ADVERTISEMENT

അപൂർവമായ ഒരു ബിസിനസ് കൊറോണക്കാലത്തും നടത്തി വിജയിപ്പിച്ച കഥയാണ് സുബൈദ ഫൈസലിന് പറയാനുള്ളത്. ഗുരുവായൂരിനടുത്ത് ൈതക്കാട് ‘എസ്എസ് എന്റർപ്രൈസസ്’ എന്ന േപരിൽ പ്രവർത്തിക്കുന്ന ഒരു ലഘുസംരംഭത്തിന്റെ ഉടമയാണ് ഈ വീട്ടമ്മ.

നമ്മുടെ വീടുകളിൽ സാമ്പാറും അച്ചാറുമൊക്കെ പാകം ചെയ്യുമ്പോൾ, ഒപ്പം ചേർക്കുന്ന കായം നിർമിച്ചു വിൽക്കുന്നതാണ് ബിസിനസ്. അസഫ് ഓയിൽ (മരത്തിന്റെ എണ്ണ), ബീരാനാസിൽ (മരത്തിന്റെ കറ), അറബിക് ഗം, സാമന്തി (മരത്തിന്റെ പശ), കടുകെണ്ണ, ഗോതമ്പുമാവ് എന്നീ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് ഔഷധഗുണമുള്ള കായം നിർമിക്കുന്നത്. പൗഡർ രൂപത്തിലും േകക്ക് രൂപത്തിലും നിർമിച്ചു വിൽക്കുന്നുണ്ട്.

എന്തുകൊണ്ട് ഈ സംരംഭം തുടങ്ങി?

ഭർത്താവ് ഫൈസൽ ഒരു ബേക്കറി സ്ഥാപനം നടത്തുന്നുണ്ടായിരുന്നു. ഒരു സമയത്ത് 30 തൊഴിലാളികൾ വരെ ഉണ്ടായിരുന്ന ഈ സംരംഭം ലാഭകരമായിരുന്നുവെങ്കിലും ചില വ്യക്തിപരമായ പ്രശ്നങ്ങൾ മൂലം അടച്ചുപൂട്ടേണ്ടതായി വന്നു. ആ സാഹചര്യത്തിലാണ് നല്ല വിപണി ലഭിക്കുന്നതും മത്സരം ഇല്ലാത്തതുമായ ഒരു ഉൽപന്നം കണ്ടെത്താനുള്ള ശ്രമം തുടങ്ങിയത്. അങ്ങനെ കായം നിർമിച്ചു വിൽക്കുക എന്നതിലേക്ക് എത്തി.

ആശയം സ്വീകരിച്ചെങ്കിലും ഇത്തരമൊരു സംരംഭം സ്വന്തം നിലയിൽ തുടങ്ങാനുള്ള സാങ്കേതിക പരിജ്ഞാനം സുബൈദയ്ക്ക് ഇല്ലായിരുന്നു. അതിനു േകരളത്തിനകത്തു തന്നെയുള്ള ഒരു ഇൻക്യുബേഷൻ കേന്ദ്രത്തിൽ പോയി പരിശീലനം നേടി. പക്ഷേ, ആ ഫോർമുല ഉപയോഗിച്ച് കായം നിർമിക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നാൽ ആ അറിവു വച്ചുകൊണ്ട് സ്വന്തംനിലയിൽ ഒരു ഫോർമുല ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. പിന്നീട് ഓരോ ഘട്ടത്തിലും കുറവുകൾ ഒന്നൊന്നായി പരിഹരിച്ച് ഇപ്പോൾ മികച്ചൊരു ഉൽപന്നമായി എസ്എസ് കായം മാറിക്കഴിഞ്ഞു.

അഫ്ഗാനിസ്ഥാൻ വഴി

പ്രധാന അസംസ്കൃത വസ്തുക്കൾ എത്തുന്നത് അഫ്ഗാനിസ്ഥാനിൽ നിന്നുമാണ്. കശ്മീരിൽനിന്നു മരത്തിന്റെ പശയും വാങ്ങുന്നുണ്ട്. മധുരയിലെ ഏജന്റിൽനിന്ന് ഇത്തരം ഉൽപന്നങ്ങൾ ലഭിക്കുന്നു. ഗോതമ്പുമാവ്, കടുകെണ്ണ എന്നിവ മാത്രമാണ് േകരളത്തിൽനിന്നു ശേഖരിക്കുന്നത്. അസഫ് ഓയിൽ പോലുള്ള ഉൽപന്നങ്ങൾ വർഷത്തിൽ മൂന്നു മാസത്തിൽ, ഡിസംബർ മുതൽ മാർച്ച് വരെ, മാത്രമേ ലഭിക്കൂ. ആ സമയത്ത് ഇതു സംഭരിച്ചു വയ്ക്കുന്നു. ക്രെഡിറ്റ് ലഭിക്കില്ല. നേരിട്ട് ഇറക്കുമതി െചയ്യാൻ ശ്രമിച്ചാൽ നല്ല ലാഭം കിട്ടാം. നിലവിൽ അസംസ്കൃത വസ്തുക്കളെല്ലാം യഥേഷ്ടം ലഭിക്കുന്നുണ്ട്.

വിൽപന വിതരണക്കാർ വഴി

കടകളിൽ നേരിട്ടു പോയി ഓർഡർ പിടിച്ചു വിൽക്കേണ്ടി വരുന്നില്ല. വിതരണക്കാർ വഴിയാണു വിൽപന മുഴുവനും. നിലവിൽ കേരളത്തിലെ എല്ലാ ജില്ലകളിലുമായി 40 വിതരണക്കാരുണ്ട്. ക്രെഡിറ്റ് നൽകുകയില്ല. കുറിയർ/പാഴ്സൽ സർവീസ് വഴിയാണ് അയയ്ക്കുന്നത്. അക്കൗണ്ടിൽ പണം വന്നതിനുശേഷം മാത്രമേ അയയ്ക്കാറുള്ളൂ. 

ശരാശരി 20 മുതൽ 50 കിഗ്രാം വരെയാണ് ഓർഡർ ലഭിക്കുക. 10, 20, 25, 50 ഗ്രാം തൂക്കത്തിൽ പൗഡർ രൂപത്തിലും കട്ടയായും പാക്ക് ചെയ്തു നൽകുന്നു. പൗഡറിന് വില കൂടുതലാണ്. വീടുകളിൽ ഉപയോഗിക്കാൻ കട്ടയാണ് ഉത്തമം. 

ഒന്നരവർഷം മുൻപ് പ്രതിമാസം 50,000 രൂപ വിറ്റുവരവിൽ തുടങ്ങിയതാണ്. ഇപ്പോൾ മൂന്നു മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ് വിറ്റുവരവുള്ളത്. കൊറോണക്കാലത്തും വിൽപനയിൽ ക്രമമായ രീതിയിൽ വർധന ഉണ്ടായി. 30–40 ശതമാനം അറ്റാദായം ലഭിക്കാവുന്ന ഉൽപന്നമാണ്. ഉൽപാദനം വർധിപ്പിച്ചാലും വിൽക്കാവുന്ന വിപണി ഇന്നുണ്ട്.

രണ്ടു ലക്ഷം രൂപയുടെ മെഷിനറി

െവൻഡർ മെഷീൻ, പൾവറൈസർ, പേയിങ് ബാലൻസ്, കംപ്യൂട്ടർ എന്നിവയാണു പ്രധാനപ്പെട്ടവ. മാന്വൽ പാക്കിങ് നടത്തുന്നതിനാൽ അഞ്ചു േപർ ആ വിഭാഗത്തിൽ ജോലി ചെയ്യുന്നുണ്ട്. രണ്ടു േപർ അല്ലാതെയും സഹായത്തിനെത്തുന്നു. 

PMEGP പദ്ധതി പ്രകാരം ഫെഡറൽ ബാങ്കിൽനിന്നു 3.80 ലക്ഷം രൂപ വായ്പ എടുത്താണു സംരംഭം തുടങ്ങിയത്. േകന്ദ്ര സർക്കാരിന്റെ GECL പദ്ധതി വഴി 90,000 രൂപയുടെ അധിക വായ്പ കൊറോണയുടെ പശ്ചാത്തലത്തിൽ അനുവദിച്ചു കിട്ടി.

പ്രശ്നങ്ങൾ

∙ പ്രവർത്തന മൂലധനത്തിന്റെ കുറവ്. 

∙ അസംസ്കൃത വസ്തുക്കൾ സീസണൽ ആണ്.

∙ വലിയ കമ്പനികളുടെ മത്സരം.

∙ വില കുറച്ച് വിൽക്കേണ്ടതായി വരുന്നു.

മേന്മകൾ

∙ 10-20% വരെ വില കുറവായിരിക്കും.

∙ ഏറ്റവും മികച്ച അസംസ്കൃത വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നു.

∙ കൃത്യമായ പാക്കിങ്; ചൂടാറും മുൻപു വിതരണം.

∙ കൃത്യമായ അളവ്, ഔഷധമൂല്യം.

∙ മികച്ച മണവും ഗുണവും.

∙ FSSAI, Packer ൈലസൻസുകൾ പ്രകാരം പ്രവർത്തനം.

∙ 24 മണിക്കൂറിനുള്ളിൽ േകരളത്തിൽ എവിടെയും വിതരണം.

സുൈബദയും ഭർത്താവ് ഫൈസലും ചേർന്ന് കുടുംബ ബിസിനസായാണ് കൊണ്ടുപോകുന്നത്. നിലവിലെ വിൽപന പ്രകാരം ഒരു മാസം 80,000 മുതൽ ഒരു ലക്ഷം രൂപ വരെ അറ്റാദായം ഈ ബിസിനസിലൂടെ ലഭിക്കുന്നു. 

ഭാവി പരിപാടികൾ

നിലവിലെ ഉൽപാദനശേഷി ഇരട്ടിയെങ്കിലുമാക്കി വർധിപ്പിക്കണമെന്ന് ഇവർ ആഗ്രഹിക്കുന്നു. അതോടൊപ്പം നമ്മുടെ തനത് ഉൽപന്നങ്ങളായ കുരുമുളക്, മഞ്ഞൾ, ചുക്ക് എന്നിവ സംസ്കരിച്ച് പാക്ക് ചെയ്തു വിൽക്കുവാനുള്ള പദ്ധതികളും മുന്നിലുണ്ട്. ‘കിനോവ’ പ്രയോജനപ്പെടുത്തി ഹെൽത്ത് ഫുഡ് തുടങ്ങാൻ പോവുകയാണ്. ‘‘മധ്യപ്രദേശിൽനിന്നു ലഭിക്കുന്ന വലിയ ഔഷധഗുണവും രോഗപ്രതിരോധശക്തിയും നൽകുന്ന ധാന്യമാണ് കിനോവ. ചീരയുടെ വിത്തു പോലിരിക്കും.’’ സുബൈദ പറയുന്നു. ഇങ്ങനെ വലിയ വലിയ സ്വപ്നങ്ങളാണ് ഈ ദമ്പതികൾ സംരംഭക രംഗത്തു കാണുന്നത്. 

പുതു സംരംഭകർക്ക്

കായം പോലെ മത്സരം കുറഞ്ഞ സംരംഭങ്ങൾ തിരഞ്ഞെടുക്കുന്നത് ഗുണം ചെയ്യും. വളരെ ചെറിയ നിക്ഷേപത്തിൽ തുടങ്ങാമെന്നതാണ് ഇവയുടെ മേന്മ. ഇൻക്യുബേഷൻ സൗകര്യങ്ങളും ലഭ്യമാണ്. ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം ലഭിച്ചാൽ പോലും 50,000 രൂപ കുറഞ്ഞത് ലാഭമുണ്ടാക്കാനാകും. ഇതിനൊപ്പം മൂന്നു േപർക്കെങ്കിലും തൊഴിലും നൽകാം.

English Summary : Success Story of a woman Entrepreneur who Makes Asafoetida

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com