ADVERTISEMENT

കോവിഡിനെ തോൽപിച്ച് ബിസിനസ്‌ രംഗത്തു മികച്ച നേട്ടം ഉണ്ടാക്കിയ സംരംഭകനാണ് ലിംസൻ പടവൻ െബന്നി. തൃശൂർ ജില്ലയിലെ എരുമേലി അങ്ങാടിയിൽ ‘െബന്യാമിൻ ഗ്രൂപ്പ്’ എന്ന േപരിൽ ആണ് ഈ യുവാവിന്റെ സംരംഭം പ്രവർത്തിക്കുന്നത്.

എന്താണു ബിസിനസ്?

50തരത്തിലുള്ള മസാല െബ്ലൻഡുകൾ (Masala Blends) ആണ് പ്രധാന ഉൽപന്നം. മുളക്, മല്ലി, മഞ്ഞൾ, സവോള, ഉള്ളി, മറ്റ് പച്ചക്കറികൾ എന്നിവ ഉണക്കി (Freez Dry) പൊടിച്ചാണ് ബ്ലെൻഡുകൾ തയാറാക്കുന്നത്. ഇതു പിന്നീട് ഉപയോഗിക്കുന്ന അവസരത്തിൽ വെള്ളത്തിൽ ഇട്ടു കഴിഞ്ഞാൽ പഴയതുപോലെ ആകുന്നു. സവാളയോ ഉള്ളിയോ എണ്ണയോ ഒന്നും േചർക്കാതെ തന്നെ ചിക്കൻ, ബീഫ് കറികൾ ഉൾപ്പെടെയുള്ള കറികൾ തനി നാടൻ രുചിയിൽ ഉണ്ടാക്കാം.
തിന്നാൻ തയാർ വിഭവങ്ങൾ എന്ന നിലയിൽ ചെമ്മീൻ ചമ്മന്തി, നാളികേര ചമ്മന്തി, േദാശ/ഇഡ്ഡലി ചട്നിപ്പൊടി എന്നിവയും ഉണ്ടാക്കുന്നുണ്ട്. രസം മിക്സ്, മാങ്ങ/ഇഞ്ചി/നാരങ്ങ/നെല്ലിക്ക/കാന്താരി സിറപ്പുകൾ എന്നിവയും നിർമിക്കുന്നു. ഈ കോവിഡ് കാലത്തും മികച്ച രീതിയിൽ ബിസിനസ് നടത്താനായി എന്നതാണ് ലിംസന്റെ നേട്ടം.

എന്തുകൊണ്ട് ഈ സംരംഭം?

മെക്കാട്രോണിക്സ് (Mechatronics) ആണ് ലിംസൻ പഠിച്ചത്. ഏതാനും വർഷം ഇലക്ട്രോണിക്സ്/ഇലക്ട്രിക് റിപ്പയറിങ്/സർവീസ് സെന്ററുകൾ നടത്തി. എന്നാൽ ഈ രംഗത്ത് സാധ്യതകൾ ഏറെ കുറഞ്ഞു വന്നതിനാൽ ആ പദ്ധതി ഉപേക്ഷിച്ചു. കുറച്ച് ഇന്നവേറ്റീവ് ആയ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചു. അപ്പാപ്പന് ഹോട്ടലും അമ്മയുടെ പിതാവിന് മലഞ്ചരക്കു വിൽപനയും കയറ്റുമതിയും ഉണ്ടായിരുന്നു. അതിന്റെ ചുവടുപിടിച്ചാണു ഭക്ഷ്യഉൽപന്ന നിർമാണത്തിലേക്കു കടക്കുന്നത്. സ്വന്തമായി ഡിസൈൻ ചെയ്ത മെഷിനറികളാണ് ഉപയോഗിക്കുന്നത്.

നാലു േകന്ദ്രങ്ങളിലായി ഉൽപാദനം

നാലു കേന്ദ്രങ്ങളിലായിട്ടാണ് ഉൽപാദനം നടക്കുന്നത്. വീടുകളോടു േചർന്നാണു നിർമാണ കേന്ദ്രങ്ങളെല്ലാം. റിസ്ക് കുറയ്ക്കാൻ ഇത് സഹായിക്കുന്നു. 14 ലക്ഷം രൂപയുടെ മെഷിനറികൾ ആകെ ഉപയോഗിക്കുന്നുണ്ട്. വീടിന്റെ ടെറസിനു മുകളിലും സംരംഭം പ്രവർത്തിക്കുന്നു. കൃത്യമായ ഗുണമേന്മാ പരിശോധന നടത്തിയാണ് ഉൽപന്നങ്ങൾ വാങ്ങുക.
നന്നായി തണുപ്പിക്കുന്ന ഫ്രീസർ, വാക്വം ഫ്രൈ/ഡ്രൈ മെഷിനറികൾ, ഡീഹൈഡ്രേറ്റിങ് മെഷീൻ (Dehydrating Machine), റോസ്റ്റർ, പൾവറൈസർ, പാക്കിങ് മെഷീനുകൾ എന്നിവയാണ് മെഷിനറികളിൽപ്പെടുന്നത്.

കർഷകർക്കും നേട്ടം

മലഞ്ചരക്കുകളും പച്ചക്കറികളും പരമാവധി നാട്ടിലെ കർഷകരിൽനിന്നു നേരിട്ടാണു സംഭരിക്കുക. തുടർച്ചയായി ഇത്തരം ഉൽപന്നങ്ങൾ സപ്ലൈ ചെയ്യുന്ന കർഷകർ ഉണ്ട്. കുറഞ്ഞ വിലയ്ക്കു മികച്ച ഗുണമേന്മയിൽ അസംസ്കൃതവസ്തുക്കൾ ലഭിക്കും എന്നതാണു നേട്ടം. സ്ഥാപനത്തിൽ സ്ഥിരം ജോലിക്കാരായി മൂന്നു േപർ മാത്രം. വിൽപനയിലാണ് അവരുടെ സഹായം ഉള്ളത്.

കൊറോണക്കാലത്തും കച്ചവടം

കോവിഡ് വ്യാപനം കച്ചവടത്തെ ബാധിച്ചു എങ്കിലും ബിസിനസ് നിർത്തിവയ്ക്കേണ്ടി വന്നില്ല. ഉൽപാദനം പ്ലാൻ ചെയ്തതുപോലെ നടക്കാത്തതിനാൽ അൽപം പ്രയാസം നേരിട്ടു. ഈ സമയത്ത് നേരിട്ടും, പിന്നീട് പോസ്റ്റൽ ഡിപ്പാർട്മെന്റ് വഴിയും ബിസിനസ് ഉഷാറാക്കി. സൂപ്പർ മാർക്കറ്റുകൾ, ഡിപ്പാർട്മെന്റ് സ്റ്റോറുകൾ, മിലിട്ടറി, നേവി, പൊലീസ് കന്റീനുകൾ എന്നിവിടങ്ങളിൽ നന്നായി വിപണനം നടത്താൻ കഴിഞ്ഞു.ചിക്കൻ, മട്ടൺ, ഫിഷ്, ബീഫ് സ്റ്റാളുകൾ വഴിയും വിൽപന കിട്ടി.

അടുത്തു തന്നെ 17 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ലിംസൻ പറയുന്നു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ഡിപ്ലോമ നേടിയതിനു പുറമേ കൊമേഴ്സിൽ ബിരുദവും നേടിയിട്ടുണ്ട് 42 കാരനായ ഈ അവിവാഹിതൻ.
ബിസിനസ് രംഗത്ത് മത്സരം കുറവാണ്. ക്രെഡിറ്റ് നൽകേണ്ടി വരുന്നില്ല. വിതരണക്കാരെയും നിയമിച്ചിട്ടില്ല. പ്രളയത്തിൽ സംഭവിച്ച നഷ്ടമാണ് സംരംഭത്തെ പ്രതികൂലമായി ബാധിച്ചത്. നാലു ലക്ഷം രൂപ വരെയാണ് ഇപ്പോഴത്തെ ബിസിനസ്. അതിൽ 20–30 ശതമാനം വരെ അറ്റാദായം കിട്ടുന്നു. ശരാശരി ഒരു ലക്ഷം രൂപ പ്രതിമാസം വരുമാനമുണ്ടെന്നു പറയാം. ഈ മേഖലയിൽ ബിസിനസ് വിപുലപ്പെടുത്തുന്നതിനായി നിക്ഷേപിക്കാനോ പങ്കാളിത്ത ബിസിനസ് ആരംഭിക്കാനോ താൽപര്യമുള്ളവർക്കായി വാതിലുകൾ തുറക്കുകയാണ് ഇദ്ദേഹം.

അനുകൂല ഘടകങ്ങൾ

∙    കുറഞ്ഞ മത്സരം
∙    പ്രിസർവേറ്റീവും കളറും ചേർക്കാത്ത ഉൽപന്നം.
∙    മെഷിനറിയുടെ സഹായത്താൽ തികച്ചും ശുചിത്വത്തോടെ ചെയ്യുന്നു.
∙    പാചകം പഠിക്കാത്തവർക്കും നന്നായി പാകം ചെയ്യാം.
∙    തികച്ചും രുചികരമായ ഭക്ഷണം നിർമിക്കാനുള്ള സൗകര്യം.
∙    ആകർഷകമായ പാക്കിങ്.
∙    48 മണിക്കൂറിനുള്ളിൽ വിറ്റുപോകുന്നു.
പ്രതികൂലം
∙     വലിയ വിപണിസാധ്യത പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല.
∙    വിപുലീകരണത്തിനു ഫണ്ട് കണ്ടെത്താനാകാത്ത അവസ്ഥ.
∙    പ്രളയം പോലുള്ള തിരിച്ചടികൾ.

പുതുസംരംഭകർക്ക്
ഭക്ഷ്യസംസ്കരണ രംഗത്ത് ഏറെ അവസരങ്ങൾ േകരളത്തിൽ എക്കാലത്തും ഉണ്ട്. കുറച്ച് ഇന്നവേറ്റീവ് ആയി ഈ രംഗത്തേക്കു വരാൻ കഴിഞ്ഞാൽ മികച്ച നേട്ടം ഉണ്ടാക്കാനാകും. പത്തുലക്ഷം രൂപയുടെ നിക്ഷേപത്തിൽ ഇത്തരം ബിസിനസുകൾ തുടങ്ങാം. ആദ്യഘട്ടത്തിൽത്തന്നെ മൂന്നു േപർക്കു തൊഴിൽ നൽകാം. അഞ്ചു ലക്ഷം വരെ പ്രതിമാസ കച്ചവടം ലഭിച്ചാലും ഒന്നരലക്ഷം രൂപയെങ്കിലും ലാഭമായി നേടാനാകും.

English Summary : Success Story of an Entrepreneur in Food Processing Industry


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com