മിനികഫേ തുടങ്ങാനും കന്നുകുട്ടി പരിപാലനം, കോഴിവളർത്തൽ, ആടു വളർത്തൽ തുടങ്ങിയ ഫാമിങ് പ്രോജക്ടുകൾക്കും സബ്സിഡിയോടുകൂടിയ വായ്പ ലഭിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കാണ് സംസ്ഥാന മുന്നാക്ക സമുദായ കോർപറേഷന്റെ സംരംഭകത്വ വികസന പദ്ധതിയനുസരിച്ചുള്ള വായ്പ ലഭിക്കുന്നത്.
അർഹത ആർക്ക്?
അപേക്ഷകർ സംസ്ഥാനത്തിലെ സംവരണേതര വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരായിരിക്കണം. കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷകൻ www.samunnathi.com എന്ന വെബ്സൈറ്റിലെ ഡേറ്റാബാങ്കിൽ റജിസ്റ്റർ ചെയ്തിരിക്കണം. വ്യക്തിഗത വായ്പകളും നാലോ അഞ്ചോ പേർ ചേർന്ന സംഘവായ്പകളും ആവാം.
സബ്സിഡി ആനുകൂല്യം എത്ര?
ധനലക്ഷ്മി ബാങ്ക് മുഖേനയാണ് വായ്പ അനുവദിക്കുന്നത്. പരമാവധി വായ്പത്തുക ബാങ്ക് നിശ്ചയിക്കും. ബാങ്ക് നിരക്കുകൾക്കനുസരിച്ചാണ് വായ്പാപലിശ. ഫാമിങ് പ്രോജക്ടിന് വായ്പത്തുകയുടെ 30 ശതമാനം അല്ലെങ്കിൽ പരമാവധി 1,20,000 രൂപ വരെയും ‘തൂശനില’ മിനികഫേ പ്രോജക്ടിന് നഗരപ്രദേശത്തുള്ളവർക്കു ലോൺതുകയുടെ 60 ശതമാനം അല്ലെങ്കിൽ പരമാവധി രണ്ടുലക്ഷം രൂപവരെയും 50 ശതമാനം അല്ലെങ്കിൽ പരമാവധി 1,50,000 രൂപ വരെയും മൂലധന സബ്സിഡിയായി ലഭിക്കും. രണ്ടു ഗഡുക്കളായാണൂ സഹായധനം അനുവദിക്കുന്നത്. തിരിച്ചടവു കാലാവധി ബാങ്ക് നിശ്ചയിക്കും. പദ്ധതി മാനദണ്ഡങ്ങൾക്കനുസരണമായി ആരംഭിച്ചുവെന്ന് ബാങ്ക് ശുപാർശ ചെയ്യുന്ന മുറയ്ക്ക് ആദ്യഗഡു (50 ശതമാനം) കിട്ടും.
എങ്ങനെ അപേക്ഷിക്കണം?
അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www.kswcfc.org എന്ന വെബ്സൈറ്റിൽനിന്നു ലഭ്യമാണ്. പൊതു അപേക്ഷയ്ക്കൊപ്പം ലോണുകൾക്കുള്ള ധനലക്ഷ്മി ബാങ്കിന്റെ അപേക്ഷയും അനുബന്ധ രേഖകളും ചേർത്തു ധനലക്ഷ്മി ബാങ്കിന്റെ ശാഖകളിൽ സമർപ്പിക്കണം. പ്രസ്തുത അപേക്ഷയുടെ ശരിപകർപ്പ് തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കാം. അപേക്ഷ ലഭിച്ചിരിക്കേണ്ട അവസാന തീയതി. ഈ മാസം 10ാം തിയതിയാണ്
വിലാസം: മാനേജിങ് ഡയറക്ടർ
L2 കുലീന
ജവഹർ നഗർ
കവടിയാർ പി.ഒ.,
തിരുവനന്തപുരം – 3
ഫോൺ: 0471–2311215
English Summry: Details of Thooshnila cafe