ADVERTISEMENT

മായം കലരാത്ത വെളിച്ചെണ്ണ ഓരോ മലയാളിയുടെയും ആഗ്രഹമാണ്. വിപണിയിലെ വന്‍കിട ബ്രാൻഡുകള്‍ പോലും മായം കലര്‍ന്നതെന്ന് കണ്ടെത്തുന്ന കാലമാണിത്. തേങ്ങ വെട്ടിയുണക്കി കൊപ്രയാക്കി വെളിച്ചെണ്ണ ആട്ടിയെടുക്കാമെന്നു വിചാരിച്ചാലും തിരക്കേറിയ ജീവിതത്തില്‍ അതത്ര എളുപ്പമല്ല. ശുദ്ധമായ വെളിച്ചെണ്ണയുടെ വലിയ വിപണി തുറക്കപ്പെടുന്നതും മലയാളികളുടെ ഈ ആശങ്കകളില്‍ നിന്നുമാണ്. കണ്‍മുമ്പില്‍ തന്നെ മരച്ചക്കിലാട്ടുന്ന ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് വില കൂടുതലായാലും  വാങ്ങാന്‍ ആരും മടികാണിക്കില്ല. അതുകൊണ്ടു തന്നെ ചെറുകിട സംരംഭകരാകാന്‍ താല്‍പര്യമുള്ള ആര്‍ക്കും 5 ലക്ഷം രൂപ ചെലവില്‍ ആരംഭിക്കാവുന്ന നല്ലൊരു ബിസിനസാണിത്. മരച്ചക്കിലാട്ടിയ വെളിച്ചെണ്ണ മാത്രമല്ല, തേങ്ങാപ്പാലും തേങ്ങ ചിരകിയതും ഉരുക്ക് വെളിച്ചെണ്ണയുമൊക്കെ ഇതോടൊപ്പം വിപണിയിലിറക്കാം. നല്ല ലാഭം കിട്ടുമെന്ന് മാത്രമല്ല സന്തോഷവും സമാധാനവും ബോണസായി ലഭിക്കുകയും ചെയ്യും.

വെളിച്ചെണ്ണ ബിസിനസ് ലാഭകരമാണോ ?

വൻ ബ്രാൻഡുകൾക്കിടയിൽ വെളിച്ചെണ്ണ ബിസിനസ് എങ്ങനെ ലാഭകരമായി നടത്താന്‍ കഴിയുമെന്നാണ് പലരുടെയും ആശങ്ക. മരച്ചക്കില്‍ ആട്ടിയെടുക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ മായം ചേര്‍ക്കാതെ വിറ്റാണ് പലരും പ്രാദേശിക വിപണിയില്‍ ഇടപെടുന്നതും മെല്ലെ പിടിച്ചെടുക്കുന്നതും. ഫ്രഷായി ആട്ടിക്കൊടുക്കുന്ന വെളിച്ചെണ്ണ വാങ്ങാന്‍ നഗര - ഗ്രാമ വ്യത്യാസങ്ങളില്ലാതെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. നല്ല ഗുണനിലവാരം നിലനിര്‍ത്താനായാല്‍ വാങ്ങിയവര്‍ തന്നെ വീണ്ടും വാങ്ങുകയും പുതിയവരെ എത്തിക്കുകയും ചെയ്യും. 

തൃശൂര്‍ മരത്താക്കര സ്വദേശി ടി എല്‍ വില്‍സന്‍ 33 വര്‍ഷമായി ഡെല്‍ഹിയില്‍ ടെക്സ്റ്റയില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. കൊറോണക്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോള്‍ വെളിച്ചെണ്ണ ബിസിനസാണ് ആരംഭിച്ചത്. മരച്ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക് പുറമേ തേങ്ങാപ്പാലും തേങ്ങാ ചിരകിയതുമൊക്കെ ലൈവായി തന്നെ നല്‍കുന്നു. അമ്മൂമ്മാസ് കോക്കനട്ട് പ്രോഡക്റ്റ്‌സ് എന്ന സംരംഭത്തിലൂടെ സാധാരണ വെളിച്ചെണ്ണയും ഉരുക്കു വെളിച്ചെണ്ണയുമൊക്കെ നന്നായി വിറ്റഴിക്കുന്നുണ്ട്. ബന്ധുക്കളുടെ സഹായത്തോടെ 6 മാസം മുമ്പാണ് തൃശൂര്‍ ചേലക്കോട്ടുകരയില്‍ വെളിച്ചെണ്ണ ബിസിനസിന് ഇറങ്ങിത്തിരിച്ചത്. അമ്മൂമ്മാസ് ഷോപ്പ് പ്രവര്‍ത്തിക്കുന്ന ചേലക്കോട്ടുകരയിലേയും 5 കിലോമീറ്റര്‍ ചുറ്റളവിലുളള വീടുകളിലേക്കും ഹോം ഡെലിവറിയിലൂടെയാണ് പ്രധാന വില്‍പ്പന. കൂടാതെ കേരളത്തിന് പുറത്തുള്ള മലയാളി സ്റ്റോറുകളിലേക്കും ആയൂര്‍വേദ മരുന്ന് നിര്‍മ്മാണത്തിനുമൊക്കെ വെളിച്ചെണ്ണ നല്‍കുന്നുമുണ്ട്. നോട്ടീസ് അച്ചടിച്ച് പ്രാദേശികമായി വിതരണം ചെയ്തതിന്റെ ചെലവ് മാത്രമാണ് മാര്‍ക്കറ്റിങിനായത്. 

ലാഭകരമായി എങ്ങനെ ബിസിനസ് ആരംഭിക്കാം?

വെളിച്ചെണ്ണയാട്ടാനുള്ള മരച്ചക്ക് വിവിധ വിലകളിലും വിവിധ മോഡലുകളിലും ലഭിക്കും. ഒന്നേ മുക്കാല്‍ ലക്ഷത്തിന് മുകളിലാണ് നല്ല മരച്ചക്കിന് വില വരുന്നത്. 200 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് ബിസിനസ് തുടങ്ങാനാവും. ഒരു യൂണിറ്റിലൂടെ പ്രതിദിനം 150 മുതല്‍ 200 കിലോ വെളിച്ചെണ്ണ വരെ നിര്‍മ്മിക്കാം. കൂടാതെ അനുബന്ധമായി ലഭിയ്ക്കുന്ന തേങ്ങാ പിണ്ണാക്ക് നല്ലൊരു വരുമാനമാര്‍ഗമാണ്. ഇരുപതു മുതല്‍ ഇരുപത്തിഅഞ്ച് സ്‌ക്വയര്‍ ഫീറ്റ് സ്ഥലമേ ചക്ക് സ്ഥാപിക്കാന്‍ വേണ്ടി വരൂ. 230 കിലോ ഗ്രാം സംഭരണ ശേഷിയുള്ള ഫ്രീസര്‍, തേങ്ങ ചിരകാനുള്ള ഉപകരണം, പാല്‍ പിഴിയുന്നതിനുള്ള ഗ്രൈന്‍ഡര്‍, വെളിച്ചെണ്ണ സൂക്ഷിക്കാനുള്ള പാത്രങ്ങള്‍ എന്നിവയാണ് അവശ്യം വേണ്ടുന്ന മറ്റു സാധനങ്ങള്‍. കുപ്പികളിലാക്കിയ വെളിച്ചെണ്ണ ഡിസ്‌പ്ലേ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഷോപ്പില്‍ അധികമായി ഒരുക്കേണ്ടത്. ആറു മാസത്തെ വാടക മുന്‍കൂറായി കരുതാനും കെട്ടിട ഉടമയ്ക്ക് അഡ്വാന്‍സ് നല്‍കാനും ഒന്നര ലക്ഷത്തോളം രൂപ വേണ്ടിവരും. ഫ്രീസറിന് 20,000 രൂപയും തേങ്ങ ചിരകുന്ന ഉപകരണത്തിന് 8000 രൂപയും ഗ്രൈന്‍ഡറിന് 7000 രൂപയുമാണ് ഏകദേശം വില വരിക. ഇതനുസരിച്ച് അഞ്ചു ലക്ഷം രൂപയ്ക്കുളളില്‍ നിന്നു കൊണ്ടുതന്നെ ഈ ബിസനസിന് തുടക്കം കുറിക്കാനാവും. വെളിച്ചെണ്ണ നിറയ്ക്കാനുള്ള പെറ്റ് ബോട്ടിലുകള്‍ ഒന്നിന് 8 രൂപയ്ക്ക് ലഭ്യമാണ്. വെളിച്ചെണ്ണയാട്ടുന്നതിനുള്ള കൊപ്ര മാര്‍ക്കറ്റില്‍ നിന്നു വാങ്ങുകയോ ഗുണനിലവാരമുള്ള തേങ്ങ വാങ്ങി വെട്ടിയുണക്കുകയോ ചെയ്യാം. പുകയില്‍ ഉണക്കിയെടുക്കുന്ന കൊപ്ര മരച്ചക്കില്‍ ഉപയോഗിക്കാറില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

B4U-coconut

വെളിച്ചെണ്ണ വില 

മരച്ചക്കിലാട്ടുമ്പോള്‍ കൊപ്രയുടെ 55 ശതമാനമേ വെളിച്ചെണ്ണ ലഭിക്കൂ. അതുകൊണ്ടാണ് വിലയും കൂടുന്നത്. ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക് മഞ്ഞ നിറമുണ്ടാകില്ല. അമ്മൂമ്മാസ് ഷോപ്പില്‍ മരചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 310 രൂപയാണ് വില. സെമി റോസ്റ്റഡ് കൊപ്രയില്‍ നിന്നാട്ടിയ വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 230 രൂപയാണ്. സാധാരണ മില്ലില്‍ കൊപ്രയുടെ 65 ശതമാനം വരെ വെളിച്ചെണ്ണ ലഭിക്കും. ഒരു ലിറ്ററിന് 1250 രൂപ വില വരുന്ന ഉരുക്ക് വെളിച്ചെണ്ണ വീട്ടില്‍ തന്നെ തയ്യാറാക്കാം. കൊറോണക്കാലത്ത് പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനായി മരുന്ന് പോലെ കഴിക്കാനും പലരും ഉരുക്ക് വെളിച്ചെണ്ണ വാങ്ങുന്നുണ്ട്. കൂടാതെ തേങ്ങാ പിണ്ണാക്ക് കിലോയ്ക്ക് 29 രൂപയ്ക്കാണ് വില്‍ക്കുന്നത്. തേങ്ങാപ്പാല്‍ ഒരു കിലോയ്ക്ക് 480 രൂപയാണ്. വെള്ളം ചേര്‍ക്കാതെയാണ് തേങ്ങാപ്പാല്‍ തയ്യാറാക്കി നല്‍കുന്നത്. തേങ്ങ ചിരകി ഫ്രീസറില്‍ സൂക്ഷിച്ചാണ് ആവശ്യത്തിന് അനുസരിച്ച് തേങ്ങാപ്പാല്‍ ലൈവായി തന്നെ തയ്യാറാക്കി നല്‍കുന്നു.

ആരോഗ്യമുള്ള തലമുറയ്ക്കായി നല്ല വെളിച്ചെണ്ണ

വെളിച്ചെണ്ണ നിര്‍മ്മാണം വ്യാവസായിക അടിസ്ഥാനത്തില്‍ എക്‌സ്പില്ലറുകളിലേക്ക് മാറിയപ്പോള്‍ പരമ്പരാഗത സംസ്‌കരണരീതിയും ഗുണമേന്മയുള്ള വെളിച്ചെണ്ണയുമൊക്കെ അന്യമായി. എക്‌സ്പില്ലറുകളിലൂടെ ഉത്പാദിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഉയര്‍ന്ന ചൂട് വെളിച്ചെണ്ണയുടെ ഗുണമേന്മയെ ബാധിക്കും. സാധാരണ കടകളില്‍ നിന്ന് ലഭിയ്ക്കുന്ന വെളിച്ചെണ്ണയില്‍ ലിക്വിഡ് പരാഫിന്‍, എന്‍ജിന്‍ ഓയില്‍ ഉള്‍പ്പടെ പലവിധ മായം ചേര്‍ത്താണ് വരുന്നത്. മായം കലര്‍ന്ന ഇത്തരം എണ്ണകളുടെ ഉപയോഗം കാന്‍സര്‍ പോലുള്ളവയ്ക്ക് കാരണമാകും. വിപണിയില്‍ ലഭ്യമായ 90% വെളിച്ചെണ്ണകളും മായം കലര്‍ന്നതാണെന്ന തിരിച്ചറിവാണ് മരചക്കിലാട്ടിയ വെളിച്ചെണ്ണയുടെ വിപണി ശക്തിപ്പെടുത്തുന്നത്. വില അല്‍പ്പം കൂടിയാലും നേരില്‍ കണ്ട് ഗുണനിലവാരം ഉറപ്പാക്കി വാങ്ങുന്ന സംസ്‌കാരം നാട്ടില്‍ പുതുതായി രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

വില്‍സന്റെ ബിസിനസ് ആരംഭം

ആരോഗ്യമുള്ള യുവതലമുറയ്ക്കായി മായമില്ലാത്ത വെളിച്ചെണ്ണയെന്ന ആശയവുമായാണ് വില്‍സന്‍ വെളിച്ചെണ്ണ ബിസിനസിന് അരയും തലയും മുറുക്കി ഇറങ്ങിയത്. അതുകൊണ്ടുതന്നെ ഇതിനായി വായ്പയെടുക്കാതെ തന്നെ 8.5 ലക്ഷം രൂപ സമാഹരിച്ചു. ചേലക്കോട്ടുകരയില്‍ ആരംഭിച്ച വില്‍സന്റെ ഷോപ്പിന് 450 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുണ്ട്. രണ്ടു ലക്ഷത്തോളം രൂപ കെട്ടിടത്തിന് അഡ്വാന്‍സായി നല്‍കി. രണ്ടര ലക്ഷം രൂപ വിലയുള്ള മരചക്കാണ് കോയമ്പത്തൂരില്‍ നിന്നും വാങ്ങിയത്. ബ്രാൻഡിങ്, ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍, ജി. എസ് .ടി എന്നിവയൊക്കെ ഏജന്‍സികളെ ഏല്‍പ്പിക്കാതെ സ്വന്തം പരിശ്രമത്തിലൂടെ തന്നെ സംഘടിപ്പിച്ചു. ചെലവുകള്‍ കഴിച്ച് ലഭിക്കുന്ന തുക തല്‍ക്കാലം ഈ ബിസിനസില്‍ തന്നെ നിക്ഷേപിക്കാനാണ് വില്‍സന്‍ ഉദ്ദേശിക്കുന്നത്. വീട്ടമ്മമാരില്‍ നിന്നും നല്ല പ്രതികരണം ലഭിക്കുന്നതിനാല്‍ ഒരു മരചക്ക് കൂടി വൈകാതെ സ്ഥാപിക്കാന്‍ ആലോചിക്കുന്നുമുണ്ട്. തൃശൂര്‍ നഗരത്തിനടുത്ത് തന്നെ മറ്റൊരു ഔട്ട്‌ലെറ്റ് തുടങ്ങാനും കൂടുതല്‍ കുടുംബങ്ങളിലേക്ക് മായമില്ലാത്ത വെളിച്ചെണ്ണ എത്തിക്കാനും അമ്മൂമ്മാസ് കോക്കനട്ട് പ്രോഡക്റ്റ്‌സിന് പദ്ധതിയുണ്ട്.

English Summary : Success-story of a Coconut Oil Unit in Corona Times

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com