50 രൂപ മുതൽമുടക്കിൽ 60000 മാസവരുമാനം, കോവിഡ് കാലത്തൊരു തിളങ്ങുന്ന ബിസിനസ്

HIGHLIGHTS
  • കോവിഡ് കാലത്ത് മികച്ച നേട്ടം തരുന്ന ബിസിനസാണ് ക്ലീനിങ് ഉൽപ്പന്നങ്ങളുടേത്
sugathan-Dec
SHARE

പത്തു വർഷം മുൻപ് രണ്ടു കിലോ സോപ്പുപൊടി ഉണ്ടാക്കിക്കൊണ്ടായിരുന്നു ഒരു സംരംഭകൻ എന്ന നിലയിൽ സുഗതന്റെ തുടക്കം. അങ്കമാലിയ്ക്കടുത്ത് തുറവൂരിൽ ലാഭം സോപ്സ് എന്ന സംരംഭമാണ് സുഗതൻ കുന്നുംപുറം എന്ന സംരംഭകന്റെ വിജയത്തുടക്കം. ആ സമയത്ത് എന്ന  ആകെ നിക്ഷേപമായി കൈവശം ഉണ്ടായിരുന്നത് വെറും 50 രൂപയായിരുന്നു. 

സമീപപ്രദേശത്തുള്ള വീടുകൾ കേന്ദ്രീകരിച്ച് ഉൽപന്നം വിൽക്കാനായിരുന്നു ശ്രമം. മികച്ച പ്രതികരണമാണ് നാട്ടുകാരിൽനിന്നു ലഭിച്ചത്. ഇത് ഒരു സംരംഭകൻ എന്ന നിലയിൽ ഏറെ ആത്മവിശ്വാസം പകർന്നുവെന്നു സുഗതൻ പറയുന്നു.

വിവാഹത്തിനുശേഷം സ്വന്തംനിലയിൽ വരുമാനമുണ്ടാക്കാൻ ഒരു ബിസിനസ് എന്ന നിലയിലാണ് സംരംഭം ആരംഭിക്കുന്നത്.ക്ലീനിങ് ലിക്വിഡ്, സാരി ഷാംപൂ, ലിക്വിഡ് വാഷ്, ഫിനോയിൽ, ടോയ്‌ലറ്റ് ക്ലീനർ, ഫ്ലോർ ക്ലീനർ, സോപ്പ് പൗഡർ, സോപ്പ്, വിനാഗിരി, ഈസി ക്ലീനർ തുടങ്ങി ഇരുപതിലധികം ക്ലീനിങ് ഉൽപന്നങ്ങൾ നിർമിക്കുകയും അവ സ്വന്തം ഔട്‌ലെറ്റുകളിൽകൂടി വിൽക്കുകയും ചെയ്യുന്നതാണ് സുഗതന്റെ ബിസിനസ്. 

ഔട് ലെറ്റുകൾ വഴി വിൽപന

കൊച്ചിയിലെ സ്വകാര്യ ഏജൻസികളിൽനിന്നു വാങ്ങുന്ന അസംസ്കൃത വസ്തുക്കൾ ഉൽപന്നങ്ങളാക്കി രൂപപ്പെടുത്തിയും റീപാക്ക് ചെയ്തു കിറ്റുകളാക്കിയുമാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. സ്വയംതൊഴിലെന്ന നിലയിൽ ഇത്തരം സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുഗതന്റെ സഹായം ലഭിക്കും. 

ചെറിയ ടൗണുകളിലോ മറ്റോ 100 ചതുരശ്രയടി വിസ്തീർണമുള്ള ഒരു ചെറിയ മുറി സംഘടിപ്പിച്ചാൽ അവർക്കു വേണ്ട ഉൽപന്നങ്ങളും കിറ്റുകളുമെല്ലാം എത്തിച്ചു നൽകുന്നു. നിലവിൽ ഇത്തരത്തിലുള്ള 10 ഔട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഇവയെല്ലാം പ്രവർത്തിക്കുന്നത്. 

പ്രതിദിനം 500 മുതൽ 2,000 രൂപ വരെ വരുമാനം നേടാൻ കഴിയുന്ന വിധത്തിലാണ് ഈ ഔട്‌ലെറ്റുകളുടെയെല്ലാം പ്രവർത്തനം. വളരെ കുറഞ്ഞ നിരക്കിൽ മികച്ച ഗുണനിലവാരത്തിൽ ഡിറ്റർജന്റ് ഉൽപന്നങ്ങൾ ഉണ്ടാക്കി വിൽക്കാൻ കഴിയുന്നു എന്നതാണ് ഈ യുവസംരംഭകന്റെ വിജയരഹസ്യങ്ങളിൽ പ്രധാനം.

നിർമാണം വീട്ടിൽത്തന്നെ 

ഉൽപന്നങ്ങൾ നിർമിക്കുന്നത് വീട്ടിൽത്തന്നെയാണ്. മാതാപിതാക്കളുടെ സഹായവും ഇതിനുണ്ട്. അവർക്കും ഒരു തൊഴിലായി എന്നതാണു സംരംഭം തുടങ്ങിയതു വഴിയുണ്ടായ മറ്റൊരു നേട്ടം. 

മിക്സിങ് മെഷീൻ, േവയിങ് ബാലൻസ്, സീലിങ് മെഷീൻ എന്നിവയാണു സംരംഭത്തിന്റെ ഭാഗമായുള്ള മെഷിനറികൾ. 25,000 രൂപയോളം ഈ ഇനത്തിൽ മുതൽമുടക്ക് വേണ്ടി വന്നുവെങ്കിലും അവയെല്ലാം പലപ്പോഴായി വാങ്ങിയവയാണ്. 

ഔട്‌ലെറ്റുകളിലെല്ലാം സാധനങ്ങൾ നേരിട്ട് എത്തിച്ചു നൽകുന്നതാണ് സുഗതന്റെ പതിവ്. അതുകൊണ്ടുതന്നെ സ്ഥിരം കസ്റ്റമേഴ്സ് ധാരാളം ഉണ്ട്. ഉപയോഗിച്ചവർ വീണ്ടും വാങ്ങുന്നതിനൊപ്പം മറ്റുള്ളവരോടും പറയുകയും ചെയ്യുന്നു. അതെല്ലാം ബിസിനസിനെ സഹായിച്ചു. ഔട്‌ലെറ്റുകൾ വഴി കുറച്ചു പേർക്കു കൂടി തൊഴിലും നിശ്ചിത വരുമാനവും ഉറപ്പാക്കാൻ കഴിയുന്നു എന്നതും നേട്ടമാണ്. പത്തു മുതൽ 20% വരെ ലാഭവിഹിതം ലഭിക്കുന്നൊരു ബിസിനസാണിത്. അതു വഴി പ്രതിമാസം 60,000 രൂപയോളം വരുമാനമുണ്ടാക്കാൻ കഴിയുന്നു. 

പുതിയ പ്രതീക്ഷകൾ

ഉൽപന്നങ്ങളെയെല്ലാം ബ്രാൻഡഡ് ആക്കി ഇറക്കണമെന്ന ആഗ്രഹം സുഗതനുണ്ട്. സ്വന്തം നിലയിൽ ഒരു പ്ലാന്റ് തുടങ്ങാനും കൂടുതൽ സ്ഥലങ്ങളിലേക്ക് ഉൽപന്നങ്ങളുടെ വിതരണം വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നു. സംരംഭം വളർത്തുക വഴി 50 േപർക്കെങ്കിലും തൊഴിൽ നൽകണം. ഔട്‌ലെറ്റുകളുടെ എണ്ണവും വർധിപ്പിക്കുന്നതിനു പദ്ധതിയുണ്ട്. 

കോവിഡ് 19 ന്റെ കാലത്തും ശോഭിക്കാൻ കഴിയുന്ന ബിസിനസ് എന്ന നിലയിൽ ഈ സംരംഭത്തിനു വികസന സാധ്യതകളും ഏറെയാണ്. ഹോട്ടലുകളും റിസോർട്ടുകളും തുടങ്ങി ആശുപത്രികൾ വരെ വലിയൊരു ഉപഭോക്തൃശൃംഖല ഉള്ള ബിസിനസായതിനാൽ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ചു നൽകുന്നിടത്താണ് ബിസിനസിന്റെ വിജയമെന്നു പറയാം. 

പുതുസംരംഭകർക്ക്

കുറഞ്ഞ നിക്ഷേപത്തിൽ വീട്ടിൽ തന്നെ തുടങ്ങാവുന്ന ലളിതമായൊരു ബിസിനസാണിത്. തുടക്കമെന്ന നിലയിൽ മറ്റു സ്ഥാപനങ്ങളുടെ ഇത്തരത്തിലുള്ള ഉൽപന്നങ്ങൾ വിറ്റഴിക്കുന്ന ഔട് ലെറ്റുകളെക്കുറിച്ചും ആലോചിക്കാം. ബിസിനസ് രീതികളും സാഹചര്യവും മനസിലാക്കി പിന്നീട് സ്വന്തം നിലയിൽ ചെയ്യാൻ ശ്രമിച്ചാൽ മതി. ഒരു ലക്ഷം രൂപയുടെ ബിസിനസ് പ്രതിമാസം ലഭിച്ചാൽ പോലും കുറഞ്ഞത് 20,000 രൂപ അറ്റാദായം കിട്ടാം. 

English Summary: An Ideal Business During Covid Period

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA