ADVERTISEMENT

മ്യൂച്വൽ ഫണ്ട് വിപണനത്തിലൂടെ  മാസം ഒരു ലക്ഷം രൂപ  സമ്പാദിക്കുന്ന കാഞ്ഞിരപ്പിള്ളിക്കാരൻ ബിജുമോന്റെ വിജയം മുടക്കുമുതൽ വേണ്ടാത്ത  സേവനസംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാം.

ചിട്ടയായ മാര്‍ക്കറ്റിങ് മികവിനൊപ്പം വേറിട്ടൊരു ശൈലിയാണ് ഇദ്ദേഹം പിന്തുടരുന്നത്. ഫോണ്‍ ഉപയോഗിക്കാതെ യാതൊരു പരിചയവുമില്ലാത്തവരുടെ വീട്ടില്‍, ആരുടെയും സഹായം കൂടാതെ, യാതൊരു റഫറന്‍സിന്റെയും അടിസ്ഥാനമില്ലാതെ നേരിട്ട് എത്തി മ്യൂച്വൽ ഫണ്ടിന്റെ സവിശേഷതകള്‍ വിവരിക്കുന്നു. സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു. 

‘‘വീടുകളില്‍ നേരിട്ടെത്തി മാര്‍ക്കറ്റ് ചെയ്യുന്നതിനെക്കുറിച്ച് പറയുമ്പോൾ പലവിധ സംശയങ്ങളാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവർക്ക്. വീട്ടുകാർ എന്തു വിചാരിക്കും? ആരെങ്കിലും പരിചയപ്പെടുത്താതെ പോയാല്‍ ബിസിനസ് നടക്കുമോ? എന്നൊക്കെയുള്ള ഉത്കണ്ഠയാണ്. ഇത്തരം ചിന്തയാണ് പലരുടെയും പരാജയത്തിനു കാരണമെന്നാണ് എനിക്കു തോന്നുന്നത്.’’ ബിജുമോൻ പറയുന്നു.

‘‘യഥാർഥത്തില്‍, ഈ കൊറോണ സമയത്തു പോലും വീടുകളിലെത്തിയാല്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സാനിറ്റൈസറും മാസ്‌ക്കും ഉപയോഗിക്കുന്നു. വീട്ടിലെത്തിയാല്‍ കയറിയിരിക്കുവാനാണ് ഭൂരിപക്ഷം ആള്‍ക്കാരും പറയുക. ചിലർ മറ്റൊരു ദിവസം വരാൻ നിർദേശിക്കും.’’

വീടുകൾ തന്നെ നല്ലത്

2007 മുതല്‍ ബിജുമോൻ ഇമ്മാനുവേൽ മാര്‍ക്കറ്റിങ് രംഗത്തുണ്ട്. 2007 എസ്ബിഐ ലൈഫില്‍ എംഡിആർടി ആയിരുന്നു. ഇന്‍ഷുറന്‍സ് രംഗത്ത് 2012 വരെ തുടർന്നു. മ്യൂച്വൽ ഫണ്ട് സവിശേഷതകളും ഗുണങ്ങളും അറിഞ്ഞപ്പോള്‍ പതിയെ ഇന്‍ഷുറന്‍സ് രംഗം വിട്ടു. 2014 മുതല്‍ മുഴുവൻ സമയവും മ്യൂച്വൽ ഫണ്ട് വിപണനത്തിൽ ശ്രദ്ധിക്കുന്നു.

ഓഫിസുകളിൽ ചെല്ലുന്നതിനെക്കാൾ ഏറെ നല്ലത് വീടു കയറുന്നതു തന്നെയാണെന്നാണ് ബിജുവിന്റെ അഭിപ്രായം. എല്ലാ ദിവസവും കുറഞ്ഞത് പുതിയ 5 വീടുകളിലെങ്കിലും കയറും. പുതിയ സ്ഥലത്തെത്തിയാല്‍ ആ ഭാഗത്തെ ചെറിയ വീടുകൾ പോലും ഉപേക്ഷിക്കാതെ കയറും. ക്രമേണ ആ ഭാഗത്തുള്ളവരെ മുഴുവന്‍ കസ്റ്റമേഴ്‌സ് ആക്കി മാറ്റുന്നു.– ബിജുമോൻ തന്റെ പ്രവര്‍ത്തനശൈലി വിവരിക്കുന്നു.

എസ്ബിഐ മാത്രം

‘‘എസ്ബിഐ മ്യൂച്വൽ ഫണ്ട് മാത്രമാണ് വിപണനം ചെയ്യുന്നത്. ഒരു മ്യൂച്വൽ ഫണ്ട് ഹൗസ് മാത്രം പറയുമ്പോള്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കും. മാത്രമല്ല, സ്വിച്ചിങ്, സർവീസ് തുടങ്ങിയവയ്ക്കും ഇതു ഗുണകരമാണ്. ഒരു കമ്പനിയില്‍ മാത്രം നിക്ഷേപിക്കുന്നതിന്റെ പോരായ്മ പരിഹരിക്കുന്നതിന് പലതരം ഫണ്ടുകളിലേക്കാണ് നിക്ഷേപം സ്വീകരിക്കുക. 

സ്‌മോള്‍ ക്യാപ്, മള്‍ട്ടി ക്യാപ്, സെക്ടര്‍ ഫണ്ട് തുടങ്ങിയവയില്‍ സാഹചര്യം അനുസരിച്ച് നിക്ഷേപം നടത്തിക്കും.’’ ബിജുമോൻ തന്റെ വിജയരഹസ്യങ്ങൾ പങ്കുവയ്ക്കുന്നു.

ഫീല്‍ഡില്‍ പോയി പുതിയ കസ്റ്റമേഴ്‌സിനെ കാണുന്നതും സർവീസ് കൊടുക്കുന്നതും ഫോം പൂരിപ്പിക്കുന്നതും ബിജുമോൻ തന്നെയാണ്. ഇതിനൊക്കെ ആകെ ചെലവ് പെട്രോള്‍ കാശ് മാത്രമാണ്. കൂടുതല്‍ കസ്റ്റമേഴ്‌സ് ഉള്ള ദിവസം ടീച്ചറായ ഭാര്യ അനിജയും സഹായത്തിനെത്തും.

മ്യൂച്വൽ ഫണ്ട് നഷ്ടസാധ്യതകള്‍ക്കു വിധേയമാണ്. അക്കാര്യങ്ങൾ കസ്റ്റമേഴ്സിനെ ബോധ്യപ്പെടുത്തും. ഒപ്പം അവരുടെ റിസ്‌ക് കുറയ്ക്കുന്നതിനുള്ള  സഹായങ്ങളും നൽകുന്നു. മാര്‍ക്കറ്റില്‍ വലിയ ഇടിവുണ്ടായാൽ സ്വന്തം വരുമാനനഷ്ടം നോക്കാതെ നിക്ഷേപകരുടെ ഫണ്ട് സ്വിച്ച് ചെയ്ത് ബോണ്ടിലേക്ക് (മണി മാര്‍ക്കറ്റ്) മാറ്റി നല്‍കും.

സ്വിച്ചിങ് വഴി നേട്ടം നൽകി

ഈ കൊറോണാക്കാലത്ത് സെന്‍സെക്‌സ് താഴ്ന്നു തുടങ്ങിയപ്പോൾത്തന്നെ 95% കസ്റ്റമേഴ്‌സിന്റെയും ഫണ്ട് ബോണ്ട് ഫണ്ടിലേക്ക് മാറ്റുകയും തിരികെ മാര്‍ക്കറ്റ് കയറാൻ തുടങ്ങിയപ്പോൾ ഇക്വിറ്റി മാര്‍ക്കറ്റിലേക്ക് സ്വിച്ച് ചെയ്യുകയും ചെയ്തു. അതുകൊണ്ട് നവംബറിലെ മാര്‍ക്കറ്റ് റാലിയില്‍ എല്ലാവര്‍ക്കും ശരാശരി 25% വളര്‍ച്ചയെങ്കിലും ലഭിച്ചുവെന്നു ബിജുമോൻ പറയുന്നു. 

ഒറ്റത്തവണ നിക്ഷേപം കൂടുതലും സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍ ആയിട്ടാണ് കൊടുക്കുക. അതിനാല്‍, ഒരു തുക എല്ലാ മാസവും നിക്ഷേപകന് കൃത്യമായി ലഭിക്കുന്നു. ഒരു നിശ്ചിത കാലം കണക്കുകൂട്ടി പ്രോഫിറ്റ് ബുക്ക് ചെയ്യാനും സാധിക്കും. 

ഒറ്റത്തവണ നിക്ഷേപത്തിന് ബിജുമോന് പ്രത്യേക രീതികളുണ്ട്. ഒരു വ്യക്തി, മാര്‍ക്കറ്റ് ഉയര്‍ന്ന നിലവാരത്തിലാണ് നിക്ഷേപിക്കാനുള്ള തുക നല്‍കുന്നതെങ്കില്‍ മാര്‍ക്കറ്റ് താഴ്ന്നാല്‍ ടോപ്അപ് ചെയ്യാന്‍ ഒരു തുക കൂടി നൽകാന്‍ തയാറുണ്ടോയെന്നു ചോദിക്കും. അതിനു തയാറല്ലെങ്കിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന തുകയുടെ 70% മാത്രമേ വാങ്ങൂ. ബാക്കി തുക മാർക്കറ്റ് താഴുമ്പോള്‍ നിക്ഷേപിപ്പിക്കും. കൂടാതെ, സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാനും പ്രയോജനപ്പെടുത്തുന്നു.

ഭാവിലക്ഷ്യങ്ങൾ 

2.5%  മാത്രമാണ് മ്യൂച്വൽ ഫണ്ടിലെ കമ്മീഷൻ. പക്ഷേ കൂടുതൽ ബിസിനസ് ചെയ്ത് ഉയർന്ന  വരുമാനം നേടുക എന്നതാണ് രീതി. 12 കോടിയോളം രൂപയുടെ നിക്ഷേപം (ASSETS UNDER MANAGEMENT– എയുഎം) ആണ് കൈകാര്യം ചെയ്തിരുന്നത്. ഈയിടെ ഉണ്ടായ പിൻവലിക്കൽ മൂലം ഇതു പത്തു കോടിയായി കുറഞ്ഞുവെങ്കിലും ഒരു ലക്ഷം രൂപയുടെ മാസവരുമാനം നേടാനാകുന്നു. അടുത്ത 3 വര്‍ഷം കൊണ്ട് എയുഎം 25 കോടിയാക്കുക, 25 ലക്ഷം രൂപയുടെ എസ്‌ഐപി ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം.   

ജേണലിസത്തില്‍ ഡിപ്ലോമ നേടിയ ഇദ്ദേഹം പത്രപ്രവര്‍ത്തകനായും അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. ജേണലിസത്തില്‍നിന്നു ലഭിച്ച ഇടപഴകൽ ശേഷിയും ബിഎഡ് പഠനത്തില്‍നിന്നു ലഭിച്ച അനുഭവങ്ങളും ആള‍ുകളോടു സംസാരിക്കുന്നതിനുള്ള ഊർജമായി മാറി. ഒരാളുടെ മുഖത്തു നോക്കി തുറന്നു സംസാരിക്കാനുള്ള  കഴിവും മ്യൂച്വൽ ഫണ്ടിനെപ്പറ്റിയുള്ള ധാരണയും ഉണ്ടെങ്കില്‍ ഏതൊരാൾക്കും ഈ രംഗത്ത് ഉയരങ്ങൾ കീഴടക്കാമെന്നു ബിജുമോൻ പറയുന്നു.

2021-’30 കാലഘട്ടം ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റിന്റെ സുവർണ കാലമാകും, സെന്‍സെക്‌സ് ഒരു ലക്ഷം കവിയുമെന്നും പ്രതീക്ഷിക്കുന്നു. ഇപ്പോഴും മ്യൂച്വൽ ഫണ്ട് നിക്ഷേപം ഉള്ളവര്‍ ഇന്ത്യയില്‍ കുറവാണ്. അതിനാല്‍, ഒട്ടേറെ തൊഴിലവസരമുള്ള ഈ മേഖലയിലേക്ക് ധാരാളം ചെറുപ്പക്കാര്‍ കടന്നുവരണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. തന്റെ അനുഭവങ്ങളും നേട്ടങ്ങളും അതിനു  പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് ബിജുമോൻ ഇമ്മാനുവേൽ.

English Summary : Earning 1Lakh per Month through Mutual Fund Selling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com