ADVERTISEMENT

ശരീരത്തിൽ കസ്തൂരി സൂക്ഷിച്ചിട്ട് ചുറ്റുപാടും കസ്തൂരി തേടി നടക്കുന്ന മാനിനെ പോലെയാണ് ചില വ്യക്തികൾ. ജന്മസിദ്ധമായി ലഭിക്കുന്ന ചില കഴിവുകൾ കയ്യിലുള്ളപ്പോൾ അത് മനസിലാക്കി, അതിനെ വരുമാനമാർഗമാക്കി മാറ്റാതെ തൊഴിലവസരങ്ങൾ തേടി അലയുന്നവരാണ് ഭൂരിപക്ഷം ആളുകളും. ഇത്തരത്തിലുള്ള വ്യക്തികൾക്ക് മുന്നിൽ വേറിട്ട മാതൃകയാവുകയാണ് തിരുവനന്തപുരം സ്വദേശിനിയായ നീതു കൃഷ്ണ. ചെറുപ്പം മുതൽ ചിത്രകല കൈവശമുള്ള നീതു കൃഷ്‌ണ തന്റെ കൈവശമുള്ള കലയെ വരുമാനമാർഗമാക്കി മാറ്റാൻ തീരുമാനിക്കുന്നത് 2013  ലാണ്.  ഹാൻഡ്പെയിന്റഡ് സാരികളും വസ്ത്രങ്ങളും ട്രെൻഡ് ആയിത്തുടങ്ങിയ ആ കാലത്ത് ഒരു ശ്രമം എന്ന നിലയ്ക്കാണ് നീതു സാരികളിൽ മ്യൂറൽ പെയിന്റ് ചെയ്യാൻ ആരംഭിച്ചത്. എന്നാൽ ആ ശ്രമം വിജയം കണ്ടതോടെ വരുമാനത്തിനുള്ള ഒരു മാർഗം തെളിഞ്ഞു വന്നു. നവമി എന്ന പേരിൽ നീതു ആരംഭിച്ച ഹാൻഡ്‌പെയിന്റഡ് വസ്ത്രങ്ങളുടെ ബുട്ടീക്കിലൂടെ ഇന്ന് പ്രതിമാസം 60000  രൂപ വരെ വരുമാനം നേടാൻ നീതുവിന് കഴിയുന്നുണ്ട്. 

തുടക്കത്തിൽ ചിത്രകല നീതുവിന് ഒരു ഹോബി മാത്രമായിരുന്നു. എന്നാൽ ആ ഹോബി പിന്നീട് സംരംഭകത്വത്തിന്റെ ഭാഗമായി മാറിയപ്പോൾ നീതു ഈ രംഗത്തെ തികഞ്ഞ ഒരു പ്രൊഫഷണലായി മാറുകയായിരുന്നു. ഹാൻഡ് പെയിന്റഡ് വസ്ത്രങ്ങളുടെ വിപണി സാധ്യതകൾ മനസിലാക്കുക എന്നതായിരുന്നു നീതു ആദ്യമായി ചെയ്തത്. അതിനു ശേഷം, ആധികാരികമായി പെയിന്റിംഗ് പഠിച്ചു. കാൻവാസ്‌ പെയിന്റിങിൽ നിന്നും വ്യത്യസ്തമാണ് ഫാബ്രിക് പെയിന്റിംഗ് എന്നതിനാലാണ് ഇത്തരത്തിൽ പെയിന്റിങ് പഠനത്തിനായി സമയം മാറ്റിവച്ചത്. 

തുടക്കം നവമിയിൽ നിന്നും 

ഒരു കാര്യം മനസ്സിൽ കരുതിയാൽ അത് ഉടനടി  പ്രാവർത്തികമാക്കുന്ന പ്രകൃതക്കാരിയാണ് നീതു കൃഷ്ണ. അതിനാൽ തന്നെ സ്വന്തം ബുട്ടീക്ക് തുടങ്ങുന്നതിനും കാലതാമസം വരുത്തിയില്ല.അങ്ങനെയാണ് നവമി ആരംഭിക്കുന്നത്.  സാധാരണയായി വസ്ത്രങ്ങളിൽ മ്യുറൽ പെയിന്റിംഗുകൾ അധികം വരച്ചു കാണാറില്ല. എന്നാൽ ആളുകൾക്ക് അത് കാണാൻ ഇഷ്ടമാണ് എന്ന് മനസിലാക്കിയ നീതു തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത് ആ മേഖലയിലാണ്. ഹാൻഡ് പെയിന്റഡ് സാരികളുടെയും വസ്ത്രങ്ങളുടെയും വില്പന ആദ്യമായി ആരംഭിച്ച ഒരു വ്യക്തിയാണ് നീതു എന്ന് പറയാം. കാരണം ഓർഡർ അനുസരിച്ചും അല്ലാതെയും നീതു വസ്ത്രങ്ങൾ വില്പനയ്ക്ക് എത്തിച്ചിരുന്നു.

-lax-oct
നീതുകൃഷ്ണ

''ഷർട്ടുകളിലും സാരികളിലും ചുരിദാറിലും പാവാടകളിലും ഒക്കെ ഞാൻ മ്യുറൽ പെയിന്റിങുകൾ വരച്ചു. അളവ് അനുസരിച്ച് തുണി എടുത്ത് വസ്ത്രം തയ്പ്പിച്ച ശേഷമാണ്‌ ചിത്ര രചന. ഞാൻ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നത് കണ്ടാണ് തുടക്കത്തിൽ ഉപഭോക്താക്കൾ എത്തിയത്. പിന്നീട്, ആവശ്യക്കാർ പറഞ്ഞറിഞ്ഞ് എത്തി. ഉപയോഗിച്ചവർ വീണ്ടും വരുന്നു.'' നീതു കൃഷ്ണ പറയുന്നു. 

ഏത് ഡിസൈനും തയ്യാർ 

600 രൂപ മുതല്‍ 1000 രൂപ വരെയാണ് ചിത്രം വരയ്ക്കുന്നതിനായി നീതു കൃഷ്ണ ഈടാക്കുന്നത്.  സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ ഉണ്ടെങ്കിലും അവരെല്ലാം ഈടാക്കുന്നതിൽ നിന്നും കുറഞ്ഞ തുകയാണ് നീതു ഈടാക്കുന്നത്. ഇതിനുള്ള കാരണം നീതു നവമിയെ ബിസിനസ് ആയി മാത്രമല്ല, കലയായി കൂടിയാണ് കാണുന്നത് എന്നതാണ്. കോട്ടണ്‍, കോട്ടണ്‍ സില്‍ക്ക് , സില്‍ക്ക് , ജൂട്ട് തുടങ്ങിയ തുണിത്തരങ്ങളിലാണ് ഞാന്‍ കൂടുതലും വരയ്ക്കുന്നത്. മ്യുറൽ, ടെമ്പിള്‍ വര്‍ക്കുകളാണ് കൂടുതലും വരയ്ക്കുന്നത്. ആവശ്യക്കാരുടെ ഇഷ്ടപ്രകാരം അവർ നൽകുന്ന ഡിസൈനുകളും വരയ്ക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളില്‍ നിന്നും നവമിക്ക് ഉപഭോക്താക്കളുണ്ട്.   അമേരിക്ക, യുഎഇ എന്നിവിടങ്ങളില്‍ നിന്നും ആവശ്യക്കാരുണ്ട്. ഒപ്പം സെലിബ്രിറ്റികളിൽ നിന്നും ലഭിക്കുന്ന ഓർഡറുകളും കൂടി ആയതോടെ നവമി ശ്രദ്ധിക്കപ്പെട്ടു.

ഷർട്ടുകൾ, സാരികൾ എന്നിവയ്ക്ക് വ്യത്യസ്തമായ നിരക്കാണ്. ഡിസൈനുകളുടെ വലുപ്പം അനുസരിച്ച് തുകയിലും വ്യത്യാസം വരും. ഇപ്പോഴിവർ  കൂടുതലായി ശ്രദ്ധിക്കുന്നത് അധികമാരും കൈവച്ചിട്ടില്ലാത്ത കുട്ടികൾക്കായുള്ള ഹാൻഡിപെയിന്റഡ് വസ്ത്രങ്ങളുടെ വിപണനത്തിലാണ്. ഇത്തരത്തിൽ കുട്ടികളുടെ വസ്ത്രങ്ങൾക്കായി ഒരു പുതിയ ബുട്ടീക്ക് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഇടക്കാലത്ത് ശാരീരികമായ ചില പ്രശ്നങ്ങളെത്തുടർന്നു നവമിയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു എങ്കിലും തിരിച്ചു വരവ് പൂർവാധികം ഗംഭീരമാക്കി വരുമാനം വർധിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നീതു കൃഷ്ണ.

ഉത്സവ സീസണുകൾ മികച്ച വരുമാനമേകും

ഉത്സവ സീസണുകളിൽ നിന്നുമാണ് കൂടുതൽ വരുമാനം. അല്ലാത്ത സമയങ്ങളിൽ ലഭിക്കുന്ന വരുമാനത്തിന്റെ ഇരട്ടി ഈ സമയങ്ങളിൽ ലഭിക്കാറുണ്ട്. കൂടുതൽ വ്യക്തികളെ സംരംഭത്തിന്റെ ഭാഗമാക്കി ബിസിനസ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് നീതു കൃഷ്ണ. ചിത്രകല കൈവശമുള്ള ഏതൊരു വ്യക്തിക്കും വരുമാനത്തിനുള്ള വക കണ്ടെത്താൻ ഹാൻഡ് പെയിന്റഡ് വസ്ത്രങ്ങളുടെ നിർമാണം സഹായിക്കുമെന്ന് നീതു പറയുന്നു. ഈ രംഗത്തേക്ക് വരുന്നവർക്ക് പൂർണ പിന്തുണയേകാനും നീതു തയ്യാറാണ്. 

കൊറോണ സമയത്ത് ഡിസൈനിങിന്റെ കൂടുതൽ കോഴ്‌സുകൾ ചെയ്ത് കഴിവ് തിളക്കിമിനുക്കിയ നീതു  ഹാൻഡ്‌പെയിന്റഡ് കോട്ടൺ മാസ്കുകളും വിപണിയിൽ എത്തിച്ചിരുന്നു.

English Summary : A Women Entrepreneur Who Earns Attractive Income through Her Hobby 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com