ADVERTISEMENT

ഒരു ബ്രാന്‍ഡിനെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി നാം വെബ്‌സൈറ്റ്, ലോഗോ, മികച്ച ടാഗ് ലൈന്‍ എന്നിവയൊക്കെ സൃഷ്ടിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. സോഷ്യല്‍ മീഡിയ പേജുകളിലും ബിസിനസ് കാര്‍ഡുകളിലുമെല്ലാം ഇത് ചേര്‍ക്കുകയും ചെയ്യും. ബ്രാന്‍ഡിങിന്റെ ഭാഗമായി ബ്ലോഗുകളും മറ്റും ചെയ്യാറുമുണ്ട്. ഇത് ബ്രാന്‍ഡിങിനുവേണ്ടിയുള്ള പിആറാണ്. അതായത്, പിആര്‍ ഇല്ലാതെ ബ്രാന്‍ഡ് ചെയ്യുക അത്ര എളുപ്പമല്ലെന്ന് ചുരുക്കം.

എന്താണ് നിങ്ങളുടെ ബ്രാന്‍ഡ്?

ബിസിനസിന്റെ പേര്, ലോഗോ, ടാഗ് ലൈന്‍, നിങ്ങളുടെ വ്യക്തിത്വം എന്നിവയൊക്കെ ഉള്‍പ്പെട്ടതാണ് നിങ്ങളുടെ ബ്രാന്‍ഡ്. ഒരു ഇടപാടുകാരന് നിങ്ങളെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവര്‍ നിങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ സാധ്യതയില്ല. ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ സര്‍വീസ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനു മുമ്പ് തങ്ങളെതന്നെ മാര്‍ക്കറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഒരു വലിയ കോര്‍പറേറ്റിനെകുറിച്ച്  ചിന്തിക്കുമ്പോള്‍തന്നെ അത് സ്ഥാപിച്ചയാളെ സംബന്ധിച്ചുള്ള ചിന്തകള്‍ എത്ര തവണ നമ്മുടെ മനസിലൂടെ കടന്നുപോയിട്ടുണ്ടാകും. ഒരു ലോഗോ കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്കു ചില കമ്പനികള്‍ മനസിലേക്ക് എത്തും. കെഎഫ്സി, മൈക്രോസോഫ്റ്റ് എന്നിവയൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. മൈക്രോസോഫ്റ്റ് എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ ബില്‍ ഗേറ്റ്‌സ് എന്നാവും നമ്മുടെ മനസിലേക്ക് എത്തുക. എന്നിരുന്നാലും, പുതിയകാലത്ത്  ഒരു ബിസിനസിന് അതിന്റെ ലോഗോയേയും സര്‍വീസിനെയും മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാന്‍ സാധിക്കില്ല. ബ്രാന്‍ഡ് കെട്ടിപ്പടുക്കാന്‍ അതില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

ബ്രാന്‍ഡിനെ പോപ്പുലറാക്കാം

ബ്രാന്‍ഡിനെ എത്രത്തോളം പ്രമോട്ട് ചെയ്യുന്നോ അത്രത്തോളം ആളുകള്‍ നിങ്ങളുടെ ബ്രാന്‍ഡിനെ അറിയും. നിങ്ങളുടെ ബ്രാന്‍ഡിനെ പ്രമോട്ട് ചെയ്യാന്‍ ഇപ്പോള്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ചെറുകിടക്കാര്‍ ബ്രാന്‍ഡിനെ പ്രമോട്ട് ചെയ്യാന്‍ പബ്‌ളിക് റിലേഷന്‍സ് (പിആര്‍) ഉപയോഗിക്കുന്നതാണ് ഉത്തമം. ഇതിന്റെ ഭാഗമായി പ്രസ് റിലീസുകൾ തയാറാക്കി പ്രസിദ്ധീകരണത്തിനായി നൽകാം. 

കൂടാതെ, റേഡിയോ സ്റ്റേഷനിലും പോഡ്കാസ്റ്റിലും അതിഥിയാകുന്നതിന്റെ സാധ്യതകളും പരിശോധിക്കാം. അവസരം ലഭിച്ചാല്‍ നിങ്ങളുടെ ഉത്പന്നത്തെയും സേവനങ്ങളെയും സംബന്ധിച്ചു വാചാലനാകുക. ഒട്ടുമിക്ക പോഡ്കാസ്റ്റുകളും വീഡിയോ, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാറുണ്ട്. ഇതിലൂടെ ജനങ്ങള്‍ക്ക് നിങ്ങളെ കാണാനും സാധിക്കും. ഈയവസരത്തില്‍ നിങ്ങളുടെ വെബ് അഡ്രസിനൊപ്പം ലോഗോയും ചിത്രങ്ങളും സ്‌ക്രോള്‍ ചെയ്യാനാകും.

സമൂഹമാധ്യമങ്ങളുപയോഗിക്കാം

യൂട്യൂബ് ചാനല്‍ തുടങ്ങുന്നതാണ് മറ്റൊരു വഴി. നിങ്ങളുടെ ബ്രാന്‍ഡിനെ സംബന്ധിച്ച് ഈ പ്ലാറ്റ്‌ഫോമില്‍ ചെറുവീഡിയോകള്‍ ചെയ്യാന്‍ കഴിയും. നിങ്ങളുടെ വെബ് അഡ്രസ്, ലോഗോ, നിങ്ങളുടെ ബിസിനസിന്റെ പേര്, ഉല്‍പ്പന്നത്തേയോ സേവനത്തെയോ സംബന്ധിച്ചും ഈ ചാനലിലൂടെ വിവരിക്കാം. ഗൂഗിളിലും മറ്റിടങ്ങളിലും ഈ വീഡിയോ പങ്കുവയ്ക്കുക. യൂട്യൂബ് ചാനലിനൊപ്പം ഫേസ്ബുക്ക്, ലിങ്ക്ഡ്ഇന്‍, ഗൂഗിള്‍ മൈ ബിസിനസ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ബിസിനസ് പേജും ആരംഭിക്കുക. ഈ പ്ലാറ്റ്‌ഫോമുകളിലൂടെയും നിങ്ങളുടെ ബിസിനസിനെ പ്രമോട്ട് ചെയ്യാം. നിങ്ങള്‍ക്ക് സമയമില്ലെങ്കില്‍ ഇക്കാര്യങ്ങൾ പിആര്‍ ഏജന്‍സിയെ ഏല്‍പ്പിക്കാവുന്നതാണ്.

മീറ്റിങുകളില്‍ നിങ്ങളുടെ ബിസിനസ് കാര്‍ഡുകളും പോസ്റ്റ്കാര്‍ഡുകളും നല്‍കുന്നത് ബ്രാന്‍ഡിന് പബ്‌ളിസിറ്റി നല്‍കും. നിങ്ങളുടെ ഉത്പന്നം/ സേവനം എങ്ങനെയാണ് മറ്റുള്ളവയില്‍നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് അവരോട് വിവരിക്കുക. ഇതിനൊന്നും വലിയ പണച്ചെലവില്ല. ഈ വഴികള്‍ കൃത്യമായി പിന്തുടര്‍ന്നാല്‍ നിങ്ങളുടെ ബ്രാന്‍ഡിന് അതിവേഗം പ്രസിദ്ധിയാര്‍ജിക്കാം.

പിആര്‍ എങ്ങനെ സഹായിക്കും?

നിങ്ങളുടെ കമ്പനിയെ മറ്റുള്ളവയില്‍നിന്നു വ്യത്യസ്തമാക്കുന്ന കാര്യങ്ങളാണ് പിആറിലൂടെ ആളുകളിലേക്ക് എത്തിക്കുന്നത്. ബിസിനസ് മേഖലയില്‍ നിങ്ങള്‍ക്കുള്ള അറിവ് നിങ്ങളെ ഒരു വിദഗ്ധനാക്കാന്‍ സഹായിക്കും. പത്രങ്ങള്‍, റേഡിയോ എന്നിവയില്‍ മാത്രം ശ്രദ്ധ കേന്ദ്രകരിക്കുന്നതിനേക്കാള്‍ പ്രസിദ്ധി പിആറിലൂടെ ബ്രാന്‍ഡിനു ലഭിക്കും. പ്രാദേശിക തലത്തിലും ദേശീയ തലത്തിലും നിങ്ങളുടെ ബ്രാന്‍ഡ് പ്രസിദ്ധമാകും. ഗൂഗിള്‍ സെര്‍ച്ചിങില്‍ ബ്രാന്‍ഡിനെ നെറ്റിസണ്‍സിനു മുന്നിലെത്തിക്കും.

തങ്ങള്‍ക്ക് അറിയുന്ന വിശ്വാസമുള്ളതും ഇഷ്ടപ്പെടുകയും ചെയ്യുന്ന ബ്രാന്‍ഡുകളുടെ സാധനങ്ങളും സേവനങ്ങളുമാണ് ആളുകള്‍ വാങ്ങുന്നത്. ഇന്നത്തെ കാലത്തു കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ കണ്ടാണ് അവര്‍ ബ്രാന്‍ഡുകളെ അറിയുന്നതും തിരഞ്ഞെടുക്കുന്നതും. പത്രത്തില്‍ വരുന്ന ഓരോ വാര്‍ത്തയും നിങ്ങള്‍ക്കും ബ്രാന്‍ഡിനും വിശ്വാസ്യത നല്‍കും. ഇത് നിങ്ങളുടെ ബ്രാന്‍ഡും ക്ലയന്റും തമ്മില്‍ വിശ്വാസ്യത സൃഷ്ടിക്കാനും സഹായിക്കും.

ഇന്നോവിന്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും മീഡിയ കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍. ഫോണ്‍: 8606007771

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com