ADVERTISEMENT

അയ്യപ്പദാസ് ഒരു മരപ്പണിക്കാരനാണ്. ആ വരുമാനം കൊണ്ടാണ് മൂന്നു കുട്ടികളും ഭാര്യയും പിതാവും മാതാവും ഉൾപ്പെടുന്ന കുടുംബം കഴിഞ്ഞുപോന്നത്. എന്നാൽ കോവിഡ് 19 ജീവിതത്തെ തകിടം മറിച്ചു. വരുമാനം തീരെ ഇല്ലാതെയായി. അങ്ങനെയാണു അതിജീവനത്തിനു വഴികൾ അന്വേഷിച്ചു തുടങ്ങിയത്.

ഗപ്പി ഉൾപ്പെടെയുള്ള അലങ്കാര മത്സ്യങ്ങൾ വളർത്തി വിൽക്കുന്നതാണ് ബിസിനസ്. തുടങ്ങിയിട്ട് അഞ്ചു മാസമാകുന്നതേയുള്ളൂവെങ്കിലും ചെറുതല്ലാത്ത ആത്മവിശ്വാസവും അതിജീവനവുമാണ് ഈ സ്ഥാപനം അയ്യപ്പദാസിനു നൽകിയത്.

എന്തുകൊണ്ട് ഗപ്പി?

വീട്ടിൽ കൗതുകത്തിനും നേരം പോക്കിനുമായി ചെറിയതോതിൽ അലങ്കാരമത്സ്യങ്ങളെ വളർത്തിയിരുന്ന ആളാണ് അയ്യപ്പദാസ്. സ്കൂൾ കാലം മുതലേ ഗപ്പിയോട് ഒരു പ്രത്യേക മമത ഉണ്ടായിരുന്നു. സാങ്കേതികമായി ഇതിന്റെ പ്രജനനം, ഭക്ഷണം, പരിപാലനം എല്ലാം ഇദ്ദേഹത്തിന് അറിയാമായിരുന്നു. ഹോബി എന്ന നിലയിൽ മാത്രമല്ല, ൈവകാരികമായ താൽപര്യം കൂടി ഈ സ്നേഹത്തിനു പിന്നിലുണ്ട്. പക്ഷേ, അതു വാണിജ്യ അടിസ്ഥാനത്തിൽ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

പത്ര–നവമാധ്യമങ്ങളിൽ‌നിന്ന് ഇതിന്റെ സാധ്യത മനസ്സിലാക്കിയപ്പോഴാണ് എന്തുകൊണ്ട് ഇതൊരു ബിസിനസ് ആക്കിക്കൂടാ എന്ന ചിന്ത വന്നത്. അങ്ങനെ, സോഷ്യൽ മീഡിയയിൽ േവണ്ട പ്രചരണം നൽകിയതോടെ ആവശ്യക്കാർ ഓരോരുത്തരായി അന്വേഷിച്ചു വന്നുതുടങ്ങി. പിന്നെ ഒന്നും നോക്കിയില്ല, ചെറിയ പ്ലാസ്റ്റിക് ടാങ്കുകൾ വാങ്ങി അതിൽ കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് വിറ്റഴിക്കൽ തുടങ്ങി.

80 വരെ കുഞ്ഞുങ്ങൾ

രണ്ടു മാസം വരെ പ്രായമായ കുഞ്ഞുങ്ങളെയാണു വാങ്ങുക. പറവൂർ–വൈപ്പിൻ–ചെറായി പ്രദേശത്തുനിന്നുള്ള സ്വകാര്യ ഏജൻസികൾ ഇത് എത്തിച്ചു നൽകും. ആൺ–പെൺ കുഞ്ഞുങ്ങളെ പ്രത്യേകം വളർത്തിയ ശേഷം രണ്ടര മാസം കഴിഞ്ഞാണ് ഒരുമിച്ചാക്കുക. തുടർന്ന് മൂന്നു മാസം തികയുമ്പോൾ മുതൽ പുതിയ കുഞ്ഞുങ്ങൾ ഉണ്ടാകാൻ തുടങ്ങും.

ആദ്യ പ്രസവത്തിൽ 10 മുതൽ 25 വരെ കുഞ്ഞുങ്ങളെ മാത്രമേ ലഭിക്കൂ. എന്നാൽ, രണ്ടാമത്തെ പ്രസവം മുതൽ 80 കുഞ്ഞുങ്ങളെ വരെ പ്രതീക്ഷിക്കാം. ഏകദേശം അ‍ഞ്ചു പ്രാവശ്യം വരെയുള്ള പ്രസവങ്ങളിൽനിന്നുള്ള കുഞ്ഞുങ്ങളെ ശേഖരിക്കുന്നു. അതിനുശേഷവും കുഞ്ഞുങ്ങൾ ഉണ്ടാകുമെങ്കിലും അവയ്ക്ക് ഗുണമേന്മ കുറവാണ്.

വളർച്ചയെത്തിയ ഗപ്പികൾ 21–30 ദിവസം കൂടുന്തോറും പ്രസവിച്ചു‌കൊണ്ടേയിരിക്കും. 150 രൂപ മുതൽ 900 രൂപ വരെ വിലയുള്ള ജോടികളെയാണ് അയ്യപ്പദാസ് വാങ്ങി, വളർത്തി, വിൽക്കുന്നത്. ഇതിലും ഉയർന്ന വില (5,000 രൂപ വരെ) ഉള്ളവയുണ്ട്. പക്ഷേ, ലാഭകരമാകില്ലെന്നതിനാൽ അവയെ വാങ്ങുകയോ ഉൽപാദിപ്പിച്ചു വിൽക്കുകയോ ചെയ്യുന്നില്ല.

8:4 എന്ന പെൺ–ആൺ അനുപാതത്തിലാണ് ജോടി കുഞ്ഞുങ്ങളെ പ്രജനന ആവശ്യത്തിനായി വാങ്ങുന്നത്. ൈലവ് ഫുഡ് ആണ് പ്രധാനമായും നൽകുക. പ്രസവിച്ചു കിട്ടുന്ന കുഞ്ഞുങ്ങളെ 2–3 മാസത്തിനുള്ളിൽ വിൽക്കാം. 150 മുതൽ 900 രൂപ വരെ വിലയ്ക്കാണു ജോടികളെ വിൽക്കുന്നത്.

ഓൺലൈൻ വിൽപന

തന്റെ ബിസിനസിന് മലപ്പുറം ജില്ലയിലാണ് കൂടുതൽ കസ്റ്റമേഴ്സ് ഉള്ളതെന്ന് അയ്യപ്പദാസ് പറയുന്നു. ഓൺലൈൻ വഴിയാണ് വിൽപന കൂടുതലും. തൃശൂർ, എറണാകുളം ജില്ലകളിലും കച്ചവടം നടക്കുന്നുണ്ട്. ഓൺലൈൻ വഴി ബന്ധപ്പെട്ട് മുൻകൂർ പണം അടയ്ക്കുന്നവർക്ക് കുറിയർ വഴി അയച്ചു കൊടുക്കും.

സോഷ്യൽമീഡിയ ഈ സംരംഭത്തിനു വിപണി കണ്ടെത്തുന്നതിൽ വളരെയേറെ സഹായിക്കുന്നുണ്ട്. അതോടൊപ്പം കൃത്യമായ പാക്കിങ്ങും സമയം തെറ്റാതെയുള്ള ഡെലിവറിയും വിജയഘടകങ്ങളായി പറയാം. ഇപ്പോൾ ഒരു ആഴ്ചയിൽ 5,000–10,000 രൂപയുടെ കച്ചവടം ലഭിക്കുന്നുണ്ട്. ഇതിനു വേണ്ടി വരുന്ന മുടക്കുമുതൽ 10 ശതമാനത്തിൽ താഴെ മാത്രമാണെന്നതാണ് ഈ ബിസിനസ് സംരംഭത്തിന്റെ ഏറ്റവും വലിയ സവിശേഷത. കുഞ്ഞുങ്ങളുടെ വില, തീറ്റ, പരിപാലനം, കുറിയർ ചാർജ് എന്നീ ഇനങ്ങളിൽ മാത്രമാണു ചെലവുകൾ. അതുകൊണ്ട് വിറ്റുവരവിൽ 90 ശതമാനവും ലാഭം തന്നെ. കോവിഡ് കാലത്താണ് തുടങ്ങിയതെങ്കിലും വിപണിയെ സംബന്ധിച്ച് യാതൊരു ഉത്കണ്ഠയും അയ്യപ്പദാസിനില്ല. ധാരാളം ഓർഡറുകൾ ഇപ്പോഴും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ ശുദ്ധജലം.

∙ ശുദ്ധവായു ലഭിക്കാനുള്ള ഏർപ്പാട്.

∙ വെള്ളം കൃത്യമായി മാറ്റണം.

∙ സൂക്ഷ്മ നിരീക്ഷണം.

∙ പരമാവധി ൈലവ് ഫുഡ് നൽകണം.

∙ സമയബന്ധിതമായി കാര്യങ്ങൾ ചെയ്യണം.

നിക്ഷേപം നാമമാത്രം

ചെറിയ പ്ലാസ്റ്റിക് ടാങ്കുകൾ (െബയ്സൻ) ആണ് സ്ഥിരനിക്ഷേപമായി ഉള്ളത്. 20 ടാങ്കുകളും ഏതാനും ഗ്ലാസ് അക്വേറിയങ്ങളും ചേർന്നാൽ സംരംഭത്തിനു വേണ്ട മൂലധനമായി. ഇവയ്ക്ക് എല്ലാംകൂടി 2,500 രൂപയോളമേ ചെലവു വന്നിട്ടുള്ളൂ. അതു തന്നെ പലപ്പോഴായി വാങ്ങിയവയും. ബിസിനസിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഇതെല്ലാം വാങ്ങിയതും.

കുടുംബസംരംഭം

ഇതൊരു കുടുംബ സംരംഭമാണെന്ന് വേണമെങ്കിൽ പറയാം. അയ്യപ്പദാസിന്റെ അച്ഛനും അമ്മയും തുടങ്ങി ഭാര്യ, കുഞ്ഞുമക്കൾ വരെ എല്ലാവരും സൗകര്യംപോലെ സഹകരിക്കുന്നുണ്ട്. വീട്ടുകാർ സന്തോഷമുള്ള ഒരു നേരംപോക്കായും ഇതിനെ കാണുന്നു. അതുകൊണ്ട് പ്രത്യേകിച്ച് ജോലിക്കാരുടെ ആവശ്യമേയില്ല.

പുതുസംരംഭകരോട്

അൽപം താൽപര്യമുള്ള ആർക്കും നന്നായി ശോഭിക്കാവുന്നൊരു ബിസിനസാണിത്. സ്ഥിരനിക്ഷേപവും ഫാക്ടറി കെട്ടിടങ്ങളും വേണ്ട. വീടിനോടു ചേർന്നു തന്നെ വീട്ടമ്മമാർക്കും ആരംഭിക്കാം. ചെറുതായി തുടങ്ങിയാൽ പോലും 30,000 രൂപയോളം മാസം വരുമാനമായി ലഭിക്കും. സോഷ്യൽമീഡിയയുടെ സാധ്യതകൾ വിപണനത്തിൽ കൃത്യമായി വിനിയോഗിക്കാനറിയാമെങ്കിൽ വരുമാനം വർധിക്കും. 

English Summary: Success Story of Ayyappadas, an Ornamental Fish Farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com