ADVERTISEMENT

മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി അവസരമാക്കി മുന്നോട്ടു പോകുകയാണ് വേണ്ടത്. വരും നാളുകൾ കൂടുതൽ കഠിനമാകാനാണ് സാധ്യത. തൊഴിൽ നഷ്ടപ്പെട്ടവരും വരുമാനം കുറഞ്ഞവരും പുതിയ മേച്ചിൽ പുറങ്ങൾ അന്വേഷിക്കേണ്ടിവരും. എന്നാലും പുതിയ തൊഴിൽ അനാകർഷകമായ ശമ്പളമായിരിക്കും നൽകുക. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടേണ്ടി വരുമെന്നർത്ഥം. ഈ സാഹചര്യത്തിൽ ‘സ്വയം തൊഴിൽ’ (Self employment) നൽകുന്ന അനന്ത സാദ്ധ്യതകൾ ഫലപ്രദമായി ഉപയോഗിക്കാം.

സ്വയം തൊഴിലിന്റെ പ്രാധാന്യം കേരളം പോലുള്ള സംസ്ഥാനങ്ങൾ ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. നാഷണൽ സാമ്പിൾ സർവേയുടെ കണക്കനുസരിച്ച് കേരളത്തിലെ സ്വയം തൊഴിൽ നിരക്ക് 37.7 ശതമാനമാണ്. ദേശീയ തലത്തിലിത് 57 ശതമാനവും. ഉല്പാദന മേഖലയിലെ വളർച്ച ത്വരിതപ്പെടുത്തി സാമ്പത്തിക കുതിപ്പ് നടത്തണമെങ്കിൽ സ്വയം  തൊഴിൽ വർധിപ്പിക്കണം. 

ആദ്യം വേണ്ടത്

സ്വയം തൊഴിലിൽ   ഏർപ്പെടാൻ  തീരുമാനിക്കുമ്പോൾ ആദ്യം അവരവരുടെ അഭിരുചി  തിരിച്ചറിയുകയാണ് പ്രധാനം. നമുക്കിണങ്ങിയ ഉൽപ്പന്നമോ സേവനമോ ആണെങ്കിൽ ആ രംഗത്ത് നാം ശോഭിച്ചിരിക്കും. കടമ്പകൾ തരണം ചെയ്യുന്നതിൽ നാം മിടുക്കു കാണിക്കും. ഇതിനായി വിദഗ്ധരുടെ സേവനം തേടുകയുമാകാം. നാം തിരഞ്ഞെടുത്ത ഉൽപ്പന്നമോ സേവനമോ തരുന്ന  സാധ്യതകൾ, അതിനു ഡിമാന്റുണ്ടോ, വളരാനുള്ള സാധ്യതയുണ്ടോ തുടങ്ങിയവയ്ക്ക് ഉത്തരം കിട്ടണം.

നാനോ സംരംഭങ്ങൾ കൂടുതൽ അഭികാമ്യം

സൂക്ഷ്മ-ചെറുകിട സംരംഭങ്ങളാണ് കേരളത്തിന് കൂടുതൽ അനുയോജ്യവും പ്രയോജനപ്രദവും. സൂക്ഷ്മ സംരംഭങ്ങളിലും താഴെയുള്ള വിഭാഗമാണ് ‘നാനോ സംഭരംഭങ്ങൾ’. ഇവയെ ‘ഗാർഹിക നാനോ സംരംഭങ്ങൾ’എന്നും വിളിക്കാം. അഞ്ചു ലക്ഷം രൂപയ്ക്കു താഴെ നിക്ഷേപമുള്ളവയാണ് ഇത്തരം സംഭരംഭങ്ങൾ. തൊഴിലാളികളുടെ എണ്ണം പരമാവധി  അഞ്ചായിരിക്കും. നാനോ സംരംഭങ്ങളുടെ ‘നഷ്ടസാധ്യത’ ചെറുതാണ്. സ്ഥലത്തിന്റെ പരിമിതി,  തൊഴിലാളികളുടെ ലഭ്യത, മൂലധനത്തിന്റെ കുറവ് എന്നിവ പരിഗണിക്കുമ്പോൾ ഇവ കേരളത്തിന്  അനുയോജ്യമാണ്.

ലളിതമായ നടപടി ക്രമങ്ങൾ 

അക്ഷയ സെന്ററുകളിലൂടെ ‘ഉദ്യം’ (Udhyam) റജിസ്‌ട്രേഷൻ എടുത്താലുടൻ വീട്ടിൽ ബിസിനസ് ആരംഭിക്കാം, മറ്റ് നൂലാമാലകളില്ല; പഞ്ചായത്ത്, മലിനീകരണ ബോർഡ്,അളവ്-തൂക്കം, ഫയർ ആൻഡ് സേഫ്റ്റി തുടങ്ങിയവയുടെ ലൈസൻസ് ഇല്ലാതെ ഉത്പാദനം ആരംഭിക്കാം. സർക്കാരിന്റെ സഹായങ്ങൾ നാനോ സംരംഭങ്ങളെ കൂടുതൽ ആകർഷകമാക്കുന്നു.

സർക്കാരിന്റെ സമീപനം

2017-18ലെ ബജറ്റിലാണ്‘ഗാർഹിക നാനോ സംരംഭങ്ങൾക്ക്’ സംസ്ഥാനസർക്കാർ പ്രത്യേക പ്രാധാന്യം നൽകിയത്. സ്ത്രീ സംരംഭകരെ പ്രോത്സാഹിക്കുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ K-WINS ( Kerala Women in Nano Strat ups) എന്ന പദ്ധതിയുമുണ്ട്. 

ഏതെല്ലാം രംഗങ്ങൾ നാനോ സംരംഭങ്ങൾക്കു അനുയോജ്യം? 

∙കാർഷിക സംരംഭങ്ങൾ, കാർഷിക അധിഷ്ഠിത വ്യവസായങ്ങൾ, സേവന മേഖലകൾ  എന്നിവയൊക്കെ നാനോ രീതിയിലുള്ള സംരംഭങ്ങളായി ഗാർഹിക മേഖലയിൽ ആരംഭിക്കാം.

∙തൊഴിൽ അധിഷ്ഠിത സംരംഭം ആണെങ്കിലും അഞ്ചു തൊഴിലാളികളിൽ കൂടുതൽ അനുവദിക്കില്ല.വീട്ടിലെ അംഗങ്ങളെ ഉപയോഗിച്ചും ഉത്പാദനം നടത്താം. 

∙അച്ചാറുകൾ, റെഡി- റ്റു- ഈറ്റ്, റെഡി- റ്റു- കുക്ക്, വിവിധ തരം സോപ്പുകൾ , മെഴുകുതിരി, സാനിറ്റൈസർ, മാസ്കുകൾ, കുട തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നിർമാണം നാനോ സംരംഭങ്ങൾക്കു അനുയോജ്യമാണ്. ഐ.റ്റി. മേഖലയിലെ സ്ഥാപനങ്ങൾക്ക് നാനോ മാതൃക അവസരമൊരുക്കും   

വിപണന തന്ത്രം

ഇവിടെ ഉത്പാദനം ഏറെക്കുറെ എളുപ്പമാണ്. എന്നാൽ വിപണനം അങ്ങനെയാകണമെന്നില്ല

∙സംരംഭകന്റെ പരിസരത്തുള്ള വിപണി ഉപയോഗപ്പെടുത്തി ഒരളവുവരെ പ്രതിസന്ധിയെ  മറികടക്കാം. 

∙വീടുകൾ തോറുമുള്ള വിൽപ്പനയും ആകർഷകമാണ്. 

∙അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ  തുടങ്ങിയവ കേന്ദ്രികരിച്ചു വില്പന നടത്താം. 

∙ചുറ്റുപാടുമുള്ള പ്രദേശങ്ങൾ സ്ഥിര കമ്പോളമായി നിലനിർത്തിയാൽ വിജയം സുനിശ്ചിതമായിരിക്കും. 

∙ദൂരസ്ഥലങ്ങളിലെ വിപണനം അടുത്ത ഘട്ടമായിരിക്കണം. ഈ സാഹചര്യത്തിൽ സംരംഭത്തിന്റെ വികസനവും അത്യാവശ്യമായി വന്നേക്കാം. 

∙ഓൺലൈൻ  വില്പനയും പരിഗണിക്കാം. 

∙ഘട്ടം ഘട്ടമായുള്ള വികസനവും പുരോഗതിയും സംരംഭകനെ വൻകിട സ്ഥാപനത്തിന്റെ ഉടമയാക്കും.  

∙വരുന്ന കാലഘട്ടം നാനോ സംരംഭങ്ങളുടേതാണ് . 

English Summary : Details of Nano Industry Units

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com