ADVERTISEMENT

സാധാരണക്കാർക്കു പ്രാപ്യമാകുന്ന രീതിയിൽ തീരെ ചെലവു കുറഞ്ഞ ഇൻക്യുബേറ്ററുകൾ നിർമിച്ചു വിൽക്കുകയാണ് ഈ ചെറുപ്പക്കാരൻ. രണ്ടു വർഷം തുടർച്ചയായി നടത്തിയ പഠനത്തിന്റെയും പരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് സംരംഭം തുടങ്ങിയത്. തെർമോക്കോൾ ബോക്സിൽ ഇലക്ട്രിക് സംവിധാനത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇൻക്യുബേറ്ററുകളാണ് നിർമിച്ച് വിപണിയിലെത്തിക്കുന്നത്.   മലപ്പുറത്ത് ചാപ്പനങ്ങാടിയിലെ സിലൂസ് ഇൻക്യുബേറ്റേഴ്സ് ആണ് ഇദ്ദേഹത്തിന്റെ സംരംഭം.

രണ്ടു വർഷം മുൻപ് അലങ്കാരപ്പക്ഷികളെ വിൽക്കുന്ന ഒരു പെറ്റ്ഷോപ്പ് നടത്തിയിരുന്നു അൻവർ ഹുസൈൻ. അതിനിടയിൽ ഉയർന്നുവന്ന ആശയമാണ് ചെലവു കുറ‍ഞ്ഞ ഇൻക്യുബേറ്ററുകൾ. തുടർന്ന് അതിനെക്കുറിച്ചു കൂടുതൽ പഠിക്കാനും പരീക്ഷണങ്ങൾക്കും ശ്രമിച്ചു. കുറഞ്ഞ നിക്ഷേപത്തിലും മികച്ച വിപണി നേടാമെന്ന വിശ്വാസം കൂടിയായപ്പോൾ അതൊരു സംരംഭമായി രൂപപ്പെടുകയായിരുന്നു. 

‘‘കുറഞ്ഞ അടിസ്ഥാന സൗകര്യം മതിയാകുമെന്നതും  ഇതുപോലൊരു സംരംഭം തിരഞ്ഞെടുക്കാൻ കാരണമായി. മത്സരമില്ലാത്ത ഒരു നല്ല ബിസിനസ്. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ നന്നായി ശോഭിക്കാനാകും.’’ ഇത്തരം ഘടകങ്ങളെല്ലാം സംരംഭകരംഗത്തേക്കു കാലെടുത്തു വയ്ക്കുമ്പോൾ പരിഗണിച്ചിരുന്നുവെന്നു അൻവർ പറയുന്നു.

അടിസ്ഥാന സൗകര്യം‌ അധികം വേണ്ട

തീരെ കുറഞ്ഞ അടിസ്ഥാന സൗകര്യത്തിൽ ഇത്തരം സംരംഭങ്ങൾ തുടങ്ങാം.100 ചതുരശ്രയടി വലുപ്പത്തിലുള്ള കെട്ടിട സൗകര്യവും അത്യാവശ്യം ഫർണിച്ചറുകളും, രണ്ട് സോൾഡറിങ് അയണും മറ്റ് അസംസ്കൃത വസ്തുക്കളും കൂടി ഉണ്ടെങ്കിൽ സംരംഭത്തിനു വേണ്ട പ്രാഥമിക കാര്യങ്ങൾ റെഡിയായി. ഏകദേശം രണ്ടു ലക്ഷം രൂപയോളമാണ് അൻവറിനു നിക്ഷേപമായി തുടക്കത്തിൽ വേണ്ടിവന്നത്. ജോലിക്കാരായി 5 പേർ ഒപ്പമുണ്ട്. അസംബ്ലിങ്ങിൽ രണ്ടു േപർ, വിതരണത്തിന് രണ്ടുപേർ, തുടർ സർവീസ് നൽകാനായി ഒരാൾ എന്നിങ്ങനെയാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.

വീടിനോടു ചേർന്നു തന്നെയാണ് ഇൻക്യുബേറ്ററുകളുടെ നിർമാണം. അതുകൊണ്ട്, ഭാര്യ സറഫുന്നീസയ്ക്കും ഒരു കൈ സഹായത്തിനെത്താൻ പറ്റും. സാധാരണ കോഴി‌മുട്ട വിരിയാൻ 21 ദിവസമാണു േവണ്ടത്. കാട–18 ദിവസം, അലങ്കാരക്കോഴികൾ–18 ദിവസം, താറാവ്–28 ദിവസം, എമു–60 ദിവസം ഇങ്ങനെയാണ് മുട്ടകൾ വിരിയാനെടുക്കുന്ന സമയം.

വിൽപന നേരിട്ടും കുറിയർ വഴിയും

പ്രതിദിനം 5–7 എണ്ണം വരെ ഇൻക്യുബേറ്ററുകൾ വിറ്റഴിക്കപ്പെടുന്നു. സമീപപ്രദേശങ്ങളിൽ നേരിട്ട് എത്തിച്ചു നൽകുമ്പോൾ കുറിയർ വഴിയാണു ദൂരസ്ഥലങ്ങളിലേക്ക് അയയ്ക്കുക. സ്വകാര്യ കുറിയർ കമ്പനികളെ ഇതിനായി ആശ്രയിക്കുന്നു. 1,500 മുതൽ 2,400 രൂപ വരെയാണ് ഇൻക്യുേബറ്ററുകൾക്കു വിലയിട്ടിരിക്കുന്നത്. 50 മുട്ട വിരിയിക്കാവുന്നതിന് 1,500 രൂപ, 75എണ്ണത്തിന് 2,000 രൂപ, 120 എണ്ണത്തിന് 2,400 രൂപ എന്നിങ്ങനെയാണ് ഇത്. സമീപപ്രദേശങ്ങളിലാണെങ്കിൽ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചു നൽകുകയും ചെയ്യുന്നു.

ഉൽപന്നത്തിന്റെ മേന്മകൾ

∙ വീട്ടിലെ ഒരു മുറിയിൽ വച്ചും പ്രവർത്തിപ്പിക്കാം.

∙ ഒരു വർഷം വരെ വാറന്റി നൽകുന്നു.

∙ ആവശ്യപ്പെട്ടാൽ നേരിട്ട് എത്തി സർവീസ് നൽകും.

∙ മികച്ച നിലവാരമുള്ള സ്പെയർ പാർട്സുകൾ ആണ് ഉപയോഗിക്കുന്നത്.

∙ അഞ്ചു വർഷം തുടർച്ചയായി ഇൻക്യുബേറ്ററുകൾ ഉപയോഗിക്കാം. അതിനുശേഷവും സ്പെയറുകൾ മാറ്റുന്നത് എളുപ്പം തന്നെ.

∙ വീട്ടമ്മമാർക്കും കുട്ടികൾക്കും വരെ പ്രവർത്തിപ്പിക്കാം.

∙ തകരാറുകൾക്ക് സാധ്യത വളരെ കുറവാണ്. 

20% വരെ അറ്റാദായം

ബിസിനസിൽനിന്ന് 20% വരെയാണ് ലഭിക്കാവുന്ന അറ്റാദായം. ക്രെഡിറ്റ് വിൽപനകളും വരാറുണ്ട്. എന്നാൽ, അതു വലിയ പ്രശ്നം ഉണ്ടാക്കുന്നില്ല. പ്രതിമാസം ഒന്നരലക്ഷം രൂപയോളം ഈ ബിസിനസിൽ നിന്ന് അറ്റാദായം കിട്ടുന്നുവെന്നു പറയാം.

പുതുസംരംഭകർക്ക്

പുതുസംരംഭകർക്കു രണ്ടു രീതിയിൽ ഈ ബിസിനസിനെ ഉപയോഗപ്പെടുത്താം. ഇൻക്യുബേറ്റർ ഉണ്ടെങ്കിൽ വീട്ടമ്മമാർക്കും മറ്റും ൈസഡ് ബിസിനസ് എന്ന രീതിയിൽ മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ വിൽക്കാം. ഒരു കോഴിക്കുഞ്ഞിന് സാധാരണ 50 രൂപയെങ്കിലും വില കിട്ടും. മുട്ടയുടെ വില ഉൾപ്പെടെ എട്ടു രൂപയാണ് െചലവാകുക. അതിൻപ്രകാരം നോക്കുമ്പോൾ ഒരു മുട്ടയിൽനിന്ന് 21 ദിവസം കൊണ്ട് 42 രൂപ ലാഭം ഉണ്ടാക്കാം. 

120 മുട്ടകൾ വിരിയിക്കുമ്പോൾ 10% വേയ്സ്റ്റേജ് കഴിച്ചാലും 108 കുഞ്ഞുങ്ങളെ നിശ്ചയമായും വിൽക്കാൻ കിട്ടും. അങ്ങനെ നോക്കിയാൽ 5,184 രൂപയാണ് 21 ദിവസം കൊണ്ട് വരുമാനമായി കിട്ടുക. 2,400 രൂപയുടെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ മികച്ച രീതിയിൽ അധിക വരുമാനം നേടാൻ ഈ സംവിധാനം സഹായിക്കും. സൈഡ് ബിസിനസായും ചെയ്യാവുന്നതാണ്. 

രണ്ടാമത്, ഇൻക്യുേബേറ്ററുകൾ നിർമിച്ചു വിൽക്കുക എന്നുള്ളതാണ്. അൽപം സാങ്കേതികമായ അറിവും താൽപര്യവും ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള ഇൻക്യുബേറ്ററുകൾ സ്വയം നിർമിച്ചു വിറ്റ് പ്രതിമാസം ഒരു ലക്ഷം രൂപയെങ്കിലും അറ്റാദായം ഉണ്ടാക്കാൻ കഴിയും. ഇതിനായി രണ്ടു ലക്ഷം രൂപയുടെ നിക്ഷേപം തുടക്കത്തിൽ നടത്തേണ്ടതുണ്ട്. ഗ്രാമീണ മേഖലയിൽ അൽപം ഉത്സാഹശീലമുള്ള ചെറുപ്പക്കാർക്ക് നന്നായി ശോഭിക്കാൻ കഴിയുന്ന ഒരു ബിസിനസാണ് ഇൻക്യുബേറ്ററുകളുടേത്.

English Summary: Success Story of an Entrepreneur Who is Making Incubator

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com