വായ്പകിട്ടിയില്ലേ? വില്ലൻ ക്രഡിറ്റ് സ്‌കോറാണോ? എങ്കിൽ സ്കോർ മെച്ചപ്പെടുത്താം ഇങ്ങനെ

HIGHLIGHTS
  • ക്രെഡിറ്റ് സ്കോർ മോശമായ കാര്യം നിങ്ങളറിഞ്ഞത് എപ്പോഴാണ്?
credit-scor
SHARE

പണത്തിന് അത്യാവശ്യം വന്നപ്പോഴാണ് ഒരു വായ്പയ്ക്ക് അപേക്ഷിച്ചത്. എല്ലാ രേഖകളും നല്‍കി അന്തിമ അനുമതിക്കായി കാത്തിരിക്കുമ്പോഴാണ് അറിയുന്നത്, ക്രഡിറ്റ് സ്‌കോര്‍ മോശമായതുകൊണ്ട് വായ്പ കിട്ടില്ലെന്ന്്. തന്റെ സ്‌കോര്‍ അങ്ങനങ്ങ് മോശമാകാന്‍ കാരണമേ ഇല്ല എന്ന വിശ്വാസത്തിലാകും നിങ്ങള്‍. ക്രഡിറ്റ് സ്‌കോര്‍ മോശമായത് ഏറ്റവും ഒടുവില്‍ മാത്രമേ നിങ്ങള്‍ അറിയൂ. അതായത് രാജ്യത്തെ എല്ലാ സേവന ദാതാക്കളും അറിഞ്ഞതിനുശേഷം മാത്രമേ നിങ്ങള്‍ ഇക്കാര്യം അറിയൂ. ക്രഡിറ്റ് സ്‌കോര്‍ മോശമാകുന്നത് ഇനി പറയുന്ന കാരണങ്ങളിലേതെങ്കിലും കൊണ്ടാകാം.

1. ഏതെങ്കിലും വായ്പയുടെ തിരിച്ചടവോ പുതുക്കി വയ്ക്കലോ വൈകിയിട്ടുണ്ടാകാം. സ്വര്‍ണ പണയ വായ്പ പുതുക്കിവയ്ക്കാന്‍ ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചിട്ടുണ്ടാകാം. സ്വര്‍ണ വായ്പകള്‍ പലതും കാലാവധികഴിഞ്ഞ് നോട്ടീസ് കിട്ടുമ്പോള്‍ മാത്രമാണ് പലരും പുതുക്കിവയ്ക്കുന്നത്.

2. നിങ്ങള്‍ ആര്‍ക്കെങ്കിലും വേണ്ടി ജാമ്യം നിന്നിട്ടുള്ള വായ്പയുടെ തിരിച്ചടവ്  ആ വായ്പ എടുത്തയാള്‍ മുടക്കിയിട്ടുണ്ടാകും.

3. ക്രഡിറ്റ് കാര്‍ഡിലെ പരിധി എല്ലാ മാസവും പൂര്‍ണമായി ഉപയോഗിച്ചു തീര്‍ക്കുന്നുണ്ടാകും.

4. ക്രഡിറ്റ് കാര്‍ഡ് ബില്ലടവ് ഇടയ്ക്കിടയക്ക് മുടങ്ങുന്നുണ്ടാകും.

5. വായ്പ അടച്ചുതീര്‍ത്തുവെങ്കിലും ബാങ്കിലെ അക്കൗണ്ടില്‍ അത് വരവ് വെച്ചിട്ടുണ്ടാകില്ല. ക്ലറിക്കല്‍ പാകപ്പിഴകൊണ്ട് ഇങ്ങനെ സംഭവിക്കാം.

ഇതില്‍ ഏതാണ് സംഭവിച്ചത് എന്ന് കണ്ടുപിടിച്ച് അത് പരിഹരിക്കണം. ഇതിന് ക്രഡിറ്റ് റിപ്പോര്‍ട്ട് വാങ്ങി പരിശോധിച്ച് നോക്കണം. ക്രഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി പേയ്‌മെന്റ് നല്‍കിയാല്‍ ക്രഡിറ്റ് റിപ്പോര്‍ട്ട് ലഭിക്കും. വര്‍ഷത്തില്‍ ഒരുതവണ ക്രഡിറ്റ് റിപ്പോര്‍ട്ട് സൗജന്യമായി ലഭിക്കും. ക്രഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച് യഥാർത്ഥ  കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കണം.

1. വായ്പാ തിരിച്ചടവ് ഇടയ്ക്കിടയ്ക്ക് മുടങ്ങുന്നു

എന്തുകൊണ്ടാണ് വായ്പകളുടെ മാസതവണ മുടങ്ങാതെ അടയ്ക്കാന്‍ പറ്റാത്തത് എന്ന് പരിശോധിക്കണം. വരവും ചിലവും തമ്മിലുള്ള അന്തരമാണോ കാരണം. എത്ര പരിശ്രമിച്ചിട്ടും അടവിനുള്ള പണം കണ്ടെത്താന്‍ കഴിയാത്തതാണോ കാരണം. എങ്കില്‍ ചിലവ് നിയന്ത്രിക്കാന്‍ ശ്രമിക്കണം. നടക്കുന്നില്ലെങ്കില്‍ അധിക വരുമാനത്തിനുള്ള മാര്‍ഗങ്ങള്‍ തേടണം. അല്ലെങ്കില്‍ ഇ.എം.ഐ കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തേടണം. ബാങ്കുമാനേജരുമായി നേരിട്ട് സംസാരിച്ച് വായ്പയുടെ കാലാവധി നീട്ടിക്കിട്ടാന്‍ മാര്‍ഗമുണ്ടോ എന്ന് അന്വേഷിക്കാം. ഉദാഹരണത്തിന് അഞ്ചുവര്‍ഷത്തെ പേഴ്‌സണല്‍ ലോണ്‍ എടുത്തിട്ടുണ്ട്. തിരിച്ചടവ് തുടങ്ങിയിട്ട് 2.5 വര്‍ഷം കഴിഞ്ഞു. ബാങ്കുമായി സംസാരിച്ച് ഈ വായ്പ ക്ലോസ് ചെയത് അഞ്ചുവര്‍ഷത്തേക്ക് അതേ തുകയ്ക്ക് ഒരു പുതിയ വായ്പ എടുത്താല്‍ പ്രതിമാസ ഇ.എം.ഐ പകുതിയായി കുറയ്ക്കാം.

2.വായ്പയ്ക്ക് ജാമ്യം നിര്‍ത്തിയ ആള്‍ വായ്പാ തിരിച്ചടവില്‍ കുടിശിക വരുത്തുന്നു

ആളെ നേരിട്ട് കണ്ട് കാര്യം സംസാരിക്കണം.തിരിച്ചടവ് കുടിശിക വരുത്തുന്നത് തന്നെയും ബാധിക്കുന്നു എന്നകാര്യം ബോധ്യപ്പെടുത്തണം.

3. ക്രഡിറ്റ് കാര്‍ഡ് പരിധി എല്ലാമാസവും പൂര്‍ണമായി ഉപയോഗിക്കുന്നു.

എല്ലാ മാസവും ഒരു നിശ്ചിത തുകവരെയേ ക്രഡിറ്റ് കാര്‍ഡില്‍ നിന്ന് ഉപയോഗിക്കാന്‍ കഴിയൂ. ഇത്തരത്തില്‍ ഒരു പരിധി നേരത്തെ നിശ്ചയിച്ചിട്ടുണ്ടാകും. ഈ പരിധി സ്ഥിരമായി എല്ലാ മാസവും പൂര്‍ണമായി നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്നാല്‍ അതിനര്‍ത്ഥം നിങ്ങള്‍ പണത്തിന് നന്നായി ബുദ്ധിമുട്ടുന്നുണ്ട് എന്നാണ്. ഇത് നിങ്ങളുടെ ക്രഡിറ്റ് സ്‌കോര്‍ മോശമാക്കും. ക്രഡിറ്റ് പരിധിയുടെ 50 ശതമാനത്തില്‍ കൂടുതല്‍ ഉപയോഗം വരുത്താതെ നോക്കുക.

4. ക്രഡിറ്റ് കാര്‍ഡ് ബില്‍ മുടങ്ങുന്നു

ക്രഡിറ്റ് കാര്‍ഡ് ബില്ല് മുടങ്ങുന്നത് എന്തുകൊണ്ടാണ് എന്ന് പരിശോധിച്ച അതിന് സ്വയം പരിഹാരം കണ്ടെത്തണം. കയ്യില്‍ പണം ഇല്ലാത്തതുകൊണ്ടാണ് എങ്കില്‍ ഉപഭോഗവും ചിലവുകളും അതിനനുസരിച്ച് ക്രമീകരിക്കണം.

5. അടച്ചുതീര്‍ത്ത പല വായ്പകളും കുടിശികയായി കാണിച്ചിരിക്കുന്നു

എതൊക്കെ വായ്പകളാണ് ഇതെന്ന കണ്ടെത്തി അതത് ബാങ്കുകളില്‍ നേരിട്ട് പോയി  ക്ലോസ് ചെയ്യിപ്പിക്കണം. മാത്രമല്ല ക്ലോസ് ചെയ്തു എന്നുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങണം. മാത്രമല്ല വായ്പ ക്ലോസ് ചെയ്തിട്ടുണ്ട് എന്നുള്ള വിവരം ക്രഡിറ്റ് റേറ്റിങ് ഏജന്‍സിയെ ബാങ്ക് നേരിട്ട് ധരിപ്പിച്ചു എന്ന് ഉറപ്പാക്കണം.

പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA