നെയിൽ ആർട്ടിലൂടെ മാസം 50000 രൂപ വരുമാനം നേടി രാഖി

HIGHLIGHTS
  • വ്യത്യസ്ത നിറങ്ങൾ കൊണ്ട് നഖങ്ങളിൽ ചിത്രങ്ങൾ തീർക്കുന്നതാണ് നെയിൽ ആർട്ട്
laxmi-nail-1
SHARE

സൗന്ദര്യമേഖലയിൽ ഇന്ന് ഏറെ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് നെയിൽ ആർട്ട്. അധികം ആളുകൾ കടന്നു വരാതിരുന്ന ഈ മേഖലയിലേക്ക് തന്റെ എഞ്ചിനീയറിംഗ് മേഖലയിലെ ജോലി വേണ്ടെന്നു വെച്ച് വന്ന വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിനിയായ രാഖി ഗിരി ശങ്കര്‍.വരയ്ക്കാനുള്ള കഴിവും ഈ രംഗത്തോടുള്ള അളവറ്റ പാഷനുമാണ് രാഖിയെ നെയിൽ ആർട്ടിലേക്ക് എത്തിക്കുന്നത്. ഒരു കൗതുകത്തിന്റെ പേരിൽ ആരംഭിച്ച നെയിൽ ആർട്ട് ഇന്ന് രാഖിക്ക് പ്രധാന വരുമാനമാർഗമാണ്.

നമ്പര്‍ വണ്‍ നെയില്‍ ആര്‍ട്ടിസ്റ്റ്

ഒന്നോ രണ്ടോ മാസം കൊണ്ട് നെയിൽ ആർട്ട് മേഖലയിൽ പ്രാഗത്ഭ്യം തെളിയിക്കുകയായിരുന്നില്ല രാഖി. കേരളത്തിലെ നമ്പര്‍ വണ്‍ നെയില്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള രാഖിയുടെ വളർച്ചയ്ക്ക് പിന്നിൽ വർഷങ്ങളുടെ ശ്രമങ്ങളുണ്ട്. അടുത്ത സുഹൃത്ത് വിദേശത്ത് നിന്നും മടങ്ങി വന്നപ്പോള്‍ നെയില്‍ ആര്‍ട്ട് ഇട്ടിരിക്കുന്നത് കണ്ടിട്ടാണ് ആ മേഖലയോട് താല്പര്യം തോന്നിത്തുടങ്ങിയത്.സാധാരണ രീതിയിൽ പെൺകുട്ടികൾ കൈകളിൽ നെയിൽ പോളീഷ് ഇടും. എന്നാൽ വ്യത്യസ്തമായ നിറങ്ങൾ കൊണ്ട് നഖങ്ങളിൽ ചിത്രങ്ങൾ തീർത്തിരിക്കുന്ന നെയിൽ ആർട്ട് അതിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു.

laxmi-nail-2

സ്വന്തം പാറ്റേൺ

വിദേശത്ത് ഏറെ സാധ്യതയുള്ള നെയിൽആർട്ടിനെപ്പറ്റി രാഖി കൂടുതൽ പഠിക്കാൻ ശ്രമിച്ചു. അപ്പോഴാണ് കേരളത്തിൽ നല്ലൊരു നെയിൽ ആർട്ടിസ്റ്റ് ഇല്ലെന്ന് മനസിലാക്കുന്നത്. ധാരാളം ആളുകൾ നെയിൽ ആർട്ട് ചെയ്യുന്നുണ്ടെങ്കിലും ഈ മേഖലയിൽ മാത്രമായി വൈദഗ്ദ്യം തെളിച്ചവർ കേരളത്തിലുണ്ടായിരുന്നില്ല. ആ സ്ഥാനം നേടിയെടുക്കാനായിരുന്നു പിന്നീടുള്ള ശ്രമങ്ങൾ.വിവിധ നിറത്തിലുള്ള നെയില്‍ പോളീഷുകള്‍ മിക്‌സ് ചെയ്ത സ്വന്തം പാറ്റേണില്‍ ആയിരുന്നു തുടക്കം.

ആദ്യ ശ്രമങ്ങൾ വിജയിച്ചതോടെ കൂടുതൽ വ്യത്യസ്തമായ പരീക്ഷണങ്ങൾ ആരംഭിച്ചു.ആവശ്യക്കാർ രാഖിയെ തേടി എത്തിത്തുടങ്ങിയതോടെയാണ് നെയിൽ ആർട്ടിന്റെ കേരളത്തിലെ സാധ്യതകൾ രാഖിക്ക് പൂർണമായും മനസിലായത്. അടുത്തഘട്ടത്തിൽ രാഖി ഗൂഗിളിനെ ഗുരുവായി കണ്ടു.ഗൂഗിള്‍ നോക്കി, നെയില്‍ ആര്‍ട്ട് ഉപകരണങ്ങള്‍ എല്ലാം വാങ്ങി.അധികം വൈകാതെ തന്നെ രാഖിയുടെ വർക്കുകൾ ശ്രദ്ധിക്കപ്പെട്ടു. സെലിബ്രിറ്റികൾ, സിനിമാ താരങ്ങൾ, മോഡലുകൾ എന്നിവരായിരുന്നു ഉപഭോക്താക്കളിൽ ഏറെയും.

ഒരു ലക്ഷം രൂപയുടെ നിക്ഷേപം

നഖത്തിൽ ചിത്രം വരയ്ക്കാൻ ഇത്രയേറെ നിക്ഷേപം ആവശ്യമുണ്ടോ എന്ന് പലരും ചോദിച്ചേക്കാം. ഇത്തരക്കാരോട് നെയിൽ ആർട്ട് ഒരു കലയാണ് എന്നും ആ രീതിയിൽ അതിനെ സമീപിക്കണം എന്നും രാഖി പറയും. മൈക്രോ ആർട്ട് ആണ് നെയിൽആർട്ട്. വളരെ ചെറിയ ചിത്രങ്ങൾ വരയ്ക്കുന്നതിന് അത്രയേറെ ചെറിയ ബ്രഷുകൾ, ചിത്രങ്ങൾ വരക്കുന്നതിനുള്ള നീഡിലുകൾ, വിവിധ ഗുണനിലവാരത്തിലുള്ള നെയിൽ പോളീഷുകൾ എന്നിവ ആവശ്യമാണ്. എന്നാൽ ഈ നിക്ഷേപം വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ തിരിച്ചു പിടിക്കാൻ രാഖിക്ക് കഴിഞ്ഞു.

രാഖി ചെയ്ത വര്‍ക്കുകള്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍, ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി നെയില്‍ ആര്‍ട്ട് റിവ്യൂ ആരംഭിച്ചു. അത് വരുമാനം വർധിപ്പിച്ചു. നിരവധി കോസ്‌മെറ്റിക് ബ്രാൻഡുകളുമായി സഹകരിക്കുന്നതിനുള്ള അവസരമാണ് തുടർന്ന് ലഭിച്ചത്. അങ്ങനെ, ഒരു പാഷനായി ആരംഭിച്ച നെയിൽ ആർട്ട് മികച്ച വരുമാനം നൽകുന്ന ഒരു സംരംഭമായി മാറി. എന്നാൽ വരുമാനം വരുന്നമുറയ്ക്ക് നെയിൽ ആർട്ടിലെ പുതിയ ട്രെൻഡുകളിൽ അപ്‌ഡേറ്റഡ് ആയിരിക്കാനും രാഖി ശ്രമിച്ചു.അധികം ആരും കൈവയ്ക്കാത്ത മേഖലയായതിനാൽ തന്നെ സിനിമാ രംഗവുമായി ബന്ധപ്പെട്ടും ധാരാളം അവസരങ്ങൾ രാഖിയെ തേടിയെത്തി.

laxmi-nail

വീട്ടിൽ ഒരു നെയിൽ ആർട്ട് സ്റ്റുഡിയോ

നെയിൽ ആർട്ട് ചെയ്യുന്നതിനായി എത്തുന്ന ആളുകളുടെ എണ്ണം വർധിച്ചതോടെ വീടിനുള്ളിൽ തന്നെ ഒരു നെയിൽ ആർട്ട് സ്റ്റുഡിയോ രാഖി നിർമിച്ചു. സ്റ്റുഡിയോയുടെ നിർമാണം ഉൾപ്പെടെയാണ് ഒരു ലക്ഷം രൂപയുടെ നിക്ഷേപം വന്നത്. രാഖി താല്പര്യമുള്ളവർക്ക് നെയിൽ ആർട്ട് ക്‌ളാസുകളും നൽകുന്നുണ്ട്. സമ്മർദ്ദം ഏറെയുള്ള കോർപ്പറേറ്റ് ജോലിയിൽ തുടരുന്നതിനേക്കാൾ ഏറെ സന്തോഷം നെയിൽ ആർട്ട് ചെയ്യുമ്പോൾ കിട്ടുന്നുണ്ടെന്നു രാഖി പറയുന്നു. ഇപ്പോൾ വിദേശ രാജ്യങ്ങളിൽ നിന്ന് പോലും ഉപഭോക്താക്കൾ രാഖിയുടെ നെയിൽ ആർട്ട് സ്റ്റുഡിയോ തേടി എത്തുന്നുണ്ട്.

''വാസ്തവത്തിൽ താല്പര്യവും ശ്രദ്ധയും ഏകാഗ്രതയുമുള്ള ഏതൊരു വ്യക്തിക്കും നെയിൽ ആർട്ട് ചെയ്ത് വരുമാനം കണ്ടെത്താൻ കഴിയും. വരയ്ക്കാനുള്ള കഴിവ്, പാഷൻ , കളർ സെൻസ് എന്നിവ വേണം. ട്രെയ്നിംഗ് ലഭിക്കുക എന്നത് ഇന്ന് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല'' രാഖി പറയുന്നു.

നെയിൽ ആർട്ടിൽ ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് രാഖി സ്വന്തമാക്കിയിട്ടുണ്ട്. അക്രിലിക് നെയില്‍ എക്സ്റ്റന്‍ഷന്‍ ചെയ്ത്, ന്യൂസ് പേപ്പര്‍ കത്തിച്ച് യഥാര്‍ത്ഥ ഫ്ളവര്‍ ഡിസൈന്‍ ചെയ്യുന്ന സ്വന്തം രീതിയിലുള്ള നെയില്‍ ആര്‍ട്ടിനാണ് രാഖിയെ തേടി ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് എത്തിയത്. 2021 ആകുമ്പോഴേക്കും ഈ മേഖലയില്‍ സ്വന്തമായി ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാനാണ് രാഖി പദ്ധതിയിടുന്നത്.

English Summary : Nail Artist Who Earns 50000 per Month

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA