ADVERTISEMENT

നാട്ടറിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള പരമ്പരാഗത ഉൽപന്നങ്ങൾക്ക് എന്നും മികച്ച വിപണിയുണ്ട്. കേരളത്തില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും, വിദേശത്തുമെല്ലാം ഇത്തരം ഉൽപന്നങ്ങൾക്കു പ്രിയമേറുന്നു. ആ സാധ്യത തിരിച്ചറിഞ്ഞ് സംരംഭകനായി വിജയം കൊയ്ത കഥയാണ് പാലക്കാട് എരുത്തേൻപതി സ്വദേശി ആർ. കൃഷ്ണകുമാറിന്റേത്. നവയുഗ് എക്സ്ട്രാക്‌ഷൻസ് എന്ന പേരിലാണ് ഈ സംരംഭം പ്രവർത്തിക്കുന്നത്. 

വെർജിൻ കോക്കനട്ട് ഓയിൽ കുട്ടികൾക്കു ഉള്ളിൽ കഴിക്കാനും, ദേഹത്തു പുരട്ടാനും ഉത്തമമാണ്. മുലപ്പാലിൽ കാണുന്ന ‘ലോറിക് ആസി‍ഡ്’ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതു ശരീരത്തിനു രോഗപ്രതിരോധശക്തി നൽകുമെന്നതിനാൽ കോവിഡ്കാലത്ത് ഇതിന് പ്രസക്തിയേറെയാണ്. ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകൾ വെന്ത വെളിച്ചെണ്ണ തേച്ചാൽ തനിയെ ഉണങ്ങും. അങ്ങനെ പലവിധ വിശേഷ ഗുണങ്ങളുള്ള എണ്ണയാണ് െവർജിൻ കോക്കനട്ട് ഓയിൽ. കൂടെ അർബുദരോഗത്തെ പ്രതിരോധിക്കുമെന്ന സ്ഥിരീകരിക്കാത്ത മേന്മയും അവകാശപ്പെടുന്നുണ്ട്.

വിദേശത്തും സാന്നിധ്യം

ആയുർവേദ/ ഇംഗ്ലിഷ് മെഡിക്കൽ ഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് വിൽപന. 'വയോല' എന്ന ബ്രാൻഡിലുള്ള  ഉൽപന്നം കേരളത്തിനു പുറത്ത് ഡൽഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും അയയ്ക്കുന്നു.

ഓർഡർ അനുസരിച്ച് സംസ്ഥാനത്തിന്റെ എല്ലാഭാഗത്തും ഉൽപ്പന്നം എത്തിക്കും. ദൂരെ നിന്നുള്ള ഓർഡറുകൾക്ക് പാഴ്സൽ സർവീസ് വഴിയാണ് ഉൽപന്നം എത്തിച്ചു നൽകിരുന്നത്. ഇപ്പോൾ ചില ഓൺലൈൻ വമ്പൻമാരുമായി സഹകരിച്ച് ഓൺലൈൻ വിപണനത്തിലും സജീവമാകാനൊരുങ്ങുകയാണ്. കോവിഡിന്റെ മങ്ങലിലും ധാരാളം ഓർഡറുകൾ ലഭിക്കുന്നുണ്ട്. ഇപ്പോൾ ഒരു ദിവസം 500 േതങ്ങയാണ് എണ്ണയാക്കുന്നത്. ലീറ്ററിനു 520 രൂപ നിരക്കിലാണു വിൽപന. പ്രതിമാസം കുറഞ്ഞത് 3,50,000ലേറെ രൂപയുടെ വിറ്റുവരവ് ഉണ്ട്. 

60,000 രൂപയുടെ മെഷിനറി

60,000 രൂപയുടെ മെഷിനറി നിക്ഷേപമാണ് ആകെ ഉള്ളത്. േതങ്ങ ചുരവി, തേങ്ങ പിഴിച്ചി, റൂം ഹീറ്റർ, പാത്രങ്ങൾ തുടങ്ങിയവ ഇതിൽപ്പെടുന്നു. പച്ച നാളികേരമാണ് ഫാമുകളിൽനിന്നു ശേഖരിക്കുക. അതു ചകിരി നീക്കി ഉടച്ച് വൃത്തിയാക്കി ചുരണ്ടിയെടുക്കുന്നു. എന്നിട്ട് പിഴിച്ചിൽ മെഷീന്റെ സഹായത്തോടെ ഒന്നാം പാൽ എടുക്കുന്നു. അതു പാത്രത്തിലാക്കി 50–70 ഡിഗ്രി ചൂടുള്ള മുറിയിൽ എട്ടുമണിക്കൂർ തുറന്നു വയ്ക്കുന്നു. ഫെർമന്റേഷനു (ഓയിൽ, െസ‍ഡിമെന്റ്സ്, പ്രോട്ടീൻ എന്നിവ വെവ്വേറെയാകും) ശേഷം പ്രോട്ടീൻ നീക്കം ചെയ്ത് ഓയിൽ ശേഖരിക്കുന്നു. ഇതു മൂന്നു പ്രാവശ്യം മെഡിക്കൽ കോട്ടൺ ഉപയോഗിച്ച് അരിച്ചെടുക്കും. അതിനുശേഷം വലിയ ഉരുളിയിൽ വച്ച് 60 ഡിഗ്രി വരെ ചൂടാക്കുന്നു. ആറിയശേഷം ബോട്ടിലിൽ പകർന്ന് വിൽക്കുന്നു. ഉരുളിയിൽ ഉരുക്കിയെടുക്കുന്ന വെന്ത വെളിച്ചെണ്ണയും കൊപ്ര ആട്ടിയെടുക്കുന്ന നാടൻ വെളിച്ചെണ്ണയും നിർമിക്കുന്നുണ്ട്.

മെക്കാനിക്കൽ എൻജിനീയറാണ് കൃഷ്ണകുമാർ. ജോലിക്കാരായി നാല് േപർ ഉണ്ട്. ഒരാൾ വിപണനത്തിൽ ശ്രദ്ധിക്കുന്നു. 

വളരെ ചുരുങ്ങിയ മൂലധനത്തിലാണ് ഈ സംരംഭം പ്രവർത്തിക്കുന്നത്.  

ലക്ഷ്യം

∙ ഇന്നത്തെ വിൽ‌പന ഇരട്ടിയിലേക്ക് ഉയർത്തണം.

∙ അന്തർദേശീയ തലത്തിൽ െവർജിൻ കോക്കനട്ട് ഓയിൽ പ്രചരിപ്പിക്കണം.

∙ പുതിയ പ്ലാന്റ് സ്ഥാപിക്കണം.

പുതു സംരംഭകർക്ക്

നല്ല വിപണിയുള്ള പ്രകൃതി സൗഹൃദ ഉൽപന്നമാണ്. െചറിയ നിക്ഷേപത്തിൽ തുടങ്ങാം. നിർമാണപ്രക്രിയ ശ്രദ്ധിക്കണം. 50,000 രൂപയും രണ്ടു തൊഴിലാളികളും മതി സംരംഭത്തിനു തുടക്കമിടാൻ.ആദ്യഘട്ടത്തിൽ രണ്ടു ലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവു നേടിയാൽപ്പോലും 40,000 രൂപ അറ്റാദായം ഉറപ്പിക്കാം.

എന്തുകൊണ്ട് ഈ സംരംഭം?

∙ പാലക്കാട് ജില്ലയിൽ കുറഞ്ഞ വിലയിൽ പച്ചതേങ്ങ ധാരാളമായി ലഭിക്കുന്നു. അതു പ്രയോജനപ്പെടുത്താൻ കഴിയുന്നു.

∙ പാരമ്പര്യത്തനിമയുള്ളതും പാർശ്വഫലങ്ങൾ ഇല്ലാത്തതും രാസവസ്തുക്കളൊന്നും േചരാത്തതുമായ ഒരു ഉൽപന്നം.

∙ മത്സരം കുറവുള്ള ബിസിനസ് സ്വന്തമായി ആരംഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.

∙ വെന്തവെളിച്ചെണ്ണ സ്വന്തമായി നിർമിച്ച് പരീക്ഷണം നടത്തിയപ്പോൾ വിജയമായി. കൂടാതെ കോക്കനട്ട് ഡവലപ്മെന്റ് ബോർഡിന്റെ അംഗീകാരമുണ്ട്. 

∙ പാർട് ടൈം ബിസിനസ്സായും ഫുൾടൈം ബിസിനസായും ചെയ്യാനുള്ള സൗകര്യം.

English Summary : Success Story of a Small Entrepreneur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com