വനിതകൾക്ക് സ്വയം തൊഴിലിനായി കിട്ടും 50,000 രൂപ വരെയുള്ള ഈ പലിശരഹിത വായ്പ

HIGHLIGHTS
  • സംസ്ഥാന സർക്കാർ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികളിൽ ഒന്നാണ് ശരണ്യ പദ്ധതി
woman-1
SHARE

കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ േപരു റജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചവർ, നിയമാനുസൃതം വിവാഹബന്ധം േവർപെടുത്തിയവർ, അവിവാഹിതകൾ, പട്ടികവർഗത്തിലെ അവിവാഹിതരായ അമ്മമാർ എന്നീ വിഭാഗങ്ങളിലെ സ്ത്രീകൾക്കായി 2010–11 സാമ്പത്തികവർഷം ആരംഭിച്ച സ്വയംതൊഴിൽ പദ്ധതിയാണ് ശരണ്യ.

ഇതിലൂടെ ഒരു വ്യക്തിക്ക് 50,000 രൂപ വരെ പലിശരഹിത വായ്പ അനുവദിക്കും. വായ്പത്തുകയുടെ 50 ശതമാനം, പരമാവധി 25,000 രൂപ വരെ സബ്സിഡിയായും അനുവദിക്കും. പ്രോജക്ട് പരിശോധിച്ച് ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ ഒരു ലക്ഷം രൂപ വരെയും വായ്പ അനുവദിക്കാം. എന്നാൽ 50,000 രൂപയ്ക്കു മുകളിലുള്ള തുകയ്ക്ക് മൂന്നു ശതമാനം ഫ്ലാറ്റ് റേറ്റിൽ പലിശ ഈടാക്കും.

വാർഷിക വരുമാനം 2 ലക്ഷം കവിയരുത്

വാർഷിക കുടുംബവരുമാനം രണ്ടുലക്ഷം രൂപയിൽ കവിയാത്തതും 18 നും 55 നും ഇടയിൽ പ്രായമുള്ളതുമായ (അവിവാഹിതകൾക്കു 30 വയസ്സു പൂർത്തിയാകണം) േമൽപറഞ്ഞ വിഭാഗത്തിലുള്ള വനിതകൾക്ക് ഈ പദ്ധതി പ്രകാരം സ്വയംതൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം. പ്രഫഷനൽ/സാങ്കേതിക യോഗ്യതയുള്ളവർക്കും ഐടിഐ, ഐടിസി സർട്ടിഫിക്കറ്റ് ഉള്ളവർക്കും ബിരുദധാരികൾക്കും മുൻഗണന ഉണ്ട്. ഭർത്താവ് ഉപേക്ഷിക്കുകയോ ഭർത്താവിനെ കാണാതാകുകയോ ചെയ്ത സ്ത്രീകൾക്കു വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് മതി.

ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവർക്ക് തുടർന്ന് തൊഴിൽരഹിത വേതനം ലഭിക്കില്ല. പദ്ധതി പ്രകാരം സ്വയംതൊഴിൽ ചെയ്യുന്നതിനു വായ്പ ലഭിക്കാനുള്ള അപേക്ഷ പൂരിപ്പിച്ച് രേഖകൾ സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നൽകണം. ടൗൺ എംപ്ലോയ്മെന്റ് എക്സ്േചഞ്ചിൽനിന്നു പ്രാഥമിക പരിശോധനയ്ക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ കലക്ടർ ചെയർമാനായ ജില്ലാ കമ്മിറ്റിയിൽ വയ്ക്കുകയും ജില്ലാ കമ്മിറ്റി ഉദ്യോഗാർഥിയെ കൂടിക്കാഴ്ചയ്ക്കു വിളിച്ചു തീരുമാനമെടുക്കുകയും ചെയ്യുന്നു.

സ്വയംതൊഴിലിൽ പരിശീലനവും

ജില്ലാ കമ്മിറ്റി അപേക്ഷ പാസാക്കിയവർക്കു സംരംഭ വികസന പരിശീലനം റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഐഒബികൾ (RSETI) വഴി നൽകിയശേഷം ജില്ലാ എംപ്ലോയ്മെന്റ് എക്സ്േചഞ്ചുകൾ മുഖേന വായ്പ അനുവദിക്കുന്നു. വായ്പ തിരിച്ചടവ് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ബന്ധപ്പെട്ട ടൗൺ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിലോ നടത്താം. 

ശയ്യാവലംബരും നിത്യരോഗികളുമായ (അക്യൂട്ട് കിഡ്നി പ്രോബ്ലം, കാൻസർ, മാനസികരോഗം, ഹീമോഫീലിയ തുടങ്ങിയവ) ഭർത്താക്കന്മാരുള്ള അശരണരും തൊഴിൽരഹിതരുമായ വനിതകളെയും വികലാംഗരായ വനിതകളെയും ശരണ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശരണ്യ പദ്ധതി പ്രകാരം വായ്പ ലഭിക്കുന്നവർക്കു ജോലി ലഭിച്ചാലും അവർ ആരംഭിച്ച സംരംഭവും തിരിച്ചടവും നല്ല രീതിയിൽ നടത്തിക്കൊണ്ടുപോകാമെന്ന ഉറപ്പിൽ അവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താൽക്കാലിക ജോലിക്കു പരിഗണിക്കാം.

നല്ല രീതിയിൽ സംരംഭം നടത്തി  ആദ്യ വായ്പയുടെ 50 ശതമാനം തിരിച്ചടച്ചവർക്കു സംരംഭം വിപുലീകരിക്കാൻ ശുപാർശ പ്രകാരം ആദ്യ വായ്പത്തുകയുടെ 80 ശതമാനത്തിൽ കുറയാത്ത തുക കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കാം 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA