ADVERTISEMENT

കാലങ്ങളായി ഒരേ ജോലി ചെയ്യുന്നവർക്ക് ഒന്ന് മാറി ചിന്തിക്കാനുള്ള തോന്നൽ മനസിൽ ഇടക്കൊക്കെ ഉണ്ടാകുക സ്വാഭാവികമാണ്. അത്തരം ഒരു തോന്നലിൽ നിന്നുമാണ് കൊച്ചി തൃപ്പൂണിത്തുറ സ്വദേശിനിയായ പ്രജിന ദീപക് ഐടി മേഖലയിൽ നിന്നും ജോലി രാജി വച്ച് സ്വന്തമായൊരു സംരംഭം തുടങ്ങിയത്. എന്നാൽ തുടങ്ങുന്ന സംരംഭം ഏതാണെന്ന് പ്രജിന പറഞ്ഞപ്പോഴാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടിയത്.

''ഐടി ഉപേക്ഷിച്ച് ഞാൻ മൺപാത്രങ്ങളുടെ വില്പന ആരംഭിക്കുകയാണ്'' ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ഇങ്ങനെ പറഞ്ഞാൽ ആരുമൊന്നും ഞെട്ടും. അത് സ്വാഭാവികം മാത്രം. പള്ളിപ്പെരുന്നാൾ, ഉത്സവം, എക്സിബിഷനുകൾ എന്നിവയിൽ മാത്രം കണ്ടു ശീലിച്ചിട്ടുള്ള മൺപാത്രങ്ങളുടെ വില്പനയ്ക്ക് ഒരു എൻജിനീയർ, അതും ജോലി ഉപേക്ഷിച്ച് ഇറങ്ങിത്തിരിക്കേണ്ട ആവശ്യമെന്താണ്? പലരും ചോദിച്ചു. കൂട്ടത്തിൽ താൻ ഓൺലൈനിലൂടെയാണ് മൺപാത്രങ്ങൾ വിൽക്കാനുദ്ദേശിക്കുന്നത് എന്ന് കൂടി അറിയിച്ചപ്പോഴാണ് ഞെട്ടൽ പലർക്കും ആഘാതമായി മാറിയത്.

എന്നാൽ പ്രജിനയ്ക്ക് താൻ തിരഞ്ഞെടുത്ത മേഖലയെപ്പറ്റിയും ആരംഭിക്കാൻ പോകുന്ന സംരംഭത്തിന്റെ സാമൂഹിക പ്രതിബദ്ധതയെ പറ്റിയും വ്യക്തമായ ധാരണയുണ്ടായിരുന്നു. മഡ് ആൻഡ് ക്ലേ എന്ന പേരിൽ പ്രജിന ആരംഭിച്ച സ്ഥാപനത്തിലൂടെ മായം ചേർക്കാത്ത കളിമൺ പത്രങ്ങളാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. യഥാർത്ഥ കളിമണ്ണിൽ തീർത്ത പാത്രങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമല്ലെന്നും കളിമണ്ണ് എന്ന വ്യാജേന റെഡ് ഓക്സൈഡ് ചേർത്ത പാത്രങ്ങളാണ് വിപണിയിൽ എത്തുന്നത് എന്നും മനസിലാക്കിയതിനെ തുടർന്നാണ് പ്രജിന ദീപക് മഡ് ആൻഡ് ക്ലേ എന്ന സംരംഭം ആരംഭിക്കുന്നത്.

laxmi-pot1

പാത്രങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക്

''കളിമണ്ണിൽ തീർത്ത പാത്രങ്ങളിൽ പാചകം ചെയ്യുന്നത് ആരോഗ്യ സംരക്ഷണത്തിന്റെ കൂടി ഭാഗമായാണ്. എന്നാൽ പകരം റെഡ്ഓക്സൈഡ് ചേർത്ത പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ അത് ആരോഗ്യത്തിന് പ്രതികൂല ഫലം ചെയ്യും. പണം ചെലവാക്കി രോഗങ്ങൾ വിളിച്ചു വരുത്തുന്നതിന് തുല്യമാണ് അത്. അതിനാലാണ് കളിമൺ പാത്രനിർമാതാക്കളിൽ നിന്നും പുതുമയാർന്ന ഡിസൈനുകൾ നൽകി ഉണ്ടാക്കിയെടുക്കുന്ന പാത്രങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്' പ്രജിന പറയുന്നു.

മഡ് ആൻഡ് ക്ലേ ആരംഭിക്കുന്നതിനു മുന്നോടിയായി പ്രജിന കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കളിമൺ പാത്ര നിർമാതാക്കളെ പോയി കാണുകയും. അവർ കളിമണ്ണ് ശേഖരിച്ച് പാത്രങ്ങൾ നിർമിക്കുന്ന രീതി നേരിൽ കണ്ട് മനസിലാക്കുകയൂം ചെയ്തു. അതിനു ശേഷമാണ് മഡ് ആൻഡ് ക്ലേ എന്ന സംരംഭത്തെ ജനങ്ങൾക്ക് പരിചയപ്പെടുത്തിയത്.  

ചെറുപ്പം മുതല്‍ക്ക് പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന ഉല്പന്നങ്ങളോട് പ്രജിനയ്ക്ക് വലിയ താല്പര്യമായിരുന്നു. അതിനാൽ തന്നെ വീട്ടിൽ ഉപയോഗിച്ചിരുന്നതത്രയും കളിമൺ പത്രങ്ങളും പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന വസ്തുക്കളുമായിരുന്നു. ഈ പ്രത്യേക ജീവിത രീതിയുടെ പ്രതിഫലനമാണ് മഡ് ആൻഡ് ക്ലേയിലൂടെ പ്രജിന യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. കപ്പുകള്‍, ജഗ്ഗുകള്‍, പ്‌ളേറ്റുകള്‍, പാചകത്തിനായി ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസുകള്‍, തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ വിവിധ ആകൃതിയിലും വലുപ്പത്തിലും മഡ് ആന്‍ഡ് ക്ലേ ലഭ്യമാക്കുന്നു.

laxmi-pot

പ്രതിമാസം 60000  രൂപ

2019 ൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൽ നിന്നും പ്രതിമാസം 60000  രൂപ വരെ വരുമാനം നേടാൻ പ്രജിനയ്ക്ക് കഴിയുന്നുണ്ട്. സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനോടൊപ്പം വിപണിയിൽ മതിയായ വില ലഭിക്കാതെ ഇടനിലക്കാരാൽ ചൂഷണം ചെയ്യപ്പെടുന്ന കളിമൺ പത്ര നിർമാതാക്കൾക്ക് പ്രജിന ഒരു അത്താണിയാകുകയും ചെയ്യുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് മഡ് ആന്‍ഡ് ക്ലേ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം പ്രധാനമായും നടക്കുന്നത്.

'' സോഷ്യൽ മീഡിയയിലൂടെയാണ് ഞാൻ പ്രധാനമായും വില്പന നടത്തുന്നത്. ഓരോ പുതിയ ഉല്പന്നവും വില സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യും. ആവശ്യക്കാർ ഓർഡർ നൽകുന്നതിനനുസരിച്ച് കൊറിയറിലൂടെ ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തിക്കും. ഏറെ ശ്രദ്ധിക്കേണ്ട കാര്യം പാക്കിങ് ആണ്. പൊട്ടുന്ന പാത്രങ്ങൾ ആയതിനാൽ ആ റിസ്ക് സ്വയം ഏറ്റെടുത്താണ് അയക്കുന്നത്'' പ്രജിന പറയുന്നു.

വ്യത്യസ്തമായ ഡിസൈനുകളിലുള്ള പാത്രങ്ങൾ തന്നെയാണ് മാഡ് ആൻഡ് ക്ലേയുടെ പ്രത്യേകത. ഓരോ ഡിസൈനുകളും പ്രത്യേകമായി നിർമാതാക്കൾക്ക് നൽകിയാണ് നിർമിക്കുന്നത്. ഒരുവിധത്തിൽ പറഞ്ഞാൽ കസ്റ്റമൈസ്ഡ് ഡിസൈനുകളിലുള്ള കളിമൺ പാത്രങ്ങളാണ് പ്രജിനയുടെ മഡ് ആൻഡ് ക്ലേ എന്ന സംരംഭത്തെ വ്യത്യസ്തമാക്കുന്നത്. വരും നാളുകളിൽ കൂടുതൽ മികച്ച ഉൽപ്പന്നങ്ങൾ, ഉപഭോക്തൃ ശൃംഖല എന്നിവ വഴി ഈ മേഖലയിൽ സജീവമാകണം എന്നാണ് പ്രജിന ആഗ്രഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com