ADVERTISEMENT

അരി കൊണ്ടാട്ടങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ് വിജയം വരിച്ച ദമ്പതികളാണ് സന്ധ്യയും പി. ശിവകുമാറും. കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാവുന്ന ഒരു സംരംഭം തേടിയുള്ള അന്വേഷണത്തിനിടെയായിരുന്നു ഇതിലേക്കു എത്തിയത്. ബിപിഎൽ തൊഴിലാളിയായിരുന്നു ശിവകുമാർ. കമ്പനി പൂട്ടിയപ്പോൾ ജോലിയും വരുമാനവും ഇല്ലാതായി. പരീക്ഷണാർഥമാണ് അരിക്കൊണ്ടാട്ടത്തിന്റെ ബിസിനസ്സിലേക്കു കടക്കുന്നത്. പാലക്കാട് ജില്ലയിലെ വടക്കേത്തറയിൽ ‘അമൃത ഫുഡ്സ്’ എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിച്ചു. 

അരി കൊണ്ടുള്ള കൊണ്ടാട്ടം കൂടാതെ ഉള്ളി, ഉണ്ണിപ്പിണ്ടി (വാഴപ്പിണ്ടി), ചീര, വെളുത്തുള്ളി, തക്കാളി എന്നീ ചേരുവകൾ ചേർത്തുകൊണ്ടുള്ള കൊണ്ടാട്ടങ്ങളും ഉൾപ്പടെ 10 തരം ഉൽപ്പന്നങ്ങൾ ഇവർ ഉണ്ടാക്കി വിൽക്കുന്നു. പാരമ്പര്യമായി ഉപയോഗിച്ചുവന്ന ഒരു ഉൽപന്നം വ്യവസായി വികസിപ്പിച്ചതിന്റെ ക്രെഡിറ്റും ഇവർക്കു തന്നെ .

തുടക്കം ലളിതം

വീട്ടിലെ സൗകര്യങ്ങളാണ് തുടക്കത്തിൽ ഉപയോഗിച്ചത്. വെയിലത്ത് ഉണക്കിയായിരുന്നു ഏറെനാൾ ഉൽപ്പന്നം ഉണ്ടാക്കിയിരുന്നത്. 2005 ൽ ആയിരുന്നു തുടക്കം. ഭാര്യയും ഭർത്താവും ജോലിക്കാരായി. 10 കിലോഗ്രാം ആയിരുന്നു ആ ദിവസങ്ങളിൽ പരമാവധി ഉൽപാദനം. കടകൾതോറും കയറിയിറങ്ങി ഓർഡർ പിടിച്ചായിരുന്നു സപ്ലൈ. ആദ്യം ഓർഡർ ലഭിക്കാൻ നന്നേ കഷ്ടപ്പെട്ടു. പിന്നീടു സുലഭമായി ഓർഡർ ലഭിക്കാൻ തുടങ്ങിയതോടെ ഉൽപാദനവും ക്രമാനുഗതമായി വർധിപ്പിക്കാനായി.  പ്രതിദിനം 100 കിലോഗ്രാം വരെയാണ് ഉൽപാദനം. ഡ്രയർമെഷീൻ, റോസ്റ്റർ മെഷീൻ, പൾവറൈസർ എന്നിങ്ങനെ ഏകദേശം 10 ലക്ഷം രൂപയുടെ മെഷിനറികൾ സ്ഥാപിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായിട്ടാണ് ഇവയെല്ലാം വാങ്ങി സ്ഥാപിച്ചത്. 

30 ശതമാനം സബ്സിഡി

മെഷിനറികൾ സ്ഥാപിക്കുന്നതിനു മുടക്കിയ പണത്തിൽ 30 ശതമാനം സർക്കാരിൽ നിന്നു സബ്സിഡിയായി ലഭിച്ചു. ഇപ്പോൾ പാലക്കാട് ജില്ലയിലെ മുഴുവൻ സൂപ്പർമാർക്കറ്റുകളിലും അമൃത ഫുഡ്സിന്റെ ഉൽപ്പന്നങ്ങൾ വിൽപനയ്ക്കുണ്ട്. 

ഒരു വിതരണ കമ്പനിയാണ് എല്ലാ ഉൽപന്നങ്ങളും എടുത്തു വിൽപന നടത്തുന്നത്. എത്ര ഉണ്ടാക്കിയാലും ഉൽപന്നം റെ‍ഡി ക്യാഷിനു വിറ്റുപോകും. ഉൽപ്പാദന ശേഷി ഉയർത്തി  തമിഴ്നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലും നേരിട്ടു വിൽപനയുണ്ട്. ഉൽപ്പന്നം ഇപ്പോൾ ഓൺലൈനിലും ലഭ്യമാണ്.

ശരാശരി രണ്ടരലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം ഇപ്പോൾ കിട്ടുന്നുണ്ട്. പ്രതിമാസം ശരാശരി 50,000 രൂപയിൽ കുറയാത്ത വരുമാനം ഇതിലൂടെ ലഭിക്കുന്നു.

English Summary : Success Story of a Food Processing Unit

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com