ADVERTISEMENT

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംഭരംഭങ്ങളുടെ (MSME) സ്ഥാനം ഇന്ത്യയിൽ വളരെ വലുതാണ്. ഏകദേശം 12 കോടി തൊഴിലാളികൾ ഈ മേഖലയിൽ പണിയെടുക്കുന്നു. ദേശീയ വരുമാനത്തിൽ 30 ശതമാനവും, കയറ്റുമതിയിൽ 50 ശതമാനവും സംഭാവന ചെയ്യുന്ന മേഖലയാണിത് എന്നാൽ കോവിഡ്-19ന്റെ വരവോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. 

കോവിഡ് കാലം ശ്രദ്ധേയമായ ചില പ്രഖ്യാപനങ്ങൾക്കു സാക്ഷ്യം വഹിച്ചു. പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ വിശദമായി പരിശോധിക്കാം  

∙എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റീഡ് സ്കീം (ECLGS)

ഈ മേഖലയെ സഹായിക്കാനായി 2020 മേയിൽ പ്രഖ്യാപിച്ച  പദ്ധതിയാണിത്. 100 കോടി രൂപ വിറ്റുവരവുള്ളതും, 25 കോടി രൂപ  വായ്‌പ ബാധ്യത ഉള്ളതും, 60 ദിവസത്തിലധികം വായ്‌പ കുടിശിക മുടക്കം വരാത്തതുമായ സംഭരംഭങ്ങൾക്കു മറ്റു ഈടൊന്നും ഇല്ലാതെ പഴയ വായ്പയുടെ 20 ശതമാനം പുതിയ വായ്‌പയായി (5 കോടി വരെ) നൽകാനുള്ള പദ്ധതിയാണിത്. കടം നൽകുന്ന സ്ഥാപനങ്ങൾക്ക് നാഷണൽ ക്രെഡിറ്റ് ഗ്യാരന്റീ ട്രസ്റ്റിയുടെ 100 ശതമാനം ഉറപ്പും ലഭിക്കും. മുതലിന്റെ തിരിച്ചടവിനു ‌ഒരു വർഷത്തെ മോറട്ടോറിയം നൽകുന്ന  വായ്പയുടെ കാലാവധി  നാലു കൊല്ലമാണ്. മൂന്നു ലക്ഷം കോടി രൂപ ഇതിനായി വകയിരുത്തി. തുടർന്നുള്ള നാലു കൊല്ലത്തേക്കായി 41600 കോടി രൂപ കോർപ്പസ് ഫണ്ടായി വകയിരുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പദ്ധതി ഓഗസ്റ്റിൽ കൂടുതൽ വിപുലീകരിക്കുകയുണ്ടായി. അതുപ്രകാരം, വായ്‌പാ ബാധ്യത 25 കോടിയിൽ നിന്നും 50 കോടിയായി ഉയർത്തി. വായ്‌പായുടെ പരിധി അഞ്ചു കോടിയിൽ നിന്ന് 10 കോടിയായും ഉയർത്തി

∙സബോർഡിനേറ്റ്  ഡെറ്റ് സ്കീം

കടം കൊണ്ട് ബുദ്ധിമുട്ടുന്ന, പുതിയ വായ്‌പ  ലഭിക്കാത്തവരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഭാഗിക ക്രെഡിറ്റ് ഗ്യാരണ്ടി മാത്രമേ പദ്ധതിയിൽ  സർക്കാർ വാഗ്ദാനം ചെയ്യുന്നുള്ളു. ഇതിലേക്കായി  20000  കോടി  രൂപയാണ് മാറ്റിവെച്ചത്. പ്രധാനമായും പ്രവർത്തന മൂലധനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഈ പദ്ധതികളെല്ലാം ഉന്നം വെക്കുന്നത്.

∙എം എസ് എം  ഇ ഫണ്ട് 

നല്ലതു പോലെ പ്രവർത്തിക്കുന്ന ഈ മേഖലയിലെ സ്ഥാപനങ്ങളെ വളർച്ചയുടെ പാതയിലേക്ക് കൊണ്ട് വരികയെന്ന ലക്ഷ്യത്തിൽ നടപ്പിലാക്കിയ പദ്ധതിയാണിത്. സർക്കാരിന്റെ സഹായമായ 10000 കോടി രൂപയുൾപ്പടെ 50000 കോടി രൂപയാണ് ഇതിലേക്കായി മാറ്റിവെച്ചത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എൽ. ഐ. സി പോലുള്ള പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളും  ബാക്കി പണം മുടക്കും.  

∙എം എസ് എം ഇ  നയങ്ങൾ 

മുകളിൽ വിവരിച്ച പദ്ധതികൾ കൂടാതെ രണ്ടു നയപ്രഖ്യാപനങ്ങൾ കൂടി എം സ് എം ഇയ്ക്കായി പ്രഖ്യാപിക്കുകയുണ്ടായി. ഒന്ന്, ഈ മേഖലയുടെ പരിധിയിൽ കടന്നു വരാൻ പ്രയാസം നേരിടുന്നവരെ കൂടി  ഉൾക്കൊള്ളിക്കുമെന്നതാണ് പ്രഖ്യാപനം. പുതിയ നിർവചനത്തിലൂടെ മേഖലയുടെ വലയം വലുതാക്കുകയാണ്. അടുത്തത്, 200 കോടി വരെ വരുന്ന സർക്കാർ ടെൻഡറുകളിൽ നിന്നും ആഗോള കമ്പനികളെ വിലക്കുന്ന പ്രഖ്യാപനം. ഇനി ഇന്ത്യൻ കമ്പനികൾക്ക് മാത്രമേ പ്രസ്തുത ടെണ്ടറിൽ പങ്കെടുക്കാൻ സാധിക്കൂ.

വിലയിരുത്തൽ 

എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റീഡ് സ്കീം ഉദ്ദേശിച്ചതുപോലെ ഫലപ്രാപ്തിയിലെത്തിയില്ല. മൂന്നു കോടി രൂപ വകയിരുത്തിയതിൽ 1.77 ലക്ഷം കോടി രൂപയാണ് ബാങ്കുകൾക്ക് അനുവദിക്കാൻ കഴിഞ്ഞത്. അതിൽ തന്നെ 1.25 കോടി രൂപ മാത്രമേ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ (സെപ്തംബര്‍ 21ലെ കണക്കനുസരിച്ച്). യഥാർത്ഥത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം, ഈ മേഖലയുടെ പ്രശ്നം അടിയന്തിരമായി പരിഹരിക്കുന്നതിന് 2.8 ലക്ഷം കോടി രൂപയാണ് വേണ്ടത്. പദ്ധതിയുടെ വിപുലീകരണത്തിനു ശേഷം കുറച്ചു ഫലം കാണുകയുണ്ടായുണ്ടായെങ്കിലും പ്രശ്ന പരിഹാരം വളരെ അകലെയായി തുടരുന്നു.  വായ്‌പ വിതരണം മെച്ചപ്പെടുത്തുന്നതിനായി CGTMSE ക്കു (Credit Guarantee Trust for Micro and Small Enterprises) 4000 കോടി രൂപ  നൽകുമെന്ന ഒടുവിലത്തെ  പ്രഖ്യാപനവും ഫലം കാണേണ്ടിയിരിക്കുന്നു.

ലേഖകൻ സാമ്പത്തിക വിദഗ്ധനാണ്. (അഭിപ്രയങ്ങൾ വ്യക്തിപരം)

English Summary : Covid Package for MSME Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com