ചക്ര കസേരയിലിരുന്ന് മുസ്തഫയുടെ കുട നിർമാണം; പ്രതിമാസം 8000 രൂപ വരുമാനം

HIGHLIGHTS
  • സോഷ്യൽ മീഡിയയാണ് കഴിഞ്ഞ 13 വർഷമായി കുട നിർമാണം നടത്തുന്ന മുസ്തഫ പറമ്പന്റെ വിപണി
laxmi-wheel1
SHARE

ചിലർ അങ്ങനെയാണ്, വിധിയുടെ മുന്നിൽ അത്ര പെട്ടെന്നൊന്നും തോൽവി സമ്മതിച്ചു കൊടുക്കില്ല. വീഴ്ചയിൽ നിന്നും പുതിയ ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ട്  പോകും. അത്തരത്തിൽ ഒരു വ്യക്തിയാണ് മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ മുസ്തഫ പറമ്പന്‍. മുസ്തഫ ചക്രകസേരയിൽ ഇരുപ്പായിട്ട് നീണ്ട 15 വർഷങ്ങൾ കഴിഞ്ഞു. അപ്രതീക്ഷിതമായി വന്ന ഒരു അപകടമാണ് മുസ്തഫയെ വീൽചെയറിൽ കുരുക്കിയിട്ടത്. കൃത്യമായി പറഞ്ഞാൽ 2005ൽ കവുങ്ങിൽ നിന്നും പിടിവിട്ട് താഴേക്ക് വീണതോടെ മുസ്തഫയുടെ ലോകം മാറിമറിയുകയായിരുന്നു

ലഭ്യമായ എല്ലാ ചികിത്സകളും നൽകിയെങ്കിലും അദ്ദേഹത്തിൻറെ അരയ്ക്ക് കീഴ്‌പോട്ട് തളര്‍ന്നു പോയി. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മുസ്തഫ തന്റെ വിധിയിൽ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് യാഥാർത്ഥ്യം മനസിലാക്കി ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഏത് വിധേനയും ജീവിതത്തിലേക്ക് മടങ്ങിയെത്തണം. കുറഞ്ഞപക്ഷം തന്റെ ചെലവിനായുള്ള പണമെങ്കിലും ഉണ്ടാക്കാൻ കഴിയണം. ഈ ഒരു ചിന്തയിൽ നിന്നുമാണ് മുസ്തഫ സംരംഭകത്വം എന്ന സ്വപ്നം കണ്ടു തുടങ്ങിയത്. അതിന് കാരണമായതാകട്ടെ പുളിക്കൽ പാലിയേറ്റിവ് കെയർ നടത്തിയ കുട നിർമാണ പരിശീലനവും.

laxmi-wheel3

സൗജ്യമായി കുടനിർമാണം പഠിച്ചു

തുടക്കത്തിൽ ഇനി എന്ത് ചെയ്യും ഉപജീവനത്തിനായി എന്ന ചിന്ത മുസ്തഫയെ ഏറെ അലച്ചിരുന്നു. അപ്പോഴാണ് പുളിക്കൽ പാലിയേറ്റിവ് കെയർ നടത്തിയ കുട നിർമാണ പരിശീലനം ജീവിതത്തിൽ പിടിവള്ളിയായത്. തുടക്കത്തിൽ ശ്രമകരമായിരുന്നു എങ്കിലും മുസ്തഫ ചക്ര കസേരയിൽ ഇരുന്നുകൊണ്ട് കുടനിർമാണ രീതികൾ പഠിച്ചെടുത്തു. ആദ്യം ഡേ കെയർ സെന്ററിലേക്ക് അവർ നൽകുന്ന വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് കുടകൾ നിർമിക്കുകയായിരുന്നു ചെയ്തിരുന്നത്. നിർമിക്കുന്ന കുടക്ക് നിശ്ചിത തുക കൂലി ആയി ലഭിക്കുമായിരുന്നു. 2007 ലാണ് ഇത്തരത്തിൽ കുട നിർമാണത്തിലേക്ക് കടന്നത്. പിന്നീട് സ്വന്തം ബ്രാൻഡിൽ നിർമിച്ച കുടകൾ വിൽക്കണം എന്ന ആഗ്രഹം മനസ്സിൽ ഉദിച്ചതോടെ സ്വന്തമായി സാധനങ്ങൾ വാങ്ങി കുടനിർമാണം ആരംഭിച്ചു.

16000 രൂപയുടെ നിക്ഷേപം

തുടക്കത്തിൽ കുടനിർമാണത്തിനായുള്ള സാധനങ്ങൾ വാങ്ങുമ്പോൾ 16000  രൂപയായിരുന്നു മുതൽ മുടക്ക്. നൂറു കുടകൾ നിർമിക്കുന്നതിനായുള്ള വസ്തുക്കളാണ് ഈ തുകക്ക് വാങ്ങിയിരുന്നത്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ചില സുഹൃത്തുക്കളും അവർ നൽകിയ ഓർഡറുകളുമായിരുന്നു നൂറു കുടകൾ നിർമിക്കുന്നതിന് പ്രചോദനമായത്. നിർമിച്ച കുടകൾ ആവശ്യക്കാരുടെ അഡ്രസിലേക്ക് കൊറിയറായി അയച്ചു കൊടുക്കുകയാണ് ചെയ്തിരുന്നത്. ഇത്തരത്തിൽ ആദ്യ ബാച്ച് കുടകൾ വിട്ടതോടെ തനിക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാനം കണ്ടെത്താനാകും എന്ന കാര്യത്തിൽ മുസ്തഫയ്ക്ക് ഉറപ്പായി. പിന്നീട് സോഷ്യൽ മീഡിയ വഴി കൂടുതൽ ഓർഡറുകൾ പിടിക്കാൻ ആരംഭിച്ചു. ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഹാന്‍ഡിക്രോപ്‌സ് എന്ന സംഘടനയുടെ പിന്തുണ ഇക്കാര്യത്തിൽ മുസ്തഫയ്ക്ക് സഹായകമായി.

laxmi-wheel2

220  രൂപ മുതൽ കുടകൾ

220  രൂപ മുതൽ 1700  രൂപ വരെയുള്ള  കുടകളാണ് മുസ്തഫ നിർമിച്ചു വിൽക്കുന്നത്. ഇതെല്ലം തന്നെ വീൽചെയറിൽ ഇരുന്നും കിടക്കയിൽ കിടന്നുമാണ് നിർമിക്കുന്നത്. എന്നാൽ പെർഫെക്ഷന്റെ കാര്യത്തിൽ ഏത് മുൻനിര കുടനിർമാണ കമ്പനികളുടെ കുടകളെയും വെല്ലുന്നതാണ് മുസ്തഫയുടെ കുടകളെന്ന് ഉപഭോക്താക്കളും പറയുന്നു. കമ്പനികളും സംഘടനകളും മറ്റും നൽകുന്ന ബൾക്ക് ഓർഡറുകളാണ് മുസ്തഫയ്ക്ക് പലപ്പോഴും താങ്ങാവുന്നത്. ഹജ്ജ് സീസണിൽ 700 കുടയുടെ വരെ ബൾക്ക് ഓർഡർ ഒരുമിച്ച് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇക്കുറി കൊറോണ വന്നതോടെ ബിസിനസ് അല്പം മോശമാണ്. എന്നിരുന്നാലും പ്രതിമാസം 8000  രൂപയുടെ വരുമാനം കണ്ടെത്താൻ മുസ്തഫയ്ക്ക് ആകുന്നുണ്ട്.

കൊറിയർ വഴി മെറ്റിരിയൽ വാങ്ങും  

കൊറോണക്ക് മുൻപും ശേഷവും കൊറിയർ വഴിയാണ് മുസ്തഫ ആവശ്യമായ മെറ്റീരിയലുകൾ സംഘടിപ്പിക്കുന്നത്. ഓർഡറുകൾ എത്തിക്കുന്നതും  കൊറിയർ വഴി തന്നെയാണ്. സോഷ്യൽ മീഡിയ തന്നെയാണ് കഴിഞ്ഞ 13 വർഷമായി കുട നിർമാണം നടത്തുന്ന മുസ്തഫ പറമ്പന്റെ പ്രധാന വിപണി. ഇതിനിടയ്ക്ക് അച്ചാർ നിർമാണത്തിലേക്കും പേപ്പർ പേന നിർമാണത്തിലേക്കും കൂടി മുസ്തഫ കടന്നിരുന്നു. എന്നാൽ ലാഭം കൂടുതൽ കുട നിർമാണത്തിൽ നിന്നും ആയതിനാൽ അച്ചാർ നിർമാണം ഒഴിവാക്കി. സർക്കാരിൽ നിന്നും മറ്റുമുള്ള ബൾക്ക് ഓർഡറുകൾ ലഭിക്കുന്നതിനാൽ പേന നിർമാണം കുട നിർമാണത്തോടൊപ്പം കൊണ്ട് പോകുന്നു. പേന 8  രൂപയ്ക്കാണ് വിൽക്കുന്നത്. ലോഗോ  പ്രിന്റ് ചെയ്ത കുടകളും മുസ്തഫ നിർമിക്കുന്നുണ്ട്. 

English Summary : Success Story of Mustafa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA