100 രൂപ ചെലവിൽ 1000 രൂപ നേടുന്ന സംരംഭക

HIGHLIGHTS
  • സൂചിയും നൂലും കൊണ്ട് മികച്ച വരുമാനം നേടി സന്ധ്യ
Laxmi-Sandhya1
SHARE

വീട്ടമ്മ എന്ന ബാനറിൽ ഒതുങ്ങി നിൽക്കുന്നവരോടാണ് കൊടുങ്ങല്ലൂർ സ്വദേശിയായ സന്ധ്യ രാധാകൃഷ്ണന് തന്റെ കഥ പങ്കുവയ്ക്കാനുള്ളത്. വിവാഹം കഴിഞ്ഞു കുഞ്ഞുങ്ങളായതോടെ, അവരെ നോക്കുന്നതിനായി ജോലി ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്. ജോലി ചെയ്യാനും സ്വന്തമായി വരുമാനം കണ്ടെത്താനും ഒന്നും ആഗ്രഹമില്ലാഞ്ഞിട്ടല്ല ഇവർ വീട്ടമ്മമാർ എന്ന ടാഗിൽ വരുമാനമില്ലാത്തവരായി ഒതുങ്ങുന്നത്. കുടുംബത്തോടുള്ള ഉത്തരവാദിത്വമാണ് അതിനുള്ള കാരണം. എന്നാൽ ഇത്തരത്തിൽ വീട്ടമ്മയായി കഴിയുമ്പോൾ തന്നെ പ്രതിമാസം 25000 രൂപ വരുമാനം ലഭിക്കുന്നതിനുള്ള മാർഗം കാണിച്ചു തരികയാണ് സന്ധ്യ രാധാകൃഷ്‌ണൻ.

Laxmi-embroi

എച്ച് ആർ പ്രൊഫഷണൽ തയ്യലിലേക്ക്, മാസവരുമാനം 25000 രൂപ

എച് ആര്‍ പ്രൊഫഷണല്‍ ആയിരുന്ന സന്ധ്യ മകള്‍ ജനിച്ചതിനെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ചു. എന്നാൽ വീട്ടിലിരുന്നു സമയം കളയാനും സന്ധ്യക്ക് താൽപ്പര്യമില്ലായിരുന്നു. വലിയ ചെലവില്ലാതെ ആരംഭിക്കാൻ കഴിയുന്ന ബിസിനസുകൾ തേടി നടന്ന അവരുടെ കണ്ണ് യുട്യൂബിലെ ക്രാഫ്റ്റ് വീഡിയോകളിൽ ഉടക്കി. പോർട്രൈറ്റ് എംബ്രോയ്ഡറി ആയിരുന്നു ആകർഷിച്ചത്. സന്ധ്യയുടെ ‘അമ്മ ഒരു എബ്രോയ്ഡറി ടീച്ചര്‍ ആയിരുന്നു. അതിനാൽ ചെറുപ്പം മുതൽക്ക് തുന്നൽ ശീലിച്ചിരുന്നു. ആ ശീലമാണ് പോർട്രൈറ്റ് എംബ്രോയിഡറിയിൽ ഒരു കൈ നോക്കാം എന്ന തീരുമാനത്തിൽ എത്തിച്ചത്.

Laxmi-embroi1

സുഹൃത്തിന്റെ എംബ്രോയ്ഡറികളും യുട്യൂബ് ട്യൂട്ടോറിയലുകളും വെച്ച ്പോർട്രൈറ്റ് എംബ്രോയ്ഡറി എന്ന മേഖലയെപ്പറ്റി  കൂടുതല്‍ പഠിച്ചു. അൽപ്പം സമയം എടുത്ത് തന്നെ ബുദ്ധന്റെ  ഒരു എംബ്രോയ്ഡറി ചെയ്ത് സോഷ്യൽ മീഡിയയിൽ  ഇട്ടു. കൊറോണക്കാലത്ത് മറ്റൊന്നും തന്നെ ചെയ്യാനില്ലാത്ത അവസ്ഥയിൽ ചെയ്ത  എംബ്രോയ്ഡറിക്ക് നല്ല പ്രതികരണം കിട്ടി. അതോടെ വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ  സന്ധ്യ തന്റെ ബുദ്ധനെ ഷെയർ ചെയ്തു. അത്ഭുതാവഹമായ പിന്തുണയാണ് സന്ധ്യക്ക് കിട്ടിയത്. ധാരാളം ആളുകൾ പോർട്രൈറ്റ് എംബ്രോയ്ഡറിക്കായി ഓർഡറുകൾ നൽകി.

100രൂപ മുടക്കി ആയിരം രൂപ നേടുന്ന മിടുക്ക്

ചെയ്യുന്ന ജോലിക്കും അതിന്റെ മികവിനുമാണ് പോർട്രൈറ്റ് എംബ്രോയ്ഡറിയിൽ വില. പെർഫെക്ഷൻ കൂടുന്നതിനനുസരിച്ച് നല്ല ഫീസ് ഈടാക്കാം. പിറന്നാൾ സമ്മാനമായി പ്രിയപ്പെട്ടവർക്ക് നൽകാൻ ഒരുമിച്ചെടുത്ത ചിത്രങ്ങൾ എംബ്രോയ്ഡറി ചെയ്യാൻ എത്തിയവർ ധാരാളമായിരുന്നു. ഇത്തരം ചിത്രങ്ങളിലൂടെയാണ് സന്ധ്യ ശ്രദ്ധ നേടിയത്. ഒറിജിനലിനെ വെല്ലുന്ന എംബ്രോയ്ഡറികൾ ചെയ്യുന്നതിനായി മണിക്കൂറുകളാണ് സന്ധ്യ സൂചിയും നൂലുമായി ഇരുന്നത്. എന്നാൽ കൊറോണക്കാലത്ത് എല്ലാവരും തൊഴിൽ പോയ വിഷമത്തിൽ ഇരിക്കുമ്പോൾ മികച്ച വരുമാനം നേടുന്ന വഴി കണ്ടെത്താൻ സന്ധ്യക്കായി എന്നതാണ് മികവ്.  

കൂടുതൽ പ്രൊഫഷണൽ

പോർട്രൈറ്റ് എംബ്രോയ്ഡറി ചെയ്യാനുള്ള ഹൂപ്പിന് 70 രൂപയും തുന്നാൻ ഉപയോഗിക്കുന്ന നൂലിന് പരമാവധി ഇരുപത്തഞ്ച് രൂപയുമാണ് വില വരിക. അങ്ങനെ നോക്കുമ്പോള്‍ പോര്‍ട്രൈറ്റ് എംബ്രോയ്ഡറി ലാഭമാണ്. കുടുംബ ചിത്രങ്ങൾ മുതൽ കുഞ്ഞുവാവകളുടെ മുഖങ്ങൾ വരെ എംബ്രോയ്ഡറി ചെയ്യാനായി എത്തുന്നുണ്ട്. ഓർഡറുകൾ കൂടിയപ്പോൾ ഞാൻ കുറെ കൂടി പ്രൊഫഷണലായി. ഹൂപ്പുകള്‍ പോര്‍ട്രൈറ്റ് ചെയ്ത ശേഷം ഫ്രെയിം ചെയ്ത് നല്‍കാനും ടാഗ് പിടിപ്പിക്കാനും തുടങ്ങി. പാക്കിങും കൂടി മികവുറ്റതാക്കിയതോടെ എനിക്ക് വിപണി പിടിക്കാൻ കഴിഞ്ഞു'' സന്ധ്യ പറയുന്നു.

പോർട്രൈറ്റ് എംബ്രോയ്ഡറി ശ്രദ്ധേയമായതോടെ സാൻഡിസ് ക്രാഫ്റ്റ് വേൾഡ് എന്ന പേരിൽ സ്ഥാപനം തുടങ്ങി തന്റെ വർക്കുകൾ ബ്രാൻഡ് ചെയ്തു. സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും പോര്‍ട്രൈറ്റ് സന്ധ്യ ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇനി കുട്ടി വലുതായി ഒരു ജോലിയില്‍ പ്രവേശിക്കാനുള്ള അവസരം ലഭിച്ചാല്‍ പോലും സാന്‍ഡിസ് ക്രാഫ്റ്റ് വേള്‍ഡ് ഒരു വലിയ ബ്രാന്‍ഡായി വളര്‍ത്തണം എന്ന് തന്നെയാണ് സന്ധ്യ ആഗ്രഹിക്കുന്നത്.

നിലവിൽ പ്രതിമാസം ചുരുങ്ങിയത് 25000  രൂപയുടെ വരുമാനമാണ് പോർട്രൈറ്റ് എംബ്രോയ്ഡറി വഴി സന്ധ്യ നേടുന്നത്. ഇതിനായി വരുന്ന ചെലവാകട്ടെ 2000  രൂപയോളം മാത്രവും. തുന്നൽ പഠിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല എന്നതിനാൽ തന്നെ , വരുമാനമില്ലാത്ത വീട്ടമ്മമാർ എന്ന പേരിൽ ഒതുങ്ങി നിൽക്കുന്നവർ ഈ രംഗത്ത് തന്റെ കഴിവ് പരീക്ഷിക്കണം എന്നാണു സന്ധ്യ പറയുന്നത്.

English Summary : Inspirational Story of a House Wife

 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA