തുടക്കം 50 രൂപയിൽ, ഇന്ന് മാസം 60,000; കോവിഡിലും ചുവടുറപ്പിച്ച് സംരംഭകൻ

HIGHLIGHTS
  • ആയുർവേദ ഉൽപന്നങ്ങൾ ഏറെ സാധ്യതയുള്ള ഒരു ബിസിനസ് കൂടിയാണ്. ഇൻക്യുബേഷൻ സൗകര്യങ്ങൾ ഉപയോഗിച്ചാൽ തീരെ കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാം
Ashir-AB
SHARE

വെറും 50 രൂപ കൊണ്ട് ബിസിനസ് തുടങ്ങി വിജയിപ്പിച്ച കഥയാണ് സംരംഭകനായ ആഷിർ എ. ബിക്കു പറയാനുള്ളത്.തൃശൂർ ജില്ലയിലെ കോണത്തുകുന്നിൽ (ജനതാ കോർണർ) ചന്ദ്രകാന്തം അസോഷ്യേറ്റ്സ് എന്ന േപരിൽ സംരംഭം നടത്തുന്ന ആളാണ് ആഷിർ. ആയുർവേദ ഉൽപന്നങ്ങൾ നിർമിച്ച് വിതരണം ചെയ്യുകയാണ് ബിസിനസ്. 

ആയുർവേദിക് ഷാംപൂ, ഹെയർ ഓയിൽ, ഫെയ്സ് പാക്ക്, െഹന്ന പൗഡർ എന്നിവയാണു പ്രധാന ഉൽപന്നങ്ങൾ. സൾഫേറ്റ്, സോൾട്ട്, പാരാബെൻ തുടങ്ങിയ കെമിക്കലുകൾ ഒഴിവാക്കിയാണ് നിർമാണം. സൾഫേറ്റ് ഇപ്പോൾ പൂർണമായും ഒഴിവാക്കിയിട്ടില്ല. അതിനു ശ്രമിച്ചു വരികയാണ്.

എന്തുകൊണ്ട് ഇത്തരമൊരു സംരംഭം?

ഒരു തുണിക്കടയിലെ സെയിൽസ്മാൻ ആയിരുന്നു ആഷിർ. സാമ്പത്തികശേഷി ഇല്ലാത്ത കുടുംബം. കൂടുതൽ സമയം നിന്നു ജോലി ചെയ്യാൻ പ്രയാസം േനരിട്ടതിനാൽ ജോലി ഉപേക്ഷിക്കേണ്ടി വന്നു. തുടർന്നാണ് ക്ലീനിങ് ഉൽപന്നങ്ങളുടെ വിതരണ ജോലി ആരംഭിച്ചത്. 

50 രൂപ മുടക്കി ക്ലോറിനും ടോയ്‌ലറ്റ് ക്ലീനറും വാങ്ങി 20 മില്ലി, 50 മില്ലി, അര ലീറ്റർ തുടങ്ങിയ അളവുകളിൽ റീപാക്ക് ചെയ്തു വീടുകളിൽ നേരിട്ട് എത്തിച്ചു വിൽക്കുകയായിരുന്നു പരിപാടി. ഈ സമയത്ത് സന്ദർശിക്കുന്ന വീടുകളിൽനിന്നു സുഗന്ധദ്രവ്യങ്ങളുടെ ആവശ്യം ധാരാളമായി ഉയർന്നുവന്നു. 

അതുവഴി സൗന്ദര്യവർധക ഇനങ്ങൾക്കു വലിയ സാധ്യത ഉണ്ടെന്നു മനസ്സിലാക്കിയാണ് അത്തരം ഉൽപന്നങ്ങളുടെ നിർമാണത്തിലേക്കു 

കൂടി കടക്കുന്നത്. ആദ്യം പാരമ്പര്യ ൈവദ്യന്മാരെ സമീപിച്ച് മികച്ച ഫോർമുലകൾ സമ്പാദിച്ചു. തികച്ചും ഔഷധസസ്യങ്ങളെ ആധാരമാക്കി ഇവ ഉൽപാദിപ്പിച്ചു പരീക്ഷിച്ചു വിജയം കണ്ടു. 

ആദ്യം വീടുകൾ, പിന്നെ വിതരണക്കാർ

ആദ്യം വീടുകളിൽത്തന്നെ വിൽക്കാൻ ശ്രമിച്ചത് പരസ്യം ചെയ്യാൻ കയ്യിൽ പണം ഇല്ലാത്തതു കൊണ്ടാണ്. ആളുകൾ പറഞ്ഞുകേട്ടു കച്ചവടം അഭിവൃദ്ധിപ്പെട്ടു. ആദ്യകാലത്ത് ഒരു മാസം 2,000 രൂപയുടെ കച്ചവടം തികയ്ക്കാൻ വരെ പാടുപെട്ട സമയം ഉണ്ടായിരുന്നു. എന്നാൽ ഒന്നരവർഷം കൊണ്ട് അതു രണ്ടു ലക്ഷത്തിനു മുകളിലേക്ക് എത്തിക്കാനായി. ഇപ്പോൾ വീടുകളും ആയുർവേദ മരുന്നു ഷോപ്പുകളും കടന്ന് വിതരണക്കാർ വഴിയും വിൽപന നടത്തുന്നു.ഉപയോഗിച്ചവരുടെ ശുപാർശ വഴിയും കച്ചവടം കിട്ടി.

കോവിഡ് കാലത്ത് അതിന് ഉതകുന്ന രീതിയിൽ ബിസിനസ് ശൈലി രൂപപ്പെടുത്തി. ഉപഭോക്താക്കളെ മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്താൽ കണ്ടെത്തി അവർക്ക് നേരിട്ടും കുറിയർ വഴിയും ഉൽപന്നങ്ങൾ എത്തിച്ചു നൽകുന്നു.അതോടൊപ്പം അടുത്ത പ്രദേശങ്ങളിൽ നേരിട്ട് എത്തിച്ച് വിതരണം നടത്തുന്നു. കിടമത്സരം നിലനിൽക്കുന്നുവെങ്കിലും സാധ്യതകൾ ഒട്ടേറെയുണ്ട്.

പ്രത്യേകതകൾ

∙കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ കഴിയുന്നു. വിപണിയെക്കാൾ 20% വരെ വില കുറവാണ്. 

∙ മുടിക്ക് ദൂഷ്യം ചെയ്യുന്നവ ഒഴിവാക്കിയാണ് ഷാംപൂ നിർമിക്കുന്നത്.

∙ മുടികൊഴിച്ചിൽ, താരൻ, അകാലനര, ചൊറിച്ചിൽ, മുടിപൊട്ടൽ എന്നിവ നിയന്ത്രിക്കാൻ കഴിയുന്നു. 

∙ പ്രകൃതിദത്തമായ െഹർബലുകൾ തികച്ചും ഫ്രഷ് ആയി ഉപയോഗിക്കുന്നു.

∙ മികച്ച അസംസ്കൃത വസ്തുക്കൾ നേരിട്ടും മരുന്നുകടകൾ വഴിയും ശേഖരിക്കുന്നു.

∙ ഡ്രഗ് ലൈസൻ‌സ്, GMP ക്വാളിറ്റി സർട്ടിഫിക്കേഷൻ, പഞ്ചായത്ത് ൈലസൻസ്, ജിഎസ്ടി തുടങ്ങി നിയമപരമായ എല്ലാം രേഖകളും കൈവശം ഉണ്ട്.

നിർമാണം പുറത്ത്

ഉൽപന്നങ്ങൾ നിർമിക്കുന്ന പ്രക്രിയ പൂർണമായും സ്ഥാപനത്തിനു പുറത്താണു നടത്തുന്നത്. കൊരട്ടി ഇൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന ‘കെയർ കേരളം’ എന്ന സഹകരണ സ്ഥാപനത്തിന്റെ പ്ലാന്റിലാണ് ഇതുമായി ബന്ധപ്പെട്ട ജോലികൾ നടത്തുന്നത്.വലിയ മൂലധനം വേണ്ടിവരുന്ന മെഷിനറി നിക്ഷേപം ഇതു‌മൂലം ഒഴിവാക്കാൻ കഴിഞ്ഞു. അവർക്ക് സർവീസ് ചാർജ് നൽകിയാണ് അവിടത്തെ സൗകര്യങ്ങൾ ഉപയോഗിക്കുന്നത്. അതുകൊണ്ടു‌തന്നെ അടിസ്ഥാന സൗകര്യങ്ങൾക്കായി വലിയ നിക്ഷേപമൊന്നും വേണ്ടിവന്നില്ല. 

‘‘ഇത്തരത്തിലുള്ള ഇൻക്യുബേഷൻ സൗകര്യങ്ങൾ പുതുസംരംഭകർക്കു വലിയ അനുഗ്രഹമാണ്.നമ്മുടെ ഫോർമുല അനുസരിച്ച് നിർമാണം, പാക്കിങ്/ബോട്ടിലിങ്/സീലിങ് എല്ലാം ഈ പ്ലാന്റിലൂടെ നടന്നുകിട്ടും. നാലു തൊഴിലാളികളും പ്രവർത്തനങ്ങളിൽ ഒപ്പമുണ്ട്.’’ ആഷിർ പറയുന്നു. 

അസംസ്കൃത വസ്തുക്കൾക്ക് ഗുജറാത്ത്, രാജസ്ഥാൻ

പ്രധാന അസംസ്കൃത വസ്തുക്കൾ ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നു വരുത്തുന്നു. ഹെർബലുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ കർഷകരിൽനിന്നു ശേഖരിക്കുന്നു. ആവശ്യമായവ എല്ലാം സുലഭമായി ലഭിക്കുന്നു. അവിവാഹിതനായ ആഷിറിന്റെ സഹോദരൻ ആഷിക്കും ബിസിനസിൽ സഹായിക്കുന്നുണ്ട്. നിലവിൽ ചെലവെല്ലാം കഴിഞ്ഞ് ഒരു മാസം 60,000 രൂപയിൽ കുറയാത്ത അറ്റാദായം ഈ ബിസിനസിലൂടെ ലഭിക്കുന്നുണ്ട്.

പ്രതിസന്ധികൾ

∙ പലപ്പോഴും ക്രെഡിറ്റ് നൽകേണ്ടതായി വരുന്നു. 

∙ വിതരണക്കാരിൽനിന്നു പണം കിട്ടാനും താമസം നേരിടാം.

∙ ഇൻപുട്ട് ക്രെഡിറ്റ് ലഭിക്കാത്ത അവസ്ഥ.

∙ പ്രവർത്തന മൂലധനത്തിന്റെ അപര്യാപ്തത.

∙ ജിഎസ്ടിയായി  18% തുക ഈടാക്കുന്നത്. 

പുതിയ പദ്ധതികൾ

സ്വന്തം പ്ലാന്റ് തുടങ്ങണം. ഫേഷ്യൽ കിറ്റ്, ട്രീറ്റ്മെന്റ് പാക്കേജ്, െകയർ സിറം, മുറിവെണ്ണ, നാൽപാമരാദി എണ്ണ തുടങ്ങിയവ സ്വന്തമായി ഉൽപാദിപ്പിക്കണം. 20 േപർക്കെങ്കിലും തൊഴിൽ നൽകണം. പൂർണമായും സൾഫേറ്റ് വിമുക്തമായ ഷാംപൂ പുറത്തിറക്കണം. 

പുതു സംരംഭകർക്ക്

ആയുർവേദ ഉൽപന്നങ്ങൾ ഏറെ സാധ്യതയുള്ള ഒരു ബിസിനസ് കൂടിയാണ്. ഇൻക്യുബേഷൻ സൗകര്യങ്ങൾ ഉപയോഗിച്ചാൽ തീരെ കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാം. തുടക്കത്തിൽ മൂന്നോ നാലോ പേർക്കെങ്കിലും തൊഴിൽ നൽകാനാകും. രണ്ടു ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം ഉണ്ടാക്കിയാൽ പോലും 60,000 രൂപ അറ്റാദായം പ്രതീക്ഷിക്കാം. 

English Summary : Success Story of an Entrepreneur who Earns 60,000 Rupees per Month

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA