500 രൂപയിൽ തുടക്കം, മാസം വിറ്റുവരവ് 3 ലക്ഷം, സഹോദരന്റെ കയ്യൊപ്പുള്ള കലവറ

HIGHLIGHTS
  • പോസ്റ്റോഫീസ് വഴിയുള്ള ആഹാരപദാർത്ഥങ്ങളുടെ വിതരണം പുനഃസ്ഥാപിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ആ കോൾ വന്നു
laxmi-picl
SHARE

വ്യത്യസ്തമായ പ്രൊഫഷനിൽ നിന്നും കലവറ ഫുഡ് പ്രോഡക്റ്റ്സ് എന്ന ബ്രാൻഡിന്റെ നേതൃത്വത്തിലേക്ക് എത്തിയ വ്യക്തിയാണ് കൊച്ചി സ്വദേശിനിയായ ശ്രീലക്ഷ്മി. അതിനു കാരണക്കാരനായതോ സഹോദരൻ ശ്രീരാജ് മേനോനും. അടുത്ത സുഹൃത്തിനു വേണ്ടി ശ്രീലക്ഷ്മിയുണ്ടാക്കിയ അച്ചാറിനു കിട്ടിയ പിന്തുണയിൽ നിന്നുമാണ് രണ്ട് വർഷങ്ങൾക്ക് മുൻപ് കലവറ ഫുഡ് പ്രോഡക്റ്റ്സ് എന്ന ബ്രാൻഡിന്റെ കഥ ആരംഭിക്കുന്നത്. 

അഭിപ്രായം അതിഗംഭീരം

ഡബിൾ പിജിയും ബിഎഡും കഴിഞ്ഞ് അധ്യാപികയുടെ റോളിൽ തന്റെ ജീവിതം ആസ്വദിച്ചു വരവെയാണ് ഹോസ്റ്റലിൽ ശ്രീലക്ഷ്മിയുടെ അടുത്ത സുഹൃത്ത് തന്റെ പ്രതിശ്രുത വരന് സമ്മാനമായി നൽകാൻ ഹോം മേഡ് അച്ചാറുണ്ടാക്കി തരുമോ എന്ന് ശ്രീലക്ഷ്മിയോട്  ചോദിക്കുന്നത്. കൂട്ടുകാർക്കിടയിൽ പ്രസിദ്ധമായിരുന്നു ശ്രീലക്ഷ്മിയുടെ കൈപ്പുണ്യം. അതിനാലാണ് വിദേശത്തേക്ക് കൊടുത്തയയ്ക്കാനുള്ള അച്ചാർ ശ്രീലക്ഷ്മിയുടെ കൈപുണ്യത്തിൽ തന്നെ ഉണ്ടാക്കാമോ എന്ന ചോദ്യം വരുന്നത്. 

അടുത്ത സുഹൃത്ത് ആവശ്യപ്പെട്ട ഒരു ചെറിയ കാര്യമല്ലേ, അത് ചെയ്ത കൊടുത്തേക്കാം എന്ന് തീരുമാനിച്ച ശ്രീലക്ഷ്മി നല്ല നാടൻ എണ്ണയും മറ്റു ചേരുവകളും ചേർത്ത് തനി നാടൻ അച്ചാറുകൾ ഉണ്ടാക്കി നൽകി. ഈ അച്ചാറുകൾ വിദേശത്ത് എത്തിയതോടെയാണ് ശ്രീലക്ഷ്മിയുടെ ഭാഗ്യം തെളിയുന്നത്. അച്ചാറുകൾക്ക് അതിഗംഭീര അഭിപ്രായമാണ് ലഭിച്ചത് എന്ന് മാത്രമല്ല, കൂടുതൽ ഓർഡറുകൾ ലഭിക്കുകയും ചെയ്തു. എന്നാൽ അപ്പോഴൊന്നും തന്നെ അച്ചാറു നിർമാണം ഒരു തൊഴിലായി സ്വീകരിക്കുന്നതിനെപ്പറ്റി ശ്രീലക്ഷ്മി ചിന്തിച്ചിരുന്നില്ല. 

ഹോബി ബിസിനസ് ആകുന്നു

നാട്ടിലെ ചില സുഹൃത്തുക്കൾക്കും ശ്രീലക്ഷ്മി അച്ചാർ നൽകിയിരുന്നു. ഇവരിൽ നിന്ന് കൂടി മികച്ച അഭിപ്രായവും കൂടുതൽ ഓർഡറുകളും ലഭിച്ചതോടെ, എല്ലാവരും പറയുന്ന പോലെ അച്ചാറു നിർമാണം ആരംഭിച്ചാലോ എന്ന് ശ്രീലക്ഷ്മിക്കും തോന്നി. എന്നാൽ ഫുഡ് പ്രോസസിംഗ് മേഖലയുടെ സാധ്യതകളെപ്പറ്റി ശരിക്കും അറിയാത്തതിനാൽ സഹോദരൻ ശ്രീരാജിനോട് ശ്രീലക്ഷ്മി അഭിപ്രായം ചോദിച്ചു. അധ്യാപികയായ ഒരു വ്യക്തി അച്ചാറു നിർമാണത്തിലേക്ക് തിരിയട്ടെ എന്ന് ചോദിച്ചപ്പോൾ, സാധാരണ ആങ്ങളമാർ ചെയ്യുന്നത് പോലെ ശാസിച്ചു ജോലിയിലേക്ക് മടക്കിയയക്കുകയല്ല ശ്രീരാജ് ചെയ്തത്. പകരം മികച്ച ലീഡർഷിപ് ഉള്ള വ്യക്തിയാണ് ശ്രീലക്ഷ്മി എന്നും അതിനാൽ തന്നെ ഈ മേഖലയിൽ വിജയം കണ്ടെത്താനാകും എന്നും പറഞ്ഞുകൊണ്ട് അനിയത്തിയെ സ്വന്തമായി ബിസിനസ് ചെയ്യാൻ പ്രേരിപ്പിക്കുകയാണുണ്ടായത്. 

ചേട്ടൻ നൽകിയ 500 രൂപയിൽനിന്നും തുടക്കം 

സംരംഭക എന്ന നിലയിലേക്ക് ശ്രീലക്ഷ്മിയെ കൈപിടിച്ചു നടത്തിയത് സഹോദരൻ ശ്രീരാജ് നൽകിയ 500 രൂപയായിരുന്നു. കുറഞ്ഞ ചെലവിൽ, എന്നാൽ ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ അച്ചാറുകൾ നിർമിക്കാനായി ശ്രീലക്ഷ്മി ആ തുക വിനിയോഗിച്ചു. കൃത്യമായ വിപണി കണ്ടെത്താൻ ശ്രീലക്ഷ്മി വിനിയോഗിച്ചത് സോഷ്യൽ മീഡിയയെ ആണ്. താൻ ഉണ്ടാക്കുന്ന അച്ചാറുകൾ തന്റെ സുഹൃത്തുക്കൾക്കിടയിൽ തന്നെ മാർക്കറ്റ് ചെയ്ത ശ്രീലക്ഷ്മി ഓർഡർ ലഭിക്കുന്നതിനനുസരിച്ച് അവർക്ക് കൊറിയർ ആയി അയച്ചു കൊടുക്കുകയാണ് ചെയ്തിരുന്നത്. വീട്ടിൽ പൊടിച്ചെടുത്ത മഞ്ഞൾപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി എന്നിവയെല്ലാമാണ് അച്ചാർ നിർമാണത്തിനായി ശ്രീലക്ഷ്മി ഉപയോഗിച്ചത്.

സോഷ്യൽ മീ‍ഡിയ ലൈവ്

ബീഫ്, ചെമ്മീൻ, മാങ്ങാ, നെല്ലിക്ക, ഈത്തപ്പഴം, നാരങ്ങാ അങ്ങനെ നിരവധി അച്ചാറുകൾ ഓർഡറുകൾ ലഭിക്കുന്ന മുറയ്ക്ക് ശ്രീലക്ഷ്മി നിർമിച്ചു. തൃപ്പൂണിത്തുറയിലുള്ള തന്റെ ഫ്ലാറ്റിലായിരുന്നു അച്ചാറുകളുടെ നിർമാണം. മായം ചേർക്കാതെയുള്ള അച്ചാറുകളുടെ നിർമാണം പലപ്പോഴും സോഷ്യൽ മീഡിയയിൽ ലൈവ് ആയി കാണിച്ചത് ശ്രീലക്ഷ്മിയുടെ ഉൽപ്പന്നങ്ങളുടെ ആധികാരികത വർധിപ്പിച്ചു. അതോടെ, ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ എല്ലാം താമസം കൂടാതെ വിറ്റുപോകുന്ന അവസ്ഥയായി. ആ ഒരു ഘട്ടം വന്നതോടെ അച്ചാറുകൾ കലവറ ഫുഡ് പ്രോഡക്റ്റ്സ് എന്ന ബ്രാൻഡിൽ ഇറക്കാൻ ശ്രീലക്ഷ്മിയും ശ്രീരാജും തീരുമാനിച്ചു. 

അതിവേഗം വിപണി 

സഹോദരങ്ങൾ ഇരുവരുടെയും പേരിലാണ് സ്ഥാപനം റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ ശ്രീലക്ഷ്മി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ശ്രീരാജ് അതിന്റെ മാർക്കറ്റിങ്ങിലാണ് ശ്രദ്ധിക്കുന്നത്. സഹോരദങ്ങളുടെ കഠിനപരിശ്രമവും ഉൽപ്പന്ന നിർമാണത്തിലെ സുതാര്യതയും ഒത്തു ചേർന്നതോടെ കലവറ ഫുഡ് പ്രോഡക്റ്റ്സ് അതിവേഗം വിപണി കണ്ടെത്തി.

''വീടിന്റെ അടുക്കളയിൽ നിന്നും ഇടനിലക്കാരില്ലാതെ ഉൽപ്പന്നം ഉപഭോക്താക്കളിലേക്ക് എത്തുന്നു എന്നതാണ് കലവറ അച്ചാറുകളുടെ പ്രത്യേകത. ഉപഭോക്താവിന്റെ ആവശ്യാനുസരണം നിർമിക്കുന്നതിനായി തന്നെ ഷെൽഫ് ലൈഫ് കൂടുന്നതിനായി ഇതിൽ പ്രിസർവേറ്റിവുകൾ ഒന്നും ചേർക്കുന്നില്ല. അതിനാൽ തന്നെ നിശ്ചിത ദിവസത്തിനുള്ളിൽ ഇത് ഇപയോഗിച്ച് തീർക്കണം. ഷെൽഫ് ലൈഫ് കൂട്ടാൻ പ്രിസർവേറ്റിവുകൾ ചേർത്ത് കടകൾ മുഖാന്തരം ഞങ്ങളുടെ ഉൽപ്പന്നം വിൽക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.ഇത് ഏട്ടനും ഞാനും ചേർന്നെടുത്ത തീരുമാനമാണ്. ഏട്ടൻ പകർന്നു നൽകിയ ധൈര്യവും ദിശാബോധവുമാണ് കാലവറയെ ചുരുങ്ങിയ സമയത്തിനുള്ളിൽ വളർത്തിയെടുത്തത്'' ശ്രീലക്ഷ്മി പറയുന്നു.

laxmi-picl-1

മാർക്കറ്റിങ് ടൂൾ 

സമൂപ മാധ്യമത്തെ വ്യത്യസ്ത രീതിയിൽ മാർക്കറ്റിങിനായി ഉപയോഗിച്ചതാണ് കാലവറയുടെ വിജയത്തിനുള്ള കാരണം. അച്ചാറുകളുടെ മേക്കിങ് വീഡിയോകൾ ഉപഭോക്താക്കളിൽ എത്തിക്കാൻ തുടങ്ങിയതിലൂടെ കൂട്ടുകളുടെ വൃത്തിയും ഗുണമേന്മയും നേരിട്ടറിയാനും ആൾക്കാരിൽ വിശ്വാസ്യത കൂട്ടുന്നതിനും ഏറെ സഹായകമായി. ഇപ്പോഴും കലവറയുടെ നല്ലൊരു ശതമാനം ഉപഭോക്താക്കളും എത്തുന്നത് ഇതുവഴിയാണ്. മാത്രമല്ല, തന്റെ ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ ബ്രാൻഡ് അംബാസഡർ താൻ തന്നെയാണ് എന്ന് വിശ്വസിക്കുന്ന ശ്രീലക്ഷ്മി തന്നെയാണ് കലവറയുടെ ഷെഫും മോഡലും. സുതാര്യമായി തന്റെ അഭിപ്രായങ്ങളും മറ്റും രേഖപ്പെടുത്തുന്നത് ജനങ്ങളെ ഈ സംരംഭകയോട് കൂടുതൽ അടുപ്പിച്ചു നിർത്തുന്നു.

പ്രധാനമന്ത്രി പിന്തുണച്ച സംരംഭക

ബിസിനസിലും വ്യക്തി ജീവിതത്തിലും മിതത്വവും വേറിട്ട സമീപനവും പാലിക്കുന്നതിനാലാണ് കലവറ ഫുഡ് പ്രോഡക്റ്റ്സിന് ഒരു ആവശ്യം വന്നപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുവരെ ഇടപെടലുണ്ടായത്. കൊറോണ സമയത്ത് ഓർഡറുകൾ കൂടിയപ്പോൾ പ്രതിസന്ധികൾ നിയമങ്ങളുടെ രൂപത്തിലും ശ്രീലക്ഷ്മിക്ക് മുന്നിലവതരിച്ചു, പോസ്റ്റോഫീസ് വഴി ആഹാരപദാർത്ഥങ്ങൾ അയക്കുന്നത്  ബുദ്ധിമുട്ടായി. പോസ്റ്റോഫീസ് വഴിയുള്ള ആഹാരസാധനങ്ങളുടെ വിതരണം നിർത്തി വച്ചത് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്, തന്റെ പ്രശ്നങ്ങൾ വിവരിച്ച് പ്രിയപ്പെട്ട അങ്കിൾ ... എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ശ്രീലക്ഷ്മി പ്രധാനമന്ത്രി മോദിക്ക് ഒരു മെയിൽ അയച്ചു. ഉടനടി നടപടിയുമായി പിഎമ്മിന്റെ ഓഫീസിൽനിന്ന് കോൾ വന്നു. പോസ്റ്റോഫീസ് വഴിയുള്ള ആഹാരപദാർത്ഥങ്ങളുടെ വിതരണം പുനഃസ്ഥാപിച്ചുകൊണ്ട് വന്ന ആ കോൾ ഒരു സംരംഭക എന്ന നിലയിൽ ലഭിച്ച വലിയ അംഗീകാരമായി ശ്രീലക്ഷ്മി കാണുന്നു.  

മഞ്ഞൾ മുതൽ അരിപ്പൊടി വരെ

കലവറയുടെ ഉപഭോക്താക്കളിൽ നിന്നുള്ള ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് ശ്രീലക്ഷ്മിയുടെ മേൽനോട്ടത്തിൽ തന്നെ തയ്യാറാക്കുന്ന മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി തുടങ്ങിയ കറിക്കൂട്ടുകളും ചക്കവരട്ടി, നെല്ലിക്ക വിളയിച്ചത് തുടങ്ങിയ സ്പെഷൽ ഉൽപന്നങ്ങളും കലവറയിൽ ലഭ്യമാണ്. അരിപ്പൊടി , പുട്ടുപൊടി തുടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളുടെ വിപണത്തിലേക്കും കലവറ കാലെടുത്ത് വച്ച് കഴിഞ്ഞു.  അഞ്ചു ജീവനക്കാർക്കൊപ്പം അവരിലൊരാളായി നിന്നാണ് ശ്രീലക്ഷ്മി ഈ ഉൽപന്നങ്ങളെല്ലാം നിർമിച്ചെടുക്കുന്നത്. പണം മുടക്കി ഒരു പരസ്യം പോലും തന്റെ ഉൽപ്പന്നങ്ങൾക്ക് നൽകില്ല, പകരം ഗുണമേന്മ മനസിലാക്കി ആളുകൾ വരട്ടെ എന്ന ഉറച്ച ചിന്തയാണ് ശ്രീലക്ഷ്മിയുടെയും ശ്രീരാജിന്റെയും കലവറയെ വ്യത്യസ്തമാക്കുന്നത്. 500  രൂപ മുതൽ മുടക്കിൽ തന്റെ സംരംഭത്തിന് തുടക്കം കുറിച്ച ശ്രീലക്ഷ്മിയുടെയും ശ്രീരാജിന്റെയും കലവറ ഇന്ന് പ്രതിമാസം മൂന്നു ലക്ഷം രൂപയുടെ വിറ്റുവരവാണ്‌ നേടുന്നത്.

വിദേശത്ത് നിന്നും ഓർഡറുകൾ 

യുകെ, യുഎസ്‌എ, യുഎഇ, തുടങ്ങിയ രാജ്യങ്ങളിലും കലവറയുടെ അച്ചാറുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഓർഡർ ലഭിച്ചു നിശ്ചിത സമയത്തിനുള്ളിൽ ഉൽപന്നം എത്തിക്കുന്നതാണ് ഈ സംരംഭകയുടെ വിജയത്തിന്റെ രഹസ്യം. മരട് ആസ്ഥാനമായാണ് കലവറയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. വിവാഹശേഷം ഭർത്താവ് അജേഷ് നൽകുന്ന പിന്തുണയും ബിസിനസിൽ തനിക്ക് കരുത്തേകുന്നു എന്ന് ശ്രീലക്ഷ്മി പറയുന്നു. 

English Summary: Success Story of a Food Processing Entrepreneur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA