ബിജു ഒരു കർഷകനാണ്. മത്സ്യമേഖലയോടായിരുന്നു താൽപര്യം. ഈ രംഗത്ത് പല പരീക്ഷണങ്ങളും നടത്തി. ഇപ്പോൾ ‘എസ്ബി ഗ്രൂപ്പ് ഓഫ് കൺസേൺസ്’ എന്ന പേരിൽ ഒരു പങ്കാളിയെകൂടി േചർത്ത് മത്സ്യരംഗത്തു വലിയ നേട്ടം കൊയ്യുകയാണ് ഈ ചെറുപ്പക്കാരൻ. എറണാകുളം കാലടിക്കടുത്ത് തോട്ടകം എന്ന സ്ഥലത്താണ് എസ്ബി ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.
അക്വാപോണിക്സ് മത്സ്യക്കൃഷി നടത്തുകയും അതു തുടങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, കുളം, ഷെഡ്, കുഞ്ഞുങ്ങൾ, തീറ്റ തുടങ്ങിയവ അറേഞ്ച് ചെയ്ത് കൊടുക്കുകയും െചയ്യുന്നതാണ് ബിസിനസ്. ഇതിനകം നാൽപതിലേറെ അക്വാപോണിക്സ് പ്ലാന്റുകൾ തയാറാക്കി കൊടുത്തിട്ടുണ്ട്.
ഒരു സാധാരണ ഫിഷ് ഫാമിലൂടെയായിരുന്നു ഇവരുടെ തുടക്കം. ഫിഷറീസ് ഡിപ്പാർട്മെന്റാണ് അക്വാപോണിക്സ് ഫാമിങ്ങിന്റെ സാധ്യതകളും പ്രത്യേകതകളും ഇവർക്കു പങ്കുവച്ചു നൽകിയത്. ആവേശത്തോടെ അതെല്ലാം സ്വന്തമായി പ്രാവർത്തികമാക്കാൻ ഇരുവരും തീരുമാനിച്ചു. അത്തരം പരീക്ഷണ–നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ രംഗത്ത് എങ്ങനെ വിജയിക്കാം എന്ന് കണ്ടെത്താനായതെന്നു ബിജുവും ഷിബിനും പറയുന്നു.
അക്വാപോണിക്സ് ഫാമിങ് ഗുണങ്ങൾ
∙ കുറഞ്ഞ സ്ഥലത്ത് (കുളത്തിൽ) കൂടുതൽ കുഞ്ഞുങ്ങളെ ഇറക്കാം. നല്ല വിളവ് ലഭിക്കും.
∙ പരിപാലനം കൂടുതൽ എളുപ്പമാണ്.
∙ വിൽപനയും സൗകര്യപ്രദമാണ്. മികച്ച വില ലഭിക്കാനും ചെറിയ അളവിലും വലിയ അളവിലും ഒരുപോലെ വിൽക്കാനും സാധിക്കുന്നു.
∙ ഇതോടൊപ്പം ചെയ്യുന്ന പച്ചക്കറി കൃഷിയിൽ നിന്നു മികച്ച രീതിയിൽ വിളവ് ലഭിക്കും.
∙ മത്സ്യത്തിന്റെ ഗുണമേന്മ കൂടുതൽ ആയിരിക്കും.
∙ വെള്ളം സ്വമേധയാ ക്ലീൻ െചയ്യപ്പെടുന്നു. അടിക്കടി മാറേണ്ടി വരുന്നില്ല.
പ്രതികൂല ഘടകങ്ങൾ
∙ ഒറ്റത്തവണ നിക്ഷേപം താരതമ്യേന കൂടുതലായിരിക്കും.
∙ കൃത്യമായ ശ്രദ്ധയും പരിപാലനവും മത്സ്യക്കൃഷിയിൽ ഉറപ്പുവരുത്തേണ്ടതുണ്ട്.
ഇപ്പോൾ നാലു കുളങ്ങളിലായി 8,000 മത്സ്യങ്ങളെ വളർത്താനുള്ള ശേഷിയുണ്ട് എസ്ബി ഗ്രൂപ്പിന്. നിലവിൽ ആറായിരത്തോളം കുഞ്ഞുങ്ങളെ വളർത്തുന്നു. ഗിഫ്റ്റ് തിലാപ്പിയ എന്ന ഇനം മത്സ്യമാണു പ്രധാനമായും വളർത്തുക. അഞ്ചു മാസം കഴിഞ്ഞാൽ വിറ്റു തുടങ്ങാമെങ്കിലും ആറു മാസമാണ് പൂർണ വളർച്ചയ്ക്കായി വേണ്ടിവരുന്നത്.
ഒരു കുളത്തിലെ തീരുമ്പോൾ മറ്റേ കുളത്തിൽനിന്നു മീനുകളെ പിടിച്ചു വിൽക്കാവുന്ന രീതിയിലാണ് കുഞ്ഞുങ്ങളെ നിക്ഷേപിക്കുക. ഇതാണ് രീതി. ഇതുമൂലം തുടർച്ചയായി മത്സ്യക്കച്ചവടം നടക്കുമെന്നതാണ് നേട്ടം.
വീട്ടമ്മമാർക്കും തുടങ്ങാം
ഒരു മാസം ഏകദേശം 32,000 രൂപയോളം ഇവർക്കു വരുമാനം ലഭിക്കുന്നു. സൈഡ് ബിസിനസായി ചെയ്യാനാഗ്രഹിക്കുന്നവർക്കും വീട്ടമ്മമാർക്കും വളരെ മികച്ച ഒരു സംരംഭ സാധ്യതയാണ് അക്വാപോണിക്സ് മത്സ്യക്കൃഷി നൽകുന്നത്.
സംരംഭകരിൽ ഒരാളായ ഷിബിൻ വർഗീസ് അങ്കമാലി എൽഎഫ് ആശുപത്രിയിൽ മെയിൽ നഴ്സായി ജോലി ചെയ്യുന്നു. ഒരു ൈസഡ് ബിസിനസ് എന്ന നിലയിലാണ് അദ്ദേഹം ഇതിനെ കാണുന്നത്.
സാധാരണ രീതിയിലുള്ള ഫിഷ് ഫാമുകളും അക്വാപോണിക്സ് ഫിഷ് ഫാമുകളും ഇവർ തയാറാക്കി കൊടുക്കുന്നുണ്ട്. ഇതിനു വേണ്ട എല്ലാ കാര്യങ്ങളും, േവണ്ടി വന്നാൽ വിൽപന സൗകര്യങ്ങൾ വരെ ഇവർ ചെയ്തു കൊടുക്കുന്നു. ആറു സെന്റ് സ്ഥലമുണ്ടെങ്കിൽ 3,000–4,000 മീനുകളെ വളർത്താനുള്ള സംവിധാനം ഒരുക്കാം. ചെറിയ തോതിൽ തുടങ്ങി ബിസിനസുമായി പൊരുത്തപ്പെട്ടു വരുന്ന മുറയ്ക്കു കൂടുതൽ കുഞ്ഞുങ്ങളെ നിക്ഷേപിക്കാനുള്ള സംവിധാനം ഒരുക്കി ബിസിനസ് വിപുലപ്പെടുത്തുന്നതാകും ഉചിതം.
ഇത്തരത്തിലൊരു പ്ലാന്റ് രൂപപ്പെടുത്തിയെടുക്കുന്നതിന് ഏകദേശം 7 ലക്ഷം രൂപയോളം മൊത്തം ചെലവ് വരാം. മത്സ്യക്കുളങ്ങളിൽ നിറയ്ക്കാനുള്ള വെള്ളം യഥേഷ്ടം കിട്ടുന്ന പ്രദേശമായാൽ ബിസിനസ് കൂടുതൽ ഉഷാറാക്കാം. എന്നാൽ, അക്വാപോണിക്സ് രീതിയിലാണ് കൃഷിയിറക്കുന്നതെങ്കിൽ വെള്ളത്തിന്റെ ഉപഭോഗം പരമാവധി കുറയ്ക്കാനാകും.
മൂന്നു ലക്ഷം രൂപ സബ്സിഡി
അക്വാപോണിക്സ് ഫിഷ് ഫാം തുടങ്ങുന്നതിന് 40 ശതമാനം നിക്ഷേപ സബ്സിഡി സർക്കാർ നൽകുന്നുണ്ട്. ഈയിനത്തിൽ പരമാവധി മൂന്നു ലക്ഷം രൂപ വരെ ഒരു യൂണിറ്റിനു ലഭിക്കും (ഏഴരലക്ഷം രൂപയാണ് ഒരു യൂണിറ്റ് തുടങ്ങാൻ ചെലവു വരുന്നത്). ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡിപ്പാർട്മെന്റിനു കീഴിലുള്ള ഫിഷ് ഫാർമേഴ്സ് ഡവലപ്മെന്റ് ഏജൻസിയാണ് (FFDA) സബ്സിഡി നൽകുന്നത്. ഇതു നേടിയെടുക്കുന്നതിനു േവണ്ട സഹായങ്ങളും ഈ സംരംഭകർ തന്നെ ഒരുക്കിത്തരുന്നുണ്ട്.
അക്വാപോണിക്സ് ഫിഷ് ഫാമിങ് സൈഡ് ബിസിനസായി ചെയ്യാനാകും എന്നത് വലിയ ഒരു നേട്ടമാണ്. സ്ഥിരം ജോലി ചെയ്യുന്നവർ ഒരു അധിക വരുമാനം എന്ന നിലയ്ക്ക് ഇത്തരം സംരംഭം തുടങ്ങുന്നുണ്ടെന്ന് ബിജുവും ഷിബിനും പറയുന്നു. ഒരു കിലോഗ്രാം മത്സ്യം ഉൽപാദിപ്പിക്കുന്നതിന് ഏകദേശം 100 രൂപയോളം ചെലവു വരുന്നു. ഇത് മാർക്കറ്റിൽ വിൽക്കുമ്പോൾ കിലോഗ്രാമിന് ഏകദേശം 250 രൂപ വരെ വില ലഭിക്കും. ഈ സാഹചര്യത്തിൽ മികച്ച രീതിയിൽ വരുമാനം നേടാൻ സഹായിക്കുന്ന വേറിട്ട ബിസിനസ് സംരംഭങ്ങളിലൊന്നായി അക്വാപോണിക്സ് ഫിഷ് ഫാമിങ്ങിനെയും വിലയിരുത്താം.
English Summary: Aquaponics is Suitable for Additional Income Generation