റെഡിമെയ്ഡ് ദോശ –ഇഡ്ഡലി മാവ് എന്ന ആശയം അവതരിപ്പിച്ചത്. 2005 ൽ ബന്ധുക്കളായ അബ്ദുൽ നാസർ, ഷംസുദീൻ, ജാഫർ, നൗഷാദ് എന്നിവരുമായി ചേർന്നു തുടക്കമിട്ട ഐഡി ഫ്രെഷ് ഫുഡിന്റെ വിജയത്തിനു പിന്നിൽ ഒട്ടേറെ ഘടകങ്ങളുണ്ട്.

പ്രഫഷനലിസം സമ്മാനിച്ച വിജയം

പലരും അരിമാവ് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് തയാറാക്കിയിരുന്നത്. എന്നാൽ വൃത്തിയുള്ള അന്തരീക്ഷത്തിൽ തയാറാക്കി, മികച്ചരീതിയിൽ പാക്ക് ചെയ്താണ് മുസ്തഫ ഉൽപന്നം ആളുകളിലേക്കെത്തിച്ചത്. അതോടെ ഉൽപന്നത്തിന് ആവശ്യക്കാർ ഏറെയുണ്ടായി.

കോഴിക്കോട് എൻഐടിയിൽനിന്ന് എൻജിനീയറിങ് പൂർത്തിയാക്കിയ മുസ്തഫ ഏഴു വർഷക്കാലത്തോളം ഗൾഫിലും അയർലൻഡിലും ജോലി നോക്കിയ ശേഷമാണ് എംബിഎ പഠനത്തിനായി ഐഐഎമ്മിലെത്തിയത്. ഈ ജോലിപരിചയവും ലോകപരിചയവും മുസ്തഫയിലെ സംരംഭകനു ഗുണം ചെയ്തു. 

ചെറിയ തുടക്കം

തുടക്കത്തിൽ േകവലം 550 സ്ക്വയർ ഫീറ്റിൽ 20 കടകളിലേക്കു മാത്രം അരിമാവ് സപ്ലൈ ചെയ്തിരുന്ന സ്ഥാപനമായിരുന്നു ഐഡി ഫ്രെഷ് ഫുഡ്. നിക്ഷേപമാകട്ടെ, കേവലം 25,000 രൂപയും. ആദ്യ ദിനം തന്നെ ബിസിനസ് ലാഭകരമായി. പിന്നീട് മിഷനറികൾക്കായി ആറു ലക്ഷത്തോളം രൂപ നിക്ഷേപിച്ചു. 2008 ൽ വീണ്ടും 40 ലക്ഷം രൂപ കൂടി നിക്ഷേപിച്ച് ഇൻഡസ്ട്രിയൽ ഏരിയായിൽ 2500 സ്ക്വയർ ഫീറ്റ് സൗകര്യത്തിലേക്കു മാറി. 2009 ൽ, ഗൾഫിൽ ജോലി ചെയ്ത് പണി കഴിപ്പിച്ച വീട് 30 ലക്ഷം രൂപയ്ക്കു വിറ്റ് ആ പണം ഉപയോഗിച്ചാണ് ബിസിനസ് വിപുലീകരിച്ചത്.

2013 ൽ കമ്പനിയുടെ ദുബായ് ഓപ്പറേഷൻസ് ആരംഭിച്ചു. തുടർന്ന് 2014 ൽ ഹീലിയോൺ െവൻച്വർ പാർട്ണേഴ്സിൽ‌നിന്ന് 35 കോടിയുടെ നിക്ഷേപം ലഭിച്ചതാണു കമ്പനിയുടെ വളർച്ചാഗതി മാറ്റിയത്.

േകവലം 10 പാക്കറ്റ് ഇഡ്ഡലി മാവിൽ തുടങ്ങിയ മുസ്തഫയുടെ കമ്പനി ഇന്ന് 50,000 റെഡിമെയ്ഡ് ഫുഡ് പാക്കറ്റുകളാണ് ദിനംപ്രതി സപ്ലൈ ചെയ്യുന്നത്. ഇതിൽ 50 ശതമാനം ബിസിനസ് ഇഡ്ഡലി –ദോശമാവിൽനിന്നാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം സാന്നിധ്യമറിയിച്ച കമ്പനി അമേരിക്കയടക്കമുള്ള വിപണികളിലേക്കു കടക്കാൻ തയാറെടുക്കുന്നു. പ്രഫഷനലിസം സാധാരണ ബിസിനസിനെപ്പോലും അസാധാരണ നേട്ടത്തിെലത്തിക്കുമെന്നതിന്റെ തെളിവാണ് ഈ യുവസംരംഭകന്റെ ജീവിതം 

English Summery : Success Story of a Eice Batter Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com