ആത്മവിശ്വാസത്തിന്റെ ആനി, അഞ്ചു ലക്ഷം പേരെ ലക്ഷ്യബോധമുള്ളവരാക്കി ഒരു ബിരുദ വിദ്യാർത്ഥിനി

HIGHLIGHTS
  • ദുബായിൽ ഓഫീസ് തുറന്ന് പ്രവർത്തനം ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ആനി
anie
SHARE

എപ്പോഴും പോസിറ്റീവായി ചിന്തിച്ച് ജീവിതം സന്തോഷ പൂർണമാക്കാൻ സാധിക്കുമോ? സ്വന്തമായി വികസിപ്പിച്ചെടുത്ത ഹാപ്പിനെസ് പരിശീലന പരിപാടി വിജയകരമായി ആവിഷ്കരിച്ചു നടപ്പാക്കുന്ന ആനി റിബു ജോഷി അത് സാധ്യമെന്ന് ഉറപ്പിച്ചു പറയുന്നു. പരിശീലന പരിപാടി തുടങ്ങി 5 വർഷം പിന്നിടുമ്പോൾ അഞ്ചു ലക്ഷത്തിലധികം പേരെ ലക്ഷ്യബോധമുള്ളവരാക്കി സന്തോഷത്തിന്റെ പുതുവഴിയിലേക്ക് നയിക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് ആനി ഇപ്പോൾ. സൈക്കോളജി ഓണേഴ്സ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ആനി. കോവിഡ് ലോക്ഡൗണിൽ ഓൺലൈൻ പരിശീലനം ആരംഭിച്ച് രാജ്യാന്തര തലത്തിൽ മികച്ച സാന്നിധ്യമാകാൻ അവസരം ലഭിച്ചതോടെ പരിശീലന പരിപാടികൾ ഏകോപിപ്പിക്കാൻ സ്വന്തമായി ഒരു സ്ഥാപനം റജിസ്റ്റർ ചെയ്തു, ആനീസ് തോട്ട് അക്കാദമി. ദുബായിൽ ഓഫീസ് തുറക്കാനുള്ള നീക്കങ്ങൾ നടക്കുന്നു.

ഭാരതീയ വിദ്യാഭവനിൽ നിന്നു ഹൈസ്കൂൾ പഠനത്തിനായി തൃശൂരിലെ ഒരു സർക്കാർ എയ്ഡഡ് സ്കൂളിൽ എത്തിയതാണ് ആനിയുടെ ജീവിതത്തിലെ വഴിത്തിരിവ്. സാധാരണ കുടുംബ സാഹചര്യങ്ങളിൽ നിന്നു വരുന്നവരായിരുന്നു സഹപാഠികൾ ഏറെയും. തകർന്ന കുടുംബങ്ങളുടെ നേർക്കാഴ്ചകളാണ് കൂട്ടുകാർ സമ്മാനിച്ചത്. എപ്പോഴും സങ്കടക്കഥകളുമായി വരുന്ന കൂട്ടുകാർ.ആരാകണം എന്താകണം അവർക്ക് ഒരു ലക്ഷ്യവുമില്ലെന്ന് അവൾ മനസിലാക്കി.

ഒരു പരിഹാരമാണാവശ്യം

അവർക്ക് പ്രചോദനവും പ്രോത്സാഹനവും ആണ് ആവശ്യം. അതിനു പറ്റിയ ടൂൾ ആണ് സോഷ്യൽ മീഡിയ. ബ്ലോഗെഴുതിക്കൊണ്ടാണ് തുടക്കം. ഇംഗ്ലീഷിലായതു കൊണ്ട് ലോകത്തിന്റെ പല ഭാഗത്തു നിന്നും വായനക്കാരുണ്ടായി. ബ്ലോഗ് വായിച്ച് ചിലർക്കെങ്കിലും മാനസാന്തരം ഉണ്ടാകുന്നതായി ഫീഡ്ബാക്കുകൾ ലഭിക്കാൻ തുടങ്ങിയതോടെ തന്റെ വാക്കുകൾ ലോകം അംഗീകരിക്കുന്നുണ്ട് എന്ന തോന്നൽ ആത്മവിശ്വാസം ഇരട്ടിയാക്കി. 2015ൽ അതായത് ആനിയുടെ 15-ാം വയസ്സിൽ, ഇന്ത്യൻ യുവതയെ ലഹരി വസ്തുക്കളുടെ പിടിയിൽ നിന്നും മോചിപ്പിക്കാൻ പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിക്ക് എന്തു ചെയ്യാൻ പറ്റും എന്ന് ചോദിച്ച ഒരു വീഡിയോ വൈറലായതോടെ രാജ്യാന്തര തലത്തിൽ അവൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ലോക മാധ്യമങ്ങൾ അവളുടെ പ്രവർത്തനങ്ങൾക്കു പിന്തുണയുമായി വന്നു. ആനിയെ നേരിട്ടു കാണാനും അവളുടെ പ്രസംഗം കേൾക്കാനുമായി സ്കൂളുകളും കോളജുകളും ക്ലബുകളും ക്ഷണിച്ചു തുടങ്ങി. 

സന്തോഷം എല്ലാവർക്കും

അങ്ങനെ വെർച്വൽ ലോകത്തു നിന്നും മണ്ണിലേക്ക് ഇറങ്ങിയ അവൾ കേരളത്തിന് അകത്തും പുറത്തുമായി ഓടിനടന്ന് പ്രസംഗിച്ചു. ക്ലാസുകൾ എടുത്തു. നാലാം ക്ലാസുകാർ തുടങ്ങി എൺപത്തഞ്ച് വയസ്സുകാർ വരെ അവളുടെ ക്ലാസുകൾ കേൾക്കുന്നവരുടെ കൂട്ടത്തിലുണ്ടാകും.

ഹാപ്പിനെസ് ടു ഓൾ എന്ന ആശയം മുൻനിർത്തി ഒരു പ്രത്യേക പരിശീലന പദ്ധതിയ്ക്ക് രൂപം കൊടുക്കാൻ ആനി തീരുമാനിച്ചു. "ന്യൂറോ സയൻസ്, ക്വാണ്ടം സയൻസ്, സ്പിരിച്വൽ ലോ, തോട്ട് റീ പ്രോസസ്സ് എന്നിവയുടെ സഹായത്തോടെ തലച്ചോറിൽ രൂപപ്പെടുന്ന നെഗറ്റീവ് സ്വഭാവങ്ങളുടെ ന്യൂറൽ വയറിങുകൾ മാറ്റി പോസറ്റീവ് സ്വഭാവത്തിന്റെ ന്യൂറൽ വയറിങുകൾ സൃഷ്ടിക്കാൻ പറ്റും. ന്യൂറോ പ്ലാസ്റ്റിസിറ്റിയെന്ന ഈ പ്രക്രിയ വഴി ഏത് ദു:ശീലവും മാറ്റാനാകുമെന്ന്" ആനി പറയുന്നു. അങ്ങനെ ആത്മവിശ്വാസവും ലക്ഷ്യബോധവുമുള്ള വ്യക്തികളാക്കി മാറ്റാൻ തന്റെ പരിശീലന പരിപാടിക്ക് കഴിയുമെന്ന് സാക്ഷ്യങ്ങൾ നിരത്തി ആനി പറയുന്നു. 

പിന്തുണയുമായി സംസ്ഥാന സർക്കാരൂം

സ്കൂൾ വിദ്യാർത്ഥികളിൽ ഈ പരിശീലന പരിപാടി നടത്തുന്നതിന് 2017ൽ സംസ്ഥാന സർക്കാർ അനുമതി നൽകുകയുണ്ടായി.ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ തിരുവനന്തപുരം ഗവൺമെന്റ് സ്കൂളിൽ വച്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പ്രധാന മന്ത്രി നരേന്ദ്ര മോദി 'മൻകി ബാത്തി'ലൂടെ അഭിനന്ദിച്ചതിനു പിന്നാലെ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും നിരവധി പുരസ്കാരങ്ങളും ആനിയെ തേടിയെത്തി. ആഗോള തലത്തിൽ തന്റെ പരിശീലന പരിപാടിയിലൂടെ സാന്നിധ്യമറിയിക്കാനുള്ള തയാറെടുപ്പിലാണ് ആനിയിപ്പോൾ.

English Summary : Anie is Inspiring People with Her Happiness Training Program

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA