25,000 മുതൽമുടക്ക്, മാസം ഒരു ലക്ഷം രൂപയുടെ കച്ചവടം നേടി വീട്ടമ്മ

HIGHLIGHTS
  • ചുറ്റുപാടുമുള്ള ലോക്കൽ വിപണിയെ ലക്ഷ്യം വെച്ച് മാസം ചെറുതല്ലാത്ത വരുമാനം നേടാനായി
b4u oct
SHARE

ഇത് സുമ. നിക്ഷേപിക്കാൻ പണം ഇല്ലെങ്കിലും ഒരു ബിസിനസ് നടത്തി വിജയിക്കാമെന്നു തെളിയിച്ച വനിതാ സംരംഭക. തൃശൂർ ആറാട്ടുപുഴയ്ക്ക് അടുത്ത് ഊരകത്ത് എസ്എസ്എന്റർപ്രൈസസ് എന്ന പേരിൽ സംരംഭം നടത്തുകയാണ് ഇവർ. തികച്ചും സുപരിചിതമായ ബിസിനസാണ് സുമ ചെയ്യുന്നത്.വീടു തന്നെയാണ് ഫാക്ടറി എന്നതും പ്രത്യേകിച്ചൊരു നിക്ഷേപവും ഇല്ലാത്തതുമാണ് സംരംഭത്തിന്റെ പ്രത്യേകത.

മിക്സിങ്ങും പാക്കിങ്ങും മാത്രം

സാമ്പാർ പൊടി, രസപ്പൊടി, ചമ്മന്തിപ്പൊടി, മുളകു പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഇഡ്ഡലിമാവ്, അച്ചാറുകൾ എന്നിവയാണു പ്രധാനമായും തയാറാക്കി വിൽക്കുന്നത്. എന്നാൽ, ഒരു ഫ്ലോർ‌‌മില്ലോ, കറന്റ് കണക‌്ഷനോ ഒന്നും ഇതിനായി സ്ഥാപിക്കേണ്ടി വന്നിട്ടില്ല. ഉൽപന്നങ്ങളുടെ മിക്സിങ്ങും പാക്കിങ്ങും മാത്രമാണ് സുമ ചെയ്യുന്നത്.

ഭർത്താവിന്റെ ആകസ്മിക മരണം സുമയുടെ ജീവിതത്തിൽ വലിയൊരു ആഘാതമായിരുന്നു. മൂന്നര വർഷം മുൻപായിരുന്നു അത്. അദ്ദേഹത്തിന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബം അതോടെ കഷ്ടത്തിലായി. കുടുംബത്തിന് സ്ഥിരവരുമാനം ഉണ്ടാക്കാനുള്ള പല വഴികളും ആലോചിച്ചു. അവസാനം എത്തിച്ചേർന്നത് വിപണിയിൽ ശോഭിക്കാൻ കഴിയുന്നതും നിത്യജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്തതുമായ ഒരു ഉൽപന്നം എന്ന നിലയിൽ മസാലപ്പൊടികളുടെ ബിസിനസിൽ ആണ്. മകൾ രേഷ്മയുടെ പിന്തുണ കൂടിയായപ്പോൾ തരക്കേടില്ലാത്ത വിൽപനയും വരുമാനവും ലഭിക്കുന്ന സ്ഥിതിയിലായി.

വീട്ടിൽത്തന്നെ വിറ്റുപോകുന്നു

കറിമസാലകൾ, ദോശ, ഇഡ്ഡലി മിക്സുകൾ എന്നിവ വീട്ടിൽ വന്നു വാങ്ങിക്കൊണ്ടുപോകുകയാണ്. തൊട്ടടുത്ത പ്രദേശത്തെ വീട്ടുകാർക്കു തികച്ചും പരിചിതമാണ് ഈ ഉൽപന്നങ്ങൾ. അതുകൊണ്ടുതന്നെ അവർ സ്ഥിരമായി വാങ്ങുന്നു. കൂടെ കുറെ കടകളിലും സ്ഥിരമായി നൽകിയിരുന്നു. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള വിതരണം വളരെ കുറച്ചിരിക്കുകയാണ്. എങ്കിലും ആകെയുള്ള കച്ചവടത്തിൽ കാര്യമായ കുറവു വന്നിട്ടില്ല. ഏകദേശം 200 കിലോഗ്രാം മസാല ഉൽപന്നങ്ങളാണ് മാസംതോറും വിറ്റുപോകുന്നത്.

അൽപം പോലും ക്രെഡിറ്റ് നൽകാതെയാണ് കച്ചവടം. ഉൽപന്നങ്ങൾക്ക് മാർക്കറ്റ് വില മാത്രമേ ഈടാക്കുന്നുള്ളൂ. ഈ രംഗത്ത് മത്സരമുണ്ടെങ്കിലും ചെറിയ കച്ചവടക്കാർക്കു ധാരാളം അവസരങ്ങൾ ഉണ്ട്. ഗുണമേന്മ ഉറപ്പാക്കാൻ കഴിയുക എന്നതാണ് വിജയത്തിനു പിന്നിലെ പ്രധാന സൂത്രവാക്യം. സുമയുടെ സ്ഥാപനത്തിന് ഏറെ പ്രത്യേകതകൾ പറയാനുണ്ട്. താഴെ പറയുന്നവ അതിൽ ചിലതാണ്.

∙ വീട്ടിലെ ഉപയോഗത്തിനു എന്ന രീതിയിലാണ് ഉൽപന്നങ്ങൾ തയാറാക്കുന്നത്.

∙ കളറുകളോ ഫ്ലേവറോ ഒന്നും പ്രത്യേകം ചേർക്കുന്നില്ല.

∙ ഫ്രഷ് ആയി നിർമിച്ചു വിൽക്കുന്നു. പത്തു ദിവസത്തിൽ കൂടുതൽ സ്റ്റോക്ക് ചെയ്യേണ്ടതായി വരാറില്ല.

∙ കൺസ്യൂമറുടെ മുന്നിൽ വച്ചാണ് മിക്കവാറും പാക്കിങ് ചെയ്യുക.

25,000 രൂപയുടെ മുതൽമുടക്ക്

ഈ സംരംഭത്തിനായി ഒരു ഗ്രൈൻഡർ, ഒരു േവയിങ് ബാലൻസ്, ഒരു കവർ സീലിങ് മെഷീൻ ഇത്രയുമാണു വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളെന്നു പറയാം. എല്ലാംകൂടി ഏകദേശം 25,000 രൂപയാണു ചെലവു വന്നത്. അതു തന്നെ പലപ്പോഴായി വാങ്ങിയവയും. ബിസിനസിൽനിന്നുള്ള വരുമാനം കൊണ്ടാണ് ഇതെല്ലാം വാങ്ങിയത്.

നിലവിൽ സംരംഭം തുടങ്ങിയതിന്റെ പേരിൽ യാതൊരു സാമ്പത്തിക ബാധ്യതയും ഇപ്പോൾ സുമയ്ക്കില്ല. ഏക മകൾ േരഷ്മ സുമയോടൊപ്പം സ്ഥാപനത്തിലുണ്ട്. പാക്കിങ്ങിലും വിൽപനയിലും മകളുടെ സഹായം ലഭിക്കുന്നു. രേഷ്മയുടെ വിവാഹവും ഇതിൽനിന്നുള്ള വരുമാനം കൊണ്ടാണ് നടത്തിയത്.

സ്ഥാപനം ചെറുതാണെങ്കിലും വീട്ടിൽത്തന്നെയാണ് പ്രവർത്തിക്കുന്നതെങ്കിലും പ്രവർത്തനത്തിനു വേണ്ട എല്ലാവിധത്തിലുള്ള ലൈസൻസുകളും എടുത്തിട്ടുണ്ട്. FSSAI, GST റജിസ്ട്രേഷനുകൾ കൂടാതെ ‘േടസ്റ്റ് മേറ്റ്’ (Tast Mate) എന്ന പേരിൽ ട്രേഡ് മാർക്കും റജിസ്റ്റർ ചെയ്തിരിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ കച്ചവടത്തിൽ ഇടിവു സംഭവിച്ചിട്ടുണ്ടെങ്കിലും പ്രതിമാസം ഒരു ലക്ഷം രൂപയുടെ കച്ചവടം ലഭിക്കുന്നു. അതിൽ നിന്നു ചെലവെല്ലാം കഴിഞ്ഞ് 25,000 രൂപയെങ്കിലും അറ്റാദായമായി മാറ്റിവയ്ക്കാൻ ഈ വീട്ടമ്മയ്ക്ക് കഴിയുന്നുമുണ്ട്.

വാങ്ങലുകൾ തൃശൂരിൽനിന്ന്

മുളക്, മല്ലി, ഉഴുന്ന്, ഉലുവ, മഞ്ഞൾ, ജീരകം, കായം, ഉപ്പ് തുടങ്ങിയ ഉൽപന്നങ്ങൾ തൃശൂർ ടൗണിലെ സ്വകാര്യ കച്ചവടസ്ഥാപനങ്ങളിൽനിന്നുമാണ് വാങ്ങുന്നത്. അതെല്ലാം കഴുകി ഉണക്കി/വറുത്ത് പുറത്തെ മില്ലിൽ കൊണ്ടുപോയി പൊടിപ്പിച്ചെടുക്കും. പിന്നീട് സൗകര്യം പോലെ വീട്ടിൽ വച്ച് മിക്സ് ചെയ്ത് പാക്ക് ചെയ്തു വിൽക്കുന്നു.

പുതിയ പ്ലാന്റ്

ഈ രംഗത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഈ വീട്ടമ്മ. കറി മസാല ഉൽപന്നങ്ങളുടെ ഉൽപാദന കേന്ദ്രം തുടങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി 50 ലക്ഷം രൂപയുടെ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി ധനകാര്യസ്ഥാപനത്തിന് സമർപ്പിച്ചു കഴിഞ്ഞു. എത്രയും വേഗം ഫണ്ട് അനുവദിച്ചു തരുമെന്നും പുതിയ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കാൻ കഴിയുമെന്നും സുമ പ്രതീക്ഷ വയ്ക്കുന്നു.

പുതു സംരംഭകർക്ക്

വലിയ നിക്ഷേപം കൂടാതെ തന്നെ നല്ലൊരു ആശയം പ്രാവർത്തികമാക്കിയും ബിസിനസ് ചെയ്യാൻ കഴിയുമെന്നതാണ് ഈ വീട്ടമ്മയുടെ വിജയം നൽകുന്ന പാഠം. ഉൽപന്നത്തിന്റെ ഗുണമേന്മയിൽ ശ്രദ്ധിച്ച് ഒരു പാക്കിങ് സംവിധാനം ഏർപ്പെടുത്തിയാൽ ആർക്കും വീട്ടിൽത്തന്നെ തുടങ്ങാവുന്ന ബിസിനസാണിത്. ചുറ്റുപാടുമുള്ള ലോക്കൽ വിപണിയെ ലക്ഷ്യം വച്ചാൽ പോലും മാസം ചെറുതല്ലാത്ത വരുമാനം നേടാൻ ഈ സംരംഭത്തിലൂടെ കഴിയും. സുമയുെട ജീവിതവും വിജയവും അതിനൊരു മാതൃകയാണ്.


ലേഖകൻ സംസ്ഥാന വ്യവസായ–വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ‍ഡയറക്ടറാണ്

English Summary ; Success Story of a Small Women Entrepreneur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.